121

Powered By Blogger

Sunday, 9 May 2021

തുടർഭരണവും വികസന സമന്വയവും

കേരളവികസന ചരിത്രത്തിലെ അടിസ്ഥാനപരമായ പൊളിച്ചെഴുത്തിന് തുടർഭരണം സാധ്യത തുറക്കുകയാണ്. നമ്മുടെ സാമൂഹികക്ഷേമ നേട്ടങ്ങൾ പ്രസിദ്ധമാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ സുപ്രധാനമായ ഒരു കാൽവെപ്പുകൂടി നാം നടത്തി. കിഫ്ബിയിലൂടെ 60,000 കോടി രൂപയുടെ നിർമാണപ്രവൃത്തികൾക്ക് തുടക്കംകുറിച്ചു. അടുത്ത മൂന്നുവർഷംകൊണ്ട് അവ പൂർത്തിയാകുന്നതോടെ പശ്ചാത്തലസൗകര്യങ്ങളിലും നാം മുന്നിലാകും. ഇതിന്റെ അടിസ്ഥാനത്തിൽ ഇനി സാമ്പത്തികാടിത്തറ പൊളിച്ചുപണിയണം. അതോടെ സമ്പദ്ഘടന പുതിയൊരു വിതാനത്തിലേക്കുയരും. തൊഴിലില്ലായ്മ കുറയും. അഭ്യന്തര വരുമാനവളർച്ചയുടെ വേഗം കൂടും. സാമ്പത്തികനീതിയും വളർച്ചയും ഒരേപോലെ ഉറപ്പുവരുത്തുന്ന പുത്തൻ കേരള വികസന മാതൃകയിലേക്ക് നാം മാറും. ഈയൊരു പരിവർത്തനത്തിന്റെ വിജയത്തിന് കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും പിന്തുണ അനിവാര്യമാണ്. തിരഞ്ഞെടുപ്പു കഴിഞ്ഞു. എല്ലാവരുടെയും വിമർശനങ്ങളും മറുപടിയുമെല്ലാം കേട്ട് ജനങ്ങൾ തീരുമാനമെടുത്തു. രാഷ്ട്രീയ നിലപാടുകളൊന്നും മാറ്റേണ്ടതില്ല. എന്നാൽ, നാടിന്റെ വികസനകാര്യത്തിൽ യോജിച്ച നിലപാട് സ്വീകരിച്ചേ മതിയാകൂ. ക്ഷേമസൗകര്യങ്ങൾ ശക്തിപ്പെടുത്തിയേ തീരൂ കേരളമാതൃകയുടെ ആദ്യ പടവായ ക്ഷേമപ്രവർത്തനങ്ങളെക്കുറിച്ച് അഭിപ്രായഭേദങ്ങളൊന്നും ഉണ്ടാവേണ്ടതില്ല. യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും പ്രകടനപത്രികയിൽ ഇക്കാര്യം സംബന്ധിച്ച് വിയോജിപ്പിനെക്കാൾ സമാനതകളാണുള്ളത്. 2001-ലെ എ.കെ. ആന്റണി സർക്കാരിന്റെ മുണ്ട് മുറുക്കിയുടുക്കൽ നയത്തിൽനിന്നും യു.ഡി.എഫ്. വളരെയേറെ മാറിയിരിക്കുന്നു. ക്ഷേമസൗകര്യങ്ങൾ ശക്തിപ്പെടുത്തിയേ തീരൂ. സ്കൂളുകളുടെയും ആശുപത്രികളുടെയും സൗകര്യങ്ങൾ മെച്ചപ്പെടുത്തി. ഇനി ഇവയുടെ സേവനനിലവാരം ഉയർത്തണം. ഭിന്നശേഷിക്കാരുടെ ക്ഷേമം, വയോജനങ്ങളുടെ സംരക്ഷണം, കുടിവെള്ളം, ശുചിത്വം തുടങ്ങിയ സേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെട്ടേ തീരൂ. ഇതിലെല്ലാം നിർണായക പങ്കുവഹിക്കുന്ന പ്രാദേശിക സർക്കാരുകളിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും പങ്കാളിത്തമുണ്ട്. തൊഴിലുറപ്പുപദ്ധതി, ചെറുകിട സംരംഭങ്ങളിലൂടെയുള്ള തൊഴിൽ വർധന, കാർഷിക