121

Powered By Blogger

Tuesday, 11 January 2022

പാഠം 158: ഓഹരിയില്‍നിന്നുള്ള ഉയര്‍ന്ന ആദായം, ബാങ്ക് നിക്ഷേപത്തിന്റെ സുരക്ഷ: ഇത് സാധ്യമാണോ?

കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കുന്ന പണത്തിൽനിന്ന് ഒരുരൂപപോലും നഷ്ടമാകരുതെന്ന ചിന്തയുള്ളവർ കൂടുതൽ ആദായംനേടാനുള്ള വഴികൾ തേടുന്നു. എങ്കിലും ഇവർ സുരക്ഷ പരിഗണിച്ച് ബാങ്കിൽതന്നെ നിക്ഷേപിക്കുന്നു. റിസ്കെടുക്കാൻ കഴിവില്ലെങ്കിലും മികച്ച നേട്ടമുണ്ടാക്കണമെന്ന ആഗ്രഹത്താൽ അമിത ആത്മവിശ്വാസംകൊണ്ട് ഓഹരി വിപണിയിൽ മറ്റൊരുവിഭാഗം പണംനഷ്ടപ്പെടുത്തുന്നു. രണ്ടറ്റങ്ങളിലുള്ള നിക്ഷപക മനസ്ഥിതിയാണിത്. ഇതിന് മധ്യത്തിൽനിന്ന് ബാങ്ക് നിക്ഷേപത്തിന്റെ സുരക്ഷയും ഓഹരിയിൽനിന്ന് മികച്ച ആദായവും നേടുന്നവരെ അപൂർവമായെ കാണാറുള്ളൂ. നിക്ഷേപ പദ്ധതികളുടെ സാധ്യതകളും നേട്ടങ്ങളും കോട്ടങ്ങളും മനസിലാക്കി നഷ്ടസാധ്യത മറികടക്കാനുള്ള ചുടവടുകൾപയറ്റി മുന്നോട്ടുപോകുന്ന ഇക്കൂട്ടർ വിലക്കയറ്റത്തെ മറികടക്കുന്ന ആദായം അനായാസം സ്വന്തമാക്കുന്നു. കൂടുതൽ ആദായംവേണം, അതേസമയം റിസ്ക് എടുക്കാൻ താൽപര്യവുമില്ല എന്ന ചിന്തിക്കുന്നവർ ഏറെയുണ്ട്. കുറഞ്ഞ വിലയിൽ വാങ്ങി പറ്റുമെങ്കിൽ അന്നുതന്നെ ഉയർന്ന വിലയിൽ വിറ്റ് അപ്പപ്പോൾ നേട്ടമുണ്ടാക്കണമെന്ന് ചിന്തിച്ച് ഓഹരിയിൽ ട്രേഡ് ചെയ്യുന്നവരും കൂടിവരുന്നു. ഒരുവിഭാഗം അമിതമായി ആശങ്കപ്പെടുമ്പോൾ മറ്റൊരുവിഭാഗം കിട്ടിയാൽകിട്ടി പോയാൽ പോയി-എന്ന മനോഭാവവുമുള്ളവരുമാണ്. കഷ്ടപ്പെട്ട് സമ്പാദിച്ച പണം ഒരുസുപ്രഭാതത്തിൽ നഷ്ടപ്പെടുത്താനുള്ളതല്ല. ഭാവിയിലേയ്ക്ക് മികച്ച രീതിയിൽ പ്രയോജനപ്പെടുത്താൻ എപ്രകാരം പണം കൈകാര്യംചെയ്യണമെന്ന് കൃത്യമായ ധാരണയുണ്ടാകണം. ആസുത്രണംവേണം കുറഞ്ഞ ആദായംനൽകുന്ന സ്ഥിരനിക്ഷേപ പദ്ധതികളെ ആശ്രയിച്ചുമാത്രം ഇനി മുന്നോട്ടുപോകാനാവില്ല. നിക്ഷേപ പലിശ കുറയുന്ന സാഹചര്യത്തിൽ മുന്നോട്ടുള്ള ജീവിതത്തിന് നിക്ഷേപം ഗുണംചെയ്യണമെങ്കിൽ വിലക്കയറ്റത്തെ അതിജീവിക്കുന്നനേട്ടം ലഭിക്കാതെ തരമില്ല. സമസ്ത മേഖലകളും വിലക്കയറ്റത്തിന്റെ പിടിയിലാകുമ്പോൾ പ്രത്യേകിച്ചും. അതുകൊണ്ടുതന്നെ ഉയർന്നനേട്ടംനൽകുന്ന നിക്ഷേപ സാധ്യതകൾ, റിസ്കുണ്ടെന്നകാരണം പറഞ്ഞ് ഒഴിവാക്കുന്നത് ഉചിതമാകില്ല. ലഭിക്കുമായിരുന്നനേട്ടം വേണ്ടെന്നുവെയ്ക്കുന്നതിന് സമാനമാണത്. അതുകൊണ്ടുതന്നെ നിശ്ചിത അനുപാതത്തിൽ നിക്ഷേപ പദ്ധതികൾ ക്രമീകരിച്ചുകൊണ്ടാകാണം മുന്നോട്ടുപോകേണ്ടത്. ആസ്തി വകയിരുത്തൽ ഇക്വിറ്റി, ഡെറ്റ്, എഫ്ഡി, സ്വർണം തുടങ്ങിയവയിൽ നിശ്ചിത അനുപാതത്തിൽ പണംവകയിരുത്തി പോർട്ട്ഫോളിയോ ക്രമീകരിക്കാൻ തയ്യാറാകണം. പ്രായത്തോടൊപ്പം സമ്പാദ്യം, സാമ്പത്തിക ലക്ഷ്യങ്ങൾ, സഹിഷ്ണുത എന്നിവയും കണക്കിലെടുത്താകണം ഈ അനുപാതം നിശ്ചിയിക്കാൻ. വ്യക്തികളുടെ സാഹചര്യവും ഇതിനായി പരിഗണിക്കണം. അതായത് 25 വയസ്സുകാരന് യോജിച്ച അനുപാതമല്ല 55 കാരനുവേണ്ടത്. അതുപോലെ വിവാഹിതനും കുട്ടികളുമുള്ളയാൾക്ക് വേണ്ടതല്ല, അവിവാഹതിന് അനുയോജ്യമാകുക. നിക്ഷേപ വൈവിധ്യവത്കരണം പോർട്ട്ഫോളിയോ ക്രമീകരിക്കുമ്പോൾ പ്രത്യേക അനുപാതത്തിലായിരിക്കും വിവിധ പദ്ധതികളിൽ നിക്ഷേപിക്കുക. നഷ്ടസാധ്യത കുറയ്ക്കാനും മികച്ച ആദായം നേടിയെടുക്കാനുമുള്ള സാധ്യതയാണ് ഇതിലൂടെ മുന്നിൽകാണുന്നത്. ഉദാഹരണത്തിന് 30ശതമാനം ഓഹരിയിലും 30 ശതമാനം സ്ഥിരനിക്ഷേപത്തിലും 20ശതമാനം റിയൽ എസ്റ്റേറ്റിലും 10ശതമാനം ഡെറ്റ് പദ്ധതികളിലും 10ശതമാനം സ്വർണത്തിലും നിക്ഷേപിക്കുന്നുവെന്ന് കരുതുക. ഓഹരി നിക്ഷേപം നഷ്ടത്തിലായാൽ, മറ്റുപദ്ധതികളിലുള്ള നിക്ഷേപത്തിലെ നേട്ടം നഷ്ടത്തെ മറികടക്കാൻ സഹായിക്കും. അതുമാത്രമല്ല, ഓഹരി നിക്ഷേപം നിലനിർത്തി ഭാവിയിൽ നേട്ടമുണ്ടാക്കാനും വൈവിധ്യവത്കരണത്തിലൂടെ കഴിയുന്നു. സാമ്പത്തിക ലക്ഷ്യങ്ങൾ പരിഗണിച്ചുകൊണ്ടുകൂടിയാകണം ഇത്തരത്തിൽ പോർട്ട്ഫോളിയോ ക്രമീകരിക്കേണ്ടത്. പരസ്പരബന്ധമില്ലാത്ത പദ്ധതികളിൽ നിക്ഷേപിക്കുന്നതിലൂടെ റിസ്ക് മറികടക്കാനും മികച്ച ആദായംനേടാനും കഴിയും. ഇടവേളകളിലെ വിലയിരുത്തൽ നേരത്തെ നിശ്ചയിച്ച വിവിധ ആസ്തികളിലെ നിക്ഷേപ അനുപാതത്തിൽ കാലാകാലങ്ങളിൽ മാറ്റംആവശ്യമായിവന്നേക്കാം. നിശ്ചിത ഇടവേളകളിൽ പദ്ധതികളുടെ പ്രകടനം വിലയിരുത്തിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ഉദാഹരണത്തിന്, വിപണി തിരുത്തലിന്റെ പാതയിലാണെങ്കിൽ ഓഹരിയിലെ നിക്ഷേപത്തിൽ വർധനവരുത്താം. ആദായംകുറഞ്ഞ സ്ഥിരനിക്ഷേപ പദ്ധതിയിൽനിന്ന് നിശ്ചിതശതമാനംതുക ഓഹരിയിലേയ്ക്കുമാറ്റുകയാണ് വേണ്ടത്. അതേസമയം, ഓഹരി മികച്ച ഉയരത്തിലാണെങ്കിൽ അനുപാതം നിലനിർത്താനായി ഓഹരിയിൽനിന്ന് ഭാഗികമായി ലാഭമെടുത്ത് സ്ഥിരനിക്ഷേപ പദ്ധതികളിലേയ്ക്ക് തിരിച്ചുനിക്ഷേപിക്കാം. ഇത്തരത്തിലുള്ള അനുപാതക്രമീകരണത്തിലൂടെ റിസ്ക് കുറച്ച് കൂടുതൽ നേട്ടമുണ്ടാക്കാനുംകഴിയും. സഹിഷ്ണുത വിലയിരുത്താം പ്രായം, വരുമാനം, ആശ്രിതർ എന്നിവ കണക്കിലെടുത്ത് ഓരോരുത്തരുടെയും റിസ്കെടുക്കാനുള്ളശേഷി വിലയിരുത്താം. വിപണിയിൽ നിക്ഷേപിക്കുമ്പോൾ ഇക്കാര്യം പരിഗണിച്ചുവേണം മുന്നോട്ടുപോകാൻ. അല്ലാതെ കയ്യിലുള്ള പണം ഇരട്ടിപ്പിക്കാമെന്നുകരുതി സോഷ്യൽ മീഡിയയിലെ നിർദേശങ്ങൾക്കുംമറ്റും പിന്നാലെ അന്ധമായി മുന്നോട്ടുപോയാൽ അപകടത്തിലാകുംചാടുക. റിസ്കെടുക്കാനുള്ളശേഷി അറിഞ്ഞ്, അതിനനുസരിച്ച് രൂപപ്പെടുത്തിയ പോർട്ട്ഫോളിയോയിലെ അപകടസാധ്യതകൾ മനസിലാക്കി, മുന്നോട്ടുപോയാൽ വൈകാരികമായി വിപണിയിൽ ഇടപെടുന്നത് ഒഴിവാക്കാൻ കഴിയും. പ്രതികൂലസാഹചര്യങ്ങളിൽ സമ്പത്ത് സംരക്ഷിക്കുന്നതിനും അത് ഉപകരിക്കും. പണലഭ്യത ഉറപ്പാക്കുക അത്യാവശ്യംവന്നാൽ നഷ്ടത്തിലുള്ള ഓഹരി വിറ്റ് കാര്യംനടത്തേണ്ട സാഹചര്യമുണ്ടാകരുത്. ആറുമാസത്തേയ്ക്കെങ്കിലും ആവശ്യമുള്ള പണം എപ്പോഴും കൈവശമുണ്ടാകണം. ഹ്രസ്വകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കുള്ള പണം ചാഞ്ചാട്ടംകുറഞ്ഞ സ്ഥിര നിക്ഷേപ പദ്ധതികളിൽമാത്രമെ സൂക്ഷിക്കാവൂ. ലിക്വിഡ് മണി