121

Powered By Blogger

Monday, 9 August 2021

പണപ്പെരുപ്പ ഭീഷണി വിപണിയിലുണ്ട്: ഇടത്തരം, ചെറുകിട ഓഹരികളിൽ കരുതലെടുക്കുക

ആഗോളചലനങ്ങളുടെ തുടർച്ചയായി, ഊർജ്ജസ്വലമായ അഭ്യന്തര സമ്പദ് വ്യവസ്ഥയുടെ പിന്തുണയോടെ ഈ വാരം ടോപ് ഗിയറിലാണ് ഇന്ത്യൻ വിപണി പ്രവർത്തനം തുടങ്ങിയത്. റിയൽ എസ്റ്റേറ്റ്, ഓട്ടോ മേഖലകളിലെ വിൽപന, പിഎംഐ, ജിഎസ്ടി ,കോർപറേറ്റ് നേട്ടങ്ങൾ, കയറ്റുമതി കണക്കുകൾ ഉൾപ്പടെ എല്ലാ പ്രധാനസൂചികകളും അഭ്യന്തര വിപണിയിൽ ശക്തമായ വീണ്ടെടുപ്പാണ് കാണിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തിന്റെ ഫലത്തെച്ചൊല്ലിയുള്ള ആശങ്കയും മൂന്നാം തരംഗത്തിൽ നിന്നുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളും ഇത് ലഘൂകരിച്ചിട്ടുണ്ട്. ആഗോള തലത്തിൽ കേന്ദ്ര ബാങ്കുകൾ ഉദാരനയം തുടരുന്നതും യുഎസിലെ വൻതോതിലുള്ള അടിസ്ഥാന വികസന പാക്കേജും ബോണ്ട് യീൽഡുകളിലുണ്ടായകുറവും പണ ദൗർലഭ്യത്തെക്കുറിച്ചുള്ള ആശങ്ക ഇല്ലാതാക്കി. നാലു മാസത്തിനു ശേഷം വിദേശനിക്ഷേപങ്ങൾ പ്രതികൂലാവസ്ഥയിൽനിന്ന് അനുകൂലമായി മാറി. നികുതിക്കു മുൻകാലപ്രാബല്യം നൽകുന്ന നയം സർക്കാർ ഒഴിവാക്കിയതും ഇന്ത്യൻ വിപണിയിലേക്കുള്ള വിദേശ നിക്ഷേപങ്ങൾക്കു പ്രോത്സാഹനം പകർന്നിരിക്കാം. ജൂലൈ മാസത്തെയപേക്ഷിച്ച് നടപ്പുമാസമായ ഓഗസ്റ്റിൽ ഈ വാരം 2600 കോടി രൂപയുടെ ഓഹരികളാണ് വിദേശ സ്ഥാപനങ്ങൾ വാങ്ങിയത്. ജൂലൈ മാസം ഇത് 23,000 കോടി രൂപയായിരുന്നു. 2021 ഏപ്രിൽ മുതൽ ജൂലൈവരെ നാലുമാസങ്ങളിൽ മാത്രം 41,200 കോടി രൂപയാണ് വിദേശ നിക്ഷേപങ്ങളിലൂടെ ഇന്ത്യയിലെത്തിയത്. പ്രധാന സൂചികകൾ പുതിയ മേഖലകളിലേക്കുകടക്കാൻ ഈ വിദേശ നിക്ഷേപങ്ങൾ സഹായകമായി. ജൂൺ, ജൂലൈ മാസങ്ങളിൽ നിഫ്റ്റി 50 ഓഹരികൾ 15,900 ത്തിനും 15,500 നുമിടയിൽ നേരിയ വ്യത്യാസത്തിലാണ് ട്രേഡിംഗ് നടത്തിയിരുന്നത്. ഉദാരനയങ്ങൾ തുടർന്നുകൊണ്ട് ധനപരവും സാമ്പത്തികവുമായ പ്രഖ്യാപനങ്ങൾ ആഗോള തലത്തിൽ ഉണ്ടായതോടെ പ്രധാന സൂചികകളുടെ പ്രകടനത്തിൽ കുതിപ്പുണ്ടായി. ഇന്ത്യയിൽ ഈയാഴ്ചനടന്ന റിസർവ് ബാങ്ക് പണനയ സമിതി യോഗത്തിലുണ്ടായ പ്രഖ്യാപനങ്ങളും തീർത്തും വിപണി കാഴ്ചപ്പാടിനനുകൂലമായിരുന്നു. പണലഭ്യത വർധിപ്പിക്കുന്നതിനായി ഓഗസ്റ്റ് 12നും 16നുമായി 25,000 കോടി രൂപ വീതമുള്ള രണ്ട് ജിസാപ് ലേലങ്ങൾ നടത്താനുള്ള തീരുമാനം ഏറ്റവും അനുകൂലമായിരുന്നു. എന്നാൽ ധനവിപണിയിൽ പണം കുമിഞ്ഞു കൂടിയതായി പണനയ സമിതി വിലയിരുത്തിയിട്ടുണ്ട്. ഇതുനിയന്ത്രിക്കുന്നതിനായി 2.5 ട്രില്യൺ രൂപ, 3 ട്രില്യൺ രൂപ, 3.5 ട്രില്യൺ രൂപ 4 ട്രില്യൺ രൂപ വീതമുള്ള ദ്വൈവാര വേരിയബിൾ റിവേഴ്സ് റേറ്റ് റിപ്പോ (വിആർആർആർ) ലേലങ്ങൾ വരുംആഴ്ചകളിൽ നടത്താനിരിക്കയാണ്. മൊത്തത്തിൽ ആരോഗ്യകരമായ സാമ്പത്തികസ്ഥിതി വിപണിയിൽ ഉണ്ടാകുമെങ്കിലും വർധിക്കുന്ന പണപ്പെരുപ്പനിരക്ക് ഭീഷണി തന്നെയാണ്. 