121

Powered By Blogger

Saturday, 12 June 2021

വാക്‌സിന് ജിഎസ്ടി ഇളവില്ല: ബ്ലാക്ക് ഫംഗസ്, കോവിഡ് ചികിത്സകൾക്കുള്ള മരുന്നിനെ ഒഴിവാക്കി

ന്യൂഡൽഹി: കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട മരുന്നുകൾ ഉൾപ്പടെയുള്ളവയുടെ നികുതി കുറയ്ക്കാൻ ജിഎസ്ടി കൗൺസിൽ യോഗത്തിൽ തീരുമാനമായി. അതേസമയം വാക്സിന്റെ ജിഎസ്ടിയിൽ മാറ്റംവരുത്തിയില്ല. വെന്റിലേറ്റർ, മെഡിക്കൽ ഗ്രേഡ് ഓക്സിജൻ, കോവിഡ് പരിശോധന കിറ്റ്, ഓക്സിജൻ കോൺസൻട്രേറ്റ്, ബൈപാപ്പ് മെഷീൻ എന്നിവയുടെ ജിഎസ്ടി 12ശതമാനത്തിൽനിന്ന് അഞ്ചുശതമാനമയി കുറച്ചു. ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്നായ ആംഫോടെർസിൻ ബി-യെയും കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ടോസിലിസുമാബ്-നെയും ജിഎസ്ടിയിൽനിന്ന് ഒഴിവാക്കുകയുംചെയ്തിട്ടുണ്ട്. ആംബുലൻസ് സേവനത്തിനുള്ള നിരക്ക് 28ശതമാനത്തിൽനിന്ന് 12ശതമാനമാക്കിയാണ് കുറച്ചത്.ഇലക്ട്രിക് ചൂളയുടെയും താപനില പരിശോധിക്കുന്നതിനുള്ള ഉപകരണങ്ങളുടെയും നിരക്ക് അഞ്ചുശതമാനമാക്കി കുറച്ചു. മരുന്ന്, ഓക്സിജൻ, ഓക്സിജൻ നിർമാണത്തിനുള്ള ഉപകരണം, പരിശോധന കിറ്റും മറ്റുള്ളവയും എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി തിരിച്ചാണ് ഇളവ് നൽകിയിട്ടുള്ളത്. ഉത്പാദിപ്പിക്കുന്ന 75ശതമാനം വാക്സിനും ജിഎസ്ടി നൽകി കേന്ദ്ര സർക്കാരായിരിക്കും വാങ്ങുക. പുതുക്കിയ നിരക്കുകൾ സെപ്റ്റംബർ 30വരെയാകും ബാധകമാകുക. ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് വഴിയാണ് 44-ാമത് ജിഎസ്ടി കൗൺസിൽ യോഗംചേർന്നത്. മെയ് 28ന് ചേർന്ന യോഗത്തിൽ കോവിഡുമായി ബന്ധപ്പെട്ട അത്യാവശ്യ വസ്തുക്കൾക്ക് നികുതിയിളവ് നൽകുന്നത് പരിഗണിക്കാൻ മന്ത്രമാരുടെ സമതിയെ നിയോഗിച്ചിരുന്നു. അവരുടെകൂടി നിർദേശം കണക്കിലെടുത്താണ് ഇളവ് അനുവദിച്ചത്.

from money rss https://bit.ly/3wuX5mQ
via IFTTT

Friday, 11 June 2021

ക്രിപ്‌റ്റോകറൻസികളുടെ ഭാവി തുലാസിൽ: നിക്ഷേപകർ എന്തുചെയ്യണം?

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ക്രിപ്റ്റോകറൻസിയുടെ സാധ്യതകളെക്കുറിച്ച് ചൂടേറിയ ചർച്ചകൾ നടക്കുകയാണ്. രാജ്യത്ത് ക്രിപ്റ്റോകറൻസിയുടെ ഭാവിയെന്തായിരിക്കുമെന്നൊന്നും ചെറുപ്പക്കാർ ചിന്തിക്കുന്നേയില്ല. ഒരുഭാഗത്ത് നിക്ഷേപ സാധ്യതകൾ വിലയിരുത്തുമ്പോൾ മറുഭാഗത്ത് ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണവുമായി കേന്ദ്ര ഏജൻസികൾ മുന്നോട്ടുപോകുകയാണ്.രാജ്യത്തെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ വാസിർ എക്സിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പ്രഖ്യാപിച്ചതാണ് പുതിയ സംഭവവികാസം. കള്ളപ്പണംവെളുപ്പിക്കൽ, ഫോറിൻ എക്സ്ചേഞ്ച് മാനേജുമെന്റ് നിയമം(ഫെമ), ഭീകരവാദംത്തിനുള്ള ധനസഹായംതടയൽ എന്നീ ചട്ടങ്ങൾ പാലിച്ചുകൊണ്ടുള്ള ഇടപാടുകൾക്ക് തടസ്സമില്ലെന്നാണ് ആർബിഐ ഈയിടെ ബാങ്കുകൾക്ക് നിർദേശം നൽകിയത്. ഈനിയമങ്ങൾ ലംഘിച്ചെന്നാരോപിച്ചാണ് വാസിർഎക്സിനെതിരെ ഇഡിയുടെ നീക്കമെന്നതുംശ്രദ്ധേയമാണ്. ആദ്യംനിയന്ത്രണം, പിന്നെ പിൻവലിക്കൽ ക്രിപ്റ്റോകറൻസി ഇടപാടുകൾ നടത്തുന്നവർക്ക് ബാങ്കിങ് സേവനം അനുവദിക്കേണ്ടെന്നായിരുന്നു 2018ൽ റിസർവ് ബാങ്ക് പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞിരുന്നത്. ഇത്തരം സ്വകാര്യകറൻസികൾ നിക്ഷേപകർക്കും സമ്പദ് വ്യവസ്ഥക്കും ഉണ്ടാക്കുന്ന അപകടസാധ്യതകളെക്കുറിച്ച് കേന്ദ്ര ബാങ്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകുകുയുംചെയ്തിരുന്നു. സർക്കുലർ റദ്ദാക്കിയത് എന്തുകൊണ്ട്? ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ നൽകിയ ഹർജിയിലാണ് ആർബിഐയുടെ 2018ലെ സർക്കുലർ സുപ്രീംകോടതി റദ്ദാക്കിയത്. ക്രിപ്റ്റോകറൻസികൾ വാങ്ങുന്നതിനോ വിൽക്കുന്നതിനോ നിയമപരമായി നിരോധനമില്ലെങ്കിൽ റിസർവ് ബാങ്കിന് നിയന്ത്രണംഏർപ്പെടുത്താൻ കഴിയില്ലെന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്. നിയമാനുസൃതമെന്ന് കരുതുന്ന ഏത് വ്യാപാരവും നടത്താനുള്ള പൗരന്മാരുടെ മൗലീകാവകാശത്തെ തടസ്സപ്പെടുത്തുന്നതാണ് ആർബിഐയുടെ സർക്കുലറെന്ന് കോടതി വിലയിരുത്തി. തുടർന്നായിരുന്നു റദ്ദാക്കൽ. ഇത് ക്രിപ്റ്റോ ഇടപാടിനുള്ള പച്ചക്കൊടിയാണോ? ക്രിപ്റ്റോകറൻസി ഇടപാടിന് നിയന്ത്രണമേർപ്പെടുത്താൻ നിയപരമായി അടിസ്ഥാനമില്ലെന്നകാരണത്താലാണ് റിസർവ് ബാങ്കിന്റെ ഉത്തരവ് സുപ്രീംകോടതി അസാധുവാക്കിയത്. ക്രിപ്റ്റോകറൻസികളുടെ ഇടപാട് നിരോധിച്ച് പാർലമെന്റിൽ നിയമം പാസാക്കിയാൽ ഭാവിയിൽ കോടതി ഈ നിലപാട് സ്വീകരിക്കില്ലെന്നതിന് വ്യക്തമായ സൂചനയാണ് നൽകിയതെന്നുകൂടി മനസിലാക്കണം. ക്രിപ്റ്റോകറൻസികൾ കൈകാര്യംചെയ്യുന്നതിന് ചില ബാങ്കുകൾ തടസ്സംനിൽക്കുന്ന സാഹചര്യമുണ്ടായപ്പോൾ 2018ലെ സർക്കുലർ ഉദ്ധരിച്ച് ആർബിഐ വ്യക്തതവരുത്തുകമാത്രമാണ് ഈയിടെ ചെയ്തതെന്ന് ഇതിൽനിന്ന് വ്യക്തമാണ്. സുപ്രീകോടതിയുടെ ഉത്തരവ് നിലനിൽക്കുന്ന പശ്ചാത്തലത്തിലാണിതുണ്ടായത്. ക്രിപ്റ്റോകറൻസികളുടെ ഭാവി ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ ഭരണകൂടങ്ങൾ ക്രിപ്റ്റോകറൻസികൾക്ക് എതിരാണ്. പണത്തിനുമേലുള്ള അധികാരം വിട്ടുകൊടുക്കാൻ ഒരുരാജ്യത്തെ സർക്കാരും തയ്യാറാവില്ലെന്നതാണ് വാസ്തവം. അതേസമയം, ലോകത്താദ്യമായി മധ്യഅമേരിക്കൻ രാജ്യമായ എൽസാൽവഡോർ ബിറ്റ്കോയിൻ വിനിമയത്തിന് നിയമസാധുത നൽകിയകാര്യവും ശ്രദ്ധേയമാണ്. രാജ്യത്ത് ക്രിപ്റ്റോകറൻസികളുടെ ഇടപാട് സംബന്ധിച്ച് സർക്കാരിന് വ്യക്തമായ ധാരണയുണ്ട്. ക്രിപ്റ്റോകറൻസി ഇടപാട് പൂർണമായും നിരോധിക്കുന്ന വ്യവസ്ഥകൾ അടങ്ങിയ ക്രിപ്റ്റോകറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ, 2021 അവതരിപ്പിക്കാനിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. അതുകൊണ്ടുതന്നെ രാജ്യത്തെ ക്രിപ്റ്റോ ഇടപാടുകളുടെ ഭാവി അനിശ്ചിതത്വത്തിലാണെന്നുപറയേണ്ടിവരും. നിക്ഷേപകരുടെ ഇടപാടുകളും സർക്കാർ ഏജൻസികളുടെ അന്വേഷണത്തിൽവന്നേക്കാം.നേട്ടത്തിന് കൃത്യമായ നികുതി അടിച്ചില്ലെങ്കിൽ നടപടിനേരിടേണ്ടിവരുമെന്നകാര്യത്തിൽ സംശയമില്ല. അനിശ്ചിതത്വംതീരുംവരെ ഇടപാടുകളിൽനിന്ന് മാറിനിൽക്കുന്നതാകും ഉചിതം.

