121

Powered By Blogger

Sunday, 6 February 2022

ബജറ്റ് വളര്‍ച്ചയ്ക്ക് അനുകൂലം: നിക്ഷേപകരെടുക്കേണ്ട മുന്‍കരുതലുകള്‍ അറിയാം

തിരഞ്ഞെടുപ്പുകാലത്ത് ജനപ്രിയ ബജറ്റ് പ്രതീക്ഷിച്ചിരിക്കുമ്പോൾ, ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചത് ജനപ്രിയതയ്ക്കു പ്രാധാന്യമില്ലാത്ത, സാമ്പത്തിക വളർച്ചാ ലക്ഷ്യം മുന്നിൽകണ്ടുള്ള ഗൗരവതരമായ ബജറ്റാണ്. സമ്പദ് വ്യവസ്ഥയിലെ വളർച്ചാവേഗം നിലനിർത്തുക എന്നതാണ് സാമ്പത്തികമേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. 2021-22 വർഷത്തെ ജിഡിപി വളർച്ചാ നിരക്ക് 9.2 ശതമാനമാണ്. 2022-23 വർഷത്തിൽ പ്രതീക്ഷിക്കുന്നത് 8 മുതൽ 8.5 ശതമാനം വളർച്ചയാണ്. ഈ ലക്ഷ്യം നേരിടുന്നതിന് സർക്കാർ മൂലധന ചിലവ് 35.4 ശതമാനം വർധിപ്പിച്ച് 7.5 ലക്ഷം കോടി രൂപയാക്കി. ഇത് വലിയൊരു കുതിപ്പാണ്. 2023 സാമ്പത്തിക വർഷത്തേക്കുള്ള യഥാർത്ഥ മൂലധന ചിലവ് 10.5 ലക്ഷം കോടി ആയിരിക്കും. മൂലധനച്ചിലവിൽ ഉണ്ടാകാനിരിക്കുന്ന ഈ കുതിപ്പ് സാമ്പത്തിക വളർച്ചയെ ഉയർത്തും. എംഎസ്എംഇകളെ സഹായിക്കുന്നതിനായി ഇസിജിഎൽഎസ് വായ്പാ പദ്ധതിയിൽ രണ്ടുലക്ഷം കോടി രൂപയുടെ വർധനവു വരുത്തുകയും ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിക്കുകയും ചെയ്തത് സ്വാഗതാർഹമായ നടപടിയാണ്. മൂലധന ചിലവുകൾക്കായി ആവശ്യത്തിന് പണംകണ്ടെത്താൻ കഴിയുമെന്ന് സാമ്പത്തിക സർവേ നേരത്തേ അവകാശപ്പെട്ടിരുന്നു. സർവേ പറഞ്ഞത് ധനമന്ത്രി പ്രാവർത്തികമാക്കി. ധനക്കമ്മി കുറയ്ക്കുന്ന കാര്യത്തിൽ മെല്ലെപ്പോക്കിനുള്ള ധൈര്യം ധനമന്ത്രി പ്രകടിപ്പിച്ചു. 2022 സാമ്പത്തിക വർഷത്തെ ധനകമ്മിയായ 6.9 ശതമാനം എന്നത് 2023 സാമ്പത്തിക വർഷം 6.4 ശതമാനമാക്കി മാത്രമേ കുറയ്ക്കേണ്ടതുള്ളു. ഈ നടപടിക്ക് വിലക്കയറ്റത്തിനുള്ള സാധ്യതയുണ്ട്. ബ്രെന്റ് ക്രൂഡോയിലിന്റെ വില ബാരലിന് 90 ഡോളറിന് അടുത്തു നിൽക്കുമ്പോൾ, ഇറക്കുമതി വിലക്കയറ്റ ത്തിനുള്ള സാധ്യതയുണ്ട്. നികുതി നിരക്കുകളിൽ ഇടപെടാൻ ധനമന്ത്രി തയാറായില്ല എന്നത് സ്വാഗതാർഹമാണ്. നേരിട്ടുള്ള പ്രത്യക്ഷ നികുതികളായ വ്യക്തിഗത ആദായ നികുതി, കോർപറേറ്റ് നികുതി, മൂലധന ലാഭത്തിന്മേലുള്ള നികുതി എന്നിവ മാറ്റമില്ലാതെ നിലനിർത്തിയിരിക്കുന്നു. എല്ലാ ആസ്തികളിലും ദീർഘകാല മൂലധന നേട്ടത്തിന് പരമാവധി 15 ശതമാനം സർചാർജ്ജ് എന്ന നിലയിൽ ഏകീകരിച്ചതാണ് ചെറിയ ഒരു മാറ്റം. സമൂഹത്തിന്റെ താഴേത്തട്ടിലുള്ള വിഭാഗങ്ങൾക്ക് സഹായമെത്തിക്കുന്നതിനായുള്ള പദ്ധതികൾക്കും വൻതോതിൽ പണം വകയിരുത്തിയിട്ടുണ്ട്. പാവപ്പെട്ടവരുടെ ഭവന പദ്ധതിയായ പിഎം ആവാസ് യോജനയ്ക്ക് 48000 കോടി രൂപയും 3. 