എപ്പോഴും കൈവശമുള്ളതിനാൽ ഉയർന്ന ചാഞ്ചാട്ട സ്വാഭാവമുള്ള ഓഹരി അധിഷ്ഠിത പദ്ധതികളിൽ ദീർഘകാലത്തേയ്ക്ക് നിക്ഷേപിച്ച് ഉദ്ദേശിച്ച ഫലമുണ്ടാക്കാൻ കഴിയും. നിക്ഷേപം ഘട്ടംഘട്ടമായി വരുമാനത്തിൽനിന്ന് ഓരോമാസവും നിശ്ചിതതുകവീതം ഘട്ടംഘട്ടമായി ഓഹരിയിലോ മ്യൂച്വൽ ഫണ്ടിലോ നിക്ഷേപിക്കുന്നരീതി പിന്തുടരുക. വിപണിയിലെ റിസ്ക് കുറയ്ക്കാനുള്ള ഏറ്റവുംഉചിതമായ മാർഗമതാണ്. വിപണി താഴുമ്പോൾ കൂടുതലും ഉയരുമ്പോൾ കുറച്ചും യൂണിറ്റുകൾ സമാഹരിച്ച് ശരാശരി നിക്ഷേപചെലവ് കുറയ്ക്കാനാകും. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ(എസ്ഐപി)തന്നെയാണ് മികച്ച നിക്ഷേപരീതിയെന്ന് ആവർത്തിച്ച് പറയുന്നത് അതുകൊണ്ടാണ്. വിപണിയിലെ അസ്ഥിരതയിൽനിന്ന് നേട്ടമുണ്ടാക്കാനും മൊത്തത്തിലുള്ള പോർട്ട്ഫോളിയോയിലെ നേട്ടംവർധിപ്പിക്കാനും ഈ രീതി ഗുണംചെയ്യും. മികച്ച വൈവിധ്യവത്കരണത്തിന്, ഡൈനാമിക് അസറ്റ് അലോക്കേഷൻ മുന്നോട്ടുവെയ്ക്കുന്ന ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകളിൽ നിക്ഷേപിച്ചാൽപോരെയെന്ന് ചിന്തിക്കുന്നവരുണ്ടാകാം. വ്യക്തിഗത പോർട്ട്ഫോളിയോ രൂപപ്പെടുത്തുന്നതിനും മികച്ച ആദായം അതിലൂടെ നേടാനും ഈ ഫണ്ടിലെ നിക്ഷേപത്തിലൂടെ കഴിയുകയില്ല. ഫണ്ട് മാനേജരുടെ സ്ട്രാറ്റജിക്കൊപ്പം നീങ്ങാനെ നിക്ഷേപകന് സാധിക്കൂ. അതേക്കുറിച്ച് മറ്റൊരു പാഠത്തിലൂടെ വിശദമാക്കാം. feedback to: antonycdavis@gmail.com ചുരുക്കത്തിൽ: ഓഹരിയിൽനിന്നുള്ള ആദായവും ബാങ്ക് നിക്ഷേപത്തിൽനിന്നുള്ള സുരക്ഷയും സ്വന്തമാക്കാൻ നിക്ഷേപ വൈവിധ്യവത്കരണംകൊണ്ട് ഒരുപരിധിവരെ കഴിയും. ദീർഘകാലയളവിൽ നിക്ഷേപം സംരക്ഷിക്കാനും ഉയർന്ന ആദായംനേടാനും നിശ്ചിത അനുപാതത്തിലുള്ള പോർട്ട്ഫോളിയോ ക്രമീകരണം ആവശ്യമാണ്. ചുരുങ്ങിയത് 12ശതമാനമെങ്കിലും വാർഷികാദായംനേടാൻ ഓഹരിയിലും ഡെറ്റിലും സ്വർണത്തിലുമുള്ള വൈവിധ്യവത്കരണം സഹായിക്കും.

from money rss https://bit.ly/3tzLFQv
via IFTTT