121

Powered By Blogger

Tuesday, 21 January 2020

വിപണിയില്‍ വെളളിക്ക് നേട്ടം; കുതിപ്പ് നിലനില്‍ക്കുമോ?

സ്വർണത്തിനൊപ്പം കുതിപ്പുനടത്തിയ വെള്ളി 20 ശതമാനം നേട്ടത്തോടെയാണ് ആഭ്യന്തര വിപണിയിൽ കഴിഞ്ഞവർഷം വ്യാപാരം അവസാനിപ്പിച്ചത്. ഉയർന്നു നിന്നിരുന്ന വിദേശ വിലകളോടൊപ്പം ഇന്ത്യൻ രൂപയുടെ മൂല്യശോഷണവുമാണ് ആഭ്യന്തര വിപണിയിൽ വെള്ളിക്ക് ഈ നേട്ടമുണ്ടാക്കിയത്. സാധാരണ ഗതിയിൽ സ്വർണത്തോടൊപ്പം തന്നെ വെള്ളി വിലകളിലും വർധന രേഖപ്പെടുത്താറുണ്ട്. സ്വർണം കുതിപ്പിനു തുടക്കമിടുകയും ക്രമേണ വെള്ളി അതിനെ പിന്തുടരുകയുമാണ് പതിവ്. ആഗോള വ്യവസായ മേഖലയിലുണ്ടായിരുന്ന തളർച്ച, നേരത്തേ വെള്ളി വിലകളെ പ്രതികൂലമായി ബാധിച്ചിരുന്നു.എന്നാൽ പോയവർഷം ആഗോള സാമ്പത്തിക സ്ഥിതിയിലുണ്ടായ മാന്ദ്യവും പലരാജ്യങ്ങളിലേയും രാഷ്ട്രീയ അനിശ്ചിതാവസ്ഥകളും സ്വർണത്തെപോലെതന്നെ വെള്ളിയേയും സുരക്ഷിത നിക്ഷേപമായി കാണാൻ പ്രേരിപ്പിച്ചു. അതുപോലെ കുറഞ്ഞപലിശ നിരക്കുകൾ,സ്ഥിരതയാർജ്ജിച്ച യുഎസ് ഡോളർ, ബ്രെക്സിറ്റ് അനിശ്ചിതാവസ്ഥ എന്നിവയെക്കൂടാതെ ഖനികളിൽനിന്നുള്ള കുറഞ്ഞ ഉൽപാദനവും വെള്ളിയുടെ മുന്നേറ്റത്തിനു കാരണമായി. ഇന്ത്യൻ രൂപയുടെ മൂല്യ ശോഷണവും ആഭ്യന്തര വെള്ളി വിലകൾ വൻതോതിൽ ഉയരാൻ കാരണമായിട്ടുണ്ട്. യുഎസ്- ചൈന വ്യാപാര യുദ്ധത്തിന്റെ കെടുതികളിൽനിന്ന് സ്വന്തം വ്യാപാരമേഖലയെ സംരക്ഷിക്കുന്നതിന് പലരാജ്യങ്ങളും തങ്ങളുടെ പലിശ നിരക്കുകളിൽ കുറവു വരുത്തുകയുണ്ടായി. ഇന്ത്യ നാലു തവണ പലിശ നിരക്കുകളിൽ കുറവു വരുത്തിയപ്പോൾ അമേരിക്കൻ കേന്ദ്ര ബാങ്ക് പോയവർഷം രണ്ടുതവണ പലിശ നിരക്കുകൾ കുറച്ചു. നിരക്കുകളിൽ കുറവുവരുന്നത് സ്വർണം വെള്ളി പോലുള്ള പലിശ ലഭിക്കാത്ത ലോഹങ്ങളുടെ വിലകളിൽ മുന്നേറ്റത്തിനു കാരണമാവാറുണ്ട്. ബ്രെക്സിറ്റ് കാരണം കഴിഞ്ഞ മൂന്നരവർഷമായി തുടരുന്ന അനിശ്ചിതാവസ്ഥ യൂറോപ്യൻ വ്യാപാര മേഖലയുടെ വളർച്ചയുടെ കാര്യത്തിൽ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ഗൾഫ് മേഖലയിലും കൊറിയൻ ഉപഭൂഖണ്ഡത്തിലും ഉണ്ടായിട്ടുള്ള സംഘർഷങ്ങൾ, അതുപോലെ വടക്കൻ സിറിയയിൽ തുർക്കി നടത്തിയ സൈനിക നടപടികളും ഹോങ്കോങ്ങിലെ പ്രതിഷേധങ്ങളും ഉയർത്തിയ ഭീതി എന്നിവയും നിക്ഷേപകരെ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് കൂടുതൽ അടുപ്പിച്ചു. വെള്ളിഖനികളിൽ നിന്നുള്ള ഉൽപാദനക്കുറവിനൊപ്പം പുതിയ നിക്ഷേപകരുടെ എണ്ണത്തിലുണ്ടായ വർധനവും വിലകൾ ഉയരാൻ കാരണമായി. സിൽവർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകളനുസരിച്ച് 2018ൽ ആഗോള തലത്തിൽ വെള്ളിയുടെ ഡിമാന്റ് 4 ശതമാനം വർധിച്ചുവെങ്കിലും ഖനികളിലെ ഉൽപാദനം 2 ശതമാനം കുറയുകയാണുണ്ടായത്. അതേസമയം വെള്ളി അടിസ്ഥാനമായ നിക്ഷേപ വ്യാപാര ഫണ്ടുകൾ (ETF) നിക്ഷേപകരെ സംബന്ധിച്ചേടത്തോളം ആകർഷകമായിത്തീർന്നിരിക്കുന്നു. സ്വർണത്തെയപേക്ഷിച്ച് വെള്ളിക്കുള്ള വിലക്കുറവും സുരക്ഷിതത്വവുമാണിതിനു കാരണം. നടപ്പുവർഷം വെള്ളി വില മുന്നോട്ടു കൊണ്ടുപോകുന്ന ഏറ്റവും പ്രധാന ഘടകങ്ങൾ നിക്ഷേപ, വ്യവസായ രംഗങ്ങളിൽ നിന്നുള്ള ഡിമാന്റായിരിക്കും. ആഗോള സാമ്പത്തിക സ്ഥിതി ദുർബ്ബലമായി തുടരുകയാണെങ്കിൽ സുരക്ഷിത ലോഹമെന്ന വെള്ളിയുടെ പദവി തുടർന്നും നിലനിൽക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാൽ വെള്ളിയുടെ വ്യാവസായിക ഡിമാന്റും വർധിക്കും. അമേരിക്കൻ കേന്ദ്രബാങ്ക് 2020ന്റെ പകുതിവരെയെങ്കിലും പലിശ നിരക്കു വർധിപ്പിക്കാൻ സാധ്യതയില്ല. അതിനാൽ യുഎസ് ഡോളറിന്റെ മൂല്യം വൻതോതിൽ ഉയരാനുള്ള സാധ്യതകൾ കുറവാണ്. ഡോളറിന്റെ ദുർബലാവസ്ഥ അമൂല്യ ലോഹങ്ങളുടെ വില വർധിക്കാൻ ഇടയാക്കുകയും ചെയ്യും. ഇന്ത്യൻ വിപണിയിൽ സ്വർണ വിലറെക്കോഡ്നിലവാരത്തിലായതിനാൽ ആഭരണ മേഖലയിൽനിന്നും വെള്ളിക്കു കൂടുതൽ ഡിമാന്റുണ്ടാകാൻ സാധ്യതയുണ്ട്. അതേ സമയം ആഭ്യന്തര വിപണി വിലകളിൽ ഇന്ത്യൻ രൂപയുടെ പ്രകടനം നിർണായകമാവും. രൂപയുടെ മൂല്യശോഷണം വെള്ളിയുടെ ഇറക്കുമതി വിലകൾ വർധിക്കാൻ കാരണമാകും. അതുപോലെ രൂപയുടെ മൂല്യ വർധനവ് വെള്ളിവിലകളിൽ ഇടിവു സംഭവിക്കാനും ഇടയാക്കും. എങ്കിലും, ഒരു സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വെള്ളിക്കു കൂടുതൽ ആവശ്യമുണ്ടാകാനും വരുംവർഷങ്ങളിൽ സാധ്യതയുണ്ട്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി റിസർച്ച് വിഭാഗം തലവനാണ് ലേഖകൻ)

from money rss http://bit.ly/2RjFTyR
via IFTTT