121

Powered By Blogger

Friday, 31 December 2021

സ്ത്രീകള്‍ക്ക് എങ്ങനെ മികച്ച ഓഹരി നിക്ഷേപകരാകാം?

ജോൺ ഗ്രേയുടെ പ്രസിദ്ധ പുസ്തകമായ 'മെൻ ആർ ഫ്രം മാഴ്സ്, വിമെൻ ആർ ഫ്രം വീനസ്' പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള മനഃശാസ്ത്രപരമായ വ്യത്യാസങ്ങളിലേക്ക് വെളിച്ചംവീശുന്നു. ഇരുലിംഗക്കാരും തമ്മിലുള്ള പെരുമാറ്റ വൈജാത്യം ഏറെ പ്രകടമാണ്. പണം കൈകാര്യം ചെയ്യുന്നതിലും ധനപരമായ തീരുമാനങ്ങളെടുക്കുന്നതിലും ഈ വ്യത്യാസം കാണാൻ കഴിയും. പുരുഷന്മാർ കൂടുതൽ റിസ്കെടുക്കുന്ന, സാഹസിക സ്വഭാവമുള്ള നിക്ഷേപകരായിരിക്കുമ്പോൾ സ്ത്രീകൾ പൊതുവേ കൂടുതൽ കരുതലോടെ ലക്ഷ്യം മുൻനിർത്തിയുള്ള സമ്പാദ്യ-നിക്ഷേപ തീരുമാനങ്ങളെടുക്കുന്നവരാണ്. ആഗോളതലത്തിൽ ഓഹരിനിക്ഷേപത്തിൽ വലിയതോതിൽ പുരുഷ മേൽക്കോയ്മയുണ്ട്. എല്ലാ രാജ്യങ്ങളിലും സ്ത്രീകളായ നിക്ഷേപകരേക്കാൾ വളരെ കൂടുതലാണ് പുരുഷന്മാരുടെ എണ്ണം. 76 ശതമാനം പുരുഷന്മാരും 24 ശതമാനം സ്ത്രീകളും എന്നതാണ് ആഗോള അനുപാതം. ചൂസ് ബ്രോക്കർ നടത്തിയ പഠനമനുസരിച്ച് ഏറ്റവും കൂടുതൽ വനിതാ നിക്ഷേപകരുള്ളത് ഫിലിപ്പീൻസിലാണ് - 44 ശതമാനം. ഇന്ത്യയിൽ 21 ശതമാനമാണിത്. ബ്രസീലിൽ 16, പാകിസ്താനിൽ 15, ബംഗ്ലാദേശിൽ 12 ശതമാനം എന്നിങ്ങനെ മാത്രമേ സ്ത്രീകൾ നിക്ഷേപ രംഗത്തുള്ളു. സാമ്പത്തികകാര്യങ്ങളിൽ സ്ത്രീകളുടെ പെരുമാറ്റത്തിലെ ചില സവിശേഷതകൾ ഇവയാണ്: സ്ത്രീകൾ സമ്പാദ്യത്തിൽ മുന്നിലാണ്, നിക്ഷേപങ്ങൾ നിശ്ചയാനുസൃതം പൊതുവേ, സമ്പാദിക്കുന്നതിൽ സ്ത്രീകൾ മിടുക്കികളാണ്. പണ്ടുകാലം മുതലേ അതങ്ങനെയാണ്. വികസ്വരരാജ്യങ്ങളിൽ പ്രത്യേകിച്ചും, പണം ശ്രദ്ധിച്ചു ചെലവഴിക്കുന്നവരാണ് പെണ്ണുങ്ങൾ. കഴിയുന്നത്ര പണം മാറ്റിവെക്കാൻ അവർ ശ്രമിക്കും. കുട്ടികളുടെ വിദ്യാഭ്യാസം, പെൺമക്കളുടെ വിവാഹം, വീടെന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരം എന്നിവയ്ക്കു വേണ്ടിയാണ് അവർ പണം സമ്പാദിക്കുന്നത്. വനിതകൾക്കിടയിൽ ഈ വർഷം നടത്തിയ ഒരു സർവേയിൽ കണ്ടെത്തിയത് കുട്ടികളുടെ വിദ്യാഭ്യാസം, പെൺകുട്ടികളുടെ വിവാഹം എന്നീ ധനകാര്യ ലക്ഷ്യങ്ങൾക്കാണ് അവർ പ്രാമുഖ്യം നൽകിയിരിക്കുന്നത് എന്നതാണ്. വ്യക്തമായ ഈ ലക്ഷ്യബോധം സാമ്പത്തിക കാര്യങ്ങളിലുള്ള സ്ത്രീകളുടെ പെരുമാറ്റം പുരുഷന്മാരുടേതിൽ നിന്ന് വ്യത്യസ്തമാക്കുന്നു. നിക്ഷേപകാര്യത്തിൽ സ്ത്രീകൾ പിന്നാക്കമാണ് പണം കരുതിവെക്കുന്നതിൽ മിടുക്കരാണെങ്കിലും നിക്ഷേപത്തിന്റെ കാര്യംവരുമ്പോൾ സ്ത്രീകൾ പിന്നിലാണ്. ദീർഘകാലാടിസ്ഥാനത്തിൽ ഓഹരികൾ മറ്റെല്ലാ ആസ്തി വർഗങ്ങളേയും പിന്തള്ളുന്നു എന്നതാണനുഭവം. എന്നാൽ, സ്ത്രീകളിൽ ഒരു ചെറു ന്യൂനപക്ഷം മാത്രമേ ഓഹരികളിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപിക്കുന്നുള്ളു. ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ള സ്ത്രീകൾപോലും നിക്ഷേപം സംബന്ധിച്ച തീരുമാനമെടുക്കാൻ ആശ്രയിക്കുന്നത് പുരുഷന്മാരായ പിതാവ്, ഭർത്താവ്, സഹോദരൻ, ബന്ധുക്കൾ എന്നിവരെയാണ്. ഞങ്ങളുടെ ഇടപാടുകാർ സാമ്പത്തിക സാക്ഷരതയുള്ളവരാണെങ്കിലും അവരിൽ വലിയൊരു വിഭാഗത്തിനുപോലും തീരുമാനങ്ങളെടുക്കുന്നത് ബന്ധുക്കളായ പുരുഷന്മാരാണ്. വനിതാ ഇടപാടുകാരിൽ 33 ശതമാനത്തിന്റെയും നിക്ഷേപ തീരുമാനങ്ങൾ പുരുഷന്മാരായ ബന്ധുക്കളുടേതാണ്. സ്ത്രീകൾ പൊതുവേ റിസ്ക്കെടുക്കാൻ വിമുഖരാണ് സാഹസികമായ നിക്ഷേപങ്ങൾ ഒഴിവാക്കുന്നവരാണ് പൊതുവേ സ്ത്രീകൾ. ഒരു ചെറു ന്യൂനപക്ഷമേ ഓഹരികളിൽ നിക്ഷേപിക്കുന്നുള്ളൂ. സാമ്പത്തിക സാക്ഷരതപുരുഷന്മാരെയപേക്ഷിച്ച് സ്ത്രീകൾക്കിടയിൽ കുറവാണ്. സ്വർണവും ബാങ്ക് നിക്ഷേപവുമാണ് ഓഹരികളേക്കാൾ അവർക്ക് താത്പര്യം. ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ആസ്തികൾ അവർക്ക് നഷ്ടമാകുന്നു എന്നാണിതിനർഥം. എടുത്തുചാടാതിരിക്കുന്നതിന് അതിന്റെ ഗുണങ്ങളുമുണ്ട്. സ്ത്രീകൾക്കിടയിൽ ട്രേഡർമാരും ഊഹക്കച്ചവടക്കാരും വളരെക്കുറച്ചേ ഉള്ളൂ. ഓഹരിവിപണിയിലെ ട്രേഡർമാരിലും ഊഹക്കച്ചവടക്കാരിലും മഹാഭൂരിപക്ഷത്തിനും പണം നഷ്ടപ്പെടുന്നു എന്നത് വസ്തുതയാണ്. സ്ത്രീകൾ ഊഹക്കച്ചവടം നടത്താത്തതിനാൽ പുരുഷ ട്രേഡർമാരെപ്പോലെ അവർക്ക് പണം