from money rss https://bit.ly/3giINjy
via IFTTT

സ്വർണവില പവന് 280 രൂപ കുറഞ്ഞ് 36,600 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 280 രൂപകുറഞ്ഞ് 36,600 രൂപയായി. ഗ്രാമിന്റെ വില 35 രൂപ കുറഞ്ഞ് 4575 രൂപയുമായി. 36,880 രൂപയായിരുന്നുകഴിഞ്ഞ ദിവസം പവന്റെ വില. ജൂൺ മൂന്നിന് 36,960 രൂപയിലെത്തിയെങ്കിലും അടുത്തദിവസംതന്നെ 36,400 നിലവാരത്തിലേയ്ക്ക് വില താഴ്ന്നിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ വിലയിൽ ഏറ്റക്കുറിച്ചിലുകൾ പ്രകടമായിരുന്നു. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില 1,900 ഡോളർ നിലവാരത്തിൽ തുടരുകയാണ്. യുഎസിലെ വിലക്കയറ്റ ഭീഷണിയാണ് വിലയിലെ ചാഞ്ചാട്ടത്തിനുപിന്നിൽ. ഡോളർ ദുർബലമായതും ബോണ്ട് ആദായം കുറഞ്ഞതും വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്.

from money rss https://bit.ly/3gqr7BH
via IFTTT

പദ്ധതികളിൽ കാലതാമസം: ആശങ്കയിൽ നിർമാണ മേഖല

കൊച്ചി: കോവിഡ് രണ്ടാം തരംഗം രാജ്യത്തെ നിർമാണ മേഖലയിൽ കനത്ത വെല്ലുവിളിയാകുന്നു. നിലവിലെ സാഹചര്യത്തിൽ നിർമാണ പദ്ധതികളിൽ കാലതാമസം നേരിട്ടേക്കുമെന്ന ആശങ്കയിലാണ് ബിൽഡർമാർ. നിർമാണ മേഖല നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരുടെ ദേശീയ കൂട്ടായ്മയായ ക്രെഡായ് നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ച കണ്ടെത്തൽ. സർവേയുടെ ഭാഗമായ 95 ശതമാനം ബിൽഡർമാരും പദ്ധതികളിൽ കാലതാമസം നേരിട്ടേക്കുമെന്ന ആശങ്ക പ്രകടിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. സർക്കാരും റിസർവ് ബാങ്കും അടിയന്തര ദുരിതാശ്വാസ നടപടികൾ പ്രഖ്യാപിച്ചില്ലെങ്കിൽ പദ്ധതികളിലെ കാലതാമസം ഉറപ്പായിരിക്കുമെന്നാണ് ബിൽഡർമാർ പറയുന്നത്. തൊഴിലാളികളുടെ ക്ഷാമം, സാമ്പത്തിക പരിമിതികൾ, പദ്ധതി അംഗീകാരത്തിലെ കാലതാമസം, നിർമാണച്ചെലവിലെ വർധന, ഉപഭോക്തൃ ആവശ്യകതയിലെ കുറവ് തുടങ്ങിയവയാണ് ഡെവലപ്പർമാർ ഉയർത്തിക്കാട്ടുന്ന പ്രധാന വെല്ലുവിളികൾ. ആദ്യ തരംഗത്തെക്കാൾ, കോവിഡ് രണ്ടാം തരംഗം മേഖലയെ കൂടുതൽ ദുർബലപ്പെടുത്തുന്നതായാണ് സർവേ കണ്ടെത്തലുകളെന്ന് ക്രെഡായ് ദേശീയ പ്രസിഡന്റ് ഹർഷ് വർധൻ പട്ടോഡിയ പറഞ്ഞു. സർവേയിൽ 90 ശതമാനം ഡെവലപ്പർമാരും ഈ അഭിപ്രായം പങ്കുവെച്ചു. ഉപഭോക്താക്കൾ പ്രോപ്പർട്ടി വാങ്ങുന്നതിനുള്ള തീരുമാനം മാറ്റിവെക്കാൻ കോവിഡ് പ്രതിസന്ധി കാരണമായിട്ടുണ്ടെന്നും പേമെന്റുകൾ വൈകുന്നതായും സർവേ വ്യക്തമാക്കുന്നു. 2021 മേയ് 24-നും ജൂൺ മൂന്നിനും ഇടയിലാണ് ക്രെഡായ് സർവേ നടത്തിയത്. 217 നഗരങ്ങളിൽ നിന്നുള്ള 4,813 ഡെവലപ്പർമാർ സർവേയിൽ പങ്കെടുത്തു. വിലക്കയറ്റം രൂക്ഷം സ്റ്റീൽ, സിമന്റ്, കമ്പി ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികളുടെ വിലയിൽ കഴിഞ്ഞ ആറു മാസത്തിനിടെ ഏകദേശം 50 ശതമാനം വർധനയുണ്ടായിട്ടുണ്ടെന്ന് ക്രെഡായ് കേരള ചെയർമാൻ എം.എ. മെഹബൂബ് പറഞ്ഞു. ഭാവിയിൽ പ്രോപ്പർട്ടികളുടെ വിലയിൽ ഇത് പ്രതിഫലിച്ചേക്കുമെന്നും നിർമാണച്ചെലവ് അത്രമാത്രം കൂടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സമീപകാല വിലക്കയറ്റം നിർമാണച്ചെലവിൽ 10 ശതമാനത്തിലധികം വർധനയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് സർവേയിലെ കണ്ടെത്തൽ. പ്രധാന കണ്ടെത്തലുകൾ • സൈറ്റുകളിൽ തൊഴിലാളികളുടെ ക്ഷാമം അനുഭവിക്കുന്നതായി 92 ശതമാനം പേർ അഭിപ്രായപ്പെട്ടു. • 83 ശതമാനം ഡെവലപ്പർമാരും പകുതിയിൽ താഴെ തൊഴിലാളികളുമായാണ് പ്രവർത്തിക്കുന്നത്. • 82 ശതമാനം ഡെവലപ്പർമാർ പദ്ധതി അംഗീകാരത്തിനുള്ള കാലതാമസം നേരിടുന്നു. • 77 ശതമാനം ഡെവലപ്പർമാർ നിലവിലുള്ള വായ്പകളുടെ സേവനത്തിൽ പ്രശ്നങ്ങൾ നേരിടുന്നു • ഉപഭോക്തൃ അന്വേഷണങ്ങൾ 75 ശതമാനം കുറഞ്ഞു. നിർദേശങ്ങൾ • ഒറ്റത്തവണ ലോൺ പുനഃക്രമീകരിക്കൽ • പണലഭ്യത ഉറപ്പാക്കൽ • റെയിൽ പദ്ധതികളുടെ പൂർത്തീകരണത്തിന് ആറു മാസത്തെ സമയ ദൈർഘ്യം നൽകൽ • സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഇളവ് • വായ്പാ മൊറട്ടോറിയം • എസ്.എം.എ. ക്ലാസിഫിക്കേഷൻ ഒരു വർഷത്തേക്ക് നിർത്തിെവയ്ക്കൽ • നിർമാണ സാമഗ്രികളുടെ വില കുറയ്ക്കുന്നതിനുള്ള നടപടികൾ • പദ്ധതി അംഗീകാരത്തിനും നിർമാണ തുടക്കത്തിനും സിംഗിൾ വിൻഡോ ക്ലിയറൻസ് സംവിധാനം

