121

Powered By Blogger

Sunday, 30 January 2022

എൽ.ഐ.സി. വിൽപ്പനയും പോളിസി ഉടമസ്ഥരും

എൽ.ഐ.സി. പൊൻമുട്ടയിടുന്ന താറാവാണ്. അഞ്ചുകോടി രൂപയാണ് 64 വർഷംമുമ്പ് കേന്ദ്രസർക്കാർ മുതൽമുടക്കിയത്. ഇപ്പോൾ 38 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ട്. അറ്റാദായത്തിന്റെ അഞ്ചുശതമാനമാണ് കേന്ദ്രസർക്കാരിന് ഡിവിഡന്റായി കൊടുക്കുക. ഇതുവരെ 28,965 കോടി രൂപ ഡിവിഡന്റായി നൽകിയിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയാണ്. എൽ.ഐ.സി.യുടെ 10 ശതമാനം ഓഹരി വിൽക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിരിക്കുന്നു. 49 ശതമാനം ഓഹരിവരെ വിൽക്കാൻ നിയമഭേദഗതി ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള സ്വകാര്യവത്കരണം എങ്ങനെയാണ് എൽ.ഐ.സി.യുടെ 49 കോടി വരുന്ന പോളിസി ഉടമകളെ ബാധിക്കാൻ പോകുന്നത്? പോളിസി ബോണസ് അപ്രത്യക്ഷമാകും പോളിസി ഉടമകളുടെ ട്രസ്റ്റുപോലെയാണ് എൽ.ഐ.സി. പ്രവർത്തിക്കുന്നത്. എൽ.ഐ.സി.യുടെ ഭീമാകാരമായ ഫണ്ട് പോളിസി ഉടമസ്ഥർ നൽകിയിട്ടുള്ള പ്രീമിയത്തിൽനിന്നും ഉണ്ടാക്കിയിട്ടുള്ളതാണ്. അവർ നൽകിയിരിക്കുന്ന ഫണ്ട് നല്ല രീതിയിൽ നിക്ഷേപിച്ച് അതിൽനിന്നും കിട്ടുന്ന ലാഭത്തിൽ വാർഷികലാഭത്തിന്റെ അഞ്ചു ശതമാനം ഓഹരി ഉടമസ്ഥനായ കേന്ദ്രസർക്കാരിനു നൽകും. ബാക്കി 95 ശതമാനവും പോളിസി ഉടമസ്ഥർക്ക് ബോണസായി നൽകുന്നു. രണ്ടുപതിറ്റാണ്ടുമുമ്പ് സ്വകാര്യ ഇൻഷുറൻസുകാർ വന്നപ്പോൾ അഞ്ചുശതമാനം ലാഭംകൊണ്ട് പ്രവർത്തിക്കാനാവില്ലെന്ന് അവർ ശഠിച്ചു. അങ്ങനെ ഓഹരി ഉടമസ്ഥന്മാരുടെ വിഹിതം 10 ശതമാനമായി ഉയർത്തി. ഇത് ഇനിയും ഉയർത്തണമെന്നാണ് അവരുടെ വാദം. സ്വകാര്യകമ്പനികളും ബോണസ് നൽകുന്നുണ്ടല്ലോ എൽ.ഐ.സി.യുടെ 80 ശതമാനം പോളിസികളും സമ്പാദ്യവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള പാർട്ടിസിപ്പേറ്റിങ് പോളിസികളാണ്. എന്നുവെച്ചാൽ റിസ്ക് കവറേജിനുപുറമേ നിശ്ചിതകാലയളവിൽ അവർ നൽകിയ പ്രീമിയത്തിലെ സമ്പാദ്യത്തിന്റെ ഒരുഭാഗം അവർക്കുതന്നെ തിരിച്ചുനൽകും. അത്തരത്തിൽ സമ്പാദ്യഘടകം ഇല്ലാത്ത നോൺ പാർട്ടിസിപ്പേറ്റിങ് പോളിസികളുണ്ട്. സ്വകാര്യ കമ്പനികളുടെ 65-70 ശതമാനം പോളിസികളും ഇത്തരത്തിലുള്ളവയാണ്. രണ്ടാമതു പറഞ്ഞ ഇനം പോളിസികൾക്ക് ലാഭവിഹിതമായി ബോണസ് ഇല്ല. എൽ.