121

Powered By Blogger

Wednesday, 6 May 2020

നമുക്ക് സൃഷ്ടിക്കാം, ബിസിനസ് സൗഹൃദാന്തരീക്ഷം

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻപന്തിയിൽ നിന്നുകൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ സംസ്ഥാനത്തിന്റെ വ്യാവസായിക മുന്നേറ്റത്തിന് മുതൽകൂട്ടാക്കാം. കോവിഡ് പശ്ചാത്തലത്തിൽ 'സുരക്ഷിതമായി ജീവിക്കാൻ പറ്റിയ ഇടം' എന്ന ധാരണ ലോക രാഷ്ട്രങ്ങൾക്കിടയിൽ ഉണ്ടാക്കിയെടുക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. ഇനി വേണ്ടത് കമ്പനികൾക്ക് വളരാൻ ആവശ്യമായ 'വിത്തും വളവും' ഒരുക്കുകയാണ്. ഇതിനായി വ്യക്തമായ ആസൂത്രണങ്ങളോടു കൂടിയ പദ്ധതികൾ സർക്കാർതലത്തിൽ ഉണ്ടാകണം. ബിസിനസ് സ്വാതന്ത്ര്യംഉറപ്പാക്കണം മാനുഫാക്ചറിങ്, ടെക് ഭീമന്മാരുൾപ്പെടെ 30 ശതമാനത്തിലധികം കമ്പനികളാണ് ചൈനയ്ക്ക് പുറത്ത് ബദൽ നിക്ഷേപ കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയിരിക്കുന്നത്. കോവിഡാനന്തരം ആയിരത്തോളം കമ്പനികൾ ഇന്ത്യയിലേക്ക് വരുമെന്നാണ് പ്രതീക്ഷ. ഇത്തരത്തിൽ ഇന്ത്യയിൽ നിക്ഷേപ സാധ്യത തേടുന്ന കമ്പനികളെ എങ്ങനെ കേരളത്തിലേക്ക് കൊണ്ടുവരാമെന്നതാണ് നമുക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇത് പരിഹരിക്കുന്നതിന് സർക്കാർ ആദ്യം ചെയ്യേണ്ടത് വിദേശ കമ്പനികൾക്ക് ഇവിടെ സുഗമമായ ബിസിനസ് അന്തരീക്ഷമൊരുക്കുകയാണ്. 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്' റാങ്കിങ്ങിൽ കേരളത്തിന്റെ സ്ഥാനം വളരെ പിറകിലാണ്. ഇത് മാറണം. ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപ കേന്ദ്രങ്ങളിലൊന്നാണ് കേരളം എന്ന ധാരണ കമ്പനികൾക്കിടയിൽ ഉണ്ടാക്കാൻ കഴിയണം. വിദേശ കമ്പനികൾക്ക് ആനുകൂല്യങ്ങൾ നൽകാൻ സർക്കാരിന് കഴിയണം. സാമ്പത്തികമായ ആനുകൂല്യങ്ങളല്ല, മറിച്ച് സുഗമമായ ബിസിനസ് സ്വാതന്ത്ര്യം ഉറപ്പുനൽകണം. അടിസ്ഥാന സൗകര്യം കമ്പനികൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം. ഇപ്പോൾ സംസ്ഥാനത്ത് വ്യവസായം തുടങ്ങാൻ ഉദ്ദേശിക്കുന്ന കമ്പനികൾക്ക്, അപേക്ഷിച്ച് ഒരാഴ്ചയ്ക്കകം ലൈസൻസുകളും അനുമതികളും നൽകുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. എല്ലാ അനുമതികളും ഈ കാലയളവിനുള്ളിൽ നൽകാൻ കഴിയണം. പക്ഷേ, ഒരു വർഷത്തിനകം എല്ലാ നിബന്ധനകളും കമ്പനികൾ പാലിക്കണമെന്ന് പറയുമ്പോഴാണ് ബുദ്ധിമുട്ടുണ്ടാകുന്നത്. അതുകൊണ്ട് യാതൊരു പഴുതുകളുമില്ലാതെ, തീർത്തും സുതാര്യമായ രീതിയിൽ ആയിരിക്കണം ഒരാഴ്ചയ്ക്കകം എല്ലാ അനുമതികളും നൽകുന്നത്. വിവേചനാധികാരം ആർക്കും കൊടുക്കരുത്. ഒന്നുംചെയ്യാതെ കിടക്കുന്ന സർക്കാർഭൂമി ചെറിയ വ്യവസായ മേഖലകളോ പാർക്കുകളോ ആക്കി മാറ്റി കമ്പനികൾക്ക് നൽകണം. ഈ ഒരു സ്ട്രാറ്റജിയുമായി മുന്നോട്ടു പോകുകയാണെങ്കിൽ ഇവിടെ കമ്പനികൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല. മാനുഫാക്ചറിങ് സോണുകൾ രൂപവത്കരിക്കണം. കൊച്ചി-പാലക്കാട് വ്യാവസായിക ഇടനാഴി വരുന്നുണ്ട്. അതുപോലെ, വിഴിഞ്ഞം തുറമുഖത്തിനടുത്തും കണ്ണൂർ വിമാനത്താവളത്തിനടുത്തുമുള്ള വ്യാവസായിക മേഖലകളെല്ലാം നിക്ഷേപം ആകർഷിക്കുന്നതിനുള്ള ഇടങ്ങളാക്കണം. രാഷ്ട്രീയ പാർട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും ഉപദ്രവം ഉണ്ടാകില്ലെന്നും സർക്കാർ ഉറപ്പുനൽകണം. ഏതു പ്രതികൂല സാഹചര്യങ്ങളിൽ നിന്നുമുള്ള സംരക്ഷണവും കമ്പനികൾക്ക് നൽകണം. സർക്കാരിന് അധികം പണച്ചെലവില്ലാതെ ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളിതൊക്കെയാണ്. അതിനായി ഒരു ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. മറ്റ് തലങ്ങളിലൊന്നും ഇടപെടലില്ലാതെ അദ്ദേഹം റിപ്പോർട്ട് ചെയ്യേണ്ടതും അനുസരിക്കേണ്ടതും മുഖ്യമന്ത്രിയെ മാത്രമായിരിക്കണം. കരുത്തുകാട്ടാൻ ഈ മേഖലകൾ ലൈഫ് സയൻസ്, ഫാർമ, ബയോ ടെക്നോളജി, മെഡിക്കൽ ഡിവൈസ്, ഷിപ്പ് ബിൽഡിങ്, ഇലക്ട്രോണിക് ഡിവൈസ്, ഇലക്ട്രോണിക് എക്യുപ്മെന്റ്സ് എന്നീ മേഖലകളിലാണ് കേരളത്തിന് സാധ്യതകളുള്ളത്. ഇതിനായുള്ള അടിസ്ഥാന സൗകര്യങ്ങളും ഇവിടെയുണ്ട്. നൈപുണ്യമുള്ള തൊഴിലാളികളെ ആവശ്യമുള്ള കമ്പനികളായിരിക്കും കേരളം നിക്ഷേപ കേന്ദ്രമായി തിരഞ്ഞെടുക്കുക. (ടെക്നോപാർക്ക് സ്ഥാപക സി.ഇ.ഒ.യും പ്ലാനിങ് ബോർഡ് മുൻ അംഗവുമാണ് ലേഖകൻ)

from money rss https://bit.ly/2yzJ270
via IFTTT