from money rss https://bit.ly/3pSuyFt
via IFTTT

ഓഹരി വിപണി റെക്കോഡ് ഉയരത്തിൽ ക്ലോസ്‌ചെയ്തു: നേട്ടമുണ്ടാക്കിയത് ഐടി, മെറ്റൽ ഓഹരികൾ

മുംബൈ: എക്കാലത്തെയും റെക്കോഡ് തിരുത്തി സൂചികകൾ വീണ്ടുംകുതിച്ചു. ഐടി, മെറ്റൽ, ഫാർമ ഓഹരികളിലെ നേട്ടമാണ് വിപണിക്ക് തുണയായത്. സെൻസെക്സ് 174.29 പോയന്റ് നേട്ടത്തിൽ 52,474.76ലും നിഫ്റ്റി 61.60പോയന്റ് ഉയർന്ന് 15,799.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ലോക്ഡൗൺ പിൻവലിക്കാൻ തുടങ്ങിയതും കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തിൽ കുറവുണ്ടായതും മൺസൂൺ പ്രതീക്ഷയുമൊക്കെയാണ് വിപണിയിൽ പ്രതിഫലിച്ചത്. യുഎസ്, യൂറോ മേഖലകളിലെ ബോണ്ട് ആദായം താഴ്ന്നത് ആഗോള വിപണികളെ സ്വാധീനിച്ചു. 2008 ഓഗസ്റ്റിനുശേഷം ഇതാദ്യമായി യുഎസിലെ പണപ്പെരുപ്പ നിരക്ക് അഞ്ചുശതമാനത്തിലെത്തി. ഫെഡ് റിസർവ് പലിശ നിരക്ക് തൽക്കാലംവർധിപ്പിക്കില്ലെന്ന വിശ്വാസം ആഗോള വിപണികളെ ഉണർത്തി. ബ്രിട്ടണിലെ സാമ്പത്തികമേഖല ഉണർവ് പ്രകടിപ്പിച്ചതും വിപണി നേട്ടമാക്കി. ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, കോൾ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ആക്സിസ് ബാങ്ക്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ഇൻഡസിൻഡ് ബാങ്ക്, എൽആൻഡ്ടി, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.14ശതമാനം നേട്ടത്തിലും സ്മോൾ ക്യാപ് സൂചിക 0.4ശതമാനം ഉയർന്നുമാണ് ക്ലോസ്ചെയ്തത്. നിഫ്റ്റി മെറ്റൽ സൂചിക മൂന്നുശതമാനവും ഐടി, ഫാർമ സൂചികകൾ ഒരുശതമാനത്തിലേറെയും നേട്ടമുണ്ടാക്കി. റിയാൽറ്റി, പൊതുമേഖല ബാങ്ക് സുചികകൾ ഒരുശതമാനത്തോളം താഴുകയുംചെയ്തു. Sensex, Nifty end at record closing high as IT, metal stocks shine

from money rss https://bit.ly/35hAK05
via IFTTT

ക്രിപ്‌റ്റോകറൻസി ഇടപാടുകാർ കുടുങ്ങുമോ?: വാസിർഎക്‌സിനെതിരെ ഇഡിയുടെ അന്വേഷണം

ക്രിപ്റ്റോകറൻസി ഇടപാടിന് നേതൃത്വംനൽകുന്ന എക്സ്ചേഞ്ചായ വാസിർഎക്സിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കാരണംകാണിക്കൽ നോട്ടീസ് അയച്ചു. 2,790.74 കോടി രൂപയുടെ ഇടപാട് സംബന്ധിച്ചാണ് നോട്ടീസ്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാസിർഎക്സിന്റെ ഡയറക്ടർമാരായ നിഷാൽ ഷെട്ടി, സമീർ ഹനുമാൻ മത്രെ എന്നിവർക്ക് ഫോറിൻ എക്സ്ചേഞ്ച് മാനേജുമെന്റ് ആക്ട്(ഫെമ) പ്രകാരമാണ് നോട്ടീസ് അയച്ചിട്ടുള്ളത്. ചൈനീസ് ഓൺലൈൻ വാതുവെയ്പ്പിലൂടെയുള്ള കള്ളപ്പണംവെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണംനടത്തുന്നത്. ചൈനീസ് പൗരന്മാർ 57 കോടി രൂപ ക്രിപ്റ്റോകറൻസിയിലേയ്ക്ക് മാറ്റിയതുമായി ബന്ധപ്പെട്ടും അന്വേഷണംപുരോഗമിക്കുകയാണ്. 880 കോടി മൂല്യമുള്ള ക്രിപ്റ്റോകറൻസി വാസിർഎക്സ് ഉപഭോക്താക്കൾക്ക് ലഭിച്ചിട്ടുണ്ടെന്നും അതേസമയം, ക്രിപ്റ്റോ അക്കൗണ്ടുകളിലേയ്ക്ക് 1,400 കോടി രൂപ അന്വേഷണകാലയളവിൽ കൈമാറിയതായും ഇഡി പറയുന്നു. ഇടപടുമായി ബന്ധപ്പെട്ട രേഖകൾ എക്സ്ചേഞ്ചിന്റെ കൈവശമില്ലെന്നും കണ്ടെത്തി. കള്ളപ്പണംവെളുപ്പിക്കൽ, തീവ്രവാദധനസഹായത്തിനെതിരെയുള്ള(സിഎഫ്ടി)നയം, ഫെമ എന്നിവ എക്സ്ചേഞ്ച് ലംഘിച്ചതായും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്. രൂപയിൽനിന്ന് ക്രിപ്റ്റോകറൻസിയിലേയ്ക്കും മറിച്ചുമുള്ള ഇടപാടുകൾ, വ്യക്തിഗത ക്രിപ്റ്റോ ഇടപാടുകൾ, പൂൾ അക്കൗണ്ടിൽനിന്ന് മറ്റ് അക്കൗണ്ടുകളിലേയ്ക്കുള്ള കൈമാറ്റം എന്നിവയാണ് ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ നടത്തുന്നത്. വിദേശികൾക്ക് ഏത് രാജ്യത്തുവേണമെങ്കിലും വാലറ്റ് സൂക്ഷിക്കാൻകഴിയും. ഇടപാടുകൾ ഓഡിറ്റ്ചെയ്യുന്നതിനോ അതുസംബന്ധിച്ച അന്വേഷണംനടത്തുന്നതിനോ ബ്ലോക്ക്ചെയിൻ ഇടപാടുകളിൽ സാധ്യമല്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിരീക്ഷണം. രേഖകളില്ലാതെ ക്രിപ്റ്റോകറൻസികളും അവയുടെമൂല്യത്തിന് തുല്യമായ തുകയും രാജ്യമേതെന്നുപോലും പരിഗണിക്കാതെ ഏതൊരുവ്യക്തിക്കും കൈമാറാൻ കഴിയും. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഇത്തരം ഇടപാടുകളിലൂടെ എക്സ്ചേഞ്ചുകൾ സുരക്ഷിത താവളമൊരുക്കുകയാണെന്നും ഇഡി ഉദ്യോഗസ്ഥർ പറയുന്നു.

