121

Powered By Blogger

Thursday, 19 December 2019

കേരളമാകെ പ്രഭചൊരിയാന്‍ എല്‍ഇഡി സ്റ്റാറുകള്‍ തൃശ്ശൂരില്‍നിന്ന്‌

തൃശ്ശൂരിന്റെ നക്ഷത്രത്തിളക്കമാണ് ഈ സ്റ്റാർ. വെറും സ്റ്റാറല്ല, ക്രിസ്മസ് കാലത്ത് വെളിച്ചത്തിന്റെ പൂരമൊരുക്കിക്കൊണ്ട് വീടുകളിലും ദേവാലയങ്ങളിലും തിളങ്ങുന്ന 'കളറ്' സ്റ്റാറുകൾ. നക്ഷത്രം വഴികാട്ടിയ ആട്ടിടയന്മാരുടെയും താരആകാശത്തിന് കീഴെ പിറന്ന ഉണ്ണിയേശുവിന്റെയും ഓർമ മാത്രമല്ല മറിച്ച്, മഞ്ഞ് പെയ്യുന്ന രാത്രികളുടെ അലങ്കാരമാണ് ഭൂരിഭാഗം പേർക്കും ഈ തൂങ്ങുന്ന സ്റ്റാറുകൾ. ക്രിസ്മസ് കാലത്ത് നക്ഷത്രവെളിച്ചത്തെ വീട്ടിലേക്ക് ആഗ്രഹിക്കാത്തവരില്ല. കരോളും കേക്കും സാന്തയും നക്ഷത്രവുമില്ലാതെന്ത് ക്രിസ്മസ്. കടലാസ് നക്ഷത്രങ്ങളെ അരികിലാക്കി മുമ്പോട്ട് കുതിക്കുന്ന എൽ.ഇ.ഡി. നക്ഷത്രങ്ങൾ തൃശ്ശൂരിൽ നിന്ന്് കേരളമെമ്പാടുമെത്തുന്നു. ഈ നക്ഷത്രത്തിളക്കം തൃശ്ശൂർ കൈപ്പിടിയിലായിട്ട് കാലമേറെയായി. സംസ്ഥാനവിപണിയിലെ തന്നെ സ്റ്റാർ ട്രെൻഡ് നിശ്ചയിക്കുന്നത് തൃശ്ശൂരാണ്. 1 കോടിയുടെ നക്ഷത്രവ്യാപാരമാണ് തൃശ്ശൂർ നഗരത്തിൽ മാത്രം ക്രിസ്മസ് കാലത്ത് നടക്കുന്നത് 30 രൂപമുതൽ 3000 രൂപവരെയാണ് നക്ഷത്രങ്ങൾക്ക് വില 190 രൂപയുള്ള ചിറകുവിടർത്തുന്ന നാടൻ വെള്ളപ്പ വുമുണ്ട്. 550 രൂപ മുതൽ തുടങ്ങുന്ന മാലകളാണ് വിപണിയിലെ താരം 2500 രൂപവരുന്ന ചൂരൽ നക്ഷത്രമാണ് തലയെടുപ്പിൽ മുന്നിൽ അതെന്താ...? അങ്ങനെ ചോദിച്ചാൽ ഉത്തരം നിസ്സാരം. തൃശ്ശൂരുകാർക്ക് ഒരു ആഘോഷവും വെറും ആഘോഷമല്ല, പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരവും മേളങ്ങളുടെ തമ്പുരാനായ ഇലഞ്ഞിത്തറയും ഓണക്കാലത്തെ പുലിക്കളിയും പോലെ തന്നെയാണ് തൃശ്ശൂരിന് ക്രിസ്മസും. ക്രിസ്മസ് കാലത്തും ആ പെരുമയിൽനിന്ന് ഒരല്പം പോലും പിന്നോട്ടു പോവാൻ തൃശ്ശൂർ തയ്യാറല്ല. വർഷങ്ങളായി തൃശ്ശൂരിൽ ക്രിസ്മസ് വിപണിയിൽ സജീവമായ ഷബീറിന്റെ വാക്കുകളിൽ പറഞ്ഞാൽ “യേശു ജനിച്ചിട്ട്ണ്ടൊ, ക്രിസ്മസ് ആയിട്ട്ണ്ടോ ഞങ്ങൾ തൃശ്ശൂര്കാര് അതാഘോഷിച്ചിരിക്കും.” അതാണ് തൃശ്ശൂരിന്റെ ക്രിസ്മസ് സ്പിരിറ്റ്. പുത്തൻപള്ളിക്കു