121

Powered By Blogger

Monday, 18 January 2021

ഓഹരി വിപണിയില്‍ തിരുത്തല്‍ ഉണ്ടായാല്‍?

ഹ്രസ്വകാലത്തേക്കായാലും ദീർഘകാലത്തേക്കായാലും ധന സമ്പാദനത്തിന് ഏറ്റവും അനുയോജ്യമായ നിക്ഷേപമാർഗം ഓഹരികൾതന്നെയാണ്. ഉദാരവൽകൃത ഇന്ത്യയിൽ ആഭ്യന്തര സമ്പദ്വ്യവസ്ഥ നിക്ഷേപകരെ സംബന്ധിച്ചേടത്തോളം മുന്നോട്ടുതന്നെ കുതിക്കുകയാണ്. ആഗോളഘടകങ്ങളുടെ സ്വാധീനഫലമായി വർത്തമാനകാലത്ത് ഇന്ത്യൻ ഓഹരി വിപണി കൂടിയതും കുറഞ്ഞതുമായ മൂല്യനിർണയങ്ങളുടെ പലഅവസ്ഥാന്തരങ്ങളും പിന്നിട്ടിട്ടുണ്ട്. 2020 മാർച്ചിലെ താഴ്ചക്കാലത്ത് വിപണി വളരെ ആകർഷകവും കഴിഞ്ഞ പാദങ്ങളിൽ അത് വികസ്വരവുമായിരുന്നു. ഇന്ത്യൻ ഓഹരി വിപണി ഇപ്പോൾ കാഴ്ചവെക്കുന്നത് അതിരുകടന്ന പ്രകടനമാണെന്നും തിരുത്തൽ ആസന്നമാണെന്നും പ്രമുഖരായ വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. രണ്ടു പതിറ്റാണ്ടു കാലത്തിനിടയ്ക്ക് വിപണി അമിതപ്രകടനം നടത്തിയപ്പോഴൊന്നും കൂടുതൽപേർ ഇത്ര പ്രതികൂലമായ മുൻവിധിക്കു തയാറായിട്ടില്ല. ഇന്ത്യൻ ഓഹരി വിപണി എക്കാലവും കരുത്തുറ്റ ആഭ്യന്തര വിപണിയുടേയും പ്രധാന കയറ്റുമതി അവസരങ്ങളുടേയും പിൻബലത്തിൽ ഗുണകരമായ അടിയൊഴുക്കുകൾ പ്രദർശിപ്പിച്ചിരുന്നു. 2008ലെ ആഗോള പ്രതിസന്ധിയുടെ കാലത്തു പോലും ഇന്ത്യൻ വിപണിക്ക് ഇതരവികസ്വര വിപണികളേക്കാൾ ഊർജ്ജം കൽപിക്കപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ വിപണിയെ സംബന്ധിച്ചേടത്തോളം എല്ലാംനല്ല നിലയിൽ പോകുമ്പോഴും മുൻവിധികൾ പൂർണമായും എതിരായിരിക്കുന്നു. വ്യക്തിപരമായി, എന്റെ രണ്ടുപതിറ്റാണ്ടു കാലത്തെ ജോലിക്കിടയിൽ വിപണിയുടെ പ്രതികൂല സ്വഭാവത്തെക്കുറിച്ച് ഇത്രപരസ്യമായ പരാമർശങ്ങൾ കേട്ടിട്ടില്ല. വിപണിയിൽ മാന്യമായ തിരുത്തൽ ഉണ്ടാകുമെന്ന തുറന്നചർച്ചകൾ അതിശയിപ്പിക്കുന്നതാണ്. ഈ കാഴ്ചപ്പാട് ഇടക്കാലത്തേക്കു മാത്രമുള്ളതാവട്ടെയെന്നു പ്രതീക്ഷിക്കുന്നു. ഓഹരികൾ അമിതമായി