121

Powered By Blogger

Sunday, 30 January 2022

ബജറ്റ്: വെല്ലുവിളികളെ അതിജീവിക്കുമോ?

ചൊവ്വാഴ്ച പാർലമെൻറിൽ ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്ന അവരുടെ നാലാമത്തെ ബജറ്റ് നാം ഇതുവരെ കണ്ടതിലേറെ അസാധാരണമായ ഒരു സാമ്പത്തിക കാലഘട്ടത്തിൽ ആയിരിക്കും എന്നത് അതിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. ഉത്തർപ്രദേശ് അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായിക്കൂടിയാണ് ഈ കേന്ദ്രബജറ്റ് ഉറ്റുനോക്കപ്പെടുക. കോവിഡിന്റെ ആദ്യ വരവിൽ കുത്തനെ താഴോട്ടുപോയ നമ്മുടെ സാമ്പത്തികവളർച്ച തിരിച്ചുവരവിന്റെ വക്കത്തോളം എത്തിയെങ്കിലും മൂന്നാംതരംഗത്തെ അതിജീവിച്ചുമുന്നേറാനുള്ള വെല്ലുവിളിയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് രാജ്യത്തെ വിവിധ വ്യവസായ-വാണിജ്യ മേഖലകൾ. ഭാരിച്ച വെല്ലുവിളികൾ കേന്ദ്രസർക്കാരിന് എന്തെല്ലാം രീതിയിൽ വളർച്ചയുടെ പുത്തൻ നാമ്പുകൾ പോഷിപ്പിക്കാൻ സാധിക്കും, രാജ്യത്ത് പരക്കേ അംഗീകരിക്കപ്പെട്ടിട്ടുള്ള ഉയരുന്ന സാമ്പത്തിക അസമത്വത്തെ എങ്ങനെ മറികടക്കാം, പുത്തൻ തൊഴിൽസാധ്യതകൾ എങ്ങനെ പെട്ടെന്ന് കണ്ടെത്താം, അന്താരാഷ്ട്ര മാർക്കറ്റിലെ എണ്ണ തുടങ്ങി മറ്റ് ചരക്കുകളുടെ വിലക്കയറ്റത്തിന്റെ ആഘാതത്തിൽനിന്നു സാധാരണക്കാർക്ക് എന്തെല്ലാം പരിരക്ഷയൊരുക്കാം, ഏറ്റവും താഴെക്കിടയിൽ ഉള്ളവരുടെ കീശയിൽ അത്യാവശ്യം കാശും മറ്റാനുകൂല്യങ്ങളും സർക്കാരിന് സാമൂഹികക്ഷേമ പദ്ധതികൾ വഴി എങ്ങനെ എത്തിക്കാം തുടങ്ങിയ എല്ലാ പ്രശ്നങ്ങൾക്കും ഉത്തരം കാണേണ്ട ഭാരിച്ച ചുമതലയാണ് ധനമന്ത്രിക്കുള്ളത്. കഴിഞ്ഞ രണ്ടിലേറെ വർഷമായി ഏതാണ്ട് മുഴുവൻസമയവും സാമ്പത്തികമേഖലയിലെ വെല്ലുവിളികളെ നേരിടാനുള്ള പരിശ്രമത്തിലാണ് ഈ വനിതാ മന്ത്രി എന്നുള്ളതിൽ നമുക്ക് അഭിമാനിക്കാം. നടപടികളെക്കുറിച്ച് വ്യത്യസ്താഭിപ്രായം ഉണ്ടെങ്കിലും. കോവിഡിന്റെ ദൂഷിതവലയത്തിൽപ്പെടാതെ തുടർച്ചയായി ദേശീയ സാമ്പത്തിക രംഗത്തേക്ക് വളർച്ചസംഭാവന ചെയ്യുന്നത് നമ്മുടെ കർഷകരും കാർഷികമേഖലയും ആണ്; കഴിഞ്ഞ മൂന്നു വർഷമായി 3.5 