സമീപത്തെ ക്രിസ്മസ് ആരവങ്ങൾ തൃശ്ശൂരിലെ ക്രിസ്മസ് ആരവങ്ങൾ ഏറ്റവുമുച്ചത്തിൽ കേൾക്കുന്നത് പുത്തൻപള്ളിക്കു സമീപമുള്ള തെരുവിലാണ്. നക്ഷത്രങ്ങളുടെയും മറ്റ് ക്രിസ്മസ് താരങ്ങളുടെയും മൊത്തവിൽപ്പനക്കാരായി പതിനാലോളം പേരാണ് ഇവിടെയുള്ളത്. ഓരോ വർഷം കഴിയുന്തോറും വിപണി കൂടുതൽ ഉയരത്തിലേക്കല്ലാതെ ഒരിക്കൽ പോലും താഴേക്ക് വന്നിട്ടില്ലെന്ന് ഓരോ കച്ചവടക്കാരനും ഉറപ്പിച്ച് പറയുന്നു. ഓരോ ക്രിസ്മസ് സീസണിലും ഒരു കോടിയിലധികം രൂപയുടെ നക്ഷത്രങ്ങളാണ് തൃശ്ശൂരിൽ വിറ്റുപോവുന്നത്. നവംബറിലാണ് തൃശ്ശൂരിലെ നക്ഷത്രവിപണി ആരംഭിക്കുന്നത്. മറ്റ് ജില്ലകളിൽ നിന്നുള്ളവർ തൊട്ടടുത്തെത്തിയ ക്രിസ്മസ് കാലത്തേക്കുള്ള നക്ഷത്രങ്ങൾ ഈ കാലയളവിൽ വാങ്ങാനായി കൂട്ടമായെത്തും. ചില്ലറ വിൽപ്പന ക്രിസ്മസിന് തൊട്ടുമുമ്പുള്ള ആഴ്ചയിലാണ് പൊടിപൊടിക്കുന്നത്. പുത്തൻപള്ളിക്കു സമീപമുള്ള കേരള ഫാൻസി ഉടമയായ ജമാലിന്റെ മുപ്പത്തിയൊന്നാമത്തെ ക്രിസ്മസ് വിപണിക്കാലമാണിത്. ഏറ്റവുമധികം കച്ചവടം നടക്കുന്നത് ക്രിസ്മസ് കാലത്താണെന്നും ജമാൽ പറയുന്നു. വെള്ളേപ്പം മുതൽ മാമാങ്കം വരെ ഓരോ വർഷവും നക്ഷത്രവിപണിയിൽ താരങ്ങൾ പലതാണ്. ഇത്തവണത്തെ താരമാണ് വെള്ളേപ്പം. വെളുത്ത നിറത്തിൽ പലതരത്തിലുള്ള ഡിസൈനുകൾ ചേർത്തവയാണ് വെള്ളേപ്പം നക്ഷത്രങ്ങൾ. സ്വന്തമായി വെള്ളേപ്പത്തെരുവുള്ള തൃശ്ശൂരിന്റെ നാടൻ താരം ഇത്തവണ കേരളത്തിൽ എല്ലാ തെരുവുകളിലും താരങ്ങളിലെ താരമായി എത്തും. മാമാങ്കമാണ് നക്ഷത്രങ്ങളിലെ മറ്റൊരു കേമൻ. അഞ്ച് അല്ലെങ്കിൽ ഏഴ് പാളികളാണ് മാമാങ്കം നക്ഷത്രങ്ങൾക്കുള്ളത്. എൽ.ഇ.ഡി. നക്ഷത്രവിപണിയിലെ താരമാണ് പുലിമുരുകൻ. മുളയിൽ മിർച്ചി ബൾബുകൾ ഘടിപ്പിച്ച നക്ഷത്രങ്ങൾ ചൂടപ്പംപോലെയാണ് വിറ്റുപോവുന്നത്. സ്വർണം, വെള്ളി, ഇരുന്പ് നിറങ്ങളിലുള്ള നെറ്റ് നക്ഷത്രങ്ങളാണ് വിപണിയിലെ മറ്റൊരു കാഴ്ച. ഉള്ളിൽ വെളിച്ചത്തെക്കൂടി ചേർക്കുമ്പോൾ ഇവ കാഴ്ചയ്ക്ക് പ്രൗഢമാവും. എല്ലാ കാലത്തും വെളുപ്പും ചുവപ്പുമാണ് നക്ഷത്രവിപണിയിൽ സ്പോട്ട് ലൈറ്റിൽ നിൽക്കുന്നത്. എന്നാൽ കടലാസ് നക്ഷത്രങ്ങളെക്കാൾ ഇന്നത്തെ കാലത്ത് ആവശ്യക്കാർ കൂടുതലെത്തുന്നത് എൽ.