ഐ.സി.യാവട്ടെ ഇങ്ങനെയുള്ള പോളിസികളിൽനിന്നും ഉണ്ടാക്കുന്ന ലാഭവും പാർട്ടിസിപ്പേറ്റിങ് പോളിസികൾക്ക് ബോണസായി വിതരണം ചെയ്യുന്നു. സ്വകാര്യ മുതലാളിമാർകൂടി എൽ.ഐ.സി.യുടെ ഉടമസ്ഥരായിവരുമ്പോൾ മറ്റേത് സ്വകാര്യ കമ്പനികളെയുംപോലെ ലാഭം പരമാവധിയാക്കി ഓഹരി ഉടമസ്ഥർക്കു നൽകുന്ന ഒരു കമ്പനിയയി എൽ.ഐ.സി. മാറും. നഷ്ടം പോളിസി ഉടമസ്ഥർക്കായിരിക്കും. സമ്പാദ്യങ്ങൾ അരക്ഷിതാവസ്ഥയിൽ ഇന്ന് പോളിസി ഉടമസ്ഥർക്ക് അവരുടെ പ്രീമിയത്തിന് സമ്പൂർണ സുരക്ഷിതത്വമുണ്ട്. അതിന് സർക്കാർ ഗാരന്റിയുണ്ട്. എന്നാൽ, സ്വകാര്യ ഓഹരി ഉടമസ്ഥർകൂടി വരുമ്പോൾ ഈ ഗ്യാരന്റി ഉണ്ടാവില്ല. ഫലം പോളിസി ഉടമസ്ഥരുടെ അരക്ഷിതാവസ്ഥയായിരിക്കും. 1990-നും 2020-നും ഇടയ്ക്ക് അമേരിക്കയിൽ 82 ഇൻഷുറൻസ് കമ്പനികൾ പൊളിഞ്ഞു. 130 രാജ്യങ്ങളിൽ ഒരുലക്ഷത്തോളം ജീവനക്കാരുമായി 7700 കോടി ഡോളറിന്റെ ടേണോവറുണ്ടായിരുന്ന അമേരിക്കൻ ഇന്റർനാഷണൽ ഗ്രുപ്പ് ലോകത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായിരുന്നു. 2008-ലെ ധനകാര്യ കുഴപ്പത്തിൽ ഈ കമ്പനി അടച്ചുപൂട്ടി. ഇത്തരമൊരു അരക്ഷിതാവസ്ഥയാണ് ഇന്ത്യയിലെ പോളിസി ഉടമസ്ഥരെ കാത്തിരിക്കുന്നത്. ഗ്രാമീണ ചെറുകിടമേഖല അവഗണനയിൽ പാവപ്പെട്ടവരും സാധാരണക്കാരും അവഗണിക്കപ്പെടും. 2020-21-ൽ എൽ.ഐ.സി.യുടെ ശരാശരി പോളിസി പ്രീമിയം 16,156 രൂപയായിരുന്നു. സ്വകാര്യമേഖലയുടേത് 89,004 രൂപയും. സ്വകാര്യമേഖല വൻകിട പോളിസി ഉടമസ്ഥന്മാരിലാണ് കൂടുതൽ ശ്രദ്ധിക്കുന്നതെന്നു വ്യക്തം. നഗരമേഖലയും. 2020-21-ൽ സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ 78 ശതമാനം ബ്രാഞ്ചുകളും ഒരുലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങളിലായിരുന്നു. എൽ.ഐ.സി.യിൽ ഇത് 37 ശതമാനമേ വരൂ. 20,000-ത്തിൽ താഴെ ജനസംഖ്യയുള്ള ചെറുപട്ടണങ്ങളിലാണ് 24 ശതമാനം ബ്രാഞ്ചുകൾ. സ്വകാര്യ ഇൻഷുറൻസുകാരുടെ മൂന്നുശതമാനത്തിൽ താഴെ ബ്രാഞ്ചുകളേ ഇവിടങ്ങളിലുള്ളൂ. സ്വകാര്യവത്കരണത്തിന്റെ ഫലമായി ഗ്രാമീണമേഖലയും ചെറുകിട പോളിസി ഉടമസ്ഥരും അവഗണിക്കപ്പെടും. പാവങ്ങളുടെ സാമൂഹികസുരക്ഷ കേരളമൊഴികെ മഹാഭൂരിപക്ഷം ഇന്ത്യക്കാർക്കും യാതൊരുവിധത്തിലുള്ള സാമൂഹികസുരക്ഷിതത്വവലയവുമില്ല. അവർക്കായി ഒട്ടേറെ സാമൂഹികസുരക്ഷാ പദ്ധതികൾ എൽ.