121

Powered By Blogger

Sunday, 15 December 2019

എന്തുകൊണ്ടാണ് ആ പെണ്‍കുട്ടി ആത്മഹത്യക്കുശ്രമിച്ചത്?

വളരെ വേദനയോടെയാണ് ഞാൻ ആ കഥ കേട്ടുകൊണ്ടിരുന്നത്... കഥയെന്ന് പറയാനാവുമോ...? അനുഭവമാണത്. എനിക്കറിയാവുന്ന ഒരു പെൺകുട്ടി... എപ്പോഴും ചിരിയോടെ, ഉത്സാഹത്തോടെ എവിടെയും വ്യാപരിച്ചവൾ. അവളുടെ അധ്യാപികയുടെ വാക്കുകളിൽ ക്ലാസിൽ ഇത്രയും നല്ല ഒരു വിദ്യാർഥിയില്ല എന്ന് തോന്നിക്കുന്ന വിധത്തിലുള്ള ഇടപെടലുകൾ. നഴ്സിങ് പ്രൊഫഷന് ഏറ്റവും അനുയോജ്യയായവൾ. രോഗീശുശ്രൂഷയിലും സേവനത്തിലും വളരെ താത്പര്യമുള്ള കുട്ടിയായിരുന്നു. നഴ്സിങ് പഠനം കഴിഞ്ഞ് വിദേശത്തേക്ക് ജോലിക്കു പോയി. ലോൺ എടുത്താണ് പഠിച്ചത്. അത് വീട്ടുകയായിരുന്നു ആദ്യ ലക്ഷ്യം. അത് പൂർത്തിയായിക്കഴിഞ്ഞപ്പോൾ നല്ലരീതിയിലുള്ള ഒരു വീട് അച്ഛനും അമ്മയ്ക്കും പണിതുകൊടുത്തു. ഇളയ അനുജന് എൻജിനീയറിങ് വിദ്യാഭ്യാസം പൂർത്തിയാക്കാനുള്ള സാമ്പത്തിക ക്രമീകരണങ്ങൾ ചെയ്തു. ഓരോതവണ അവധിക്കുവരുമ്പോഴും വിവാഹാലോചനകൾ ധാരാളം വരുമായിരുന്നു. ഓരോരോ കാരണം പറഞ്ഞ് മാതാപിതാക്കൾതന്നെ അവയിൽ പലതും മുടക്കി. അവൾക്ക് അതൊക്കെ മനസ്സിലാകുന്നുണ്ടായിരുന്നെങ്കിലും ഒന്നും മനസ്സിലാകാത്തതുപോലെ പെരുമാറിക്കൊണ്ടിരുന്നു. ഒടുവിൽ വയസ്സ് മുപ്പതിലേക്ക് കടക്കാറായപ്പോൾ വിവാഹം നടന്നു. വരന് പ്രൊഫഷണൽ വിദ്യാഭ്യാസമൊക്കെ ഉണ്ടെങ്കിലും നാട്ടിൽ നല്ല ജോലിയൊന്നും ഇല്ലാത്ത ചെറുപ്പക്കാരനായിരുന്നു. അവളുടെ വിസയിൽ അവൾക്ക് അയാളെയും വിദേശത്തേക്ക് കൊണ്ടുപോകാനാവുമായിരുന്നു. രണ്ട് കുട്ടികളുമായി... സന്തോഷവതിയായി കഴിയുകയായിരിക്കും എന്നാണ് ഞാൻ ചിന്തിച്ചിരുന്നത്. എന്നാൽ, ഒരു ദിവസം അവളുടെ ആത്മഹത്യാശ്രമ വാർത്തയാണ് ലഭിച്ചത്. ധാരാളം ഉറക്കഗുളികകൾ കഴിച്ച് അവശനിലയിലായ അവൾ നീണ്ട ദിവസങ്ങളുടെ ചികിത്സയ്ക്കുശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തി. ജീവിതത്തിൽനിന്ന് ഒളിച്ചോടാനുള്ള അവളുടെ തീരുമാനത്തിനു പിന്നിൽ എന്താണ് കാരണം എന്ന ചോദ്യത്തിന് ഒരുത്തരമേ ഉണ്ടായിരുന്നുള്ളു... രണ്ടു വീട്ടുകാരുടെയും ബന്ധുക്കൾ... അവൾ അവരുടെ അനന്തമായ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാനുള്ള ഒരു സംവിധാനം മാത്രമായിരുന്നു. വിവാഹം കഴിഞ്ഞാൽ സ്ത്രീ തന്റെ ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും കാര്യങ്ങൾ മാത്രമാണ് നോക്കേണ്ടതെന്ന് ശഠിക്കുന്ന ഭർത്താവും ഭർതൃമാതാപിതാക്കളും ഒരുവശത്ത്... ഒരിക്കലും അവസാനിക്കാത്ത സാമ്പത്തിക ആവശ്യങ്ങൾക്കായി നിരന്തരം ആശ്രയിക്കുന്ന സ്വന്തം കുടുംബം മറുവശത്ത്... രണ്ട് വീട്ടുകാരുടേയും സാമ്പത്തിക ആവശ്യങ്ങൾക്കിടയിൽപ്പെട്ട് അവൾ വല്ലാതെ ഉലയുകയായിരുന്നു. മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിറയുമ്പോഴും, അതിന്റെ മറുവശത്ത് മതാപിതാക്കളാൽ നിരന്തരമായി സാമ്പത്തികമായി പീഡിപ്പിക്കപ്പെടുന്ന മക്കൾ, പ്രത്യേകിച്ച് പെൺമക്കളുടെ എണ്ണവും ഏറുകയാണ്. ആൺമക്കളാണ് മാതാപിതാക്കളെ നോക്കേണ്ടത് എന്നു പറയുമ്പോഴും പെൺമക്കളാൽ സംരക്ഷിക്കപ്പെടുന്ന മാതാപിതാക്കളുടെ എണ്ണം ഏറുകയാണ്. മക്കളുടെ എണ്ണം കുറഞ്ഞതുമൂലം സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും ഇന്ന് പെൺമക്കൾക്കുണ്ട് എന്നത് ഈ നാളുകളിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന യാഥാർത്ഥ്യവുമാണ്. സാമ്പത്തികശാസ്ത്രം അടിസ്ഥാനപരമായി 'തിരഞ്ഞെടുപ്പുകളുടെ ശാസ്ത്രം' ആണ്. 'ലയോണൽ റോബിൻസ്' എന്ന സാമ്പത്തികശാസ്ത്രജ്ഞൻ സാമ്പത്തികശാസ്ത്രത്തെ നിർവചിച്ചിരിക്കുന്നതുതന്നെ, 'പരമിതമായ വസ്തുക്കൾക്കും അനന്തമായ ആഗ്രഹങ്ങൾക്കുമിടയിൽ വിവിധരീതിയിലുള്ള തിരഞ്ഞെടുപ്പുകൾ എപ്രകാരം നടത്തണം എന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രം' എന്നാണ്. എന്നാൽ ധനവും സമ്പത്തുമെല്ലാം കേവലം വസ്തുകേന്ദ്രീകൃതം മാത്രമാകാതെ, വ്യക്തിബന്ധങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, തിരഞ്ഞെടുപ്പുകൾ പലപ്പോഴും ബുദ്ധിമുട്ടാണ്. അതിനാൽ, ഈ തിരഞ്ഞെടുപ്പ് ശ്രേഷ്ഠകരമാക്കുക എന്നതാണ് പ്രധാനപ്പെട്ടത്. സാമ്പത്തികശാസ്ത്രത്തിൽ വിവിധ സാമ്പത്തിക സൂചികകളുമായുള്ള ബന്ധത്തെ വിശദമാക്കുന്നുണ്ട്. ഈ സൂചികകളിൽ സംഖ്യാപരമായി അളന്ന് തിട്ടപ്പെടുത്താവുന്നവയും അല്ലാത്തവയുമുണ്ട്. ഉദാഹരണത്തിന് വസ്തുക്കളുടെ വില, വ്യക്തിപരമായ വരുമാനം തുടങ്ങിയവ സംഖ്യാപരമായി അളക്കാവുന്നതാണ്. എന്നാൽ, ഒരുവന്റെ അഭിരുചി, സുരക്ഷിതത്വം തുടങ്ങിയവ സാമ്പത്തിക സൂചികകളാണെങ്കിലും അതിനെ സംഖ്യാപരമായി അളന്ന് തിട്ടപ്പെടുത്തുന്നതിൽ പരിമിതിയുണ്ട്. വ്യക്തിബന്ധങ്ങളെയും രക്തബന്ധങ്ങളെയും സാമ്പത്തിക സൂചികകളാൽ അളക്കാൻ തുടങ്ങിയാൽ ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള ആന്മബലം നഷ്ടപ്പെടും. ഇതേ ആശയം വ്യവസായലോകത്തും തൊഴിൽരംഗത്തും ബാധകമാണ്... ഉദാഹരണത്തിന്, ബിസിനസ് രംഗത്ത് തൊഴിൽദാതാവും തൊഴിൽ ചെയ്യുന്നവരും തമ്മിലുള്ള ബന്ധവും ഇപ്രകാരം നിർണയിക്കപ്പെടേണ്ടവയാണ്. പണം സ്വാതന്ത്ര്യവും കൂടിയാണ്. ജോലിയുള്ള പെണ്ണ് സാമ്പത്തിക സുരക്ഷിതത്വം നൽകുമെന്നതിനാൽ പലരും അത് ആഗ്രഹിക്കുന്നു... ആ ആഗ്രഹം അതിനാൽത്തന്നെ തെറ്റല്ലതാനും. ഇത്രയേറെ സാമ്പത്തിക ബന്ധങ്ങളും പരസ്പരം സാമ്പത്തിക പ്രതിബദ്ധതയുമുള്ള ജനത മലയാളികളല്ലാതെ ലോകത്തിൽ വേറെയില്ല. എന്നാൽ, വളർത്തിയതിന്റെയും സംരക്ഷണത്തിന്റെയും കടമകളുടേയും കണക്കുകൂട്ടലുകൾ ഇരു ചേരികളായിനിന്ന് പോരാടുന്ന അലിഖിത നിയമങ്ങൾ ബന്ധനങ്ങളാവുമ്പോൾ ജീവിക്കാനുള്ള ആത്മബലമാണ് പലർക്കും നഷ്ടമാവുന്നത്. ജീവിക്കാനുള്ള അവകാശം പുരുഷനും സ്ത്രീക്കും തുല്യമാണ്... ആഗ്രഹങ്ങൾക്ക് അതിർവരമ്പ് സൃഷ്ടിച്ച്, ഈ അവകാശത്തെ കടന്നാക്രമിക്കരുത്. ഒരു പരസ്പരാശ്രിത ജീവിതശൈലിയിലൂടെ ദാമ്പത്യത്തെ വായിച്ചെടുക്കാനാവണം. അതിന് സമ്പത്തിന്റെ മനഃശാസ്ത്രപരമായ തലങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. പരസ്പരമുള്ള ബഹുമാനവും കരുതലും സൃഷ്ടിക്കുന്ന മാനസികബലവുമായി പണത്തിന് ബന്ധമുണ്ട്. 'വിവാഹജീവിതത്തിന്റെ അടിസ്ഥാനം ഒരേപോലെ ചിന്തിക്കാനാവുക എന്നതല്ല, ഒന്നിച്ച് ചിന്തിക്കാനാവുക എന്നതാണ്' എന്ന 'റോബർട്ട് ഡോഡ്സി'ന്റെ വാക്കുകൾ സാമ്പത്തിക ഇടപാടുകളുടേയും അടിസ്ഥാനമാവണം. കാരണം, സമ്പൂർണമായ ദാമ്പത്യം എന്നത് അപൂർണരായ രണ്ട് വ്യക്തികൾ, എന്തുതന്നെ സംഭവിച്ചാലും പരസ്പരം വിട്ടുകളയാതെ ചേർത്തുപിടിച്ച് നിർത്തുന്നതാണ്.

from money rss http://bit.ly/2rTl2bF
via IFTTT