from money rss https://bit.ly/2SuQUAu
via IFTTT

Thursday, 10 June 2021

എടിഎമ്മിൽനിന്ന് പണംപിൻവലിക്കാൻ കൂടുതൽതുക: വിശദാംശങ്ങൾ അറിയാം

എടിഎം പരിപാലന ചെലവ് ഉയർന്നതോടെ ഉപഭോക്താക്കളിൽനിന്ന് കൂടുതൽ തുക ഈടാക്കാൻ റിസർവ് ബാങ്ക് അനുമതി നൽകി. പണംപിൻവലിക്കുന്നതിനുള്ള നിരക്ക് 15 രൂപയിൽനിന്ന് 17 രൂപയായും സാമ്പത്തികേതര ഇടപാടുകൾക്ക് അഞ്ച് രൂപയിൽനിന്ന് ആറുരൂപയായും വർധിക്കും. ഓഗസ്റ്റ് ഒന്നുമുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക. സൗജന്യപരിധിക്കപ്പുറമുള്ള എ.ടി.എം. ഉപയോഗത്തിന് ഈടാക്കുന്ന ഫീസിലാണ് വർധന. അതതു ബാങ്കുകളുടെ എ.ടി.എമ്മിൽ മാസം അഞ്ച് ഇടപാടുകൾ സൗജന്യമായി തുടരും. ഇന്റർ ബാങ്ക് ഇടപാട് ചാർജ് 20 രൂപയിൽനിന്ന് 21 രൂപയുമായി വർധിപ്പിച്ചിട്ടുണ്ട്. 2022 ജനുവരി ഒന്നുമുതലാണ് ഇതിന് പ്രാബല്യം. എടിഎം നിരക്കുകൾ പരിഷ്കരിക്കാൻ 2019ൽ ആർബിഐ ഒരു സമിതിയെ നിയോഗിച്ചിരുന്നു. സാമ്പത്തിക ഇടപാടിന് 18 രൂപയും സാമ്പത്തികേതര ഇടപാടിന് ആറു രൂപയും ഈടാക്കാമെന്നായിരുന്നു സമതിയുടെ ശുപാർശ.

from money rss https://bit.ly/3gdb8bh
via IFTTT

വിപണി റെക്കോഡ് തിരുത്തിയതോടെ നിക്ഷേപകരുടെ ആസ്തി 231.52 ലക്ഷംകോടിയായി

ഓഹരി സൂചികകൾ എക്കാലത്തെയും പുതിയ ഉയരംകുറിച്ചതോടെ ബിഎസ്ഇയിൽ ലിസ്റ്റ്ചെയ്ത കമ്പനികളുടെ മൊത്തംമൂല്യം 231.52 ലക്ഷംകോടിയായി ഉയർന്നു. രാവിലത്തെ വ്യാപാരത്തിൽമാത്രം നിക്ഷേപകരുടെ ആസ്തിയിൽ 1.29 ലക്ഷംകോടി രൂപയുടെ വർധനവാണുണ്ടായത്. സെൻസെക്സ് 278 പോയന്റ് നേട്ടത്തിൽ 52,578ലും നിഫ്റ്റി 98 പോയന്റ് ഉയർന്ന് 15,835ലുമെത്തിയപ്പോഴാണ് ഈനേട്ടം നിക്ഷേപകർക്ക് സ്വന്തമാക്കാനായത്. ധനമന്ത്രി നിർമല സീതാരാമന്റെ മൂന്നാമത് ബജറ്റ അവതരണത്തിനുശേഷമുണ്ടായ മുന്നേറ്റത്തിൽ ഫെബ്രുവരി 16ന് 52,516 എന്ന നിലവാരത്തിലെത്തിയതാണ് ഇതിനുമുമ്പുള്ള റെക്കോഡ്. നിഫ്റ്റിയാകട്ടെ അന്ന് 15,431ലുമെത്തി. സെൻസെക്സിൽ ഈവർഷംമാത്രമുണ്ടായ നേട്ടം 10.09ശതമാനമാണ്. സൂചിക 4,816 പോയന്റ് ഉയർന്നു. ഒരുവർഷത്തെ നേട്ടമാകട്ടെ 56.75ശതമാനവുമാണ്. 2020 മാർച്ച് 23ൽ 26,597 നിലവാരത്തിലാണ് സെൻസെക്സ് ക്ലോസ്ചെയ്തത്. നിഫ്റ്റിയാകട്ടെ 7,610ലുമായിരുന്നു. അതായത് ഒരുവർഷത്തിനിടെ സെൻസെക്സ് 26,597 പോയന്റും നിഫ്റ്റി 8,225 പോയന്റും നേട്ടമുണ്ടാക്കി. കോവിഡ് വ്യാപനത്തെതുടർന്നാണ് മാർച്ച് 23ന് സെൻസെക്സും നിഫ്റ്റിയും തകർച്ചനേരിട്ടത്.

from money rss https://bit.ly/35bmfv4
via IFTTT

ബാങ്കിംഗ്, പി.എസ്.യു ഫണ്ട് ആർക്കാണ് അനുയോജ്യം?