ഐ.സി. നടപ്പാക്കുന്നുണ്ട്. 330 രൂപയ്ക്ക് രണ്ടുലക്ഷം രൂപയുടെ കവറേജ് നൽകുന്ന പി.എം. ജീവൻ ജ്യോതി ഭീമാ യോജനയിൽ 1.50 കോടി ഗുണഭോക്താക്കളുണ്ട്. പി.എം. വയ വന്ദനം യോജന ഒരു നിശ്ചിത ഡെപ്പോസിറ്റിന്റെ അടിസ്ഥാനത്തിൽ മാസംതോറും പെൻഷൻ നൽകുന്ന പരിപാടിയാണ്. അടൽ പെൻഷൻ യോജന എന്നത് അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് അവർ മാസംതോറും അടയ്ക്കുന്ന ഒരു ചെറിയ പ്രീമിയത്തിന് പെൻഷൻ നൽകുന്ന പദ്ധതിയാണ്. ഇതുപോലെ 13 തരം പെൻഷൻ സ്കീമുകൾ എൽ.ഐ.സി. ഫണ്ട് ലിമിറ്റഡിന്റെ കീഴിലുണ്ട്. ഇതിനെല്ലാം പുറമേ സ്വയംസഹായ സംഘങ്ങൾ വഴി മൈക്രോ ഇൻഷുറൻസിനുള്ള പദ്ധതിയുമുണ്ട്. സ്വകാര്യവത്കരണം ക്രോസ് സബ്സിഡി ഇല്ലാതാക്കും. ഇത്തരം പദ്ധതികളെല്ലാം അവതാളത്തിലാകും. പോളിസി ഉടമസ്ഥരെ കബളിപ്പിക്കൽ 2019-20-ൽ അൺഫെയർ ബിസിനസ് പ്രാക്ടീസസ് പരാതികൾ (ബിസിനസ് നടത്തിപ്പിലെ തട്ടിപ്പുകൾ) 43,444 ആയിരുന്നു. അവയിൽ 90 ശതമാനവും സ്വകാര്യകമ്പനികളുമായി ബന്ധപ്പെട്ടവയാണ്. മൊത്തം ഇൻഷുറൻസ് ഇടപാടുകളുടെ 34 ശതമാനമേ സ്വകാര്യമേഖലയുടേതായിട്ടുള്ളൂവെന്നത് ഓർക്കുക. സ്വകാര്യകമ്പനികളുടെ ഇടപാടുകളുടെ സിംഹഭാഗവും ബാങ്ക് ഓഫീസുകൾ വഴിയാണ്. എൽ.ഐ.സി.ക്കാവട്ടെ 13.50 ലക്ഷം ഏജന്റുമാരുമുണ്ട്. എന്നിട്ടും എൽ.ഐ.സി.ക്കാണ് താരതമ്യേന ചെലവുകുറവ്. 2020-21ൽ ഓപ്പറേറ്റിങ് ചെലവുകൾ പ്രീമിയത്തിന്റെ 8.68 ശതമാനമേ വരൂ. സ്വകാര്യകമ്പനികളുടേതാവട്ടെ ഈ തോത് 11.72 ശതമാനവുമാണ്. എൽ.ഐ.സി. താരതമ്യേന ചുരുങ്ങിയ ചെലവിൽ കൂടുതൽ ആളുകൾക്ക് സേവനം നൽകുന്നു. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവർ കേന്ദ്രസർക്കാരിന് മേൽപ്പറഞ്ഞ സാമൂഹികപ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തയില്ല. എന്തിന് തങ്ങളുടെപോലും നാളത്തെ താത്പര്യങ്ങളെ പരിഗണിക്കുന്നില്ല. ഇന്ന് എത്ര കോടി ഷെയർ വിറ്റുകിട്ടും എന്നതിനെക്കുറിച്ചു മാത്രമാണ് ചിന്ത.എൽ.ഐ.സി. ഇപ്പോൾ 38 ലക്ഷം കോടി രൂപ സെക്യൂരിറ്റികൾ, ഷെയറുകൾ, പശ്ചാത്തല സൗകര്യങ്ങൾ തുടങ്ങിയവയിൽ നിക്ഷേപിച്ചിട്ടുണ്ട്. വൈദ്യുതി, പാർപ്പിടം, കുടിവെള്ളം, റോഡ്, റെയിൽവേ തുടങ്ങിയ സാമൂഹികപശ്ചാത്തലസൗകര്യങ്ങളിൽ 2090-21-ൽ എൽ.