2022 സാമ്പത്തിക വർഷത്തേക്കുള്ള ഉപഭോക്തൃവില സൂചിക നിരക്ക് പ്രവചനം 5.1 ശതമാനത്തിൽ നിന്ന് 5.7 ശതമാനമായി ഉയർത്തിയിട്ടുണ്ട്. കൂടിയ തോതിലുള്ള ആഗോള പണപ്പെരുപ്പവും കറൻസികളുടെ ചാഞ്ചാട്ടവും ഇതര വികസ്വര വിപണികളുടെ ധന നയത്തെ ബാധിച്ചുതുടങ്ങി. ചിലർ പലിശ നിരക്കു വർധിപ്പിക്കുകയും ചിലർ ഭാവിയിൽ അതിനായി തയാറെടുക്കുകയും ചെയ്യുന്നു. അമിതപണത്തിന്റെ പ്രശ്നം പരിഹരിക്കപ്പെട്ടതിനാൽ ഇന്ത്യയിൽ ഹ്രസ്വകാല നിരക്കുകൾ അടുത്തുതന്നെ കൂടാനിടയുണ്ട്. വിശാല വിപണിയുടെ പ്രകടനം മോശമായിരിക്കുമ്പോഴും പ്രധാന സൂചികകളുടെ മികച്ച പ്രകടനമാണ് ഈയാഴ്ചയിലെ ഒരു ശ്രദ്ധേയമായ സംഭവം. ചെറുകിട, സൂക്ഷ്മ ഓഹരികളുടെ പ്രകടനം ഈയാഴ്ച ഒട്ടും മെച്ചമായിരുന്നില്ല. 2020-21 ലെ മികച്ച പ്രകടനത്തിനുശേഷം അവയിപ്പോൾ ഏകീകരണ ഘട്ടത്തിലാണ്. 2020ലെ താഴ്ചയ്ക്കുശേഷം വൻകിട ഓഹരികളെയപേക്ഷിച്ച് ചെറുകിട ഓഹരികൾ 3x,2xഇരട്ടി നേട്ടമുണ്ടാക്കിയിട്ടുണ്ട്. വിപണിയിലെ വിവിധവിഭാഗങ്ങൾ തമ്മിലുള്ള തുല്യതയ്ക്കായി ചെറുകിട, ഇടത്തരം ഓഹരികളിൽ ആരോഗ്യകരമായ തിരുത്തൽ ആവശ്യമാണ്. ഇപ്പോഴത്തെ കൂടിയ വിലകൾ ക്രമീകരിക്കുന്നതിനായി ദീർഘകാല ഡിമാന്റ് ആന്റ് സപ്ളെ നിയമം വരും. ആവേശകരമായ കുതിപ്പു നടത്തിയ ഇടത്തരം, ചെറുകിട ഓഹരികളിൽ വരുംമാസങ്ങളിൽ നിക്ഷേപിക്കുന്നത് സൂക്ഷിച്ചുവേണം. ചെറുകിട, ഇടത്തരം ഓഹരികളുടെ ശക്തമായ പ്രകടനത്തിനു കാരണം പുതുതായി രംഗത്തുവന്ന ചെറുകിട നിക്ഷേപകർ, ഉയർന്ന നിലവാരമുള്ള ഐപിഒകൾ, മ്യൂച്വൽഫണ്ട് വാങ്ങൽ കൂടിയത്, കൂടിയ തോതിലുള്ള പണത്തിന്റെ ഒഴുക്ക്, അടച്ചിടൽ അവസാനിച്ചതിന്റെ ആനുകൂല്യം എന്നീ ഘടകങ്ങളായിരുന്നു. ഇക്കാരണങ്ങളിൽ നല്ലപങ്കും തുടർന്നും വിപണിയെ പിന്തുണയ്ക്കും. എന്നാൽ ഈ ആനുകൂല്യങ്ങളുടെ ഗുണം ഇപ്പോഴത്തെ ഓഹരി വിലകളിൽ പ്രതിഫലിക്കുന്നുണ്ട്. അതിനാൽ യുക്തിപൂർവം ചിന്തിക്കാനുള്ള സമയമാണിത്. ചെറുകിട, ഇടത്തരം ഓഹരികളിലെ ലാഭത്തിന്റെ ഒരുപങ്ക് ഇപ്പോൾ സ്വന്തമാക്കുക. കൂടുതൽ വിവേചനശേഷി പ്രകടിപ്പിക്കുകയും പോർട്ഫോളിയോയിൽ വൻകിട ഓഹരികളുടേയും, സ്വർണം, ടപ്പത്രം എന്നിവയുടേയും ചേരുവ വർധിപ്പിക്കുകയും ചെയ്യുകയുമാണ് വേണ്ടത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3lMfrxq
via IFTTT