121

Powered By Blogger

Sunday, 21 June 2020

ചൈനീസ് ബഹിഷ്‍കരണം എളുപ്പമല്ല

2020 ഫെബ്രുവരിവരെയുള്ള കണക്കുപ്രകാരം ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരക്കമ്മി ഏകദേശം 4700 കോടി ഡോളർ (3.58 ലക്ഷം കോടി രൂപ) ആണ്. അതിനർഥം 3.58 ലക്ഷം കോടിയുടെ വസ്തുക്കൾ ഇന്ത്യ അധികമായി ഇറക്കുമതി ചെയ്യുന്നെന്നാണ്. അസംസ്കൃതവസ്തുക്കൾ കൂടുതൽ കയറ്റുമതി ചെയ്യുന്പോൾ മൂല്യവർധിത ഉത്പന്നങ്ങളും രാസസംയുക്തങ്ങളും ഉപഭോക്തൃ ഉത്പന്നങ്ങളുമാണ് ഇറക്കുമതി ചെയ്യുന്നത്. ചൈനയോടുള്ള ആശ്രിതത്വം കുറയ്ക്കാൻ ഇന്ത്യ ശ്രമിച്ചുതുടങ്ങിയിട്ട് ഏറെ നാളായെങ്കിലും ഇനിയുമത് ലക്ഷ്യംകണ്ടിട്ടില്ല. ഔഷധനിർമാണം, സ്മാർട്ട് ഫോൺ, ഇലക്ട്രോണിക്- ഇലക്ട്രിക്കൽ ഉത്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ, വലിയ യന്ത്രങ്ങളും അവയുടെ ഘടകങ്ങളും തുടങ്ങി എല്ലാ മേഖലയിലും ഇന്ത്യൻ വിപണിയിൽ കാണുന്നത് ചൈനയുടെ സന്പൂർണാധിപത്യമാണ്. ചൈനയിലെ ഒരു വീട്ടിൽപ്പോലും ഇന്ത്യൻനിർമിത ഉത്പന്നങ്ങൾ ഉണ്ടാകില്ല. എന്നാൽ, ഇന്ത്യയിലെ ഓരോ വീട്ടിലും ഉപയോഗിക്കുന്ന മൊബൈൽഫോൺമുതൽ റെഫ്രിജറേറ്റർ, ടെലിവിഷൻ തുടങ്ങി എല്ലാ ഉപകരണങ്ങളിലും അതിൻറെ ഘടകങ്ങളിലും ചൈനീസ് സാന്നിധ്യമുണ്ട്. ഇവയെ ബഹിഷ്കരിച്ചുകൊണ്ട് ഇന്ത്യൻ നിർമിത ഉത്പന്നങ്ങളെ പകരംവെക്കാൻ ഒറ്റദിവസംകൊണ്ടു കഴിയില്ല. അതിന് വർഷങ്ങളെടുക്കും. വിപുലമായ അടിസ്ഥാന സൗകര്യങ്ങളും ഉയർന്ന നിക്ഷേപവും അതിന് ആവശ്യമായുണ്ട്. ഔഷധനിർമാണം ഇന്ത്യയിൽ ഔഷധ നിർമാണത്തിനായുള്ള രാസഘടകങ്ങളുടെ 80 ശതമാനവും എത്തുന്നത് ചൈനയിൽനിന്നാണ്. ഇതു പെട്ടെന്ന് നിർത്തിയാൽ ജീവൻരക്ഷാ മരുന്നുകളുടെയും ആൻറിബയോട്ടിക്കുകളുടെയും ഉത്പാദനം നിലയ്ക്കും. എറിത്രോമൈസിൻ, സെഫാലോസ്പോറിൻസ്, പെൻസിലിൻ പോലുള്ള മരുന്നുകളുടെ നിർമാണത്തിനുള്ള 90 ശതമാനം ഘടകങ്ങൾക്കും ഇന്ത്യൻ കന്പനികൾ ആശ്രയിക്കുന്നത് ചൈനയെയാണ്. 2019-ൽ 17,400 കോടി രൂപയുടെ ആക്ടീവ് ഫർമസ്യൂട്ടിക്കൽ ഇൻഗ്രേഡിയൻറ്സ് (എ.പി.ഐ.) ചൈനയിൽനിന്ന് ഇറക്കുമതി ചെയ്തിട്ടുണ്ട്. കോവിഡ് വ്യാപനത്തെത്തുടർന്ന് ചൈനയിൽനിന്ന് രാസസംയുക്തങ്ങളുടെ വരവുകുറഞ്ഞത് വിലവർധനയ്ക്ക് കാരണമായിരുന്നു. ചൈനയുമായി സംഘർഷം മുറുകിവരുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ പുതിയ സ്രോതസ്സുകൾക്കായി ശ്രമിക്കുന്നുണ്ട്. ഇത് ചെലവുയർത്തും. ഓരോ മരുന്നിന്റെയും വില കൂടും. അതായത്, ചൈനീസ് ഉത്പന്ന ബഹിഷ്കരണം ഈ മേഖലയിൽ പെട്ടെന്ന് പ്രായോഗികമല്ല. 20 വർഷംമുന്പ് മരുന്നുകൾക്കുള്ള രാസസംയുക്തങ്ങൾ ഇന്ത്യയിൽത്തന്നെ ഉത്പാദിപ്പിച്ചിരുന്നു. ചെലവുചുരുക്കലിൻറെ ഭാഗമായി ഇന്ത്യൻ ഫാർമ കന്പനികൾ ചൈനയെ ആശ്രയിക്കാൻ തുടങ്ങിയതോടെ ഇതു നിലച്ചു. 1991-ൽ ഔഷധ രാസസംയുക്ത ഇറക്കുമതി ഒരു ശതമാനം മാത്രമായിരുന്നത് 2019-ൽ 70 ശതമാനത്തിലെത്തി. സ്മാർട്ട്ഫോൺ-ഇലക്ട്രോണിക് ഇന്ത്യയിൽ ഏറ്റവുമധികം വിൽപ്പനയുള്ള ഫോൺ ബ്രാൻഡുകളായ എം.ഐ., ഷവോമി, വിവോ, റിയൽമി, ഒപ്പോ തുടങ്ങിയവയെല്ലാം ചൈനീസ് കന്പനികളാണ്. ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയുടെ 60 മുതൽ 70 ശതമാനംവരെ ഈ കന്പനികൾ കൈവശപ്പെടുത്തിക്കഴിഞ്ഞു. ഇന്ത്യയിലാണ് ഉത്പാദനമെങ്കിലും (അസംബ്ലിങ് മാത്രം) ഘടകങ്ങളെല്ലാം നിർമിക്കുന്നത് ചൈനയിൽത്തന്നെ. ലനോവോ, ആപ്പിൾ, സാംസങ് പോലുള്ള മറ്റു രാജ്യങ്ങളിലെ കന്പനികളുടെയും ഘടകങ്ങളെത്തുന്നത് ചൈനയിൽനിന്നാണ്. സ്മാർട്ട്ഫോണിൻറെ കാര്യത്തിൽ മാത്രമല്ല, ടെലിവിഷൻ, ലാപ് ടോപ്പുകൾ, കംപ്യൂട്ടർ, റെഫ്രിജറേറ്റർ, എയർ കണ്ടീഷണറുകൾ എന്നിങ്ങനെ എല്ലാ മേഖലയിലും ചൈനയുടെ ആധിപത്യം പ്രകടമാണ്. ലാപ്ടോപ്പ് വിപണിയിലും സ്മാർട്ട് ടി.വി. വിപണിയിലും ചൈനീസ് മൊബൈൽ കന്പനികൾ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. കുറഞ്ഞവിലയിൽ മികച്ച സാങ്കേതിക മേന്മയുള്ള ഉത്പന്നങ്ങളെത്തിക്കാനാകുന്നെന്നതാണ് ഈ കന്പനികളുടെ ഉത്പന്നങ്ങളിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുന്നത്. 2017-'18 കാലത്ത് ഇന്ത്യയുടെ ഇലക്ട്രിക്കൽ-ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ 60 ശതമാനം വിപണി ആവശ്യങ്ങളും പരിഹരിച്ചത് ചൈനയായിരുന്നു. ചൈനയുടേതിനു സമാനമായി ഇലക്ട്രോണിക് നിർമാണരംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് വർഷങ്ങൾ വേണ്ടിവരുമെന്ന് എച്ച്.പി.യുടെയും ലനോവോയുടെയും മേധാവികൾ ഒരുപോലെ പറയുന്നു. വേണ്ടത് ആസൂത്രണവും കാര്യക്ഷമമായ നടപ്പാക്കലും ഉത്പാദനമേഖലയിൽ ഗവേഷണ പ്രവർത്തനങ്ങൾ പരിപോഷിപ്പിച്ച് ആഭ്യന്തര ഉത്പാദന പ്രക്രിയ വർധിപ്പിക്കേണ്ട സമയമായെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇനിയും ഇന്ത്യക്ക് ചൈനയെ അമിതമായി ആശ്രയിക്കാനാകില്ലെന്നും അദ്ദേഹം തുറന്നു സമ്മതിക്കുന്നു. ഇതിനുള്ള നയരൂപവത്കരണം മുന്നോട്ടുപോകുകയാണെന്നാണ് മന്ത്രി നൽകുന്ന സൂചന. മികച്ച ആസൂത്രണവും കാര്യക്ഷമമായ രീതിയിൽ പദ്ധതികൾ നടപ്പാക്കലുമാണ് ഇതിനുവേണ്ടത്. വിദേശ കന്പനികളെ ഇന്ത്യയിൽ നിക്ഷേപവുമായി എത്തിക്കാനാവശ്യമായ സാഹചര്യങ്ങളൊരുക്കി നൽകുകയാണ് വേണ്ടത്. • ഇന്ത്യയുടെ ഏറ്റവും ഉയർന്ന വ്യാപാരക്കമ്മി ചൈനയുമായി. 