8 കോടി ജനങ്ങൾക്കു പ്രയോജനം ലഭിക്കുന്ന കുടിവെള്ള പദ്ധതിയായ ജൽജീവൻ മിഷന് 60000 കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. ഓഹരി വിറ്റഴിക്കലിലൂടെ 1.75 ലക്ഷം കോടി രൂപ സ്വരൂപിക്കാമെന്നു ലക്ഷ്യമിട്ടിരുന്നുവെങ്കിലും 78000 കോടി രൂപ മാത്രമേ സംഭരിക്കാനായുള്ളു. സ്വകാര്യവൽക്കരണ നീക്കം മന്ദഗതിയിലാണ്. ആസ്തികൾ വിറ്റുള്ള വിഭവ സമാഹരണ പദ്ധതി (അസെറ്റ് മോണിട്ടൈസേഷൻ) യിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ആഗോള വിപണി വീണ്ടും ശക്തിയാർജ്ജിച്ചതിന്റെ പശ്ചാത്തലത്തിൽ ബജറ്റിനു മുമ്പ് ഓഹരി വിപണിയിൽ ചെറിയ കുതിപ്പു ദൃശ്യമായിരുന്നു. ഓഹരി വിപണിയുമായി ബന്ധപ്പെട്ട നികുതികളിൽ ഒന്നുംതന്നെ വർധനവുണ്ടാതകാതിരുന്നത് ഈ കുതിപ്പിന് ആക്കം കൂട്ടി. വിദേശ നിക്ഷേപകർ വിറ്റഴിക്കലിന് ചെറിയ ഇടവേള നൽകിയതും കുതിപ്പു നിലനിർത്താൻ സഹായിച്ചു. ബജറ്റ് ദിനത്തിൽ അവർ 22 കോടി രൂപയുടെ ഓഹരി വിറ്റഴിക്കൽ മാത്രമാണു നടത്തിയത്. സർക്കാരിന്റെ അറ്റ കടമെടുപ്പ് 32.3 ശതമാനം വർധിച്ച് 11.39 ട്രില്യൺ രൂപ ആയിത്തീർന്നത് പണ വിപണിയെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. 10 വർഷ ബോണ്ടിന്റെ യീൽഡ് 0.2 ശതമാനം ഉയരുകയും ചെയ്തു. സർക്കാരിന്റെ പലിശച്ചെലവിനെ ഇത് പ്രതികൂലമായി ബാധിക്കും. പലിശ ചിലവ് മൊത്തം ചിലവിന്റെ 23.8 ശതമാനം എന്നത് ഉൽക്കണ്ഠയുണർത്തുന്നു. ഡിജിറ്റൽ ഇടപാടുകളിൽനിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ഏർപ്പെടുത്താനുള്ള നിർദ്ദേശം ക്രിപ്റ്റോകളിലേക്കുള്ള പണത്തിന്റെ പ്രവാഹം കുറയ്ക്കുകയും മൂലധന വിപണിയിലേക്ക് കൂടുതൽ പണം ആകർഷിക്കപ്പെടാനിടയാക്കുകയും ചെയ്യും. കേന്ദ്ര ബാങ്കിന്റെ ഡിജിറ്റൽ കറൻസി കൊണ്ടുവരാനുള്ള നീക്കം സ്വാഗതാർഹമാണ്. എന്നാൽ ബാങ്കുകളിലെ നിക്ഷേപത്തെ ബാധിക്കാത്തവിധം ക്രമേണയായിരിക്കണം അതുചെയ്യേണ്ടത്. മുന്നോട്ടു പോകുമ്പോൾ വിപണിയിലെ വലിയ വ്യതിയാനം തുടരുക തന്നെ ചെയ്യും. യുഎസ് കേന്ദ്ര ബാങ്കിന്റെ പണ നയം സംബന്ധിച്ച അനിശ്ചിതത്വം, വിദേശ നിക്ഷേപകരിൽ നിന്ന് ഓഹരി വിപണിയിലേക്കുള്ള പണമൊഴുക്കിലെ വ്യതിയാനം, ഉയർന്നഓഹരി വില നിലവാരം, എണ്ണവില, സാമ്പത്തിക വളർച്ചയുമായി ബന്ധപ്പെട്ട പ്രവണതകളും കോർപറേറ്റ് ലാഭവുമെല്ലാം വ്യതിയാനത്തിനു കാരണമാവുന്നുണ്ട്.നിക്ഷേപകർ ജാഗ്രതയോടെയുള്ള ശുഭപ്രതീക്ഷ പുലർത്തണം. കൂടിയ വില നിലവാരമുള്ള ഇപ്പോഴത്തെ വിപണിയിൽ മതിയായ മുൻകരുതൽ എന്ന നിലയ്ക്ക് അൽപം ലാഭമെടുക്കുന്നതും ആ പണം സ്ഥിര നിക്ഷേപത്തിലേക്കു മാറ്റുന്നതും നല്ലതാണ്. ധനകാര്യ സ്ഥാപനങ്ങൾ, ഐടി, നിർമ്മാണവുമായി ബ്ന്ധപ്പെട്ട മേഖലകൾ, ഫാർമ, സ്പെഷ്യാലിറ്റി കെമിക്കൽ എന്നീ മേഖലകളിലെ ഉയർന്ന ഗുണനിലവാരമുള്ള ഓഹരികളിൽ നിക്ഷേപം തുടരുക. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റുമെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/3sp2OKe
via IFTTT