121

Powered By Blogger

Wednesday, 15 September 2021

പാഠം 142| ഈ തെറ്റുകൾ നിസാരമല്ല: ഐടി റിട്ടേൺ നൽകുമ്പോൾ പൊതുവായിവരുത്തുന്ന പിഴവുകൾ അറിയാം

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള പുതിയ പോർട്ടൽ അവതരിപ്പിച്ചതിനുപിന്നാലെ ജൂലായ് മാസത്തിൽ നിരവധിപേർ റിട്ടേൺ ഫയൽചെയ്തു. ശമ്പളവരുമാനക്കാരാണ് അവരിലേറെപ്പേരും. ഘട്ടംഘട്ടമായി തകരാറുകൾ പരിഹരിക്കാൻ പോർട്ടൽ വികസിപ്പിച്ച ഇൻഫോസിസ് അതിനിടയിൽ കഠിന പരിശ്രമത്തിലായിരുന്നു. ശമ്പളം പലിശ ഉൾപ്പടെയുള്ളവ കൃത്യമായെടുത്ത് മൊത്തംവരുമാനം കണക്കാക്കി കിഴിവുകൾ പ്രയോജനപ്പെടുത്തി നികുതി കണക്കാക്കിയല്ല ഏറെപ്പേരും റിട്ടേൺ ഫയൽചെയ്തത്. പരിമിതമായ അറിവുകൾവെച്ച് പോർട്ടൽ നയിച്ചവഴിയേ പലരുംപോയി റിട്ടേൺ സബ്മിറ്റ് ചെയ്ത് വെരിഫിക്കേഷൻ പൂർത്തിയാക്കി. ആധാർ ഒടിപി ഉപയോഗിച്ച് വെരിഫിക്കേഷൻ പൂർത്തിയാക്കിയിട്ടും വെരിഫൈഡ് എന്നും വെരിഫിക്കേഷൻ പെൻഡിങ് എന്നും കാണിക്കുന്നതായി അമ്പലപ്പുഴയിൽനിന്ന് വിനീത് നായർ പറയുന്നു. സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ 10,000 രൂപവരെയുള്ള പലിശക്ക് കിഴിവ് ഉണ്ടെങ്കിലും പോർട്ടലിൽ ഫയൽചെയ്യുമ്പോൾ അത് മൊത്തംവരുമാനത്തോടൊപ്പം ചേർത്ത് നികുതി അടക്കണമെന്നാണ് പോർട്ടൽ നിർദേശിക്കുന്നതെന്ന് പേരാമ്പ്രയിൽനിന്ന് വിനയനും. ഇ വെരിഫിക്കേഷൻ പൂർത്തിയാക്കാൻ 120 ദിവസമാണ് പോർട്ടലിൽ സമയംനൽകിയിട്ടുള്ളത്. അറിഞ്ഞുകൊണ്ടാണോ ഇത്രയും സമയംനൽകിയിട്ടുള്ളത്? തകരാർ പരിഹരിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വം. എന്നാൽ തെറ്റുകൂടാതെ റിട്ടേൺ നൽകേണ്ടത് പൗരന്റെ കടമയുമാണ്. 2020-21(അസസ്മെന്റ് വർഷം 2021-22)സാമ്പത്തികവർഷത്തെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന തിയതി ഡിസംബർ 31 ആണ്. ശമ്പളം ഉൾപ്പടെ എല്ലാവരുമാനവും കണക്കാക്കിവേണം ആദായ നികുതി നൽകാൻ. തെറ്റുകൂടാതെ റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ ആദായനികുതി വകുപ്പിൽനിന്ന് നോട്ടീസ് ലഭിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ അറിഞ്ഞോ അറിയാതെയോ പൊതുവായിവരുത്തുന്ന തെറ്റുകൾ പരിശോധിക്കാം. 