നഷ്ടപ്പെടുന്നില്ല. ഇത് ഗുണവശം തന്നെയാണ്. മികച്ച നിക്ഷേപകരാകാൻ സ്ത്രീകൾക്ക് കെൽപ്പുണ്ട് 'ഓഹരിനിക്ഷേപത്തിൽ നിന്ന് പണമുണ്ടാക്കാൻ നിങ്ങൾക്ക് ഒരാളുടെ ബുദ്ധി മതി. പക്ഷേ, പത്തുപേരുടെ ക്ഷമവേണം'- എന്നത് ഓഹരി വിപണിയിലെ ഒരു ചൊല്ലാണ്. പുരുഷന്മാരേക്കാൾ ക്ഷമ കൂടുതലുള്ളവരാണ് സ്ത്രീകൾ എന്നത് വസ്തുതയാണ്. അതിനാൽ അവർക്ക് മികച്ച നിക്ഷേപകരാകാനും കഴിയും. എന്നാൽ, സാമ്പത്തിക സാക്ഷരത കുറഞ്ഞ സ്ത്രീകൾക്ക്്, പ്രത്യേകിച്ച് വ്യത്യസ്ത ആസ്തിവർഗങ്ങളെക്കുറിച്ചും അവയുടെ ലാഭനഷ്ട സാധ്യതകളെക്കുറിച്ചും അറിവു കുറവാണ്. ഓഹരിവിപണിയിലേക്ക് കൂടുതൽ വനിതകൾ എത്തുന്നു ചെറുകിട നിക്ഷേപകരുടെ എണ്ണത്തിലെ വൻ വർധന മഹാമാരിക്കുശേഷമുള്ള ഒരു പ്രതിഭാസമാണ്. വനിതാ ഇടപാടുകാരുടെ എണ്ണം കുത്തനെ കൂടിയതായി ബ്രോക്കർമാർ പറയുന്നു. ജിയോജിത്തിന്റെ ഉപഭോക്താക്കളിൽ ഇപ്പോൾ 29 ശതമാനം സ്ത്രീകളാണ്. ഇന്ത്യയിൽ ദീർഘകാലാടിസ്ഥാനത്തിൽ മറ്റെല്ലാ ആസ്തികളേയും ബഹുദൂരം പിന്നിലാക്കിയിട്ടുണ്ട് ഓഹരികൾ. 1979-ൽ 100 ആയിരുന്ന ബി.എസ്.ഇ. സെൻസെക്സ് 16 ശതമാനം ശരാശരി വാർഷിക നേട്ടവുമായി 2021 ഒക്ടോബറിൽ 60,000 പോയിന്റിന് മുകളിലാണ്. ഇക്കാലയളവിലെ ഉപഭോക്തൃ സൂചികാ വിലക്കയറ്റമായ 7.35 ശതമാനത്തേക്കാൾ എട്ടു ശതമാനത്തിലധികം കൂടുതലാണിത്. സ്വർണം, ബാങ്ക് നിക്ഷേപം തുടങ്ങിയ ആസ്തികളെ വ്യക്തമായി പിന്തള്ളിയിരിക്കുകയാണ് ഓഹരികൾ. ഗുണനിലവാരമുള്ള ഓഹരികളിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപിക്കുകയും ദീർഘകാലത്തേക്ക് നിക്ഷേപം നിലനിർത്താൻ ക്ഷമകാണിക്കുകയും ചെയ്യുന്നവരാണ് നല്ല നിക്ഷേപകർ. പുരുഷന്മാരേക്കാൾ കൂടുതൽ ക്ഷമയുള്ളവരാണ് സ്ത്രീകൾ എന്നതുകൊണ്ടുതന്നെ അവർക്ക് മികച്ച നിക്ഷേപകരാകാനും കഴിയും. സ്ത്രീകളുടെ ധനകാര്യ സാക്ഷരത വർധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഓഹരിവിപണിയിലേക്കുള്ള കൂടുതൽ സ്ത്രീകളുടെ കടന്നുവരവ് ആരോഗ്യകരവും അഭിലഷണീയവുമാണ്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/32NIyJk
via IFTTT