ശതമാനത്തോളമാണ് ശരാശരി വളർച്ച. നടപ്പുസാമ്പത്തികവർഷത്തെ ആദ്യത്തെ കണക്കുകൾ അനുസരിച്ച് വളർച്ചനിരക്ക് ഏകദേശം ഒമ്പതുശതമാനം ആയിരിക്കുമെന്നാണ് അനുമാനം. ഇപ്പോഴത്തെ മൂന്നാംതരംഗം ടൂറിസം, വ്യോമയാനം, ഗതാഗതം തുടങ്ങിയ കുറെയധികം മേഖലകളെ സാരമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ ഒരുപക്ഷേ, ഈ കണക്കുകൂട്ടലിനു നേരിയ ഒരു ഇടിവ് വന്നുകൂടായ്കയില്ല. കഴിഞ്ഞ സാമ്പത്തികവർഷത്തെ മൈനസ് 7.2 വളർച്ചയുംകൂടി എടുത്താൽ, നമ്മുടെ ദേശീയ സമ്പദ്ഘടന ഈ മാർച്ച് അവസാനം ആവുമ്പോൾ ഏകദേശം 2019-ന്റെ അതേ നിലവാരത്തിൽ എത്തിനിൽക്കാനാണ് സാധ്യത. ഫലത്തിൽ രണ്ടുവർഷം എഴുതിത്തള്ളേണ്ട ഒരു അവസ്ഥയിൽ. പ്രതീക്ഷയുടെ കിരണങ്ങൾ ഇതു പറയുമ്പോഴും ഇന്ന് ഇന്ത്യൻ സമ്പദ്ഘടന, ലോകത്തെ ഏറ്റവും വലിയ രാജ്യങ്ങളുമായി തുലനംചെയ്യുമ്പോൾ വളർച്ചനിരക്ക് ഏറ്റവും കൂടിയതരത്തിലാണ് നിൽക്കുന്നത് എന്നകാര്യം നാം വിസ്മരിച്ചുകൂടാ. ചൈനയടക്കമുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഉയർന്നുതന്നെ നിൽക്കുന്നു നമ്മുടെ വളർച്ച. (ചൈനയുടെ വളർച്ചനിരക്ക് എട്ടുശതമാനത്തോളം ആവും എന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ. ഇന്ത്യയെപ്പോലെ തുറന്ന സംവിധാനം അല്ലാത്തതു കൊണ്ട് ചൈനീസ് സർക്കാർ അഥവാ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പറയുന്ന കണക്കുകൾ വിശ്വസിക്കുകയേ ഇന്ന് നമുക്ക് നിർവാഹമുള്ളൂ. കടത്തിന്റെ തോത് കൂടി പല ചൈനീസ് കമ്പനികളും തിരിച്ചടയ്ക്കാൻ പറ്റാതെ തകർച്ചയുടെ വക്കിലാണ്). നമ്മുടെ രാജ്യത്തും ദേശീയ വരുമാനം (ജി.ഡി.പി.) കണക്കാക്കുന്നതിൽ ധാരാളം അനുമാനങ്ങളും കൂട്ടിക്കുറയ്ക്കലുകളും ഉണ്ട്. സാമ്പത്തികശാസ്ത്രജ്ഞർ ഉൾപ്പെടെ വിദഗ്ധർ അംഗീകരിക്കുന്ന പരസ്യമായ രഹസ്യമാണ് നമ്മുടെ ദേശീയ വരുമാനം കണക്കാക്കുന്നതിലെ ഈ വ്യതിയാനങ്ങൾ. കാരണം, ഇന്നും സമ്പദ്ഘടനയുടെ വലിയ ഒരുവിഭാഗം അസംഘടിത മേഖലയിൽ ആയതുകൊണ്ട് അതിൽ പ്രവർത്തിക്കുന്നവരുടെ 'ഔട്ട്പുട്ട്' ഒരു അനുമാനത്തിന്റെ അടിസ്ഥാനത്തിൽ ഉൾപ്പെടുത്തപ്പെടുന്നു എന്നതാണ് കാര്യം. മോദിസർക്കാരിന്റെ ഈ-ശ്രം