കോവിഡ് രോഗ ബാധിതർക്ക് മികച്ച ചികിൽസ നൽകാൻ ഐസൊലേഷനാണ് ഏറ്റവും മികച്ച മാർഗ്ഗം. എന്നാൽ രോഗികൾ കുട്ടികളായാലോ. ഡൽഹിയിലെ കലാവതി സരൺ ചിൽഡ്രൺസ് ഹോസ്പിറ്റലിൽ കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ച രണ്ട് വയസ്സുകാരന്റെ ഐസൊലേഷൻ വെല്ലുവിളിയാവുകയാണെന്നാണ് ഡോക്ടർമാർ പറയുന്നത്.
വെള്ളിയാഴ്ചയാണ് ഡൽഹിയിലെ കലാവതി സരൺ ചിൽഡ്രൺസ് ഹോസ്പിറ്റലിൽ ചികിൽസയിലിരുന്ന രണ്ട് വയസ്സുകാരന് കോവിഡ് 19 സ്ഥിരീകരിച്ചത്. കുട്ടിക്ക് എവിടെ നിന്ന് രോഗബാധയുണ്ടായെന്ന് കണ്ടെത്താനായിട്ടില്ല. കുട്ടിയുടെ രക്ഷിതാക്കളുടെ പരിശോധനാ ഫലം ഇതുവരെ വന്നിട്ടുമില്ല. ഇവർ ലേഡിഹാർഡിങ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. വെള്ളിയാഴ്ച രാത്രിയോടെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയ രണ്ട് വയസ്സുകാരന് കോവിഡ് പരിചരണം നൽകുന്നതിനെ കുറിച്ച് വിവരിക്കുകയാണ് കലാവതി ആശുപതിയിലെ ആരോഗ്യ പ്രവർത്തകർ.
വ്യാഴാഴ്ചയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച പരിശോധനാ ഫലം പുറത്തുവന്നു. ആശുപത്രിയിലെ കടുത്ത അക്യൂട്ട് റെസ്പിറേറ്ററി വാർഡിലായിരുന്നു നേരത്തെ കുട്ടി കഴിഞ്ഞിരുന്നത്. ഫലം വന്നതിന് ശേഷം കോവിഡ് വാർഡിലേക്ക് മാറ്റി. കൊറോണ വൈറസ് കെയർ വിഭാഗത്തിലേക്ക് മാറ്റിയ ശേഷം ആദ്യത്തെ കുറച്ച് മണിക്കൂറുകൾ കുട്ടിക്ക് പ്രശ്നങ്ങൾ ഒന്നും ഉണ്ടയായിരുന്നില്ല. കളികളുമായി തുടരുകയായിരുന്നു, എന്നാൽ സമയം കടന്നുപോകുന്തോറും അവൻ അസ്വസ്ഥനായിത്തുടങ്ങുകയായിരുന്നു. രക്ഷിതാക്കളുടെ അസാന്നിധ്യമായിരുന്നു കുട്ടിയിൽ ആശങ്ക സൃഷ്ടിച്ചത്. ഡോക്ടർ പറയുന്നു. "മറ്റ് രോഗികളിൽ നിന്നും വ്യത്യസ്ഥമായി കുഞ്ഞുങ്ങളെ പരിപാലിക്കുന്നത്, പ്രത്യേകിച്ച് മാതാപിതാക്കളില്ലാതെ ഒറ്റപ്പെടലിൽ കഴിയേണ്ടിവരുമ്പോൾ വളരെ ബുദ്ധിമുട്ടാണ്," ആശുപത്രിയിലെ ഒരു നഴ്സും പ്രതികരിക്കുന്നു.
കുട്ടി ഇപ്പോഴും മുലപ്പാല്‍ കുടിച്ചിരുന്നു എന്നതും ജോലി കൂടുതൽ വെല്ലുവിളിയായി. രോഗബാധ കണ്ടെത്തിയ പശ്ചാത്തലത്തിൽ അമ്മയ്ക്ക് നേരിട്ട് കുഞ്ഞിന് പാൽ നൽകാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതോടെ അമ്മയിൽ നിന്നുള്ള പാൽ ശേഖരിച്ച് ഒരു നഴ്സ് സ്പൂണും ഉപയോഗിച്ച് കുട്ടിക്ക് നൽകുകയാണ് ചെയ്തത്.
"രാത്രി 8.30 ഓടെ ഞങ്ങൾ ആദ്യത്തെ ഭക്ഷണം നൽകി, അതിനുശേഷം കുഞ്ഞ് കുറച്ചു നേരം കളിച്ചു. എന്നാൽ രാത്രി കടന്നുപോകുമ്പോഴും കുട്ടിക്ക് പരിചിതമായ മുഖമൊന്നും കാണാത്തതിനാൽ അവൻ പരിഭ്രാന്തരാകാൻ തുടങ്ങി, " നഴ്സ് പറഞ്ഞു. ഐസൊലേഷൻ വാർഡിലെ ജീവനക്കാരുടെ വേഷവിധാനങ്ങളും കുട്ടിക്ക് പ്രശ്നമായിത്തുടങ്ങി. തല മുതൽ കാൽ വരെ മൂടുന്ന പിപിഇ കിറ്റുകള്‍ ധരിക്കുന്ന ആശുപത്രി ജീവനക്കാർ വാർഡിലേക്ക് വരുന്നത് കുഞ്ഞിനെ ഭയപ്പെട്ടിരിക്കാം. ഇതിനിടെ ഉറങ്ങിയ കുട്ടി ശനിയാഴ്ച പുലർച്ചെ 4 മണിയോടെ വീണ്ടും എഴുന്നേറ്റ് കരഞ്ഞു
"ഈ സയമങ്ങളിലെല്ലാം കുഞ്ഞിന് എന്തെങ്കിലും ശാരീരിക അസ്വസ്ഥതകൾ ഉണ്ടോയെന്ന് പരിശോധിക്കുകയും ഡയപ്പർ മാറ്റുകയും ചെയ്ത് ജീവനക്കാർ കുടെയുണ്ടായിരുന്നു. എന്നിരുന്നാലും മുഴുവൻ സമയവും കുഞ്ഞ് അസ്വസ്ഥനായിരുന്നെന്നും വാർഡിലെ മറ്റൊരു നഴ്സ് പറയുന്നു.
കുട്ടിയുടെ മാതാപിതാക്കളുടെ പരിശോധനാ ഫലം വരും ദിവസങ്ങളിൽ നെഗറ്റീവ് ആയാൽ കുട്ടിയെ കാണാനും പരിചരിക്കാനും അനുവദിക്കും. എന്നാൽ സുരക്ഷാ ഉപകരണങ്ങൾ പൂർണ്ണമായും സജ്ജമാക്കിയതിനുശേഷം മാത്രമേ ഇത് സാധ്യമാവു എന്നും ആരോഗ്യ സംരക്ഷണ വിദഗ്ധർ വ്യക്തമാക്കുന്നു. കുട്ടിയുടെ പരിചരണം വെല്ലുവിളിയാണെങ്കിലും മികച്ച ചികിൽസ ഉറപ്പാക്കാൻ തങ്ങൾ തയ്യാറാണെന്നും ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടുന്നു. നേരത്തെ 45 ദിവസം പ്രായമായ കുഞ്ഞിനും കലാവതി സരൺ ആശുപത്രിയിൽ കോവിഡ് 19 ന് ചികിൽസ നൽകിയിട്ടുണ്ട്.
* This article was originally published here