121

Powered By Blogger

Wednesday, 26 January 2022

പാഠം 160: അനിശ്ചിതത്വത്തിന്റെ നാളുകളില്‍ നിക്ഷേപത്തിന് സംരക്ഷണ കവചമൊരുക്കാം

2021 സ്വർണത്തിന് അത്രതന്നെ മികച്ച വർഷമായിരുന്നില്ല. അതേസമയം 2020ൽ നിക്ഷേപകരെ അമ്പരപ്പിച്ചുകൊണ്ട് മഞ്ഞലോഹം നേട്ടമുണ്ടാക്കുകയുംചെയ്തു. 2020 ഓഗസ്റ്റ് ഏഴിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 42,000 രൂപയിലേയ്ക്ക് സ്വർണവില കുതിച്ചു. 2020 ജനുവരി ഒന്നിലെ വിലയായ 29,000 രൂപയിൽനിന്നാണ് ഈ കുതിപ്പെന്ന് ഓർക്കണം. കോവിഡിന്റെ ഒന്നാംതരംഗത്തിൽ ലോകമാകെ അടച്ചിട്ടപ്പോൾ സമ്പദ്ഘടനകൾ തിരിച്ചടിനേരിട്ട സാഹചര്യത്തിലാണ് സ്വർണവില കുതിച്ചുകയറിയത്. ഓഹരി ഉൾപ്പടെ മറ്റ് ആസ്തികളെല്ലാം കനത്തനഷ്ടംനേരിടുകയുംചെയ്തു. അടിസ്ഥാനപരമായി സ്വർണം സുരക്ഷിതമായ നിക്ഷേപ ആസ്തിയാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ സ്വർണത്തോളം സുരക്ഷിതമായ മറ്റ് ആസ്തികൾ കണ്ടെത്താൻ കഴിയില്ല. വിലക്കയറ്റം, സാമ്പത്തിക തളർച്ച, ഓഹരി വിപണിയിലെ തകർച്ച തുടങ്ങിയ സാഹചര്യങ്ങൾ സ്വർണത്തിന് അനുകൂലമായിമാറുന്നു. പ്രഭ മങ്ങുന്നതെപ്പോൾ? മറിച്ചുള്ള സാഹചര്യങ്ങളിൽ സ്വർണത്തിന്റെ പ്രഭയ്ക്ക് മങ്ങലേൽക്കുന്നു. ഓഹരി മികച്ചനേട്ടമുണ്ടാക്കുമ്പോൾ, സാമ്പത്തിക വളർച്ച മുന്നോട്ടാചലിക്കുമ്പോൾ, വിലക്കയറ്റം നിയന്ത്രണവിധേയമാകുമ്പോൾ സ്വർണത്തിന് മോശംകാലമുണ്ടാകും. ഈ സാഹചര്യത്തിലൂടെയാണ് സ്വർണം ഇപ്പോൾ കടന്നുപോകുന്നത്. 2021ന്റെ അവസാന പകുതിയിൽ പ്രതിരോധ കുത്തിവെയ്പിന് വേഗംവർധിച്ചു. രാജ്യങ്ങളുടെ സമ്പദ്ഘടനകൾ പുനരുജ്ജീവനത്തിന്റെ ട്രാക്കിലേയ്ക്കുകയറി. ഓഹരി വിപണി ദിനംപ്രതിയെന്നോണം കുതിച്ചു. ഈ കാരണങ്ങൾ സ്വർണത്തിന്റെ നേട്ടത്തെ ബാധിച്ചു. സ്വർണത്തിലേയ്ക്കാണ് 2022 ഉറ്റുനോക്കുന്നത്. മഞ്ഞലോഹത്തിന്റെ ഗതി നിർണയിക്കാൻ 2022ൽ നിരവധി കാരണങ്ങൾ ആഗോളതലത്തിൽ രൂപംകൊള്ളുന്നുണ്ട്. കുതിപ്പിന് നിരവധി കാരണങ്ങൾ ആഗോള പണപ്പെരുപ്പം 30 വർഷത്തെ ഉയർന്ന നിലവാരത്തിലാണ്. യുഎസിലെ ഉപഭോക്തൃ സൂചിക മുൻവർഷത്തെ അപേക്ഷിച്ച് 7 ശതമാനം ഉയർന്നു. സ്വർണത്തിന് എന്തുകൊണ്ടും അനുകൂല കാലാവസ്ഥയാണ് മുന്നിലുള്ളത്. പണപ്പെരുപ്പത്തിന് സുരക്ഷാകവചമൊരുക്കാൻ സ്വർണത്തോളം മികച്ച നിക്ഷേപ പദ്ധതിയില്ലെന്ന് പറയേണ്ടിവരും. പ്രത്യേകിച്ച് മറ്റുപ്രതികൂല