ബാങ്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ(പിഎസ്യു), പൊതു ധനകാര്യ സ്ഥാപനങ്ങൾ(പിഎഫ്ഐ)എന്നിവയുടെ ബോണ്ടുകളിൽ നിക്ഷേപിക്കുന്ന ഡെറ്റ് മ്യൂച്വൽ ഫണ്ട് സ്കീമുകളാണ് ബാങ്കിംഗ്, പിഎസ്യു ഫണ്ടുകൾ. സെബിയുടെ മ്യൂച്വൽ ഫണ്ട് ക്ലാസിഫിക്കേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ബാങ്കിംഗ്, പൊതുമേഖലാ ഫണ്ടുകൾ അവരുടെ ആസ്തിയുടെ 80% എങ്കിലും ഇത്തരം സ്ഥാപനങ്ങൾ നൽകുന്ന ഡെറ്റ് ഉപകരണങ്ങളിൽ നിക്ഷേപിക്കണം. പ്രവർത്തനംഎങ്ങനെ? ബാങ്കിംഗ്, പൊതുമേഖലാ ഫണ്ടുകൾ അവരുടെ ആസ്തിയുടെ 80% എങ്കിലും ബാങ്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ (പി എസ് യു), പൊതു ധനകാര്യ സ്ഥാപനങ്ങൾ (പിഎഫ്ഐ) എന്നിവ നൽകുന്ന കട ഉപകരണങ്ങളിൽ നിക്ഷേപിക്കണം. ലാഭത്തിന്റെ തോതനുസരിച്ച് ആകർഷകമായ ദൈർഘ്യങ്ങളിൽ നിക്ഷേപിക്കാനുള്ള സൗകര്യം ഫണ്ട് മാനേജർമാർക്ക് ഉണ്ട്. ക്രെഡിറ്റ് റിസ്ക്. ബാങ്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, പിഎഫ്ഐ എന്നിവ നൽകുന്ന കടവും മണി മാർക്കറ്റ് ഉപകരണങ്ങളും സാധാരണയായി ഉയർന്ന റേറ്റിങ് ഉള്ളവയാണ്. പൊതുമേഖലാ സ്ഥാപനങ്ങളും ചില പിഎഫ്ഐകളും സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണ്. ഈ കടവും മണി മാർക്കറ്റ് സെക്യൂരിറ്റികളും അർദ്ധപരമാധികാര പദവി കൂടിയുള്ളവയാണ്. നികുതി ബാധ്യത നിക്ഷേപ കാലാവധി മൂന്നു വർഷത്തിൽ കുറവാണെങ്കിൽ മൂലധന നേട്ടം വരുമാനത്തിലേക്ക് ചേർക്കുകയും ബാധകമായ സ്ലാബ് അനുസരിച്ച് നികുതി ഏർപ്പെടുത്തുകയും ചെയ്യും. ഇൻഡക്സേഷൻ അനുവദിച്ചതിനുശേഷം ദീർഘകാല മൂലധന നേട്ടങ്ങൾക്ക് (3 വർഷമോ അതിൽ കൂടുതലോ നിക്ഷേപം കൈവശമുള്ള കാലയളവ്) 20% നികുതി ചുമത്തും. ബാങ്കിംഗ്, പൊതുമേഖലാ സ്ഥാപനങ്ങൾ നൽകുന്ന ഡിവിഡന്റുകൾ (ഇൻകം ഡിസ്ട്രിബൂഷൻ കം വിത്ഡ്രോവൽ എന്നറിയപ്പെടുന്നു) നിങ്ങളുടെ വരുമാനത്തിലേക്ക് ചേർക്കുകയും നിങ്ങളുടെ ആദായനികുതി നിരക്ക് അനുസരിച്ച് നികുതി ഏർപ്പെടുത്തുകയും ചെയ്യും. യുഎസ് ഫെഡറൽ റിസർവ് ഇപ്പോഴും പലിശനിരക്ക് പൂജ്യത്തിനടുത്ത് നിലനിർത്തുകയും ബോണ്ട് വാങ്ങൽ പരിപാടി തുടരുകയും ചെയ്യുന്നതിനാൽ ബോണ്ടിലെ ആദായം ഇപ്പോഴുംകുറഞ്ഞതന്നെയാണ്. അമേരിക്കൻ സമ്പദ്വ്യവസ്ഥ വീണ്ടെടുക്കലിന്റെ കൂടുതൽ സൂചനകൾ കാണിക്കുന്നതിനാൽ ഫെഡ് അതിന്റെ ധനനയത്തിൽ മാറ്റംവരുത്തുമെന്ന സൂചനകളുണ്ട്. യുഎസ് സാമ്പത്തിക ഡാറ്റ മെച്ചപ്പെടുമ്പോൾ, കേന്ദ്ര ബാങ്കിന്റെ ശ്രദ്ധ വളർച്ചയിൽനിന്ന് പണപ്പെരുപ്പത്തിലേക്ക് മാറും. തൽഫലമായി യുഎസ് പലിശ നിരക്കും ട്രഷറി ബോണ്ട് വരുമാനവും ചെറിയ കാലയളവിലേക്ക് ഉയരാൻ സാധ്യതയുണ്ട്. ഇത് ഇന്ത്യൻ ഗവൺമെന്റ് സെക്യൂരിറ്റീസ് (ജി-സെക്) വരുമാനത്തിൽ സ്വാധീനം ചെലുത്തും. 10 വർഷത്തെ ജി-സെക് യീൽഡ് അതിന്റെ 10 വർഷത്തെ ഏറ്റവും താഴ്ന്ന ഇപ്പോഴത്തെ നിലയിൽനിന്നും ഒരു ഘട്ടത്തിൽ ഉയരാൻ തുടങ്ങിയേക്കാം. യീൽഡ് കൂടുന്നതിനനുസരിച്ച് ബോണ്ട് വില കുറയുന്നു. ഹ്രസ്വകാല ബോണ്ടുകളേക്കാൾ ദീർഘകാല ബോണ്ടുകൾ പലിശ നിരക്ക് മാറ്റങ്ങളോട് കൂടുതൽ സെൻസിറ്റീവ് ആണ്. ബാങ്കിംഗിനും പൊതുമേഖലാ ഫണ്ടുകൾക്കും പലകാലയളവിൽ നിക്ഷേപം നടത്താനുള്ള സൗകര്യമുണ്ട്. ഫണ്ടുകൾ അവരുടെ പലിശ നിരക്ക് കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കുന്നു. ഈ സ്കീമുകൾ നിക്ഷേപിക്കുന്നസെക്യൂരിറ്റികൾക്ക് ഉയർന്ന ക്രെഡിറ്റ് റേറ്റിംഗ് ഉള്ളതുകൊണ്ട് ബാങ്കിംഗ്, പിഎസ്യു ഫണ്ടുകൾ താരതമ്യേന സുരക്ഷിതമാണ്. ആർക്കാണ് അനുയോജ്യം കുറഞ്ഞ റിസ്ക് എടുക്കാൻ താല്പര്യമുള്ള നിക്ഷേപകർ 3 വർഷമെങ്കിലും നിക്ഷേപിക്കാൻ താല്പര്യമുള്ളവർ. (മിറേ അസറ്റ് ഇൻവെസ്റ്റ്മെൻറ് മാനേജേഴ്സിന്റെ പ്രൊഡക്റ്റ്, മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഹെഡാണ് ലേഖകൻ)

from money rss https://bit.ly/35edwrG
via IFTTT

സ്വർണവില 240 രൂപകൂടി 36,880 രൂപയായി

സംസ്ഥാനത്ത് സ്വർണവില കൂടുന്നു. പവന്റെ വില 240 രൂപകൂടി 36,880യായി. ഗ്രാമിന് 30 രൂപകൂടി 4610 രൂപയുമായി. 36640 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 0.15ശതമാനം ഉയർന്ന് 49,275 രൂപ നിലവാരത്തിലെത്തി. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് ഔൺസിന് 1,900 ഡോളർ നിലവാരത്തിൽ തുടരുകയാണ്. യുഎസിലെ വിലക്കയറ്റ ഭീഷണിയാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. ഡോളർ ദുലർബലമായതും യുഎസിലെ ബോണ്ട് ആദായംകുറഞ്ഞതും സ്വർണം നേട്ടമാക്കി.

from money rss https://bit.ly/3xf6zTi
via IFTTT

പുതിയ ഉയരംകുറിച്ച് സൂചികകൾ: നിഫ്റ്റി 15,800ന് മുകളിൽ

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ പുതിയ ഉയരംകുറിച്ച് സൂചികകൾ, നിഫ്റ്റി 15,800ന് മുകളിലെത്തി. സെൻസെക്സ് 228 പോയന്റ് നേട്ടത്തിൽ 52,528ലും നിഫ്റ്റി 73 പോയന്റ് ഉയർന്ന് 15,811ലുമാണ് വ്യാപാരം ആരംഭിച്ചത്. മികച്ച മൺസൂൺ പ്രതീക്ഷയും കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തിലുണ്ടായ ഇടിവും വാക്സിനേഷനുമൊക്കെയാണ് വിപണിയെ സ്വാധീനിച്ചത്. പവർഗ്രിഡ് കോർപറേഷൻ, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, എസ്ബിഐ, റിലയൻസ്, എച്ച്ഡിഎഫ്സി, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, ബജാജ് ഫിനാൻസ്, ഇൻഫോസിസ്, മാരുതി സുസുകി, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നിഫ്റ്റി സെക്ടറൽ സൂചികകളെല്ലാം നേട്ടത്തിലാണ്. മെറ്റൽ സൂചിക 1.5ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.6 ശതമാനവും 0.8ശതമാനവും നേട്ടത്തിലാണ്. ബിഇഎംഎൽ, ബിഎച്ച്ഇഎൽ, സിജി പവർ, കൊച്ചിൻ ഷിപ്പിയാഡ്, ഡിഎൽഎഫ്, സൺ ടിവി തുടങ്ങി 57 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3gpJ3we
via IFTTT

താങ്ങുവില: കർഷകർക്ക്‌ ഗുണം ലഭിക്കില്ല

തൃശ്ശൂർ: കേന്ദ്രസർക്കാർ നെല്ലിനും പയറു വർഗങ്ങൾക്കും പ്രഖ്യാപിച്ച താങ്ങുവില കർഷകർക്ക് ഉപകാരപ്പെടില്ലെന്ന് ഉറപ്പായി. തുച്ഛമായ വർധന മാത്രമാണെന്നതാണ് കാരണം. പയറുവർഗങ്ങൾക്ക് ഇപ്പോഴുള്ളതിനെക്കാൾ ശരാശരി ഒരു രൂപ മാത്രമാണ് കൂട്ടിയിരിക്കുന്നത്. നെല്ലിന് 72 പൈസയും. പയറുവർഗങ്ങൾക്ക് കിലോയ്ക്ക് 100-നു മേൽ വിലയുള്ള പശ്ചാത്തലത്തിൽ താങ്ങുവില ഗണ്യമായി ഉയർത്തി സംഭരണം നടത്തുമെന്ന പ്രതീക്ഷ വീണ്ടും അസ്ഥാനത്തായി. താങ്ങുവില കണക്കാക്കുന്ന രീതി മാറ്റണമെന്ന് 2011-ൽ ഡോ.എം.എസ്. സ്വാമിനാഥൻ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് ഇതുവരെയും പരിഗണിച്ചിട്ടില്ല. ഇതിന്റെ ദോഷം അനുഭവിക്കേണ്ടിവരുന്നത് കർഷകരും ഗുണം അനുഭവിക്കുന്നത് വൻകിട കോർപ്പറേറ്റുകളുമാണ്. മൊത്തം ഉത്പാദനച്ചെലവും കുടുംബാംഗങ്ങൾ തൊഴിൽ ചെയ്യുന്നതിന്റെ കൂലിയും ചേർത്തുള്ള കണക്കുകൂട്ടലാണ് രാജ്യത്ത് നിലവിൽ താങ്ങുവില തീരുമാനിക്കാൻ ഉപയോഗിക്കുന്നത്. എന്നാൽ, സ്വാമിനാഥൻ കമ്മിഷന്റെ നിർദേശപ്രകാരം മൊത്തം ഉത്പാദനച്ചെലവിനൊപ്പം ഭൂമി പാട്ടത്തിനെടുത്ത തുകയും ചേർത്തുകിട്ടുന്ന തുകയാണ് അടിസ്ഥാനമാക്കേണ്ടത്. ആ തുകയുടെ 50 ശതമാനവുംകൂടി ചേർത്തതാവണം താങ്ങുവില. എന്നാൽ, സ്വാമിനാഥൻ കമ്മിഷന്റെ മിക്ക ശുപാർശകളും കേന്ദ്രസർക്കാർ അംഗീകരിച്ചെങ്കിലും താങ്ങുവില കണക്കാക്കുന്ന രീതി മാറ്റാൻ മുമ്പുള്ള യു.പി.എ. സർക്കാരും പിന്നീട് വന്ന എൻ.ഡി.എ. സർക്കാരും തയ്യാറായില്ല. 2014-ൽ എൻ.ഡി.എ.യുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഇത് ഉൾപ്പെടുത്തിയിരുന്നെങ്കിലും നടപടി മാത്രം ഉണ്ടായില്ല. 2017-ൽ ബജറ്റ് അവതരിപ്പിച്ചപ്പോൾ അരുൺ ജെയ്റ്റ്ലി, 2022 -ഓടെ രാജ്യത്തെ കർഷകന്റെ വരുമാനം ഇരട്ടിയാക്കുമെന്നു പറഞ്ഞതിന് പിന്നിലും താങ്ങുവില നിശ്ചയിക്കുന്നതിൽ സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട്് അടിസ്ഥാനമാക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു. കഴിഞ്ഞ കൊല്ലം നെല്ലിന് 18.68 രൂപയായിരുന്നു താങ്ങുവില. അത് ഇപ്പോൾ 19.40 രൂപയാക്കുക മാത്രമാണ് ചെയ്തത്. കേന്ദ്രം പ്രഖ്യാപിച്ചിരുന്ന 18.68 രൂപക്കൊപ്പം കേരളം 8.8 രൂപ കൂടി ചേർത്ത് 27.48 രൂപയ്ക്കാണ് ഇവിടെ നെല്ല് സംഭരിച്ചുവരുന്നത്. നെല്ലിന്റെ താങ്ങുവില 33 രൂപ ആക്കണമെന്ന്് കേരളം ആവശ്യപ്പെട്ടിരുന്നതാണ്. പയറുവർഗങ്ങൾക്ക് രാജ്യത്ത് 100 രൂപയ്ക്ക് മുകളിലാണ് ഇപ്പോഴത്തെ വില. എന്നാൽ, കർഷകർക്ക് കിട്ടുന്നത് 80 രൂപയിൽ താഴെയാണ്. നിലവിൽ ചെറുപയറിന് 71.96 രൂപയാണ് താങ്ങുവില. ഇതിനെക്കാൾ രണ്ടോ മൂന്നോ രൂപയ്ക്ക്് കർഷകരിൽനിന്ന് പയർ വാങ്ങി 100 രൂപയ്ക്കു മുകളിൽ വിൽക്കുന്ന രീതിയാണ് ഇപ്പോഴത്തെ സ്ഥിതി. വിപണിവില കൂടിനിൽക്കുന്നു എന്ന കാരണം പറഞ്ഞ്് സംഭരണത്തിൽ സർക്കാർ ഇടപെടുന്നുമില്ല.

from money rss https://bit.ly/3v80A1e
via IFTTT

സെൻസെക്‌സ് 359 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 15,700ന് മുകളിലെത്തി

മുംബൈ: രണ്ടുദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി സൂചികകൾ കരുത്തോടെ തിരിച്ചെത്തി. പൊതുമേഖല ബാങ്ക്, മെറ്റൽ, റിയാൽറ്റി സൂചികകളാണ് നേട്ടത്തിന് പിന്നിൽ. നിഫ്റ്റി 15,700ന് മുകളിലെത്തി. സെൻസെക്സ് 358.83 പോയന്റ് ഉയർന്ന് 52,300.47ലും നിഫ്റ്റി 102.40 പോയന്റ് നേട്ടത്തിൽ 15,737.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാറ്റ ഇന്ത്യയാണ് ഏറ്റവുംനേട്ടമുണ്ടാക്കിയത്. ഓഹരി വില ആറ് ശതമാനം ഉയർന്ന് 1,657.50രൂപയിലെത്തി. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, എസ്ബിഐ, ഡിവീസ് ലാബ്, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. ഐടിസി, ബജാജ് ഓട്ടോ, അദാനി പോർട്സ്, യുപിഎൽ, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. മെറ്റൽ, ഫാർമ, പൊതുമേഖല ബാങ്ക്, റിയാൽറ്റി സൂചികകൾ 1-3ശതമാനംനേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതം ഉയർന്നു. രൂപയുടെ മൂല്യത്തിൽ ഒമ്പതുപൈസയുടെ നഷ്ടമുണ്ടായി. ഡോളറിനെതിരെ മൂല്യം 73.06 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്. Nifty ends above 15,700, Sensex rises 366 pts led by realty, PSU bank stocks

