121

Powered By Blogger

Sunday, 1 November 2020

മലയാളി സ്റ്റാർട്ട്അപ്പിന് 7.50 കോടിയുടെ ഫണ്ടിങ്

കോട്ടയം സ്വദേശി പ്രശാന്ത് മാടവനയുടെ നേതൃത്വത്തിലുള്ള ഇൻഷുർ-ടെക് സ്റ്റാർട്ട്അപ്പായ 'ഫീഡോ' 7.50 കോടി രൂപയുടെ മൂലധന നിക്ഷേപം നേടി. വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടായ യൂണീകോൺ ഇന്ത്യ വെഞ്ച്വേഴ്സിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകരാണ് മൂലധനം ലഭ്യമാക്കിയിരിക്കുന്നത്. സീ ഫണ്ട്, മാക്സ് ബൂപ ഇൻഷുറൻസ് കമ്പനി മുൻ മാനേജിങ് ഡയറക്ടർ ആശിഷ് മെഹ്റോത്ര എന്നിവരും സീരീസ് 'എ' ഫണ്ടിങ്ങിനു മുന്നോടിയായുള്ള ഈ റൗണ്ടിൽ പങ്കാളികളായി. നിർമിത ബുദ്ധി (എ.ഐ.) യുടെ സഹായത്തോടെ ഇൻഷുറൻസ് പോളിസി ഉടമകളുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ലൈഫ് ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾക്ക് മനസ്സിലാക്കിക്കൊടുക്കുകയാണ് ഫീഡോ ചെയ്യുന്നത്. പോളിസി ഉടമയുടെ ഫോട്ടോയിൽനിന്നാണ് അവർ പുകവലിക്കുന്നവരാണോ എന്നും ഭാവിയിൽ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണെന്നും മനസ്സിലാക്കുന്നത്. വായ്പയെടുക്കുമ്പോൾ പരിശോധിക്കുന്ന സിബിൽ ക്രെഡിറ്റ് സ്കോറിന്റെ മാതൃകയിൽ ഇൻഷുറൻസ് പോളിസി ഉടമയുടെ ഹെൽത്ത് സ്കോർ ഇവർ തയ്യാറാക്കുന്നു. നിർമിത ബുദ്ധിയുടെ സഹായത്തോടെ തയ്യാറാക്കുന്ന ഇതിന് 'ഫീഡോ സ്കോർ' എന്നാണ് പേരിട്ടിരിക്കുന്നത്. മികച്ച സ്കോർ ഉള്ളവർ ആരോഗ്യപരമായി റിസ്ക് കുറവുള്ളവരായിരിക്കും. അതിനാൽ, ഇൻഷുറൻസ് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആർ.ഡി.എ.ഐ.) യുടെ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ന്യായമായ പ്രീമിയം തിട്ടപ്പെടുത്താൻ കഴിയും. ഈ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും കൂടുതൽ വിപണികളിലേക്ക് കടക്കാനുമാണ് പുതുതായി സമാഹരിക്കുന്ന തുക വിനിയോഗിക്കുകയെന്ന് ഫീഡോ കോ-ഫൗണ്ടറും സി.ഇ.ഒ.യുമായ പ്രശാന്ത് മാടവന 'മാതൃഭൂമി'യോട് പറഞ്ഞു. പ്രവർത്തനം തുടങ്ങി മൂന്നു വർഷം പിന്നിടും മുമ്പ് ലാഭത്തിലെത്തിയ സ്റ്റാർട്ട്അപ്പാണ് ഫീഡോ. നിലവിൽ ഇന്ത്യയിലെ ഏതാനും ഇൻഷുറൻസ് കമ്പനികൾക്കാണ് ഫീഡോ സേവനം ലഭ്യമാക്കുന്നത്. വൈകാതെ വിദേശങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും. ഇൻഷുറൻസ് സാന്ദ്രത ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും ഈ കുറവ് നികത്താൻ ഫീഡോ പോലുള്ള സംരംഭങ്ങളിലൂടെ കഴിയുമെന്നും യൂണീകോൺ ഇന്ത്യ വെഞ്ച്വേഴ്സ് മാനേജിങ് പാർട്ണർ അനിൽ ജോഷി പറഞ്ഞു. ചികിത്സയ്ക്ക് പണമില്ലാതെ ലക്ഷക്കണക്കിന് കുടുംബങ്ങളാണ് രാജ്യത്ത് കടക്കെണിയിലാകുന്നതെന്നും മികച്ച ഹെൽത്ത് സ്കോറിലൂടെ ആരോഗ്യച്ചെലവ് സാധാരണക്കാർക്കു പോലും താങ്ങാവുന്നതാക്കുകയാണ് ഫീഡോയുടെ ലക്ഷ്യമെന്നും പ്രശാന്ത് വ്യക്തമാക്കി. ആക്സഞ്ചർ, ജനറൽ മോട്ടോഴ്സ്, ജെ.ഡി.ഇർവിങ് എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുള്ള പ്രശാന്ത് മാടവന, 2017-ൽ സുഹൃത്ത് ആന്ധ്ര സ്വദേശി അരുൺ മല്ലവരപ്പുവുമായി ചേർന്നാണ് ഫീഡോ എന്ന സ്റ്റാർട്ട്അപ്പിന് തുടക്കം കുറിച്ചത്. ടോക്യോ മെട്രോപൊളിറ്റൻ ഗവൺമെന്റിൽനിന്ന് ജപ്പാനിലേക്ക് ക്ഷണം ലഭിച്ച ഫീഡോ, ആക്സഞ്ച്വർ ഫിൻടെക് ഇന്നവേഷൻ ലാബിന്റെ ഭാഗമാണ്. ഐ.ടി. കമ്പനികളുടെ കൂട്ടായ്മയായ നാസ്കോമിന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.

from money rss https://bit.ly/2TQHPPv
via IFTTT