121

Powered By Blogger

Wednesday, 10 March 2021

ക്രിപ്റ്റോ കറൻസി: നിരോധനമല്ല, നിയന്ത്രണമാണ് വേണ്ടതെന്ന് ആവശ്യം

മുംബൈ: ക്രിപ്റ്റോ കറൻസികൾ രാജ്യത്ത് നിരോധിക്കരുതെന്ന അപേക്ഷയുമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളുടെ കൂട്ടായ്മയായ ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ (ഐ.എ.എം.എ.ഐ.) കേന്ദ്രസർക്കാരിനോട് ആഭ്യർഥിച്ചു. നിരോധനമല്ല, കൃത്യമായ നിയന്ത്രണസംവിധാനമാണ് ഈ മേഖലയ്ക്ക് ആവശ്യം. കൃത്യമായ മാർഗരേഖ നടപ്പാക്കി ഈ മേഖലയെ നിലനിർത്തണമെന്നും ഇവർ പറയുന്നു. നല്ല ഭരണസംവിധാനവും നിയന്ത്രണങ്ങളും മാർഗരേഖയും ഉണ്ടെങ്കിൽ ക്രിപ്റ്റോ കറൻസികൾ കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിക്ക് വലിയ നേട്ടമാകും. രാജ്യത്ത് പത്തുലക്ഷത്തോളം പേരുടെ കൈവശം 100 കോടി ഡോളറിന്റെ (7300 കോടി രൂപ) ക്രിപ്റ്റോ കറൻസി ആസ്തികളുണ്ട്. 300-ലധികം സ്റ്റാർട്ടപ്പുകൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നു. ഈ സ്റ്റാർട്ടപ്പുകൾ പതിനായിരക്കണക്കിന് തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്. ദിവസവും 35 മുതൽ 50 കോടി ഡോളറിന്റെവരെ വ്യാപാരം ക്രിപ്റ്റോ കറൻസി മേഖലയിൽ നടക്കുന്നതായും സംഘടന പറയുന്നു. ക്രിപ്റ്റോ കറൻസികൾക്ക് നിരോധനം കൊണ്ടുവന്നാൽ ഇവരുടെയെല്ലാം പണം നഷ്ടമാകാൻ സാധ്യത കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ. അനൗദ്യോഗിക ക്രിപ്റ്റോ കറൻസികൾ നിരോധിക്കുന്നതിനും ഇവയുടെ ഇടപാടുകൾക്ക് നിയന്ത്രണം കൊണ്ടുവരുന്നതിനുമായി കേന്ദ്ര സർക്കാർ പുതിയ നിയമം കൊണ്ടുവരാൻ തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായി ക്രിപ്റ്റോ കറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ കറൻസി ബിൽ 2021 നടപ്പുസമ്മേളത്തിൽ പാർലമെന്റിൽ അവതരിപ്പിച്ചേക്കും. ഈ സമ്മേളനത്തിൽത്തന്നെ ഇത് നിയമമായേക്കുമെന്നാണ് സൂചനകൾ. മാത്രമല്ല, ഇന്ത്യ ഔദ്യോഗിക ഡിജിറ്റൽ കറൻസി അവതരിപ്പിക്കുന്നതും പരിഗണിക്കുന്നുണ്ട്. ഇന്ത്യ മാത്രമല്ല, പലരാജ്യങ്ങളുടെയും കേന്ദ്രബാങ്കുകൾ ഔദ്യോഗിക ഡിജിറ്റൽ കറൻസി ലക്ഷ്യമാക്കി പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതായാണ് വിവരം.

from money rss https://bit.ly/3tlEPuz
via IFTTT