from money rss https://bit.ly/3wgvnu8
via IFTTT

ബിഗ് ബാസ്‌ക്കറ്റിനുപിന്നാലെ വൺ എംജിയെയും ടാറ്റ ഏറ്റെടുക്കുന്നു

ഓൺലൈൻ മരുന്ന് വിതരണക്കമ്പനിയായ വൺ എംജിയെടാറ്റ ഡിജിറ്റൽ ഏറ്റെടുക്കുന്നു. ഓൺലൈൻ ഗ്രോസറി ഷോപ്പായ ബിഗ് ബാസ്ക്കറ്റിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയശേഷമാണ് പുതിയ ഏറ്റെടുക്കൽ. ഓൺലൈൻ ഷോപ്പിങ് മേഖലയിൽ സൂപ്പർ ആപ്പ് നിർമിക്കാൻ ലക്ഷ്യമിട്ടാണ് ടാറ്റ ഡിജിറ്റലിന്റെ ഏറ്റെടുക്കലുകൾ. വൺ എംജിയെ ഏറ്റെടെക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടാറ്റ ഡിജിറ്റൽ പുറത്തുവിട്ടിട്ടില്ല. മരുന്നുകളുടെയും ആരോഗ്യ ഉത്പന്നങ്ങളുടെയും ഓൺലൈൻ വിതരണമേഖലയിൽ മുൻനിര കമ്പനികളിലൊന്നാണ് വൺഎംജി. ടെലി കൺസൾട്ടേഷൻ, വിവിധ ആരോഗ്യ പരിശോധനകൾ ഉൾപ്പടെയുള്ളവയ്ക്ക് കമ്പനി നേതൃത്വംനൽകുന്നുണ്ട്.

from money rss https://bit.ly/3gqxBAf
via IFTTT

അനിൽ അംബാനിക്ക് ആശ്വാസം: തട്ടിപ്പ് ലേബൽ എസ്ബിഐ നീക്കുന്നു

ന്യൂഡൽഹി: റിലയൻസ് കമ്യൂണിക്കേഷൻ(ആർകോം), റിലയൻസ് ഇൻഫ്രടെൽ എന്നിവയ്ക്ക് ചാർത്തിയ തട്ടിപ്പ് ലേബൽ എസ്ബിഐ നീക്കംചെയ്യുന്നു. ഇതിനായി നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൽ ബാങ്ക് സത്യവാങ്മൂലം നൽകി. റിലയൻസ് ഇൻഫ്രാടെലിന്റെ ആസ്തികൾ റിലയൻസ് ജിയോ വാങ്ങാനിരിക്കെയാണ് എസ്ബിഐയുടെ നീക്കം. അതേസമയം ഇതേക്കുറിച്ച് പ്രതികരിക്കാൻ എസ്ബിഐ തയ്യാറായിട്ടില്ല. കമ്പനിയെ തട്ടിപ്പ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ അത് നീക്കാതെ ഇൻഫ്രാടെലിന്റെ ആസ്തികൾ വാങ്ങാൻ ജിയോ തയ്യാറാകാത്ത സാഹചര്യത്തിലാണിത്. ഏകദേശം 4000 കോടി രൂപയ്ക്കാണ് ജിയോ ആസ്തികൾ വാങ്ങുന്നത്. തട്ടിപ്പ് കമ്പനി വിഭാഗത്തിൽ ഉൾപ്പെടുത്തിയതിനാൽ വായ്പ തിരിച്ചുലഭിക്കാനുള്ള സാധ്യതകുറയുമെന്നുകണ്ടാണ് എസ്ബിഐ സത്യവാങ്മൂലം നൽകാൻ തയ്യാറായതെന്നാണ് റിപ്പോർട്ടുകൾ. ആർകോമിന്റെയും മറ്റും അക്കൗണ്ടുകൾ തട്ടിപ്പ് വിഭാഗത്തിൽപ്പെടുത്തിയതിന്റെ കാരണങ്ങളറിയാൻ ഓഡിറ്റ് റിപ്പോർട്ട് കാണണമെന്നാവശ്യപ്പെട്ട്ജിയോ പാപ്പരത്ത കോടതിയെ സമീപിച്ചിരുന്നു. എസ്ബിഐ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നീ ബാങ്കുകൾക്കുവേണ്ടിയാണ് ഫോറൻസിക് ഓഡിറ്റ്റിപ്പോർട്ട് തയ്യാറാക്കിയത്. 5,500 കോടിയുടെ അനധികൃത ഇടപാടുകളാണ് ഓഡിറ്റ് റിപ്പോർട്ട് പുറത്തുകൊണ്ടുവന്നത്. ഇതേതുടർന്നാണ് തട്ടിപ്പ് വിഭാഗത്തിൽ കമ്പനികളെ ഉൾപ്പെടുത്തിയത്.

from money rss https://bit.ly/3vbx76H
via IFTTT

Wednesday, 9 June 2021

സ്വർണവിലയിൽ ചാഞ്ചാട്ടം: പവന് 80 രൂപകുറഞ്ഞ് 36,640 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 80 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4580 രൂപയുമായി. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെവില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം താഴ്ന്ന് 1,885.51 ഡോളറിലെത്തി. യുഎസിലെ പണപ്പെരുപ്പ ഉയരാൻ സാധ്യതയുള്ളതിനാൽ നിക്ഷേപകർ കരുതലെടുത്തതാണ് സ്വർണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വിലയിലും സമാനമായ ഇടിവുണ്ടായി. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 49,020 രൂപ നിലവാരത്തിലാണ്. വെള്ളിയുടെ വില കിലോഗ്രാമിന് 0.50ശതമാനം ഇടിഞ്ഞ് 71,507 രൂപയായി.

from money rss https://bit.ly/3g9skhD
via IFTTT

ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം: ബാങ്ക്, മെറ്റൽ ഓഹരികളിൽ കുതിപ്പ്

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം വിപണിയിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,700 നിലവാരത്തിലേയ്ക്ക് തിരിച്ചെത്തി. മറ്റ് ഏഷ്യൻ വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 160 പോയന്റ് നേട്ടത്തിൽ 52,102ലും നിഫ്റ്റി 50 പോയന്റ് ഉയർന്ന് 15,686ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1559 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 266 ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി മെറ്റൽ ഉൾപ്പടെയുള്ള സൂചികകൾ നേട്ടത്തിലാണ്. എഫ്എംസിജി സൂചിക നഷ്ടത്തിലുമാണ്. ടെക് മഹീന്ദ്ര, പവർഗ്രിഡ്, റിലയൻസ്, ഇൻഡസിൻഡ് ബാങ്ക്, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, ടിസിഎസ്, സൺ ഫാർമ, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കൊട്ടക് ബാങ്ക്, ബജാജ് ഫിൻസർവ്, നെസ് ലെ, ആക്സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. സെഞ്ചുറി പ്ലൈബോർഡ്സ്, മാഗ്സൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ്, എൻഎച്ച്പിസി, സെയിൽ ഉൾപ്പടെ 64 കമ്പനികളാണ് വ്യാഴാഴ്ച പാദഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/2Te9JIj
via IFTTT