2019 സാന്പത്തികവർഷം 5350 കോടി ഡോളർ (ഏകദേശം 4.07 ലക്ഷം കോടി രൂപ). 2019 ഏപ്രിൽമുതൽ 2020 ഫെബ്രുവരിവരെ വ്യാപാരക്കമ്മി 4680 കോടി ഡോളറാണ് (3.56 ലക്ഷം കോടി രൂപ). • ഇന്ത്യയിൽനിന്നുള്ള കയറ്റുമതിയിൽ ചൈന മൂന്നാമതു മാത്രം. 8.70 ശതമാനം വിപണിവിഹിതം. 16.90 ശതമാനവുമായി അമേരിക്ക ഒന്നാമത്. 9.30 ശതമാനവുമായി യു.എ. ഇ. രണ്ടാമത് • രാജ്യത്തേക്കുള്ള ഇറക്കുമതിയിൽ 17.60 ശതമാനം വിഹിതവുമായി ചൈന മുന്നിൽ. അമേരിക്കയ്ക്ക് 7.60 ശതമാനവും യു.എ.ഇ.യ്ക്ക് 6.40 ശതമാനവുമാണ് വിഹിതം. സ്റ്റാർട്ടപ്പുകളിലെ നിക്ഷേപം ഇന്ത്യൻ സ്റ്റാർട്ടപ്പ് സംരംഭങ്ങളിൽ അഞ്ചുവർഷത്തിനിടെ ചൈനയിലെ ടെക് കന്പനികൾ നടത്തിയിരിക്കുന്ന നിക്ഷേപം 550 കോടി ഡോളറിനടുത്തു(42,000 കോടി രൂപ)വരും. ബിഗ് ബാസ്കറ്റ്, സൊമാറ്റോ, പേടിഎം, പേടിഎം മാൾ, സ്നാപ്ഡീൽ, ഒല, സ്വിഗ്ഗി പോലുള്ള ടെക്നോളജി സ്റ്റാർട്ടപ്പുകളിൽ ആലിബാബ, ഷവോമി, ടെൻസെൻറ്, ചൈന-യുറേഷ്യ ഇക്കണോമിക് കോ-ഓപ്പറേഷൻ ഫണ്ട്, ദീദി ഷുസിങ്, ഷൻവേ കാപിറ്റൽ, ഫോസൺ കാപിറ്റൽ തുടങ്ങിയ സംരംഭങ്ങളാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. ഔദ്യോഗികമായി ചൈനയിൽനിന്ന് നേരിട്ടുള്ള വിദേശനിക്ഷേപം 234 കോടി ഡോളർ (17,800 കോടി രൂപ) ആണ്. അതേസമയം, മറ്റു രാജ്യങ്ങൾ മുഖേനയുള്ളതുകൂടി ചേർത്താൽ ഇത് 600-800 കോടി ഡോളർവരെ (45,000 മുതൽ 60,000 കോടി രൂപവരെ) വരുമെന്ന് വിവിധ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ അടിസ്ഥാനസൗകര്യ വികസന മേഖലയിൽ അടുത്തിടെയായി ചൈനീസ് സ്ഥാപനങ്ങൾ വലിയതോതിൽ നിർമാണ കരാറുകൾ ഏറ്റെടുക്കുന്നുണ്ട്. ഇന്ത്യയിലെ റീജണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റംസിൽ ജൂൺ 12-ന് ചൈനയിൽനിന്നുള്ള ഷാങ്ഹായ് ടണൽ എൻജിനിയറിങ് കന്പനി 1126 കോടി രൂപയുടെ കരാറാണ് നേടിയത്. റെയിൽവേ, റോഡ്, പാലങ്ങൾ തുടങ്ങിയ നിർമാണപദ്ധതികളിലെല്ലാം ചൈനീസ് കന്പനികളുടെ സാന്നിധ്യം ഉയരുന്നു. ചൈനയിൽനിന്നുള്ള വിനോദസഞ്ചാരികൾ വഴി ഇന്ത്യക്കു ലഭിച്ചിരുന്ന വാർഷിക വരുമാനം 4000 കോടി രൂപയ്ക്കു മുകളിലാണ്. Content Highlights: Possibility of Boycott china call in India

from money rss https://bit.ly/3fPBnkL
via IFTTT