121

Powered By Blogger

Tuesday, 13 August 2019

നോട്ടുനിരോധനകാലത്തെ നിക്ഷേപക്കണക്ക് ആദായനികുതിവകുപ്പ് പരിശോധിക്കുന്നു

മുംബൈ: നോട്ടുനിരോധനകാലത്ത് ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ട കണക്കിൽപ്പെടാത്ത പണത്തിന്റെ വിവരം ശേഖരിക്കാൻ ആദായനികുതി വകുപ്പ് വീണ്ടും ഉത്തരവിട്ടു. കള്ളപ്പണം കണ്ടെത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി പതിനേഴിന പരിശോധനയ്ക്കാണ് ഉദ്യോഗസ്ഥർക്ക് നിർദേശം ലഭിച്ചിട്ടുള്ളത്. കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ്വഴി ധനമന്ത്രാലയം വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചത്. ഇത്തരത്തിലുള്ള ഒമ്പതാം കത്താണിത്. 2016 നവംബർ ഒമ്പതിനും ഡിസംബർ 31-നും ഇടയിൽ ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ട പണത്തിന്റെ കണക്ക് സൂക്ഷ്മമായി വിശകലനംചെയ്യാനുള്ള നിർദേശമാണ് ഇതിലുള്ളത്. നോട്ടുനിരോധനകാലയളവിലെ നിക്ഷേപത്തിൽ അസ്വാഭാവികമായെന്തെങ്കിലും ആദായനികുതിയുദ്യോഗസ്ഥർ കണ്ടെത്തിയിരുന്നോ എന്നു രേഖപ്പെടുത്താനുള്ള നിർദേശമാണ് ഇക്കൂട്ടത്തിൽ പ്രധാനം. 2016 നവംബർ ഒമ്പതിനും ഡിസംബർ 31-നും ഇടയിൽ നിക്ഷേപിച്ച തുക മൊത്തം വരുമാനത്തിന്റെ എത്ര ശതമാനംവരുമെന്നും രേഖപ്പെടുത്തണം. അന്നത്തെ നിക്ഷേപം ഏതുതരത്തിലുള്ളതായിരുന്നെന്നും പണത്തിന്റെ സ്രോതസ്സിനെപ്പറ്റി ഇടപാടുകാരൻ നൽകിയ വിശദീകരണം എന്തായിരുന്നെന്നും പരിശോധിക്കണം. കമ്പ്യൂട്ടർ ശൃംഖലയിൽ രേഖപ്പെടുത്തുന്ന വിവരങ്ങൾ ഡൽഹിയിൽ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും. നോട്ടുനിരോധനകാലത്തും അതിനുമുമ്പുമുള്ള നിക്ഷേപങ്ങൾ താരതമ്യംചെയ്യാൻ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. 2015-16, 2016-17 സാമ്പത്തികവർഷങ്ങളിൽ ലഭിച്ച മൊത്തം നിക്ഷേപത്തിന്റെ കണക്ക് രേഖപ്പെടുത്തണം. തൊട്ടു മുൻവർഷത്തെ മൊത്തം നിക്ഷേപത്തിൽനിന്ന് അത് എത്രത്തോളം വ്യത്യാസപ്പെട്ടിരിക്കുന്നെന്നും പരിശോധിക്കണം. ഈ വിവരങ്ങൾ വിശകലനം ചെയ്താൽ, രാജ്യത്തുണ്ടായിരുന്ന കള്ളപ്പണത്തിന്റെ കണക്ക് ലഭിക്കുമെന്നാണ് കേന്ദ്രസർക്കാർ കരുതുന്നത്. കള്ളപ്പണവും കള്ളനോട്ടും തടയാനെന്നുപറഞ്ഞാണ് കേന്ദ്രസർക്കാർ അന്നു നിലവിലുണ്ടായിരുന്ന അഞ്ഞൂറു രൂപയുടെയും ആയിരം രൂപയുടെയും കറൻസികൾ ഒറ്റയടിക്ക് പിൻവലിച്ചത്. പിൻവലിച്ച അത്രതന്നെ തുക ബാങ്കുകളിൽ തിരിച്ചെത്തിയ സാഹചര്യത്തിൽ നോട്ടുനിരോധനം പരാജയമാണെന്ന് വിമർശനമുയർന്നിരുന്നു. തിരിച്ചെത്തിയ തുകയിലെ കള്ളപ്പണം കണ്ടെത്തി നടപടിയെടുത്താൽ ഈ വിമർശനത്തിന്റെ മുനയൊടിക്കാമെന്നാണ് സർക്കാർ കരുതുന്നത്. Content Highlights:Income tax department cross checking deposits during demonetisation period

from money rss http://bit.ly/2N2iUqj
via IFTTT