121

Powered By Blogger

Wednesday, 6 May 2020

കോടതിയുടെ ഇടപെടലില്ലാതെ കുടിശ്ശിക്കാരുടെ ആസ്തി ഇനി സഹ.ബാങ്കുകള്‍ക്കും കണ്ടുകെട്ടാം

ന്യൂഡൽഹി: സഹകരണ ബാങ്കുകളും സർഫാസി നിയമത്തിന്റെ കീഴിൽ വരുമെന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. അതായത്, കുടിശ്ശികക്കാരുടെ ആസ്തികൾ കണ്ടുകെട്ടാൻ സഹകരണ ബാങ്കുകൾക്കും സർഫാസി നിയമപ്രകാരം നടപടി സ്വീകരിക്കാം. ഇതുസംബന്ധിച്ച 2003-ലെ വിജ്ഞാപനം സുപ്രീംകോടതി ശരിവെച്ചു. കോടതിയുടെ ഇടപെടലില്ലാതെതന്നെ കുടിശ്ശികക്കാരുടെ ആസ്തികൾ കണ്ടുകെട്ടാൻ ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും അധികാരം നൽകുന്നതാണ് 2002-ലെ സർഫാസി (സെക്യൂരിറ്റൈസേഷൻ ആൻഡ് റീകൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസെറ്റ്സ് ആൻഡ് എൻഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ്) നിയമം. സഹകരണ സംഘങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന ബാങ്കുകൾക്കും സർഫാസി നിയമം ബാധകമാണോയെന്നതു സംബന്ധിച്ച കോടതിവിധികളിൽ വൈരുധ്യമുണ്ടായ സാഹചര്യത്തിലാണ് വിഷയം ഭരണഘടനാ ബെഞ്ചിലെത്തിയത്. സംസ്ഥാന നിയമത്തിനു കീഴിലുള്ള സഹകരണ ബാങ്കുകളും ബഹുസംസ്ഥാന (മൾട്ടി സ്റ്റേറ്റ്) സഹകരണ ബാങ്കുകളും സർഫാസി നിയമത്തിലെ 'ബാങ്കുകൾ' എന്ന വിഭാഗത്തിൽ വരുന്നതാണെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ബാങ്കിങ് നിയന്ത്രണ നിയമത്തിൽ പറയുന്ന 'ബാങ്കിങ് കമ്പനി'യുടെ നിർവചനത്തിൽ സഹകരണ ബാങ്കുകളും ഉൾപ്പെടും. 1949-ലെ ബാങ്കിങ് റെഗുലേഷൻ നിയമവും റിസർവ് ബാങ്ക് നിയമവും പാലിക്കാതെ സഹകരണ ബാങ്കുകൾക്ക് പ്രവർത്തിക്കാനാവില്ല. 1965-ലാണ് ബാങ്കിങ് നിയന്ത്രണ നിയമം സഹകരണ ബാങ്കുകൾക്കുകൂടി ബാധകമാക്കിയത്. സർഫാസി നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് 2013-ൽ മൾട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളെക്കൂടി അതിനുകീഴിൽ ഉൾപ്പെടുത്തി. മഹാരാഷ്ട്ര സഹകരണ സൊസൈറ്റി നിയമം, ആന്ധ്രാപ്രദേശ് സഹകരണ സൊസൈറ്റി നിയമം, മൾട്ടി സ്റ്റേറ്റ് സഹകരണ സൊസൈറ്റി നിയമം എന്നിവയ്ക്ക് കീഴിൽ സ്ഥാപിക്കപ്പെട്ട സഹകരണ ബാങ്കുകൾ ബാങ്കിങ് റെഗുലേഷൻ നിയമത്തിലെ ബാങ്കിങ് കമ്പനിയുടെ നിർവചനത്തിൽ വരില്ലെന്ന് 2007-ൽ സുപ്രീംകോടതിയുടെ മൂന്നംഗബെഞ്ച് വിധിച്ചിരുന്നു. ഇത്തരത്തിൽ വൈരുധ്യമുള്ള വിധികൾ വന്നതിനെത്തുടർന്നാണ് വിഷയം ഭരണഘടനാ ബെഞ്ചിനു വിട്ടത്. സർഫാസി നിയമത്തിലെ 13-ാം വകുപ്പ് പ്രകാരമുള്ള റിക്കവറി നടപടികൾ സഹകരണ ബാങ്കുകൾക്കും ബാധകമാണെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. സർഫാസി നിയമത്തിലെ രണ്ടാം (1)(സി) വകുപ്പിൽ പറയുന്ന ബാങ്കുകളുടെ നിർവചനത്തിലും സഹകരണ ബാങ്കുകൾ ഉൾപ്പെടും.

from money rss https://bit.ly/2Wyl57Y
via IFTTT