121

Powered By Blogger

Friday, 20 November 2020

ഇന്ത്യയുടെ വളർച്ചാ അനുമാനം ഉയർത്തി റേറ്റിങ് ഏജൻസികൾ

മുംബൈ: കോവിഡ് പ്രതിസന്ധി നേരിടാനുള്ള പുതിയ സാമ്പത്തിക പാക്കേജുകളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച മുമ്പ് കരുതിയിരുന്നതിനേക്കാൾ വേഗത്തിൽ മെച്ചപ്പെടുമെന്ന് വിവിധ റേറ്റിങ് ഏജൻസികൾ. കോവിഡ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ സമ്പൂർണ ലോക്ഡൗണിനെ തുടർന്ന് ആദ്യപാദത്തിൽ 24 ശതമാനത്തിനടുത്ത് ജി.ഡി.പി. ചുരുങ്ങിയിരുന്നു. എന്നാൽ, രണ്ടാം പാദത്തിൽ ഇത് കുറയുമെന്നും മൂന്നാം പാദത്തിൽതന്നെ ജി.ഡി.പി. വളർച്ച പൂജ്യത്തിനു മുകളിലെത്തിയേക്കുമെന്നുമെല്ലാമാണ് വിലയിരുത്തൽ. നടപ്പു സാമ്പത്തികവർഷം രണ്ടാം പാദത്തിൽ ജി.ഡി.പി. ഇടിവ് 10.7 ശതമാനത്തിലൊതുങ്ങുമെന്ന് എസ്.ബി.ഐ. റിസർച്ച് പുതിയ റിപ്പോർട്ടിൽ സൂചിപ്പിച്ചു. നേരത്തേ 12.5 ശതമാനംവരെ ഇടിവുണ്ടാകുമെന്ന് കണക്കാക്കിയ സ്ഥാനത്താണിത്. വിവിധ മേഖലകളിൽ നഷ്ടം കുറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും ഭീഷണികൾ നിലനിൽക്കുന്നതായി എസ്.ബി.ഐ.യുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് പറഞ്ഞു. രണ്ടാം പാദത്തിൽ 9.5 ശതമാനം ഇടിവാണ് ഇക്രയുടെ അനുമാനം. ബ്രോക്കറേജ് സ്ഥാപനമായ ബാർക്ലേയ്സിന്റെ അനുമാനത്തിൽ 2021-22 സാമ്പത്തികവർഷത്തിൽ ഇന്ത്യ 8.5 ശതമാനം വളർച്ച നേടുമെന്നാണ് വിലയിരുത്തൽ. നേരത്തേ ഏഴു ശതമാനം പറഞ്ഞിരുന്ന സ്ഥാനത്താണിത്. മൂന്നാം പാദം മുതൽ ഇന്ത്യയുടെ ജി.ഡി.പി. വളർച്ച പൂജ്യത്തിനു മുകളിലെത്തുമെന്നും നടപ്പു സാമ്പത്തികവർഷം ജി.ഡി.പി.യിലെ ചുരുക്കം - 6.4 ശതമാനം മാത്രമായിരിക്കുമെന്നും ബാർക്ലേയ്സ് അനുമാനിക്കുന്നു. ഇതേ രീതിയിൽ ഫിച്ച് റേറ്റിങ്സും ഇന്ത്യയുടെ വളർച്ച വേഗത്തിൽ തിരികെ വരുമെന്ന് പുതിയ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.

from money rss https://bit.ly/35S1zJI
via IFTTT