ഐ.സി.യുടെ നിക്ഷേപം 26,322 കോടി രൂപയായിരുന്നു. താരതമ്യേന താഴ്ച പലിശയാണ് ഈ നിക്ഷേപങ്ങൾ മുഴുവൻ. എന്നാൽ, സ്വകാര്യ ഉടമസ്ഥന്മാർ കൂടുതൽ പലിശയോ ലാഭമോ കിട്ടുന്ന നിക്ഷേപങ്ങളിലേക്ക് എൽ.ഐ.സി.യെ മാറാൻ നിർബന്ധിക്കും. ഇന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഉറപ്പായും ലഭ്യമായ ഒരു വായ്പാ സ്രോതസ്സാണ് ഇല്ലാതാവുക. വിൽപ്പന ഉറപ്പാക്കാൻ 2021-22-ൽ 1.75 ലക്ഷം കോടി രൂപയാണ് പൊതുമേഖലാ സ്വകാര്യവത്കരണത്തിലൂടെ സമാഹരിക്കാൻ കേന്ദ്രസർക്കാർ ലക്ഷ്യമിട്ടത്. പക്ഷേ, ഇതുവരെ 9240 കോടി രൂപയ്ക്കുള്ള പൊതുസ്വത്തേ വിൽക്കാൻ കഴിഞ്ഞിട്ടുള്ളൂ. ഈ നാണക്കേട് മറയ്ക്കാൻ എൽ.ഐ.സി. ഓഹരി വിറ്റേപറ്റുൂ. ഇതു വിജയിക്കുമെന്നുറപ്പിക്കാൻ ഓഹരിവില താഴ്ത്തിനിശ്ചയിക്കാനും മടിക്കില്ലെന്ന് വിദഗ്ധർ ആശങ്കപ്പെടുന്നു. വിദേശനിക്ഷേപ കമ്പനികൾക്ക് എൽ.ഐ.സി. ഷെയർ വാങ്ങാൻ അനുവാദംനൽകാൻ പോകുകയാണ്. ഇനി ഇൻഷുറൻസ് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റി എന്തെങ്കിലും ഇടങ്കോലിട്ടാലോ? അതുണ്ടാവില്ലെന്ന് ഉറപ്പുവരുത്താൻ ഒമ്പതുമാസമായി ഈ അതോറിറ്റിയുടെ ചെയർമാൻസ്ഥാനം ആരെയും നിയമിക്കാതെ ഒഴിച്ചിട്ടിരിക്കുകയാണ്. ഇതുവരെ എൽ.ഐ.സി. സ്വകാര്യവത്കരണം ജീവനക്കാരുടെ പ്രശ്ശമായിരുന്നു. ഇനിമേൽ അത് 49 കോടി പോളിസി ഉടമകളുടെ കാര്യമാണ്. പൊൻമുട്ടയിടുന്ന താറാവിന് ഇറച്ചിവില എൽ.ഐ.സി.യുടെ വാല്വേഷൻ പൂർത്തീകരിച്ചു. 15 ലക്ഷം കോടി രൂപയാണത്രേ മൂല്യം. പക്ഷേ, ഷെയർ വാങ്ങാൻപോകുന്ന ഇൻവെസ്റ്റർ ഈ മൂല്യമല്ല നോക്കുക. തങ്ങൾക്ക് എന്ത് ലാഭം കിട്ടുമെന്നതിലാണ് ശ്രദ്ധ. ഇങ്ങനെ ഇൻവെസ്റ്റേഴ്സിന്റെ ലാഭകോണിൽ നിന്നുകൊണ്ട് കണക്കുകൂട്ടുന്നതിനെയാണ് എംബഡഡ് വാല്യു എന്നു വിളിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ എൽ.ഐ.സി.യുടെ എംബഡഡ് വാല്യു നാലുലക്ഷം കോടി രൂപയേ വരൂ. ഈ കണക്കുകൂട്ടലുകളെല്ലാം ഊഹാപോഹങ്ങളാണ്. പൊതുമണ്ഡലത്തിൽ കൃത്യമായ വിവരങ്ങളില്ല. ഇന്ത്യൻ റെയിൽവേ കഴിഞ്ഞാൽ ഏറ്റവുമധികം ഭൂസ്വത്ത്, അതും നഗരങ്ങളിലുള്ള പൊതുമേഖലാ സ്ഥാപനമാണ് എൽ.ഐ.സി. ഇവയെല്ലാം എങ്ങനെയാണ് പരിഗണിച്ചിരിക്കുന്നതെന്ന് അറിയില്ല.

from money rss https://bit.ly/3IRlsBe
via IFTTT