മൂല്യനിർണയം ചെയ്യപ്പെട്ടിരിക്കുകയാണെന്നും പണമൊഴുക്കാണ് അതിനെ നിയന്ത്രിക്കുന്നതെന്നും തീർപ്പുകൽപ്പിക്കപ്പെട്ടിരിക്കുന്നു. ആഭ്യന്തര സ്ഥാപന നിക്ഷേപകരേക്കാൾ ഇന്ത്യൻ വിപണിയിൽ കൂടുതൽ വിശ്വാസമർപ്പിച്ചിട്ടുള്ളത് വിദേശ സ്ഥാപന നിക്ഷേപകരാണെന്നതും ശ്രദ്ധിക്കണം. ഓഹരികളുടെ കാര്യത്തിൽ ജാഗ്രത വേണമെന്ന ഉപദേശം സർവത്ര കേൾക്കാനുണ്ട്. നിക്ഷേപകർ ഇടത്തരം, ചെറുകിട ഓഹരികളിൽ നിക്ഷേപംകുറച്ച് അവരവരുടെ പോർട്ഫോളിയോ സംരക്ഷിക്കണമെന്നും സ്വർണവും കടപ്പത്രങ്ങളും ചേർത്ത് അത് സന്തുലിതമാക്കണമെന്നുമാണ് ഉപദേശം. പോർട്ഫോളിയോകളിലെ അപടകട സാധ്യതകൾകുറച്ച് ദീർഘകാല നേട്ടം ഉറപ്പാക്കാൻ ഇതാവശ്യമാണ്. അതേസമയംതന്നെ നിക്ഷേപകരുടെ മനസിൽ ആശയക്കുഴപ്പമുണ്ടാക്കാനും അവ പര്യാപ്തമാണ് എന്നവസ്തുത കാണാതിരുന്നുകൂടാ. പോർട്ഫോളിയോയുടെ പുനഃക്രമീകരണം എങ്ങിനെയാണു വേണ്ടത്? പെട്ടെന്നുതന്നെ വൻകിട ഓഹരികളിലേക്കോ കടപ്പത്രങ്ങളിലേക്കോ സ്വർണത്തിലേക്കോ മാറേണ്ടതുണ്ടോ? എത്രമാത്രം തിരുത്തലാണ് പ്രതീക്ഷിക്കപ്പെടുന്നത് ? എപ്പോഴാണ് ഓഹരികളിലേക്കു തിരിച്ചുവരേണ്ടതും നികുതി ഇടപാടുകൾ കൈകാര്യം ചെയ്യേണ്ടതും എന്നുതുടങ്ങി നിരവധി ചോദ്യങ്ങളാണ് ഇയർന്നുവരുന്നത്.വരാനിരിക്കുന്നത് ഹ്രസ്വകാലത്തേക്കുള്ള തിരുത്തലാണെങ്കിൽ സങ്കീർണമായ തന്ത്രങ്ങളിലേക്കു നീങ്ങേണ്ടതുണ്ടോ? മാറ്റം എങ്ങിനെയാണു വേണ്ടത്? ചെറുകിട ഓഹരികൾ കുറയ്ക്കാനുള്ള ശരിയായ സമയം ഇതുതന്നെയോ തുടങ്ങിയ ചോദ്യങ്ങളും ഉന്നയിക്കപ്പെടുന്നു. സംശയങ്ങൾ ഉന്നയിക്കുന്നവരുടെ സഹായത്തിനായി ചില കാര്യങ്ങൾ പറയാം. തിരുത്തിന്റെകാര്യത്തിൽ, ഏകീകരണം വിപണിക്കു ഗുണകരമായിരിക്കുമെന്നകാര്യം ആദ്യം അംഗീകരിക്കാം. നിഫ്റ്റി 50ലെ ഓഹരികൾ 13,000ത്തിനും 14,000ത്തിനും ഇടയിലായിരിക്കുമ്പോൾ 5 മുതൽ 7 ശതമാനം വരെ തിരുത്തൽ ശക്തമായ വരുമാനനേട്ടവും കുറഞ്ഞ പലിശ നിരക്കും ഉറപ്പാക്കും. ഇത്രവലിയ തോതിലുള്ള തിരുത്തൽ ഉണ്ടാകാറില്ല. 2 മുതൽ 3 ശതമാനം വരെയാണുണ്ടാകാറ്. എന്നാൽ വിപണിയിൽ കൂടിയ മൂല്യനിർണയം നില നിൽക്കുന്നതിനാൽ കൂടിയതോതിലുള്ള തിരുത്തലിനു സാധ്യത ഏറിയിരിക്കയാണ്. 10 മുതൽ 15 ശതമാനംവരെ തിരുത്തലിനാണ് സാധ്യതയുള്ളത്. എന്നാൽ ഇടക്കാലത്തേക്കു വിപണി അതിന്റെ ഊർജ്ജം നിലനിർത്തുക തന്നെചെയ്യും. കൂടിയതോതിലുള്ള പിഇ മൂല്യനിർണയമാണ് തിരുത്തൽ ആവശ്യമാക്കിത്തീർക്കുന്നത്. താഴ്ന്നനേട്ടങ്ങളുടെ അടിസ്ഥാനത്തിലുള്ള വെറുംകണക്കിന് കൂടുതൽ ഊന്നൽ നൽകുന്നത് യുക്തിസഹമല്ല. മൂല്യംനിർണയിക്കുന്നതിന് ഏറ്റവും നല്ലമാർഗം ഇതാണെന്നും പറയാൻ കഴിയില്ല. അടുത്ത 2 വർഷത്തേക്കു നേട്ടത്തിന്റെവളർച്ച സ്വാഭാവികമായും കൂടുതലായിരിക്കും. കാരണം, നാം ഇപ്പോഴും കോവിഡ് പ്രശ്നത്തെ അതിജീവിച്ചിട്ടില്ലാത്തതിനാൽ ധനപരവും സാമ്പത്തികവുമായ ഉത്തേജക പദ്ധതികളുടെ പിന്തുണ ആവശ്യമുണ്ട്. ഇന്ത്യയിൽ പലിശനിരക്കിലെ പ്രതികൂലസ്ഥിതി പരിഗണിച്ചാൽ എംകാപ് ടു ജിഡിപി 80 ശതമനം ആയിരിക്കേ വിലകൾ കൂടുതലല്ല, ദീർഘകാല ശരാശരി മാത്രമാണെന്നു കാണാൻ കഴിയും. വിപണിയിൽ തിരുത്തലിന്റെ അപകടം നിലനിൽക്കുന്നുണ്ടെങ്കിൽ പണമായിരിക്കണം പോർട്ഫോളിയോയുടെ രാജാവ്. മ്യൂച്വൽ ഫണ്ട് ഓഹരികൾ പരിശോധിക്കുമ്പോൾ, ഇടത്തരം ചെറുകിട ഓഹരികളിലല്ല, സന്തുലിത ഓഹരികളിലാണ് വൻതോതിൽ പണമുള്ളതെന്നുകാണാം. ഇടത്തരം, ചെറുകിട ഓഹരികൾ ഒഴിവാക്കണമെന്ന കാഴ്ചപ്പാട് സ്കീമുകളുടെ മിശ്രണത്തിൽ കാണാൻ കഴിയുന്നില്ല. വൻകിട ഓഹരികൾക്ക് ഇപ്പോൾ നല്ലമൂല്യമുണ്ടെങ്കിലും അടുത്ത ഒന്നുരണ്ടു വർഷത്തേക്ക് ഇടത്തരം, ചെറുകിട ഓഹരികൾ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് അഭിപ്രായം. അനുബന്ധ സ്ഥാപനങ്ങൾ, എൻബിഎഫ്സികൾ, വ്യവസായങ്ങൾ, ചാക്രിക മേഖലകൾ എന്നിവയിൽ വിലകുറഞ്ഞ ഓഹരികൾ ഇപ്പോൾ ലഭ്യമാണ്. ഇടത്തരം, ചെറുകിട ഓഹരികളിൽ പണമിറക്കാൻ പറ്റിയ സമയമാണിപ്പോൾ. കൂടിയതോതിലുള്ള പണമൊഴുക്കിന്റേയും