121

Powered By Blogger

Tuesday, 7 December 2021

വസ്ത്രവ്യാപാരമേഖലയിലെ ജിഎസ്ടി 12 ശതമാനമാക്കിയത് പിൻവലിക്കണമെന്ന് കെടിജിഎ

കൊച്ചി: വസ്ത്ര വ്യാപാര മേഖലയ്ക്ക് ജിഎസ്ടി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കിയത് അടിയന്തരമായി പിൻവലിക്കണമെന്ന് കേരള ഗാർമെന്റ്സ് ആൻഡ് ടെക്സ്റ്റൈൽ ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ (കെടിജിഎ) സംസ്ഥാന കൗൺസിൽ യോഗം ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിൽ ശക്തമായ സമ്മർദം ചെലുത്താൻ കൊച്ചിയിൽ ഇന്നലെ ചേർന്ന യോഗം തീരുമാനിച്ചു. ആയിരം രൂപയുടെതാഴെ വിലവരുന്ന സാധാരണക്കാരുടെ തുണിത്തരങ്ങൾക്കും മറ്റെല്ലാ വസ്ത്രങ്ങൾക്കും നിലവിലുള്ള അഞ്ച് ശതമാനത്തിൽനിന്ന് 12 ശതമാനമാക്കി ജി.എസ്.ടി വർധിപ്പിച്ചിരിക്കുകയാണ്. സാധാരണ ജനങ്ങളുടെ കുടുംബ ബഡ്ജറ്റിനൊപ്പം തകരുന്നത് ചെറുകിട ഇടത്തരം കച്ചവടക്കാരുടെ വ്യാപാരം കൂടിയാണ്. രൂക്ഷമായ വിലവർധനവിന് പുറമേ ഉദ്യോഗസ്ഥ തേർവാഴ്ച്ചക്കും, അഴിമതിക്കും ഈ വർധന വഴിയൊരുക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി. രണ്ടു വർഷത്തിൽ എഴോ എട്ടോ ജനിതക മാറ്റം സംഭവിച്ച് ലോകത്തെ വിറപ്പിച്ച കോവിഡ് വൈറസിനെക്കാളും വലിയ മഹാമാരിയാണ് 4 വർഷത്തിനുള്ളിൽ 1200 മാറ്റങ്ങൾ വരുത്തിയ ജിഎസ്ടി എന്ന് യോഗം വിലയിരുത്തി. വസ്ത്രമേഖല 20 ലേറെ മൂല്യവർദ്ധിത ഘട്ടങ്ങളിൽ കൂടികടന്നുപോകുന്നതിനാൽ അവസാനം പതിക്കുന്ന നികുതി 12 ശതമാനം എന്നത് ജനങ്ങളെ കൊള്ളയടിക്കുന്നതിനു തുല്യമാണ്. നിലവിലുളള നികുതി വരുമാനം എത്രയെന്നോ റീഫണ്ട് കൊടുക്കേണ്ടതോത് എത്രയെന്നോ പുതിയ നികുതി വരുമാനം പ്രതീക്ഷിക്കുന്നത് എത്രയെന്നോ പറയാതെ കൂടിയാലോചനകളില്ലാതെ ഇങ്ങനെ നിരക്ക് വർധന അടിച്ചേൽപ്പിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. കോവിഡ്, പ്രളയങ്ങൾ എന്നിവ കാരണം ഒട്ടനവധി വ്യാപാരികൾ ആത്മഹത്യ ചെയ്യുകയും ചെറുതും വലുതുമായ എത്രയോ വസ്ത്ര കച്ചവട സ്ഥാപനങ്ങൾ അടച്ചുപൂട്ടിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോൾ തണലായി നിൽക്കേണ്ട സർക്കാർ വർധന പിൻവലിച്ച് ഡിസംബർ 31നു എംആർപി രേഖപ്പെടുത്തിയിട്ടുള്ള, വ്യാപാരികളുടെ കൈവശമുള്ള എല്ലാവസ്ത്രങ്ങൾക്കും നഷ്ട പരിഹാരം പ്രഖ്യാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വ്യാപാരികളോട് ആലോചിക്കാതെ അശാസ്ത്രീയ വൺവെ നടപ്പാക്കാതിരിക്കുക, വ്യാപാരികൾക്കു മാത്രമുള്ള പ്ലാസ്റ്റിക് നിരോധനവും പിഴയും ഒഴിവാക്കുക, വാർഷിക ലൈസൻസ് നിരക്കുകളും ഇവപുതുക്കാനുള്ള നിബന്ധനകളും ലഘുകരിക്കുക എന്നീആവശ്യങ്ങളും യോഗം ഉന്നയിച്ചു. പ്രസിഡണ്ട് ടി. എസ് പട്ടാഭിരാമൻ യോഗം ഉദ്ഘാടനം ചെയ്തു.വർക്കിംഗ് പ്രസിഡണ്ട് മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ കൃഷ്ണൻ, ട്രഷറർ എസ് ബഷ്യാം (ബാബു),സംസ്ഥാന രക്ഷാധികാരി ശങ്കരൻകുട്ടി സ്വയംവര, വനിത വിങ് പ്രസിഡന്റ് ബീന കണ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ ജൗഹർ ടൺടാം, വിനോദ് മഹാലക്ഷ്മി, ബാപ്പു ചമയം, ഇക്ബാൽ പൂജ, ടി എ ശ്രീകാന്ത്, സജീവ് ഗായത്രി, ഷാനവാസ് റോയൽ തുടങ്ങിയവർ സംസാരിച്ചു. സംഘടനയുടെ പുതിയ ലോഗോയും കൊടിയും ചടങ്ങിൽ പ്രകാശനം ചെയ്തു.

from money rss https://bit.ly/3oAJfxK
via IFTTT