ഇ.ഡി. നക്ഷത്രങ്ങൾക്കാണ്. നക്ഷത്രത്തിന്റെ പുറംചട്ട മാത്രമുണ്ടായിരുന്ന എൽ.ഇ.ഡി. നക്ഷത്രങ്ങളായിരുന്നു ആദ്യകാലത്ത് പുറത്തിറങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ കൂടുതലായി എത്തുന്നത് ത്രീ-ഡി രൂപത്തിലുള്ള നക്ഷത്രങ്ങളാണ്. പുലിമുരുകൻ എന്ന് വിളിപ്പേരുള്ള എൽ.ഇ.ഡി. നക്ഷത്രങ്ങൾക്കാണ് ഇപ്പോൾ ആവശ്യക്കാർ കൂടുതൽ. ക്രിസ്മസ് ട്രീയുടെ മാതൃകയിലുള്ള നക്ഷത്രമാണ് മറ്റൊരു താരം. പണ്ടുകാലത്ത് കൂടുതലായി ഉപയോഗിച്ചിരുന്ന ചൂരൽനക്ഷത്രങ്ങളെ വീണ്ടും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം ഈ ക്രിസ്മസ് സീസണിൽ ആരംഭിച്ചുകഴിഞ്ഞു. രണ്ടു ദിവസമെടുത്താണ് ഓരോ ചൂരൽ നക്ഷത്രവും നിർമിക്കുന്നത്. കൂടുതൽ അലങ്കാരങ്ങളോ ലൈറ്റുകളോ ഇല്ലെങ്കിലും മറ്റൊരു നക്ഷത്രത്തിനുമില്ലാത്ത തലയെടുപ്പ് ചൂരൽനക്ഷത്രങ്ങൾക്കുണ്ട്. 2500 രൂപയാണ് ഇവയുടെ വില. ചൂരലുകൾ കുറഞ്ഞ വണ്ണത്തിൽ ചീന്തിയെടുത്ത് ചേർത്തുവെച്ചാണ് ഇവയുടെ നിർമാണം. മുളയുടെ ഉള്ളിൽ എൽ.ഇ.ഡി. ബൾബുകൾ വെച്ച നക്ഷത്രങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്. 300 രൂപയാണ് ഇവയുടെ വില. മെയ്ഡ് ഇൻ കുന്നംകുളം ടു തൃശ്ശൂർ കടലാസ് നക്ഷത്രങ്ങളിൽ കേരളത്തിലെ തന്നെ ഏറ്റവും വലിയ നിർമാതാക്കൾ ഉണ്ടായിരുന്നത് കുന്നംകുളം ഭാഗത്താണ്. എന്നാൽ പേപ്പർ നക്ഷത്രങ്ങളെ പിന്നിലാക്കി കുതിക്കുന്ന എൽ.ഇ.ഡി. ലൈറ്റുകളുടെ കാലത്ത് കേരളത്തിലെ തന്നെ തലവനാണ് തൃശ്ശൂർ. പഴയ പ്രതാപത്തിന്റെ ഓർമകളുടെ ശേഷിപ്പായി കുന്നംകുളത്ത് ഒരു സ്ഥാപനത്തിൽ മാത്രമാണ് നക്ഷത്രനിർമാണം ഇപ്പോൾ നടക്കുന്നത്. പേപ്പർ നക്ഷത്രങ്ങൾ മറ്റ് ജില്ലകളിൽനിന്നാണ് ഇപ്പോൾ കൂടുതലായി എത്തുന്നത്. നക്ഷത്രവിപണിയിലെ എൽ.ഇ.ഡി. കാലമാണിപ്പോൾ. പത്ത് വർഷത്തിലേറെയായി എൽ.ഇ.ഡി. ലൈറ്റുകൾ നിർമിക്കുന്ന യൂണിറ്റുകൾ ക്രിസ്മസ് കാലത്തെ മാത്രം മുന്നിൽക്കണ്ടാണ് പ്രവർത്തിക്കുന്നത്. ഓണം കഴിയുമ്പോൾ മുതൽ ക്രിസ്മസ് പത്ത് വർഷമായി എൽ.ഇ.ഡി. നക്ഷത്ര നിർമാണ മേഖലയിലുള്ള ആളാണ് അരണാട്ടുകര സ്വദേശിയായ എൻ.ജെ. ജെയ്സൺ. ജൂലായ് അവസാനത്തോടു കൂടി ജെയ്സൺ ക്രിസ്മസ് കാലത്തേക്കുള്ള നക്ഷത്രങ്ങളുടെ നിർമാണം ആരംഭിക്കും. കോർടക്സ് ഷീറ്റിലായിരുന്നു ആദ്യം നക്ഷത്രനിർമാണം. പിന്നീടാണ് പ്ലാസ്റ്റിക് ഫ്രെയിമുകളിലേക്ക് ചുവടുവെച്ചത്. ആദ്യം ജില്ലയിൽ മാത്രമായിരുന്നു വിൽപ്പനയെങ്കിൽ പിന്നീട് മറ്റു ജില്ലകളിൽനിന്നും എൽ.ഇ.ഡി. സ്റ്റാറുകൾ തേടി ആളുകളെത്താൻ തുടങ്ങി. നൂറിലധികം കുടുംബശ്രീ പ്രവർത്തകരെയാണ് എൽ.ഇ.ഡി. നക്ഷത്ര നിർമാണം ജെയ്സൺ പരിശീലിപ്പിച്ചിട്ടുള്ളത്. മുൻകൂട്ടി ഓർഡർ നൽകുന്നതിനനുസരിച്ചായിരിക്കും ഇവയുടെ നിർമാണം. ഓരോ മാതൃകയിലുള്ള നക്ഷത്രത്തിനും വില വ്യത്യസ്തമാണ്. ക്രിസ്മസ് ട്രീയുടെ മാതൃകയിലുള്ള എൽ.ഇ.ഡി. നക്ഷത്രമാണ് ഇത്തവണത്തെ പുതിയ മുഖം. 30 മുതൽ 3000 വരെ മുപ്പത് രൂപ മുതലാണ് നക്ഷത്രങ്ങളുടെ വില ആരംഭിക്കുന്നത്. ഒരടി മാത്രം വലുപ്പമുള്ള അഞ്ച് മൂലകളുള്ളവയാണ് ഇവ. എന്നാൽ ഇവയ്ക്ക് ആവശ്യക്കാർ കുറവാണ്. പതിനൊന്ന് മൂലകളുള്ള ഇടത്തരം നക്ഷത്രങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ. ശരാശരി വലുപ്പമുള്ള പേപ്പർ നക്ഷത്രങ്ങൾക്ക് 80 രൂപയാണ് വില. ഡിസൈനുകളുള്ള വെള്ളേപ്പം നക്ഷത്രങ്ങൾക്ക് 190 രൂപയാണ് വില. ക്രിസ്മസ് കാലത്ത് ആഘോഷങ്ങൾക്കൊപ്പം അലങ്കാരങ്ങൾക്കും വിട്ടുവീഴ്ച വരുത്താൻ ആളുകൾ തയ്യാറല്ല. പല വലുപ്പത്തിലുള്ള കുഞ്ഞൻ എൽ.ഇ.ഡി. നക്ഷത്രങ്ങളെ ചേർത്തുവെച്ച നക്ഷത്രമാലകൾക്ക് വില 550 രൂപയാണ്. പള്ളികളിലും ക്ലബ്ബുകളിലും വെയ്ക്കുന്ന റെഡിമെയ്ഡ് നക്ഷത്രങ്ങളും വിപണിയിലുണ്ട്. 3000 രൂപയാണ് ഇവയുടെ വില. പ്ലാസ്റ്റിക് നക്ഷത്രങ്ങൾക്ക് എന്നാൽ മുമ്പത്തേക്കാൾ ആവശ്യക്കാർ കുറവാണ്. ക്രിസ്മസ് രാവ് മുന്നിൽക്കണ്ടുണരുന്ന വിപണിയെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നാടാണ് തൃശ്ശൂർ. പൂരം പോലെയും പുലിക്കളി പോലെയും തൃശ്ശൂരിന്റെ കഴിഞ്ഞ കാലത്തോടും വർത്തമാനകാലത്തോടും ചേർന്നുനിൽക്കുന്ന ക്രിസ്മസ് ഒട്ടേറെപ്പേരുടെ ജീവിതപ്രതീക്ഷ തന്നെയാണ്. ഓരോ രാവുണരുമ്പോഴും ക്രിസ്മസിനോടടുക്കുന്ന ദിവസങ്ങളിപ്പോൾ ഈ നക്ഷത്രവെളിച്ചത്തിൽ കൂടുതൽ പ്രകാശനിർഭരമാണ്.

from money rss http://bit.ly/2s8N4jx
via IFTTT