സാമ്പത്തികരംഗത്തെ വീണ്ടെടുപ്പിന്റേയും ഗുണംലഭിയ്ക്കാത്ത ഈ മേഖലകളിൽ തുടർന്നും ഡിമാന്റ് നിലനിൽക്കുമെന്നുറപ്പാണ്. ദുർബ്ബലമായ കമ്പനികൾ ഒഴിവാക്കി നല്ലഓഹരികളും മേഖലകളും നോക്കി വാങ്ങേണ്ട സയമാണിത്. വിലകുറയുന്ന സന്ദർഭങ്ങളാണ് ഓഹരി വാങ്ങാൻ ഏറ്റവുംനല്ലത്. കൂടിയ മൂല്യനിർണയം പുലർത്തുന്ന ഐടി, ഫാർമ, കെമിക്കൽ, കയറ്റുമതിമേഖല എന്നിവയുടെ ഓഹരികൾ മുൻകാല പ്രവണതകളനുസരിച്ച് മികച്ചനിലയിൽ തുടരാനാണിട. ഭാവിയിൽ സമൂലമായ മാറ്റങ്ങളോടെ പുനക്രമീകരിക്കപ്പെടുന്ന ഈ മേഖലയിലെ സ്ഥാപനങ്ങൾ മേൽക്കോയ്മ തുടരുകതന്നെചെയ്യും. ഒരുപാദം മുമ്പുവരെ 60 മുതൽ 75 ശതമാനംവരെ ഓഹരികൾ കൈവശം വെക്കാനാണ് നിർദ്ദേശിച്ചത്. എന്നാൽ ലാഭമെടുത്ത് 50 മുതൽ 60 ശതമാനംവരെ മാത്രം ഓഹരികൾ കൈവശം വെക്കുന്നതാണ് നല്ലതെന്നും പിന്നീട് പറഞ്ഞു. ഓഹരികളുടെ മിശ്രണം സമീപ ഭാവിയിൽ വർധിപ്പിക്കുകയാണുവേണ്ടത്. വിശാല വിപണിയിൽ 10 മുതൽ 15 ശതമാനംവരെ തിരുത്തലുണ്ടാകുമ്പോൾ, മുകളിൽപറഞ്ഞ മേഖലകൾക്ക് ഊന്നൽ നൽകി ഉടത്തരം, ചെറുകിട ഓഹരികൾ ഉൾപ്പടെ ബഹുവിധ ഓഹരികൾ തെരഞ്ഞെടുക്കണം. പ്രതീക്ഷിക്കപ്പെടുന്ന തിരുത്തലിൽ സൽപേരുള്ള കമ്പനികളുടെ ഓഹരി വിലയിൽ താഴ്ചകുറവായിരിക്കും. സമീപകാലത്തെ ഏറ്റവും വലിയവെല്ലുവിളി വിദേശ സ്ഥാപന നിക്ഷേപങ്ങൾ കുറയുമെന്നതും ചില്ലറ നിക്ഷേപങ്ങളിൽ വ്യത്യാസം വരുമെന്നതും ബഡ്ജറ്റുമായിരിക്കും. ഈ വർഷം വിദേശ സ്ഥാപന നിക്ഷേപങ്ങൾ കുറയാനുള്ള സാധ്യത ഇടക്കാലത്തേക്കുകുറവാണ്. ഓഹരി നേട്ടങ്ങളിലെ അനിശ്ചിതാവസ്ഥ കാരണം ഹ്രസ്വകാലത്തേക്കിതു വിപണിയെ ബാധിച്ചേക്കാമെങ്കിലും പെട്ടെന്നൊരുചാട്ടത്തിനു സാധ്യതയില്ല. വിലക്കയറ്റ, തൊഴിലില്ലായ്മ നിരക്കുകൾ കുറവായതിനാൽ വിലക്കയറ്റം കുതിക്കുകയും അമേരിക്കൻ കേന്ദ്ര ബാങ്ക് പലിശ നിരക്കു കൂട്ടുകയും ചെയ്തില്ലെങ്കിൽ പെട്ടെന്നിതു സംഭവിക്കാനിടയില്ല. ഇടക്കാലത്ത് ഓഹരിയും നേട്ടവും വർധിക്കാനാണ് കൂടതൽ സാധ്യതയുള്ളത്. ലാഭം