സാഹചര്യങ്ങൾ കൂടിചേരുമ്പോൾ. കോവിഡിന്റെ ഒമിക്രോൺ വകഭേദം അതിവേഗത്തിലാണ് പടരുന്നത്. പലരാജ്യങ്ങളും ഇതിനകം നിയന്ത്രണങ്ങൾ കൊണ്ടുവന്നുകഴിഞ്ഞു. പിടിച്ചുകെട്ടാനാകാത്തവിധത്തിൽ പടർന്നുകയറിയാൽ ആഗോളതലത്തിൽ തൊഴിലവസരങ്ങളെയും സാമ്പത്തിക വളർച്ചയെയും ഒമിക്രോൺ അപകടത്തിലാക്കിയേക്കാം. ചൈനയുടെ സ്ഥിതിയൊന്നുനോക്കൂ. രാജ്യത്തെ ജിഡിപി വളർച്ചയുടെ പ്രധാന സംഭാവന നൽകുന്ന റിയൽ എസ്റ്റേറ്റ് മേഖല പ്രതിസന്ധിയിലേയ്ക്കു പതിച്ചുകഴിഞ്ഞു. കൂടുതൽ വീണുപോകാതിരിക്കാനും അല്പാൽപമായി പിടിച്ചുകയറ്റാനും വായ്പാ പലിശ കുറയ്ക്കുകയാണ് പീപ്പിൾസ് ബാങ്ക് ഓഫ് ചൈന. ഇനി അസംസ്കൃത എണ്ണയുടെകാര്യം ചർച്ചചെയ്യാം. ബ്രന്റ് ക്രൂഡ് ബാരലിന് 88 ഡോളർ പിന്നിട്ടിരിക്കുന്നു. പലരാജ്യങ്ങളും കരുതൽശേഖരം പുറത്തെടുത്ത് വിലകുറയ്ക്കാൻ ശ്രമിച്ചെങ്കിലും താൽക്കാലികമായേ അതിന് ഗുണമുണ്ടായൂള്ളൂ. ഉത്പദാനംകുറയ്ക്കാനുള്ള ഒപെകിന്റെ പദ്ധതി വില ഉയർന്ന നിലവാരത്തിൽ പിടിച്ചുനിർത്താനിടയാക്കി. ക്രൂഡ് ഓയിലിയന്റെയും കമ്മോഡിറ്റികളുടെയും മുന്നേറ്റം ആഗോളതലത്തിൽ പണപ്പെരുപ്പത്തിന് കാരണമാകുകയുംചെയ്തു. പ്രതികൂല ഘടകങ്ങൾ മുകളിൽ സൂചിപ്പിച്ച ഘടങ്ങൾ സ്വർണത്തിന് അനുകൂലമാണെങ്കിലും ഈ കാരണങ്ങൾക്കിടയിലും സ്വർണത്തിന് തിരിച്ചടിയുണ്ടാകാം. വിലക്കയറ്റം കുതിക്കുന്നതിനാൽ യുഎസ് ഫെഡറൽ റിസർവ് ഉത്തേജന നടപടികളിൽനിന്നുള്ള പിന്മാറ്റംവേഗത്തിലാക്കാൻ തീരുമാനിച്ചു കഴിഞ്ഞു. അയഞ്ഞ പണനയത്തിൽനിന്ന് മാർച്ചോടെ പിൻവാങ്ങാനാണ് തീരുമാനം. 2022ൽ മൂന്നുതവണ നിരക്കുവർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ പലിശ നിരക്കിൽ 2022ൽ മാത്രം മുക്കാൽശതമാനത്തോളം വർധനവുണ്ടാകും. പണനയത്തിൽ പിടിമുറുക്കുന്നതോടെ ഡോളർ കരുത്താർജിക്കും. ആഗോളതലത്തിൽ സ്വർണവില ഡോളർ കേന്ദ്രീകൃതമായതിനാൽ മഞ്ഞലോഹത്തെ അത് ദോഷകരമായി ബാധിക്കാനിടയാക്കും. അനൂകൂലമോ പ്രതികൂലമോ ആയ ഒന്നിലധികം ഘടകങ്ങൾ വിപണിയെ സ്വാധാനിക്കുന്നതിനനുസരിച്ചായിരിക്കും 20222ലെ സ്വർണത്തിന്റെ നീക്കം. ചരിത്രം പരിശോധിക്കാം പത്തുവർഷത്തെ സ്വർണത്തിന്റെ വിലനിലവാരം പരിശോധിച്ചാൽ നേട്ട-നഷ്ടക്കണക്കുകൾ ബോധ്യമാകും. ഇരട്ടയക്കനേട്ടം നൽകിയ വർഷങ്ങൾ ആദ്യംനോക്കാം. 2012ൽ 12.3ശതമാനവും 2016ൽ 11.3ശതമാനവും 2019ൽ 23.8ശതമാനവും 2020ൽ 27.9ശതമാനവും നേട്ടം സ്വർണം നിക്ഷേപന് നൽകി. ഇനി നഷ്ടത്തിന്റെ വർഷങ്ങളിലേയ്ക്കുവരാം. 2013ൽ 4.5ശതമാനവും 2014ൽ 7.9ശതമാനവും 2015ൽ 6.6ശതമാനവും 2021ൽ 7.6ശതമാനവും നഷ്ടമാണ് സ്വർണം നിക്ഷേപകന് നൽകിയത്. ബാക്കിയുള്ള വർഷങ്ങളിലെ നേട്ടം ഒറ്റയക്ക ശതമാനത്തിലുമായിരുന്നു. വരുമാനം അസ്ഥിരം സ്വർണത്തിൽനിന്നുള്ള ആദായം അസ്ഥിരമാണെന്നാണ് ഈ കണക്കുകൾ തെളിയിക്കുന്നത്. സ്ഥിരവരുമാനം നൽകുന്ന ആസ്തിയല്ല സ്വർണമെന്ന് ചുരുക്കം. എങ്കിലും മൊത്തം ആസ്തിയുടെ 10-15ശതമാനമെങ്കിലും സ്വർണത്തിൽ നിക്ഷേപിക്കുന്നത് എന്തുകൊണ്ടും ഉചിതമാണ്. സമ്പദ് വ്യവസ്ഥയോ ഓഹരി വിപണിയോ മാന്ദ്യത്തിൽപ്പെടുമ്പോഴും വിലക്കയറ്റം രൂക്ഷമാകുമ്പോഴും സംരക്ഷണ കവചംതീർക്കാൻ സ്വർണത്തിനേ കഴിയൂ. വിവിധ ആസ്തികളുള്ള നിക്ഷേപ പോർട്ട്ഫോളിയോയിൽ ചുവപ്പുരാശി പടരുമ്പോൾ പച്ചനിറത്തിൽ ജ്വലിക്കാൻ സ്വർണത്തിനുമാത്രമേ സാധിക്കൂ. നിക്ഷേപിക്കാൻ പലവഴികൾ സ്വർണത്തിൽ നിക്ഷേപിക്കാൻ നിരവധി മാർഗങ്ങൾ വിപണിയിലുണ്ട്. അതിൽ ഏറ്റവും അനുയോജ്യവും ചെലവുകുറഞ്ഞതുമാണ് കേന്ദ്ര സർക്കാരിനുവേണ്ടി റിസർവ് ബാങ്ക് പുറത്തിറക്കുന്ന ഗോൾഡ് ബോണ്ടുകൾ. നിക്ഷേപിക്കുന്നതുകയ്ക്ക് 2.5ശതമാനം വാർഷിക പലിശ ലഭിക്കുന്നതോടൊപ്പം കാലാവധിയെത്തുമ്പോൾ അന്നത്തെ സ്വർണത്തിന്റെ വിലയ്ക്ക് ബോണ്ടുകൾ തിരിച്ചുകൊടുത്ത് പണമാക്കാനുംകഴിയും. അതിൽനിന്ന് ലഭിക്കുന്ന മൂലധനനേട്ടത്തിനാകട്ടെ ഒരുരൂപപോലും ആദായ നികുതി നൽകേണ്ടതുമില്ല. മികച്ച രണ്ടാമത്തെ മാർഗം ഗോൾഡ് ഇടിഎഫിൽ നിക്ഷേപിക്കുകയെന്നതാണ്. ട്രേഡിങ്, ഡീമാറ്റ് അക്കൗണ്ടുകളുണ്ടെങ്കിൽമാത്രമെ ഇടിഎഫിൽ നിക്ഷേപിക്കാനാകൂ. അതില്ലാത്തവർത്ത് ഇടിഎഫിൽ നിക്ഷേപിക്കുന്ന ഗോൾഡ് മ്യൂച്വൽ ഫണ്ടുകളിലും പണംമുടക്കാം. feedback to: antonycdavis@gmail.com ചുരുക്കത്തിൽ: സ്വർണത്തിന് അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങളാണ് മുകളിൽ വിശദമാക്കിയത്. മൊത്തം ആസ്തിയുടെ 10ശതമാനമെങ്കിലും(15ശതമാനത്തിൽകൂടുതൽ വേണ്ട) സ്വർണത്തിൽ നിക്ഷേപിക്കേണ്ടതുണ്ട്. പണപ്പെരുപ്പവും സാമ്പത്തികമാന്ദ്യവും പിടിമുറുക്കുമ്പോൾ നിക്ഷേപങ്ങൾക്ക് സംരക്ഷണ കവചമേകാൻഈ ലോഹത്തിനുകഴിയും. അതോടൊപ്പം ദീർഘകാലയളവിൽ മികച്ച ആദായം നേടുകയുംചെയ്യാം.

from money rss https://bit.ly/349bj3F
via IFTTT