121

Powered By Blogger

Tuesday, 16 June 2020

കോവിഡ് റിപ്പോർട്ടിംങിനിടയിൽ ഇന്ത്യയില്‍ 25 മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നിയമ നടപടികളും ആക്രമണങ്ങളും ഉണ്ടായെന്ന് റിപ്പോര്‍ട്ട്

കോവിഡ് 19 മഹാമാരി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇന്ത്യയിലെ 25 മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നിയമനടപടിയും ആക്രമണങ്ങളുമുണ്ടായെന്ന് റിപ്പോര്‍ട്ട്. റൈറ്റസ് ആന്റ് റിസ്‌ക്‌സ് അനാലിസിസ് ഗ്രൂപ്പ് നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 25 മുതല്‍ മെയ് 31 വരെയുള്ള സമയത്തിനുള്ളിലാണ് ഇത്രയും പേര്‍ക്കെതിരെ നടപടിയുണ്ടായത്. 10 മാധ്യമ പ്രവര്‍ത്തകര്‍ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടു.

എഫ്‌ഐആറുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെടുക, അറസ്റ്റ് ഭീഷണിയുണ്ടാകുക, ആക്രമണങ്ങള്‍ നേരിടുക തുടങ്ങിയ നടപടികളാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടിവന്നതെന്ന് റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.
ഉത്തര്‍പ്രദേശിലാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കൂടുതല്‍ ഭീഷണികളും എതിര്‍പ്പും നേരിടേണ്ടി വന്നത്. 11 കേസുകളാണ് ഉത്തര്‍പ്രദേശിലുണ്ടായത്. ജമ്മു കാശ്മീരില്‍ ആറ് മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് അവരുടെ ജോലി ചെയ്തതിന്റെ പേരില്‍ നടപടി നേരിട്ടത്. ഹിമാചല്‍ പ്രദേശില്‍ അഞ്ചും പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും ഒഡീസയിലും നാലും കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്യുന്നതിന് ഏറ്റവും വിഷമം പിടിച്ച സ്ഥലങ്ങളിലൊന്നായി ഇന്ത്യ മാറിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മഹാമാരിയുടെ തുടക്കം മുതല്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ വസ്തുതകള്‍ മൂടിവെയ്ക്കാനാണ് ശ്രമിച്ചിരുന്നതെന്നും റൈറ്റസ് ആന്റ് റിസ്‌ക്‌സ് അനാലിസിസ് ഗ്രൂപ്പ് ഡയറക്ടര്‍ സുകാസ് ചക്മ പറഞ്ഞു. മഹാമാരി കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവിവിധ പോരായ്മകളും പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കെതിരെ പല തരത്തിലുള്ള നടപടികളാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ലോക് ഡൗണ്‍ നടപ്പിലാക്കിയതിന് ശേഷം അതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളുടെ പേരില്‍ 22 മാധ്യമപ്രവര്‍ത്തകരുടെ പേരിലാണ് കേസ് എടുക്കപ്പെട്ടിട്ടുള്ളത്. ഇന്ത്യന്‍ ശിക്ഷാനിയമം, ഐടി ആക്ട്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട്, മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട്, എസ് സി, എസ് ടി ആക്ട് തുടങ്ങിയ നിയമങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തത്.
വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്നതിന്റെ പേരിലാണ് 10 മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. തെറ്റായ വിവരങ്ങള്‍ നല്‍കി ഭരണ സംവിധാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നതിന്റെ പേരില്‍ ഏഴ് പേര്‍ക്കെതിരെ നോട്ടീസ് അയച്ചു. ഒമ്പത് മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തെലങ്കാനയിലെ ഒരു എംഎല്‍എയ്‌ക്കെതിരെ വാര്‍ത്ത നല്‍കിയതിന് മാധ്യമപ്രവര്‍ത്തകന്റെ വീട് തകര്‍ത്ത സംഭവമുണ്ടായി. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായ ആക്രമണങ്ങളുണ്ടായെങ്കിലും ഇതില്‍ നാല് കേസുകളില്‍ മാത്രമാണ് പ്രസ് കൗണ്‍സില്‍ ഇടപെട്ടതെന്ന് ചക്മ പറഞ്ഞു. ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനം വലിയ ഭീഷണി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.



* This article was originally published here