60 വയസ്സിന് താഴെപ്രായമുള്ള, 2.5 ലക്ഷംരൂപക്ക് മുകളിൽ വാർഷിക വരുമാനമുള്ള വ്യക്തികളെല്ലാം ആദായ നികുതി റിട്ടേൺ നൽകേണ്ടതുണ്ട്. മുതിർന്ന(60 വയസ്സ്) പൗരന്മാർക്കുള്ള പരിധി മൂന്നു ലക്ഷമാണ്. പെൻഷൻ, പലിശ എന്നിവയിൽനിന്നുമാത്രം വരുമാനമുള്ളവരാണെങ്കിൽ 75 വയസ്സിന് മുകളിലുള്ളവർ റിട്ടേൺ ഫയൽ ചെയ്യണമെന്ന് നിർബന്ധമില്ല. സേവിങ്സ് ബാങ്ക് പലിശ എസ്ബി അക്കൗണ്ടിൽനിന്നുള്ള പലിശക്ക് നികുതി നൽകണമെന്നകാര്യം വിസ്മരിക്കാനാണ് പലർക്കുംതാൽപര്യം. അത് എത്രരൂപയായാലും റിട്ടേൺ ഫോമിൽ കാണിക്കണം. ഇതിനായി ബാങ്ക് അക്കൗണ്ടുകളിൽനിന്നുള്ള പലിശമൊത്തം കണക്കാക്കി ഐടിആറിൽ ചേർക്കുകയാണ് വേണ്ടത്. വകുപ്പ് 80 ടിടിഎ പ്രകാരം വ്യക്തികൾക്ക് 10,000 രൂപവരെയുള്ള പലിശക്ക് നികുതിയിളവ് ലഭിക്കും. 60വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് ഈ പരിധി 80 ടിടിബി പ്രകാരം 50,000 രൂപയുമാണ്. ഈതുകയിൽ താഴെയാണ് പലിശ ലഭിച്ചതെങ്കിലും റിട്ടേൺ ഫയൽ ചെയ്യുമ്പോൾ കാണിക്കേണ്ടതുണ്ട്. മുകളിലെ വകുപ്പുകൾ പ്രകാരം കിഴിവ് നേടാനുംകഴിയും. മുൻകൂട്ടി നൽകിയിട്ടുള്ള ഡാറ്റ ആദായ നികുതി പോർട്ടലിൽ നൽകിയിട്ടുള്ള പ്രീ ഫിൽഡ് ഡാറ്റ ഒത്തുനോക്കിയതിനുശേഷം റിട്ടേൺ നൽകുക. ഫോം 16, ഫോം 26എഎസ് എന്നിവ ഉൾപ്പടെയുള്ളവ പരിശോധിച്ച് മൊത്തംവരുമാനം കണക്കാക്കി ആവശ്യമെങ്കിൽ തിരുത്തലുകൾവരുത്തിവേണം റിട്ടേൺ ഫയൽചെയ്യാൻ. സ്ഥിരനിക്ഷേപം ബാങ്ക്, പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്ക് എന്നിവിടങ്ങിളിലെ സ്ഥിരനിക്ഷേപ പദ്ധതികളിൽനിന്നുള്ള പലിശയും മൊത്തംവരുമാനത്തോടൊപ്പംചേർത്തുവേണം നികുതിനൽകാൻ. ഇൻകം ഫ്രം അദർ സോഴ്സ്-വിഭാഗത്തിലാണ് ഇത് ഉൾപ്പെടുത്തേണ്ടത്. പലിശ വരുമാനത്തിന് നികുതിയിളവുകളില്ലെന്നകാര്യം ഓർക്കുക. ഐടിആർ ഫോം ആദായ നികുതി റിട്ടേൺ നൽകാൻ ഏഴ് ഐടിആർ ഫോമുകളാണുള്ളത്. അനുയോജ്യമായവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ശമ്പളം, പെൻഷൻ തുടങ്ങിയവയിൽനിന്നുള്ള വരുമാനക്കാർ ഐടിആർ 1 ആണ് ഫയൽ ചെയ്യേണ്ടത്. ശമ്പളത്തോടൊപ്പം മൂലധനനേട്ടം ഉൾപ്പടെയുള്ള നികുതി വിധേയവരുമാനമുള്ളവർക്ക് ഐടിആർ 2 ആണ് ബാധകം. ബിസിനസിൽനിന്നോ പ്രൊഫഷനിൽനിന്നോ വരുമാനമുള്ളവർ ഐടിആർ 3ഉം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. പുതിയതോ പഴയതോ? നികുതി കണക്കാക്കുന്നതിന് പുതിയതോ പഴയതോ ആയ നികുതി വ്യവസ്ഥ സ്വീകരിക്കാം. അതിനുമുമ്പായി രണ്ട് സ്ലാബുകൾ പ്രകാരവും നികുതി കണക്കാക്കി ഏതാണ് കുറവെങ്കിൽ ആരീതി തിരഞ്ഞെടുക്കാം. പഴയ രീതിയാണ് സ്വീകരിക്കുന്നതെങ്കിൽ 80സി ഉൾപ്പടെയുള്ള നികുതിയിളവുകൾ പ്രയോജനപ്പെടുത്താം. പുതിയതാണെങ്കിൽ കുറഞ്ഞ നികുതി നിരക്കുമാണുള്ളത്. സമ്മാനത്തിൽനിന്നുള്ള പലിശ ഭാര്യക്കോ ഭർത്താവിനോ കുട്ടികൾക്കോ സമ്മാനമായി നൽകിയ പണത്തിന്റെ പലിശയിൽനിന്നുള്ള വരുമാനവും റിട്ടേണിൽ ചേർക്കണം. സമ്മാനമായി നൽകിയ പണം നിക്ഷേപിക്കുമ്പോൾ ലഭിച്ച പലിശക്ക് നിങ്ങൾ നികുതിനൽകേണ്ടതുണ്ട്. ലാഭവിഹിതം ഓഹരി, മ്യൂച്വൽ ഫണ്ട് എന്നിവയിൽനിന്ന് ലഭിച്ചിരുന്ന ഡിവിഡന്റിന് നേരത്തെ നികുതി ബാധകമായിരുന്നില്ല. 2020-21 സാമ്പത്തികവർഷംമുതൽ മൊത്തംവരുമാനത്തോടൊപ്പം ചേർത്ത് ലാഭവിഹിതത്തിനും ആദായനികുതി നൽകണം. ഇൻകം ഫ്രം അദർ സോഴ്സസ്-വിഭാഗത്തിലാണ് ഡിവിഡന്റിൽനിന്നുള്ള വരുമാനം ഉൾപ്പെടുത്തേണ്ടത്. ഫോം26എഎസ് ഓരോ സാമ്പത്തിവർഷത്തെയും വാർഷിക നികുതി സ്റ്റേറ്റ്മെന്റാണ് ഫോം 26എഎസ്. ഐടിആറിൽ നൽകിയിട്ടുള്ള വരുമാനം 26എഎസിലേതിന് സമാനമാകണം. മറിച്ചായാൽ ആദായ നികുതി വകുപ്പിൽനിന്ന് നോട്ടീസ് ലഭിച്ചേക്കാം. മൂലധനനേട്ടം ഉൾപ്പടെയുള്ളവ 26എഎസിൽ ഉണ്ടാകില്ലെന്നകാര്യം ഓർക്കുക. അവഇല്ലെന്നുകരുതി ഐടിആറിൽ ഉൾപ്പെടുത്താതിരിക്കരുത്. ബാങ്കുകൾ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഉൾപ്പടെയുള്ളവയിൽനിന്ന് ഇടപാടുകളുടെ വിവരങ്ങൾ ശേഖരിച്ച് ഐടി വകുപ്പ് ഒരുത്തുനോക്കുന്നുണ്ടെന്നകാര്യം മറക്കേണ്ട. റിവൈസ്ഡ് റിട്ടേൺ റിട്ടേൺ ഇതിനകം നൽകിയിട്ടുണ്ടെങ്കിലും പുതുക്കി നൽകാൻ അവസരമുണ്ട്. എത്രതവണവേണമെങ്കിലും തിരുത്തൽവരുത്തി റിവൈസ്ഡ് റിട്ടേൺ നൽകാം. സെക് ഷൻ 143(3)പ്രകാരം, ആദായനികുതിവകുപ്പ് സൂക്ഷ്മപരിശോധന പൂർത്തിയാക്കിയാൽ അതിന് അവസരം ലഭിക്കില്ല. ഇ-വെരിഫിക്കേഷൻ ഐടിആർ ഫയൽ ചെയ്തുകഴിഞ്ഞാൽ ഇ-വെരിഫൈ ചെയ്യാൻ മറക്കരുത്. നെറ്റ് ബാങ്കിങ്, ആധാർ ഒടിപി തുടങ്ങിയവവഴി വെരിഫിക്കേഷൻ പൂർത്തിയാക്കാം. ഫോം സബ്മിറ്റ് ചെയ്ത ഉടനയോ നിശ്ചിത സമയപരിധിക്കുള്ളിലോ വെരിഫിക്കേഷൻ സാധ്യമാണ്. feedback to: antonycdavis@gmail.com കുറിപ്പ്: തിയതി ഡിസംബർ 31ലേക്ക് നീട്ടിയതിനാൽ ഇനിയും ഏറെസമയംമുന്നിലുണ്ട്. എല്ലാവരുമാനങ്ങളുംചേർത്ത് കിഴിവുകൾ പ്രയോജനപ്പെടുത്തി സമയമെടുത്തുതന്നെ കൃത്യമായി നികുതി കണക്കാക്കാം. പലിശ ബാധ്യത ഒഴിവാക്കാൻ നികുതിനേരത്തെ അടക്കണമെന്നകാര്യം മറക്കേണ്ട. ഇതിനകം ഫയൽചെയ്ത റിട്ടേണിൽ തകരാറുണ്ടെന്ന് തോന്നിയാൽ റിവൈസ്ഡ് റിട്ടേൺ നൽകുക. ഇൻകം ഫ്രം അദർ സോഴ്സസിൽനിന്നുള്ള വരുമാനം ഐടിആറിൽ കൃത്യമായി കാണിച്ചിരിക്കണം. നികുതിയിളവുള്ള വരുമാനമാണെങ്കിലും റിട്ടേണിൽ കാണിച്ച് കിഴിവ് പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്.

from money rss https://bit.ly/2XpvhUR
via IFTTT