121

Powered By Blogger

Tuesday, 15 June 2021

വ്യാപാര രംഗത്ത് ഉണർവേകാൻ ചരക്കുകപ്പൽ സർവീസ് വീണ്ടും

കൊച്ചി: കേരളത്തിന്റെ വാണിജ്യ രംഗത്തിന് ഉണർവേകാൻ കൊച്ചി, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഹ്രസ്വദൂര കണ്ടെയ്നർ കപ്പൽ സർവീസ് പുനരാരംഭിക്കുന്നു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'റൗണ്ട് ദ കോസ്റ്റ്' എന്ന കമ്പനിയുടെ 'എം.വി. ഹോപ്പ് സെവൻ' എന്ന കപ്പലാണ് സർവീസ് നടത്തുക. ആദ്യ സർവീസ് ജൂൺ 21-ന് കൊച്ചിയിൽനിന്ന് ആരംഭിക്കും. 106 ടി.ഇ.യു. കണ്ടെയ്നർ ശേഷിയുള്ള കപ്പലാണിത്. എന്നാൽ, ആദ്യഘട്ടത്തിൽ 50 ടി.ഇ.യു. കണ്ടെയ്നറുകളുമായിട്ടായിരിക്കും സർവീസ്. വൈകാതെ കൊല്ലം തുറമുഖത്തേക്കും സർവീസ് വ്യാപിപ്പിക്കുമെന്ന് കപ്പൽ കമ്പനി അറിയിച്ചിട്ടുണ്ട്. കൊച്ചി ഒഴികെയുള്ള തുറമുഖങ്ങൾ കേരള മാരിടൈം ബോർഡിന്റെ ഉടമസ്ഥതയിലുള്ളവയാണ്. ഇന്ത്യയുടെ വിവിധ മേഖലകളിൽനിന്നും വിദേശത്തു നിന്നും കൊച്ചിയിലേക്ക് എത്തുന്ന കപ്പലുകളിൽനിന്ന് മലബാർ ഭാഗത്തേക്കും അഴീക്കൽ ഭാഗത്തേക്കുമുള്ള കണ്ടെയ്നറുകളുടെ കൈമാറ്റത്തിനാണ് ഹോപ്പ് സെവൻ സർവീസ് ഉപയോഗിക്കുക. നിലവിൽ റോഡ് മാർഗമാണ് ഇത്തരത്തിൽ ചരക്കുനീക്കം നടക്കുന്നത്. മലബാർ മേഖലയിലെ കയറ്റുമതി, ഇറക്കുമതി വ്യാപാരികൾക്കായിരിക്കും കപ്പൽ സർവീസ് ഏറ്റവും കൂടുതൽ ഗുണം ചെയ്യുക. രണ്ടര വർഷത്തിനു ശേഷമാണ് ഈ തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള കണ്ടെയ്നർ ചരക്കുകപ്പൽ സർവീസ് ആരംഭിക്കുന്നത്. നേരത്തെ പല കമ്പനികളും ഇത്തരത്തിൽ സർവീസ് നടത്തിയിരുന്നെങ്കിലും ചില തർക്കങ്ങളെ തുടർന്ന് സർവീസ് അവസാനിപ്പിക്കുകയായിരുന്നു. ചെലവ് കുറയും കപ്പൽ സർവീസ് ആരംഭിക്കുന്നതോടെ ചരക്കുനീക്കത്തിനുള്ള ചെലവിൽ 30 ശതമാനത്തോളം കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേരള മാരിടൈം ബോർഡ് സി.ഇ.ഒ. ടി.പി. സലീംകുമാർ പറഞ്ഞു. മാത്രമല്ല, അപകടകരമായിട്ടുള്ള ഉത്പന്നങ്ങളുടെ ഗതാഗതം റോഡുമാർഗം നടത്തുമ്പോഴുണ്ടാകുന്ന തിരിച്ചടികളും ഒഴിവാകും. ചരക്കുകപ്പൽ സർവീസ് പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ഇൻസന്റീവ് പദ്ധതിയും സർക്കാർ കപ്പൽ കമ്പനിക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചിയിൽനിന്ന് ബേപ്പൂരിലേക്ക് 50 കണ്ടെയ്നറുകളുമായി കപ്പൽ എത്തുകയും തിരിച്ച് അതേ എണ്ണം കണ്ടെയ്നറുകൾ ബേപ്പൂരിൽനിന്ന് എടുക്കാൻ ഇല്ലാത്ത അവസ്ഥയുണ്ടാകുകയും ചെയ്താൽ റോഡുമാർഗമുള്ള ചെലവിനെക്കാൾ 10 ശതമാനം അധികം തുക കപ്പൽ കമ്പനിക്ക് ഇൻസന്റീവായി നൽകാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ നാലായിരത്തോളം കണ്ടെയ്നറുകളാണ് റോഡുമാർഗം മലബാറിലേക്ക് എത്തുന്നത്. കൊച്ചിയിൽനിന്ന് കോഴിക്കോട്ടേക്ക് റോഡുമാർഗം കണ്ടെയ്നർ ചരക്കുഗതാഗതത്തിന് വരുന്ന ചെലവ് ഏകദേശം 22,000 രൂപയോളമാണെന്ന് കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രതിനിധി മുൻഷിദ് അലി അറിയിച്ചു. ചേംബറിന്റെ നിരന്തരമായ ഇടപെടലാണ് ചരക്കുകപ്പൽ സർവീസ് പുനരാരംഭിക്കാൻ വഴി തുറന്നതെന്നും അദ്ദേഹം അറിയിച്ചു.

from money rss https://bit.ly/2TySy4z
via IFTTT