ആദായനികുതി അടയ്ക്കാതെ യു.എസ്. ശതകോടീശ്വരന്മാർ

വാഷിങ്ടൺ: യു.എസ്. ശതകോടീശ്വരന്മാരിൽ പലരും ആദായനികുതി അടയ്ക്കുന്നില്ല. ജെഫ് ബെസോസ്, ഇലോൺ മസ്ക്, വാറൻ ബഫെറ്റ് തുടങ്ങി വമ്പന്മാരുടെ പേരുകളാണ് വാർത്താ വെബ്സൈറ്റ് പ്രോപബ്ലിക്ക പുറത്തുവിട്ടത്. 2007-ലും 2011-ലും ആമസോൺ സി.ഇ.ഒ. ജെഫ് ബെസോസും 2018-ൽ ടെസ്ല മോട്ടോഴ്സ് സി.ഇ.ഒ. ഇലോൺ മസ്കും നികുതിയിനത്തിൽ സർക്കാരിന് ഒന്നും നൽകിയിട്ടില്ല. ശതകോടീശ്വരന്മാരുടെ നികുതികളെക്കുറിച്ചുള്ള ഇന്റേണൽ റവന്യൂ സർവീസ് ഡേറ്റ വിശകലനം ചെയ്യുകയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും വെബ്സൈറ്റ് പറയുന്നു. അമേരിക്കയിൽ സമ്പന്നർ അടച്ച നികുതി തുകയെക്കുറിച്ചും വർധിച്ചുവരുന്ന നികുതി അസമത്വത്തെക്കുറിച്ചും വാർത്താ ചാനലായ ബി.ബി.സി. നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് പ്രോപബ്ലിക്കയുടെ വെളിപ്പെടുത്തൽ. എന്നാൽ, റിപ്പോർട്ടുകൾ സ്ഥിരീകിക്കാൻ ബി.ബി.സി.ക്ക് ആയിട്ടില്ല. അമേരിക്കയിലെ 25 സമ്പന്നർ രാജ്യത്തെ മുഖ്യധാരാ ഉദ്യോഗസ്ഥരെക്കാളും കുറഞ്ഞ നികുതിയാണ് നൽകുന്നത്. ഇത് അവരുടെ മൊത്ത വരുമാനത്തിന്റെ 15.8 ശതമാനം മാത്രമാണെന്ന് റിപ്പോർട്ട് പറയുന്നു. വ്യവസ്ഥയിലെ പഴുതുപയോഗിച്ചാണ് പലരും നികുതിവെട്ടിപ്പ് നടത്തുന്നത്. 25 ശതകോടീശ്വരന്മാരുടെ സമ്പത്ത് 2014 മുതൽ 2018 വരെ 40,100 കോടി ഡോളർ വർധിച്ചിട്ടുണ്ട്. എന്നാൽ, ഇവർ ആ വർഷങ്ങളിൽ 1360 കോടി ഡോളർ മാത്രമാണ് ആദായനികുതി നൽകിയത്. അമേരിക്കയിലെ സമ്പന്നർക്ക് ഉയർന്ന നികുതി ഏർപ്പെടുത്തുന്നതിനെ പിന്തുണച്ച ശതകോടീശ്വരൻ ജോർജ് സോറോസും കുറഞ്ഞ നികുതി അടച്ചതായി ആരോപിക്കപ്പെടുന്നു. റിപ്പോർട്ട് ചോർച്ച അന്വേഷിക്കും രഹസ്യസ്വഭാവമുള്ള സർക്കാർ വിവരങ്ങൾ അനധികൃതമായി വെളിപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നതിന് രഹസ്യാന്വേഷണ ഏജൻസിയായ എഫ്.ബി.ഐ.യുടെ സഹായം തേടിയതായും അറിയിച്ചു.

from money rss https://bit.ly/3cyexiF
via IFTTT

സെൻസെക്‌സിൽ 334 പോയന്റ് നഷ്ടം: നിഫ്റ്റി 15,635ൽ ക്ലോസ്‌ചെയ്തു

മുംബൈ: തുടക്കത്തിലെനേട്ടം നിലനിർത്താനാകാതെ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 15,650ന് താഴെയെത്തി. ഉച്ചയ്ക്ക്ശേഷം പൊതുമേഖല ബാങ്ക്, ഓട്ടോ ഓഹരികളിലുണ്ടായ വില്പന സമ്മർദമാണ് വിപണിയെ ബാധിച്ചത്. സെൻസെക്സ് 333.93 പോയന്റ് താഴ്ന്ന് 51,941.64ലിലും നിഫ്റ്റി 104.70 പോയന്റ് നഷ്ടത്തിൽ 15,635.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1697 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 1425 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 139 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, അദാനി പോർട്സ്, ശ്രീ സിമെന്റ്സ്, എൽആൻഡിടി, റിലയൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. പവർഗ്രിഡ് കോർപ്, എസ്ബിഐ ലൈഫ്, എൻടിപിസി, ടൈറ്റാൻ, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. എല്ലാ സെക്ടറൽ സൂചികകളും നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്-സ്മോൾ ക്യാപ് സൂചികകൾ 0.7-1 ശതമാനം താഴ്ന്നു. വിപണിയിലെ സമ്മർദം രൂപയുടെ മൂല്യത്തെയും ബാധിച്ചു. ഡോളറിനെതിരെ 72.97 നിലവാരത്തിലാണ് രൂപ ക്ലോസ്ചെയ്തത്. Sensex ends 334 points lower, Nifty at 15,635.

from money rss https://bit.ly/2TRPz7o
via IFTTT

അക്കൗണ്ടുകളിൽ പണമില്ല: മടങ്ങുന്ന ഓട്ടോ ഡെബിറ്റ് ഇടപാടുകളുടെ എണ്ണംകൂടുന്നു

പണമില്ലാത്തകാരണത്താൽ ഓട്ടോ ഡെബിറ്റ് വഴിയുള്ള ഇപാടുകൾ വൻതോതിൽ മുടങ്ങുന്നു. രാജ്യത്തെ വിവിധയിടങ്ങളിൽ ലോക്ഡൗൺ തുടരുന്നതിനാൽ ബാങ്ക് അക്കൗണ്ടുകളിൽ പണമില്ലാത്തതാണ് കാരണം. മെയ് മാസത്തിൽ 8.57 കോടി ഇടപാടുകളാണ് നടക്കേണ്ടയിരുന്നത്. എന്നാൽ 3.08 കോടി(35.91ശതമാനം) ഇടപാടുകൾക്ക് തടസ്സംനേരിട്ടതായി നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസി(എൻഎസിഎച്ച്)ന്റെ കണക്കുകൾ വെളിപ്പെടുത്തുന്നു. ഏപ്രിലിൽ മടങ്ങിയ ഇടപാടുകൾ 2.98 കോടിയായിരുന്നു. പ്രതിമാസ വായ്പ തിരിച്ചടവ്, യൂട്ടിലിറ്റി ബില്ലുകൾ, ഇൻഷുറൻസ് പ്രീമിയം, മ്യൂച്വൽ ഫണ്ട് എസ്ഐപിതുടങ്ങിയവയ്ക്കാണ് ഉപഭോക്താക്കളുടെ സൗകര്യപ്രകാരം ഓട്ടോ ഡെബിറ്റ് സംവിധാനംവഴി പണംപിൻവലിക്കാൻ മുൻകൂർ അനുമതി നൽകുന്നത്. നാഷണൽ പേയ്മെന്റ് കോർപറേഷൻ വഴിയാണ് ഇടപാടുകൾ സാധ്യമാകുന്നത്. കഴിഞ്ഞ വർഷം മെയ്, ജൂൺ, ജൂലായ് മാസങ്ങളിൽ ഇടപാട് മടങ്ങുന്നത് വർധിച്ചിരുന്നുവെങ്കിലും പിന്നീടുള്ള മാസങ്ങളിൽ ഘട്ടംഘട്ടമായി കുറവ് രേഖപ്പെടുത്തിയിരുന്നു. പണമില്ലാതെമടങ്ങിയാൽ ഓരോ ഇടപാടിനും അക്കൗണ്ട് ഉടമകളിൽനിന്ന് ബാങ്കുകൾ പിഴയീടാക്കും. Auto debit bounce rate up in May.

from money rss https://bit.ly/2RCrvVj
via IFTTT