121

Powered By Blogger

Monday, 3 May 2021

രണ്ടാം പിണറായി സർക്കാരിന് ആശംസയറിയിച്ച് വ്യവസായലോകം

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയ പിണറായി വിജയൻ നയിക്കുന്ന എൽ.ഡി.എഫ്. സർക്കാരിന് ആശംസയറിയിച്ച് വ്യവസായികളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ. ഐ.). ദീർഘവീക്ഷണത്തോടെ ജനങ്ങളുടെ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഭരണമികവിന് കേരളത്തിലെ ജനങ്ങൾ നൽകിയ പിന്തുണയാണ് ഈ വിജയം സൂചിപ്പിക്കുന്നതെന്ന് സി.ഐ.ഐ. ദക്ഷിണ മേഖല ചെയർമാനും പ്രമുഖ ഉപഭോക്തൃ ഉത്പന്ന കമ്പനിയായ കാവിൻകെയറിന്റെ സി.എം.ഡി.യുമായ സി.കെ. രംഗനാഥൻ പറഞ്ഞു. ഭരണ നേട്ടങ്ങളും ക്ഷേമത്തിലൂന്നിയുള്ള പ്രകടന പത്രികയും വികസന പ്രവർത്തനങ്ങളും വീണ്ടും അധികാരത്തിലെത്താൻ എൽ.ഡി.എഫിനെ സഹായിച്ചെന്ന് സി.ഐ.ഐ. കേരള ചെയർമാനും ബ്രാഹ്മിൻസ് എക്സിക്യുട്ടീവ് ഡയറക്ടറുമായ ശ്രീനാഥ് വിഷ്ണു അറിയിച്ചു. സംസ്ഥാനത്ത് നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് സർക്കാർ എടുത്തിട്ടുള്ള നടപടികൾ പ്രശംസനീയമാണ്. ബിസിനസ് സൗഹൃദാന്തരീക്ഷമൊരുക്കുന്നതിന് അർപ്പണ ബോധത്തോടെയുള്ള ശ്രമങ്ങളാണ് പിണറായി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. നിക്ഷേപകർക്കായി ടോൾ ഫ്രീ നമ്പർ സജ്ജമാക്കിയതും കെ.എസ്.ഐ.ഡി.സി.യിൽ ഇൻവെസ്റ്റ്മെന്റ് ഫെസിലിറ്റേഷൻ സെന്റർ ഒരുക്കിയതും നടപടികൾ വേഗത്തിലാക്കുന്നതിന് ഏകജാലക സംവിധാനം കൊണ്ടുവന്നതുമടക്കം എൽ.ഡി.എഫ്. സർക്കാരിന്റെ ഭരണ മികവിനുള്ള ഉദാഹരണങ്ങളായി ശ്രീനാഥ് വിഷ്ണു ചൂണ്ടിക്കാട്ടി. ഗെയിൽ പൈപ്പ്ലൈൻ പദ്ധതി, കേരള ബാങ്ക് രൂപവത്കരണം, കിഫ്ബി, നോക്കുകൂലി എടുത്തുകളഞ്ഞത്, ക്ഷേമ പെൻഷൻ വിതരണം എന്നിവ പിണറായി സർക്കാരിന്റെ നേട്ടങ്ങളാണെന്ന് മുൻ ചെയർമാനും മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് മേധാവിയുമായ തോമസ് ജോൺ മുത്തൂറ്റ് വിശദമാക്കി. കോവിഡ് പോരാട്ടത്തിലും വികസന പ്രവർത്തനങ്ങളിലും സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും സി. ഐ.ഐ. ഉറപ്പുനൽകി.

from money rss https://bit.ly/3nP3GoL
via IFTTT