പോർട്ടൽ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ കണക്കു നിജപ്പെടുത്താൻ തുടങ്ങിയത് കഴിഞ്ഞ ഓഗസ്റ്റിലാണ്. നാളിതുവരെ 24 കോടി അസംഘടിതമേഖലയിലെ തൊഴിലാളികൾ ഇതിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഈ പ്രക്രിയ പൂർണമായാൽ അത്രത്തോളം അധികം കൃത്യത നമ്മുടെ സാമ്പത്തികഡേറ്റയ്ക്കു കൈവരിക്കാൻ സാധിക്കും. വമ്പൻ പ്രഖ്യാപനങ്ങൾക്ക് സാധ്യത കുറവ് ആത്മനിർഭർ പാക്കേജ് വഴിയും പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പി.എൽ.ഐ.) സ്കീമിൽകൂടിയും മറ്റും ഒട്ടേറെ നയപ്രഖ്യാപനങ്ങൾ ഇതിനകം വന്നുകഴിഞ്ഞു. കോർപ്പറേറ്റ്, ഇൻകം ടാക്സ് എന്നിവയിലും ഗണ്യമായ മാറ്റങ്ങൾ കഴിഞ്ഞ രണ്ടു ബജറ്റുകളിൽ സർക്കാർ കൊണ്ടുവന്നു. അതുകൊണ്ട് വമ്പൻ നയപ്രഖ്യാപനങ്ങൾക്കോ പുതിയ പദ്ധതികൾക്കോ ഉള്ള സ്കോപ്പ് ഈ ബജറ്റിൽ കുറവായിരിക്കും. കൂടാതെ, ഏകദേശം 70 ശതമാനത്തോളം ചെലവുകൾ നിർബന്ധമായും നീക്കിയിരിപ്പ് വേണ്ടുന്ന മേഖലകൾക്കായി മാറ്റിക്കഴിഞ്ഞാൽ ബജറ്റിൽ പുതിയ പദ്ധതികൾക്കായി എടുക്കാനുള്ള തുകയും തുലോം കുറവാണ്. നമ്മുടെ ദേശീയ ബജറ്റിന്റെ തോത് കഴിഞ്ഞ രണ്ടുവർഷമായി ഏകദേശം 35 ലക്ഷം കോടി രൂപയായിരുന്നു. നേരത്തേ സൂചിപ്പിച്ചതുപോലെ ദേശീയ വരുമാനത്തിന് 7.5 ശതമാനം പിറകോട്ടും (2020-'21) 8.5-9 ശതമാനം മുന്നോട്ടും (2021-'22) ആണ് നീക്കമെങ്കിൽ, ഇന്നത്തെ വിലനിലവാരം അനുസരിച്ചുള്ള കണക്കിൽ നമ്മുടെ ദേശീയ വരുമാനം മാർച്ച് 22-ൽ ഏകദേശം 197-200 ലക്ഷം കോടി രൂപ എന്ന നിലവാരത്തിൽ ആയിരിക്കും എന്നനുമാനിക്കാം. അടുത്ത സാമ്പത്തികവർഷത്തിലെ (2022-'23) വളർച്ച ഏകദേശം എട്ടുശതമാനം ആയി കണക്കാക്കാം. കോവിഡിന്റെ മൂന്നാം തരംഗവും അതിജീവിച്ചുമുന്നേറാനുള്ള സാമ്പത്തിക ചാലകശക്തി ബജറ്റ് പകർന്നുനൽകണമെങ്കിൽ ബജറ്റിന്റെ മൊത്തം തോത് ഏറ്റവും കുറഞ്ഞത് 36-36.50 ലക്ഷം കോടി എന്ന തോതിൽ ധനമന്ത്രിക്ക് എത്തിക്കാൻ സാധിക്കണം. എന്നാലേ വികസനത്തിനും പുതിയ തൊഴിൽസാധ്യതകൾക്കും ആക്കം കൂട്ടാനുള്ള സർക്കാരിന്റെ ഭാഗത്തുനിന്നുള്ള 'അടിസ്ഥാനമേഖലകളിലെ നിക്ഷേപങ്ങൾക്ക്' വഴിയൊരുക്കാൻ ബജറ്റിന് സാധിക്കൂ. ഭാരോദ്വഹനം വേണ്ടിവരും ധനക്കമ്മിയെക്കുറിച്ചുള്ള അമിതമായ ആശങ്ക മാത്രമായിരിക്കും മേല്പറഞ്ഞ ബജറ്റ് സൈസിന് കടിഞ്ഞാണിടുക. സ്വകാര്യ മേഖലയിലെ പുതിയ നിക്ഷേപതാത്പര്യം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ സർക്കാരിന്റെ ഭാരോദ്വഹനം (ഹെവി ലിഫ്റ്റിങ്) വേണ്ടിവരും. അതായത്, കഴിഞ്ഞവർഷം നീക്കിയിരുത്തിയ ഏകദേശം 5.50 ലക്ഷം കോടിയെക്കാൾ കുറഞ്ഞപക്ഷം 50,000 കോടി രൂപയെങ്കിലും അടിസ്ഥാന വികസനത്തിന് ഇത്തവണ നീക്കിവെക്കണം. പക്ഷേ, ബജറ്റുകളെ അപഗ്രഥിക്കുമ്പോൾ പലപ്പോഴും വിവിധ പദ്ധതികൾക്കുവേണ്ടിയുള്ള നീക്കിയിരിപ്പ് ഞാണിന്മേൽക്കളി പോലെയാണെന്ന് നമുക്കു മനസ്സിലാവും. ഉദാഹരണമായി, കഴിഞ്ഞ വർഷത്തെ 35 ലക്ഷം കോടിയിൽ ഏറ്റവും പ്രധാനപ്പെട്ട ചെലവ് താഴെ പറയുന്ന അനിവാര്യമായ നീക്കിയിരിപ്പിലേക്കാണ്. ബാക്കിവരുന്ന എഴോ എട്ടോ ലക്ഷം കോടിയേ സ്വന്തം ഇഷ്ടത്തിന് ചെലവുചെയ്യാൻ കേന്ദ്രസർക്കാരിന് പരമാവധി ബാക്കിയുണ്ടാവൂ. ഇതുവേണം റോഡ് നിർമാണം, റെയിൽവേ, ദേശീയ ഇൻഫ്രാ പൈപ്പ്ലൈൻ മുതലായ ആവശ്യങ്ങൾക്കായി കേന്ദ്ര ധനകാര്യ മന്ത്രി മാറ്റിവെക്കാൻ. വരവിന്റെ കണക്കെടുത്താൽ പ്രധാനപ്പെട്ട ഇനങ്ങൾ ഇങ്ങനെ ആദായ നികുതി- 5.6 കോർപ്പറേറ്റ് ടാക്സ് -5.5 ജി.എസ്.ടി- 6 എക്സൈസ്/കസ്റ്റംസ് - 4 റൊക്കം കടം -15 * തുക ലക്ഷം കോടിയിൽ. ആദ്യം കുറിച്ച നാല് ഇനത്തിൽനിന്നു സംസ്ഥാനത്തിന്റെ വിഹിതമായി ഏകദേശം 6.6 ലക്ഷം കോടി രൂപ കേന്ദ്രം കൊടുക്കും (ധനകാര്യ കമ്മിഷന്റെ ശുപാർശപ്രകാരം). കേന്ദ്ര ബജറ്റിലെ പ്രധാനപ്പെട്ട നീക്കിയിരിപ്പുകൾ മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി (ഏകദേശം ഒരുലക്ഷം കോടി), പി.എം. കിസാൻ (65,000 കോടി) ഗ്രാമീണ ജൽ ജീവൻ മിഷൻ (50,000 കോടി) വിദ്യാഭ്യാസം ആരോഗ്യം എന്നീ മേഖലകൾക്ക് ഏകദേശം 35,000 കോടി രൂപവീതം എന്നിവയായിരുന്നു നടപ്പുസാമ്പത്തിക വർഷത്തിൽ. കേന്ദ്രത്തിന്റെ 80-ഓളം വരുന്ന സ്കീമുകൾക്കകത്തു തന്നെയാണ് മേൽപ്പറഞ്ഞ പ്രധാന സ്കീമുകൾ വരുന്നത്. (ബാങ്കിങ് മേഖലയിൽ വിദഗ്ധനാണ് ലേഖകൻ)

from money rss https://bit.ly/3KVbO2i
via IFTTT