ഉത്പാദന വർധന, മണ്ണു-ജല സംരക്ഷണം, പരിസ്ഥിതി സന്തുലനാവസ്ഥ, സ്ത്രീ ശാക്തീകരണം എന്നിവ യാഥാർഥ്യമാക്കുന്നതിന് സഹായകരമായ ഒട്ടേറെ നിർദേശങ്ങൾ പ്രകടനപത്രികകളിലുണ്ട്. കോവിഡ് പ്രതിരോധത്തിലും തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സുപ്രധാന പങ്കുണ്ട്. പ്രാദേശിക സർക്കാരുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ഇരു മുന്നണികൾക്കും ജനകീയമായൊരു മത്സരത്തിൽത്തന്നെ ഏർപ്പെടാം. കിഫ്ബിയും യു.ഡി.എഫും കിഫ്ബിയുടെ കാര്യത്തിൽ യു.ഡി.എഫ്. ഒരു തിരുത്തലിനു തയ്യാറായേ തീരൂ. ഇന്നു തുടങ്ങിെവച്ചിരിക്കുന്ന പശ്ചാത്തലസൗകര്യ നിർമാണം പൂർത്തീകരിക്കുന്നതിന് വേറൊരു മാർഗവും യു.ഡി.എഫ്. മാനിഫെസ്റ്റോ ചൂണ്ടിക്കാണിക്കുന്നില്ല. സത്യം പറഞ്ഞാൽ കിഫ്ബിയെക്കുറിച്ച് പരാമർശംപോലും ഇല്ല. ഇതുവരെ പറഞ്ഞിരുന്ന വാദം വലിയ കടഭാരം വരാൻ പോകുന്ന യു.ഡി.എഫ്. സർക്കാരിനുമേൽ അടിച്ചേൽപ്പിക്കുന്നു എന്നായിരുന്നല്ലോ. ഏതായാലും അടുത്ത അഞ്ചുവർഷത്തേക്ക് ഇത് ഉണ്ടാകില്ലായെന്നകാര്യം ഉറപ്പായല്ലോ. തിരിച്ചടവിന്റെ ചുമതല ജനങ്ങൾ എൽ.ഡി.എഫിനെയാണ് ഏൽപ്പിച്ചത്. ഇനി അക്കാര്യത്തിൽ യു.ഡി.എഫിന് ബേജാറു വേണ്ടാ. പ്രതിപക്ഷമെന്ന നിലയിൽ ന്യായമായ വിമർശനങ്ങൾ ഉണ്ടാവാം. നിശ്ചയമായും അവ ഉന്നയിക്കപ്പെടണം. എന്നാൽ, കഴിഞ്ഞ ഒരു വർഷക്കാലത്തിനിടയിൽ നടത്തിയിട്ടുള്ള ചെളിവാരിയെറിയലിനും ആക്ഷേപങ്ങൾക്കും അവസാനം കേന്ദ്ര ഏജൻസികളുമായി ചേർന്നുള്ള കുത്തിത്തിരിപ്പുകൾക്കും ന്യായീകരണമില്ല. ഒരു ധനകാര്യ സ്ഥാപനത്തോട് ഇതിലേറെ നിരുത്തരവാദപരമായി ഒരു രാഷ്ട്രീയകക്ഷിക്കും പെരുമാറാനാവില്ല. കിഫ്ബിയുടെ ഏറ്റവും വലിയ സ്വത്ത് അതിന്റെ വിശ്വാസ്യതയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് വായ്പ തരാൻ ബാങ്കുകളും നിക്ഷേപകരും തയ്യാറാവുന്നത്. അതിനെ തകർക്കുന്നതിനുള്ള ഗൂഢശ്രമങ്ങളിൽനിന്ന് പിൻവാങ്ങിയേ തീരൂ. പ്രതിപക്ഷത്തിന് കിഫ്ബിയെ സംബന്ധിച്ച് സംശയവും ആക്ഷേപവും എന്തുണ്ടെങ്കിലും കിഫ്ബിയുമായി ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്തു വ്യക്തത വരുത്താവുന്നതാണ്. ഈയൊരു ഉത്തരവാദിത്വബോധം പ്രതിപക്ഷത്തിന് ഉണ്ടായേതീരൂ. കിഫ്ബി മുഖേനയും വ്യവസായ ഇടനാഴി പദ്ധതികൾ വഴിയും ഏറ്റെടുത്തിരിക്കുന്ന പദ്ധതികൾ ഏതെങ്കിലും അനാവശ്യമാണെന്ന് ആർക്കെങ്കിലും പറയാനാകുമോ? പക്ഷേ, സാധാരണഗതിയിൽ ബജറ്റിൽനിന്ന് പണം കണ്ടെത്തി ഇവയൊക്കെ പൂർത്തിയാക്കണമെങ്കിൽ 20 വർഷമെങ്കിലുമെടുക്കും. അന്ന് ചെലവ് എത്ര കൂടുമെന്ന് ഓർത്തുനോക്കൂ. കടമെടുത്തിട്ടാണെങ്കിലും അവയൊക്കെ ഇന്നുതന്നെ പൂർത്തിയാക്കുന്നതായിരിക്കും ലാഭം. ഈ പദ്ധതികളുടെ നേട്ടം നമുക്ക് ഇന്നു മുതൽ കിട്ടും. സാമ്പത്തിക വളർച്ച കൂടുതൽ മെച്ചപ്പെടും. ഇതുമൂലം കടബാധ്യതകൾ ജഡഭാരമാവില്ല. കുതിപ്പിനുള്ള അവസരങ്ങൾ പശ്ചാത്തല വികസന സൗകര്യങ്ങൾ എങ്ങനെയാണ് കേരളത്തിന്റെ സാമ്പത്തിക അടിത്തറ പൊളിച്ചുപണിയുന്നതിനു സഹായിക്കുകയെന്ന് ഉദാഹരണംകൊണ്ട് വ്യക്തമാക്കാം. കെ-ഫോൺ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഇന്റർനെറ്റ് കണക്ടിവിറ്റി ഉറപ്പുവരുത്തും. ട്രാൻസ്ഗിഡ് - 2 ഉം, ദ്യുതിയും എല്ലായിടത്തും വീഴ്ചയില്ലാതെ വൈദ്യുതി ലഭ്യമാക്കും. ഇവ രണ്ടും ഉപയോഗപ്പെടുത്തി 20 ലക്ഷം അഭ്യസ്തവിദ്യർക്ക് അവരുടെ വീടുകളിലിരുന്ന് ഡിജിറ്റൽ ജോലികൾ ചെയ്യുന്നതിനുള്ള അവസരം നമുക്കു സൃഷ്ടിക്കാനാവും. കോവിഡിനുമുമ്പ് അമ്പതുലക്ഷം ആളുകളാണ് വീട്ടിലിരുന്നു ഡിജിറ്റൽ വേലകൾ ചെയ്തിരുന്നത്. കോവിഡിന്റെ ഒന്നാം വ്യാപനത്തിൽ അത് മൂന്നുകോടി ആളുകളായി വർധിച്ചു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ അത് 18 കോടിയായി ഉയരും. നമ്മൾ ആസൂത്രിതമായി ശ്രമം നടത്തിയാൽ ഇതിൽ ഇരുപതുലക്ഷം തൊഴിലവസരങ്ങൾ കേരളത്തിലേക്കു കൊണ്ടുവരുന്നതിനു പ്രയാസമുണ്ടാവില്ല. ഇതിനുവേണ്ടി കിഫ്ബി പോലെ അന്താരാഷ്ട്ര നിലവാരമുള്ള ഒരു സ്ഥാപനമായി കെ-ഡിസ്കിനെ രൂപാന്തരപ്പെടുത്തണം. അതുവഴി അന്താരാഷ്ട്ര തൊഴിൽദായകരോട് സംവദിക്കാനാവണം. അതോടൊപ്പം അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 40 ലക്ഷം പേരെയെങ്കിലും വിവിധ ഡിജിറ്റൽ സ്കില്ലുകളിൽ പ്രാവീണ്യമുള്ളവരാക്കാനും ഒരു യുദ്ധകാല പദ്ധതി വേണം. ഈ യജ്ഞത്തിൽ കേരളം മുഴുവൻ ഒന്നിക്കണം. ഡിജിറ്റൽ ഗാർഹിക തൊഴിലവസരപദ്ധതിയുടെ വിജയം ഐ.ടി. സേവനങ്ങളെ കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ മേഖലയാക്കും. തൊഴിലില്ലാതെ വീട്ടമ്മമാരെന്നമട്ടിൽ കഴിഞ്ഞുകൂടുന്ന പത്തുലക്ഷം സ്ത്രീകളെയെങ്കിലും തൊഴിൽ മേഖലയിലേയ്ക്കു കൊണ്ടുവരാനാകും. അഭ്യസ്തവിദ്യരായ യുവതയുടെ തൊഴിലില്ലായ്മയ്ക്കു ശമനമുണ്ടാകും. ഇതൊന്നുകൊണ്ടു മാത്രം കേരളത്തിന്റെ അഭ്യന്തര വരുമാന വളർച്ച പ്രതിവർഷം 1-2 ശതമാനം വീതമെങ്കിലും