121

Powered By Blogger

Monday, 29 June 2020

നിക്ഷേപ പലിശകുറയുമ്പോള്‍ പരമാവധി ആദായംനേടാനുള്ള വഴികള്‍

ഏതാനും മാസംമുമ്പ് അമേരിക്കൻ കേന്ദ്രബാങ്ക് പലിശ നിരക്ക് പൂജ്യം ശതമാനത്തിനടുത്തായി കുറച്ചനടപടിയെ പിന്തുണച്ചവരും എതിർത്തവരുമുണ്ട്. മാന്ദ്യംനേരിടുന്ന സമ്പദ്വ്യവസ്ഥയെ സഹായിക്കാനുള്ള നടപടിയായാണ് ചിലർ ഇതിനെകണ്ടത്. എന്നാൽ യുഎസ് സമ്പദ്വ്യവസ്ഥയിലെ മിച്ചംപിടിക്കുന്നവരെ സംബന്ധിച്ചേടത്തോളം നിരക്ക് ഇത്രയുംകുറഞ്ഞത് ശിക്ഷയായി കണ്ടവരുമുണ്ട്. രാജ്യത്തെ പലിശനിരക്ക് പൂജ്യത്തിനടുത്തല്ലെങ്കിലും ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. സാമ്പത്തിക വേഗക്കുറവും കോവിഡ്-19 ഉണ്ടാക്കിയ പ്രതിസന്ധിയും തുടർച്ചയായി പലിശകുറയ്ക്കാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിച്ചു. വിപണിയിൽ പണംഎത്തിക്കുന്നതിന് വായ്പ കൂടുതൽ എളുപ്പമാക്കാൻ ആർബിഐ പലിശനിരക്കു കുറയ്ക്കുകമാത്രമല്ല, എൽടിആർഒ പോലുള്ള ദീർഘകാല പലിശ സംവിധാനങ്ങൾ നടപ്പാക്കുകയും ചെയ്തു. പലിശനിരക്കു കുറച്ചുകൊണ്ട് വിപണിയിൽ കൂടുതൽ പണം എത്തിക്കുമ്പോൾ ഉപഭോഗവും നിക്ഷേപവും വർധിക്കുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയുംചെയ്യും. സമ്പദ്ഘടനയിൽ കോവിഡ്-19 കൊണ്ടുവന്ന തകരാറുകൾ കാരണം പലിശകുറയ്ക്കലിന്റെ ചക്രം റിസർവ് ബാങ്ക് തുടരാനാണ് സാധ്യത. ഈപരിപാടിയിൽ ഏറ്റവും കൂടുതൽ പരിക്കേൽക്കുക മിച്ചം പിടിക്കാൻ ശ്രമിക്കുന്നവർക്കാണ്. സാമ്പത്തിക വേഗക്കുറവിന്റെ കാലത്ത് അപകടം ഒഴിവാക്കുക എന്നതിനാണ് ബാങ്കിംഗ് മേഖല മുഖ്യപരിഗണനനൽകുക. ബാങ്കുകൾ വായ്പനൽകുന്നത് കുറയാൻ ഇതിടയാക്കും. മൊത്ത പലിശവരുമാനം നിലനിർത്തുന്നതിന് ബാങ്കുകൾ നിക്ഷേപ നിരക്കുകൾ ഗണ്യമായി കുറയ്ക്കുകയാണു ചെയ്യുന്നത്. മൊത്തപലിശ വരുമാനം എന്നാൽ പലിശ ലഭിക്കുന്ന ആസ്തികളിലൂടെ ലഭിക്കുന്ന വരുമാനത്തിൽനിന്ന് നിക്ഷേപ ബാധ്യതാ സേവനത്തിന്റെ ചെലവു കഴിച്ചുള്ള തുകയാണ്. വായ്പകളിലൂടെ ലഭിക്കുന്ന വരുമാനം കുറഞ്ഞുകൊണ്ടിരിക്കുന്നതിനാൽ നിക്ഷേപ ബാധ്യതാ സേവന ചെലവുകളും കുറയ്ക്കാനുള്ള ശ്രമത്തിലാണ് ബാങ്കുകൾ. ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലെ മൊത്തം സമ്പാദ്യത്തിന്റെ 60 ശതമാനവും സംഭാവന ചെയ്യുന്നത് രാജ്യത്തെ കുടുംബങ്ങളാണ്. ഇന്ത്യൻ കുടംബങ്ങളുടെ മൊത്തം ധനആസ്തിയുടെ ഘടന പരിശോധിച്ചാൽ കറൻസിയും ബാങ്ക് അക്കൗണ്ട് നിക്ഷേപങ്ങളും 66 ശതമാനംവരും. ഇൻഷുറൻസ് ഫണ്ടുകളും മ്യൂച്വൽ ഫണ്ടുകളുമാണ് തൊട്ടുപിന്നിൽ. അതിനാൽ നിക്ഷേപ പലിശ നിരക്ക് കുറയ്ക്കുന്നത് മിച്ചംപിടിക്കുന്നവരെ കാര്യമായി ബാധിക്കും. സമ്പാദ്യശീലമുള്ളവരെ കുഴപ്പത്തിലാക്കിക്കൊണ്ട് പലിശ നിരക്കുകൾ ഇനിയും കുറയ്ക്കാനിരിക്കയാണ്. ഇന്ത്യൻ കുടംബങ്ങളുടെ മൊത്തം ധനആസ്തി 2018 സാമ്പത്തിക വർഷം മൊത്ത അഭ്യന്തരഉൽപാദനത്തിന്റെ 12 ശതമാനമായിരുന്നത് 2020 സാമ്പത്തിക വർഷം 10.6 ശതമാനമായി കുറഞ്ഞു. തൊഴിൽ നഷ്ടങ്ങളും ശമ്പളം കുറയ്ക്കലുംമറ്റും രൂക്ഷമായ ഇന്നത്തെ അനിശ്ചിത സാമ്പത്തിക പരിസ്തിതിയിൽ ആളുകൾ ചെലവുകുറച്ച് മിച്ചംപിടിക്കാനാണ് ശ്രമിക്കുക. എന്നാൽ 2021 സാമ്പത്തികവർഷം ഇന്ത്യൻ കുടുംബങ്ങൾക്ക് ഇത് കൂടുതൽ സാമ്പത്തിക ആസ്തി ഉണ്ടാക്കിക്കൊള്ളണമെന്നില്ല. റിസർവ് ബാങ്കിന്റെ ഒരു പ്രസിദ്ധീകരണത്തിൽ ഈയിടെ പറഞ്ഞതു പോലെ അടച്ചിടൽ മൂലം ഉപഭോഗത്തിൽ കുത്തനെ ഉണ്ടായ കുറവുകാരണം 2021 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ഇന്ത്യൻ കുടുംബങ്ങളുടെ മൊത്തം സാമ്പത്തിക ആസ്തിയിൽ ക്ഷതംസംഭവിക്കാം. സാമ്പത്തിക പ്രവർത്തനങ്ങൾ പൂർസ്ഥിതിയിലാകാൻ എടുക്കുന്ന കാലതാമസം തുടർന്നുള്ള പാദങ്ങളിൽ കുടുംബങ്ങളുടെ സാമ്പത്തിക നീക്കിയിരിപ്പുകളെ ഇല്ലാതാക്കികക്കളയും എന്നഭയവും ഇല്ലാതില്ല. ബാങ്കുനിക്ഷേപങ്ങളുടെ ആകർഷണീയത നഷ്ടപ്പെട്ടതോടെ കൂടുതൽ ലാഭംനൽകുന്ന മറ്റുഉപാധികളിലേക്ക് ഇന്ത്യൻ കുടംബങ്ങൾ കണ്ണയക്കേണ്ടിയിരിക്കുന്നു. കൂടുതൽ സമ്പാദിക്കുകയും വരുമാനം കുറയുകയുംചെയ്യുന്ന അവസ്ഥ പ്രായോഗികമല്ല. നല്ലനിലവാരമുള്ള ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ, നന്നായി പ്രവർത്തിക്കുന്ന ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങളുടെ എൻസി ഡികൾ, മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക പദ്ധതികൾ, സർക്കാർ ബോണ്ടുകൾ, ചെറുകിട നിക്ഷേപങ്ങൾ എന്നിവയിൽ നിക്ഷേപിക്കാനാണ് കുടുംബങ്ങൾ ശ്രദ്ധിക്കേണ്ടത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ധനകാര്യ വിദഗ്ധയാണ് ലേഖിക)

from money rss https://bit.ly/31pJMHL
via IFTTT