മികച്ചതായതിനാൽ ആഭ്യന്തര വിപണിയിലെ ചില്ലറ നിക്ഷേപത്തിന്റെ വരവ് ശക്തമാണ്. എന്നാൽ വിപണിയിൽ തകർച്ചയുണ്ടായാൽ ഇതുനേരെതിരിച്ചാവും. എന്നാൽ ഇങ്ങിനെയൊരു തകർച്ചയ്ക്കു സാധ്യത കാണുന്നില്ല. സെബി വ്യാപാര നിബന്ധനകൾ കർശനമാക്കിയാലും ചില്ലറനിക്ഷേപത്തെ ബാധിക്കും. എന്നാൽ ഇപ്പോൾ അങ്ങനെയൊരു സാധ്യതയില്ല. ബജറ്റിനെച്ചൊല്ലിയുള്ള പ്രതീക്ഷകൾ ശക്തമായതിനാൽ ആഭ്യന്തര വിപണിയിൽ ആപൽസാധ്യതയുണ്ട്. എന്നാൽ നികുതി വർധിപ്പിക്കുകയും രാഷ്ട്രീയഅനിശ്ചിതത്വം ഉണ്ടാവുകയും ചെയ്താലല്ലാതെ ദീർഘകാലത്തേക്ക് ഇതിന്റെ പ്രത്യാഘാതം നില നിൽക്കുകയില്ല. വിദേശസ്ഥാപന നിക്ഷേപങ്ങൾക്കും മൂലധന ലാഭത്തിനുമുൾപ്പടെ നികുതിയിൽ മാറ്റംവരുത്തുന്ന സാഹചര്യത്തിൽ മാത്രമേ ബജറ്റ് വിപണിയെ ബാധിക്കൂ. 2020 ലെ അനുഭവംവെച്ചു നോക്കിയാൽ ഇതിനുസാധ്യത വളരെകുറവാണ്. വിദേശ വ്യക്തിഗത നിക്ഷേപങ്ങൾക്ക് അതിസമ്പന്ന നികുതി ഏർപ്പെടുത്തിയ സർക്കാരിന് കഴിഞ്ഞ വർഷം അതിൽനിന്നു പിന്തിരിയേണ്ടി വന്നിരുന്നു. ദുർബ്ബല ധനസ്ഥിതികാരണം ക്ളേശിക്കുന്ന സർക്കാർ, സ്വകാര്യ വായ്പകൾക്കു ബുദ്ധിമുട്ടുണ്ടാകാത്തവിധം ചിലവു ചെയ്തില്ലെങ്കിൽ ഹ്രസ്വകാലത്തേക്ക് വിപണിയിൽ ചെറിയ പ്രശ്നത്തിനു സാധ്യതയുണ്ട്. യുഎസിൽ ഉത്തേജക പദ്ധതി പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞതു കാരണം ആഗോള തലത്തിലുണ്ടായ അനിശ്ചിതത്വവും ബോണ്ട് നേട്ടം വർധിക്കുന്നതും ഇരട്ടമാന്ദ്യവും ആഭ്യന്തര രംഗത്ത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. എന്നാൽ 2021ൽ ആഗോള ഓഹരികൾ വർധിപ്പിക്കാനും ഓഹരിവിപണിയിൽ നേട്ടമുണ്ടാക്കനുമുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ഹ്രസ്വകാല തിരുത്തൽ ഇടക്കാലത്തേക്ക് ഓഹരികൾക്ക് ഗുണം ചെയ്യുകയേ ഉള്ളു. ആത്യന്തികമായി തിരുത്തൽ വിപണിക്ക് ഗുണകരമാണ്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3oYAGus
via IFTTT