വർധിക്കും. നിക്ഷേപകേന്ദ്രമായി മാറും കിഫ്ബി വഴി നടപ്പാക്കുന്ന പതിനായിരം ഏക്കർ വ്യവസായ പാർക്കുകൾക്കും മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങൾക്കും വൈദ്യുതിക്കുമൊപ്പം ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങിൽ ഉയരാനുംകൂടി കഴിഞ്ഞാൽ കേരളം ഒരു പ്രധാന നിക്ഷേപകേന്ദ്രമായി മാറും. വിജ്ഞാനസാന്ദ്രമോ സേവനപ്രധാനമോ നൈപുണി കേന്ദ്രീകൃതമോ ആയ വ്യവസായങ്ങളിലേക്കായിരിക്കണം ഈ നിക്ഷേപകരെ ആകർഷിക്കേണ്ടത്. ഇതോടൊപ്പം കാർഷിക മൂല്യവർധിത ഉത്പന്നങ്ങളുടെ ചെറുകിട വ്യവസായ ശൃംഖലയിലൂടെയും സ്റ്റാർട്ടപ്പുകളിലൂടെയും പുതിയൊരു സംരംഭകതലമുറയെ വളർത്തിയെടുക്കണം. ഇതിനാവശ്യമായ വിജ്ഞാനവും ഇന്നൊവേഷൻ അഥവാ നൂതനവിദ്യകളും സൃഷ്ടിക്കുന്ന വിജ്ഞാനസമൂഹമായി കേരളം മാറണം. നമ്മുടെ സമൂഹത്തിന്റെ എല്ലാതലങ്ങളിലും നൂതനവിദ്യാ സങ്കേതങ്ങൾ സന്നിവേശിക്കപ്പെടണം. ഇപ്രകാരം കേരളം ഒരു വിജ്ഞാനസമൂഹമായി മാറണമെങ്കിൽ നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖല അടിമുടി മാറണം. ചില ആശയങ്ങൾ കഴിഞ്ഞ ബജറ്റ് മുന്നോട്ടുവെച്ചിട്ടുണ്ട്. ഇവ സംബന്ധിച്ച് ചർച്ച ചെയ്ത് ഒരു അഭിപ്രായസമന്വയം നാട്ടിലുണ്ടാക്കണം. വികസനതന്ത്രം വെറുമൊരു ചാട്ടമല്ല കേരളത്തിന്റെ വികസനതന്ത്രം വെറുമൊരു ചാട്ടമല്ല. ഒരു ഹോപ്പ് സ്റ്റെപ്പ് ജംപാണ്. കേരളത്തിന്റെ വികസനതന്ത്രത്തിലെ ക്ഷേമകാര്യങ്ങളെക്കുറിച്ച് യോജിപ്പിലെത്തുക എളുപ്പമാണ്. ഇക്കാര്യത്തിൽ കേരളത്തിൽ ഒരു വലതുപക്ഷം ഇല്ലായെന്നു പറയാം. എന്നാൽ, അടുത്ത ചുവട് ശ്രമകരമാണ്. കിഫ്ബിയുടെ കാര്യത്തിൽ നിയമം പാസാക്കിയപ്പോൾ എല്ലാവരും സ്വീകരിച്ച സമീപനത്തിലേക്ക് തിരിച്ചുപോകണം. ഈ ചുവടെടുത്താലേ അവസാന ചാട്ടത്തിലേക്കു പോകാനാകൂ. അതായത് വിജ്ഞാനസമൂഹത്തിലേക്കുള്ള പരിവർത്തനം. യു.ഡി.എഫ്. മാനിഫെസ്റ്റോയിൽ ഇത്തരമൊരു കാഴ്ചപ്പാടില്ല. എന്നാൽ, ഇതിന് അനിവാര്യമായ ഒട്ടേറെ കാര്യങ്ങൾ പരാമർശിക്കുന്നുണ്ട്. അവയൊക്കെ ചർച്ചചെയ്തു വ്യക്തത വരുത്താം. യു.ഡി.എഫിന്റെ ഇന്നത്തെ പതനത്തിനു പല കാരണങ്ങളുണ്ട്. അതിലൊരു മുഖ്യകാരണം കഴിഞ്ഞ ഒരുവർഷമായി സ്വീകരിക്കുന്ന കണ്ണടച്ച നിഷേധാത്മക സമീപനമാണ്. അതു മാറ്റിെവച്ച് അർഥവത്തായ വികസന സംവാദത്തിനു യു.ഡി.എഫ്. മാനിഫെസ്റ്റോയുടെ ശില്പികളെങ്കിലും തയ്യാറാകണം.

from money rss https://bit.ly/3o18d7E
via IFTTT