കോവിഡ് ഡാറ്റ ശേഖരണത്തിന് യുഎസ് കമ്പനിയായ സ്പ്രിംഗ്ലറിനെ ഏൽപ്പിച്ചെന്ന വിവാദത്തിൽ സർക്കാറിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ചികിൽസാ വിവരങ്ങൾ അതിപ്രധാനമല്ലേ എന്നായിരുന്നു കോടതി ഉയർത്തിയ പ്രധാന ചോദ്യം. സ്പ്രിംഗ്ലർ വിവാദ കരാറിനെതിരെ അന്വേഷണമാവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെ കോടതി വാക്കാലാണ് ഇക്കാര്യങ്ങൾ പരാമർശിച്ചത്. വിഷയത്തിൽ സർക്കാർ കൃത്യമായ ഉത്തരങ്ങൾ നൽകാതെ ഇനി ഡാറ്റ അപ്ലോഡ് ചെയ്യരുത് എന്നാണ് കോടതിയുടെ നിർദേശം.
എന്നാൽ ഹർജിക്കാരൻ ഉന്നയിച്ച ഡാറ്റയുടെ സുരക്ഷിതത്വം സംബന്ധിച്ച ആശങ്കയോട് തണുപ്പൻ മട്ടിൽ പ്രതികരിച്ചതാണ് കോടതിയുടെ വിമർശനത്തിന് ഇടയാക്കിയത്. സേവനമായി മാത്രമാണ് സോഫ്റ്റ് വെയർ ഉപയോഗിക്കുന്നതെന്നും സർക്കാർ കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് സ്പ്രിംഗ്ലർ കമ്പനിയുടെ കൈയ്യിൽ ഡാറ്റാ സുരക്ഷിതമോയെന്ന് കോടതി ചോദിച്ചത്. പിന്നാലെ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും നിർദേശിക്കുകയായിരുന്നു.
അതേസമയം, വ്യക്തിയുടെ ആരോഗ്യ വിവരങ്ങൾ പ്രധാനപ്പെട്ട രേഖയെന്ന് വ്യക്തമാക്കിയ കോടതി കരാറിൽ മൂന്നാം കക്ഷിയുടെ ആവശ്യമെന്തെന്നും ഹൈക്കോടതി ചോദിച്ചു. വ്യക്തികളുടെ അനുവാദമില്ലാതെ വിവരങ്ങള്‍ കൈമാറരുതെന്നും കേന്ദ്ര ഏജന്‍സിയെ കൊണ്ട് ഇപ്പോഴുള്ള കരാറില്‍ ഫോറന്‍സിക് ഓഡിറ്റ് നടത്തണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ പ്രധാന ആവശ്യങ്ങൾ. കോവിഡ് രോഗികളുടെ വിവരശേഖരണം സര്‍ക്കാര്‍ ഏജന്‍സിക്ക് കൈമാറണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
* This article was originally published here