121

Powered By Blogger

Thursday, 4 June 2020

നെടുമങ്ങാട്ടെ ജൈവഗ്രാമവും സുഭിക്ഷകേരളവും

പൊന്നുവിളഞ്ഞ മണ്ണിൽനിന്ന് ഇച്ഛാശക്തിയുടെ പത്തരമാറ്റ് കൊയ്തുകൂട്ടുകയാണ് നെടുമങ്ങാട്ടെ ജൈവഗ്രാമം. കൃഷി നഷ്ടമാണെന്ന് അവരോടു പറഞ്ഞാൽ തനിതിരുവനന്തപുരം സ്ലാങ്ങിൽ അവർക്ക് കലിപ്പിളകും. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു പിറകിൽ കാടുപിടിച്ച്, മാലിന്യംനിറഞ്ഞ് പൊതുജനങ്ങളെ പൊറുതിമുട്ടിച്ച ഒരു സ്ഥലം, നാലുവർഷംകൊണ്ട് നൂറുമേനി വിളയുന്ന കൃഷിസ്ഥലമാക്കി മാറ്റിയവരാണവർ. അക്കഥയാണ് ഇക്കുറി ധനവിചാരം ചർച്ച ചെയ്യുന്നത്. ബ്ലോക്ക് പഞ്ചായത്തിൽ പുതുതായി ഭരണമേറ്റ ജനപ്രതിനിധികൾ ഓഫീസ് പരിസരം വെട്ടിത്തെളിച്ച് ജൈവകൃഷി നടത്താൻ തീരുമാനിച്ചു. ബ്ലോക്ക് മെമ്പർമാരും ജീവനക്കാരും ഒരുമിച്ചിറങ്ങി. എല്ലാവരുംകൂടി പിരിവിട്ട് നാലേകാൽലക്ഷം രൂപ മുതൽമുടക്കി. മുടക്കുമുതൽ ഒറ്റവർഷംകൊണ്ട് മടങ്ങിയെത്തി. പദ്ധതിക്ക് ജൈവഗ്രാമം എന്ന പേരും വന്നു. ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം ജൈവകൃഷി പരിശീലനകേന്ദ്രവും ആരംഭിച്ചു. കഴിഞ്ഞയാഴ്ചയാണ് ഞാനവിടെ എത്തിയത്. ഇന്ന് സൊസൈറ്റിയുടെ ആസ്തി 45 ലക്ഷം രൂപ. ഭൂമി ഒഴികെ. അത് ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ. 100 ആടുകളുടെ പ്രജനനകേന്ദ്രം സ്ഥാപിക്കുന്നതിനുള്ള കെട്ടിടം ഒരുങ്ങിക്കഴിഞ്ഞു. കൂടാതെ 1000 മുട്ടക്കോഴി, 50 താറാവ്, ആറ്് വെച്ചൂർ പശു, മീൻകുളം, അഞ്ചുലക്ഷം പച്ചക്കറിത്തൈ ഒരുസമയം വളർത്താൻ കഴിയുന്ന പോളിഹൗസും 35 തരം ഫലവൃക്ഷത്തിന്റെ രണ്ടുലക്ഷത്തിലേറെ തൈകളും അടങ്ങുന്ന അംഗീകൃത നഴ്സറിയും ഈ മൂന്നേക്കറിൽ നിറഞ്ഞുനിൽക്കുന്നു. ജൈവഗ്രാമത്തിനുപുറത്ത് 12 ഏക്കർ തരിശുഭൂമി ഇപ്പോൾ കൃഷിചെയ്യുന്നുണ്ട്. ഇതിൽ പൈനാപ്പിളും പച്ചക്കറിയും വാഴയുമെല്ലാം സുലഭം. പോരാത്തതിന് 2000 തേനീച്ചക്കൂടും. സ്വന്തംകാലിൽ നിന്നാണ് സൊസൈറ്റി ഇത് കെട്ടിപ്പൊക്കിയത്. ബ്ലോക്ക് പഞ്ചായത്ത് ഗ്രാന്റ് ആയി ചെലവഴിച്ചിട്ടുള്ളത് ജൈവഗ്രാമത്തിന് വേലികെട്ടുന്നതിനുള്ള 35 ലക്ഷംരൂപ മാത്രം. ബാക്കി മുതൽമുടക്കുകളെല്ലാം സഹകരണ ബാങ്കിൽനിന്ന് സൊസൈറ്റി വായ്പയെടുത്താണ് നടത്തിയത്. ഈ കടമൊന്നും സാമ്പത്തികഭദ്രതയെ ബാധിച്ചിട്ടില്ല. 2016-'17 മുതൽ 2018-'19 വരെയുള്ള മൂന്നുവർഷംകൊണ്ട് 28 ലക്ഷം രൂപയാണ് അറ്റാദായം. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധങ്ങളായ ജൈവകൃഷി പദ്ധതികൾക്ക് ആവശ്യമായ നടീൽവസ്തുക്കളും ജൈവകീടനാശിനികളും ലഭ്യമാക്കുന്നതും ജൈവഗ്രാമമാണ്. ഇതിൽ ഏറ്റവും പ്രസിദ്ധം ഹരിതമിഷന്റെ സഹായത്തോടെ നടത്തിയ സമൃദ്ധി വല്ലംനിറ പദ്ധതിയാണ്. 4200 ഗ്രൂപ്പുകളിലായി 21,000 കുടുംബങ്ങൾ ഇതിൽ പങ്കാളികളായി. നാല് ഗ്രൂപ്പിന് ഒരാൾ എന്നവീതം 1250 മോണിറ്റർമാർക്ക് വെള്ളായണി കാർഷിക കോളേജ് വഴി പരിശീലനം നൽകി. വാർഡുകളിൽ വിളിച്ചുകൂട്ടിയ ജൈവഗ്രാമസഭകളിൽ 25,000 ആളുകൾ പങ്കെടുത്തു. മൊത്തം 300 ഹെക്ടറിൽ കൃഷി നടന്നു. പൂക്കളും പച്ചക്കറികളും ചേർത്ത് ആറുകോടി രൂപയുടെ ഉത്പാദനം നടന്നു. 2017-'18ൽ സമ്പൂർണ തരിശുരഹിത പദ്ധതിയുടെ ഭാഗമായി മൂന്നു വാർഡുകളിൽ 75 ഏക്കറിൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ കൃഷിചെയ്തു. പിറ്റേ വർഷമായപ്പോൾ ജൈവഗ്രാമം തന്നെ മറ്റു വാർഡുകളിലെ തരിശുസ്ഥലങ്ങളിൽ നേരിട്ട് കൃഷി ആരംഭിച്ചു. 2018-'19ൽ ഇങ്ങനെ ഏതാണ്ട് 100 ഏക്കറിലാണ് കൃഷിചെയ്തത്. കൃഷി ലാഭകരമെന്നു കണ്ടതോടെ സ്ഥലം ഉടമസ്ഥർ പലരും നേരിട്ടു കൃഷിചെയ്തുതുടങ്ങി. അങ്ങനെ 2019-'20ൽ ജൈവഗ്രാമത്തിന്റെ നേരിട്ടുള്ള തരിശുകൃഷി 12 ഏക്കറായി ചുരുങ്ങി. യഥാർഥത്തിൽ ഇതൊരു തിരിച്ചടിയല്ല. വമ്പിച്ചൊരു നേട്ടമാണ്. കൃഷിവകുപ്പിന്റെ അംഗീകൃത നഴ്സറിയാണ്. ഏഴുലക്ഷം രൂപ സഹായധനവും ലഭിച്ചു. കാർഷികോത്പന്നങ്ങൾ ന്യായവിലയ്ക്ക് വിൽക്കുന്നതിനുള്ള ഇക്കോ ഷോപ്പുകളിലൂടെയും ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ വിപണന കേന്ദ്രത്തിലൂടെയും ലഭ്യമാക്കുന്നു. ജൈവഗ്രാമം ഒരു പരിശീലനകേന്ദ്രം കൂടിയാണ്. കാർഷികമേഖലയിലെ വളരെ മാതൃകാപരമായ പ്രാദേശിക പരിപാടികൾക്ക് നേതൃത്വംനൽകിയ ഒട്ടേറെ പഞ്ചായത്തുകൾ കേരളത്തിലുണ്ട്. ഇന്ന് കേരളം 'സുഭിക്ഷ' പദ്ധതിയിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള വലിയ ജനകീയ യജ്ഞത്തിനു തുടക്കംകുറിച്ചിരിക്കുന്ന വേളയിൽ ഇവയുടെ പാഠങ്ങൾ വളരെ വിലയേറിയ ഉൾക്കാഴ്ചകൾ നൽകും. ഇതിലേറ്റവും പ്രധാനപ്പെട്ടത് കൃഷിവകുപ്പിന്റെയും തദ്ദേശഭരണ സ്ഥാപങ്ങളുടെയും കൂട്ടായ പ്രയത്നം തന്നെയാണ്. എല്ലാ വിജയകഥകളുടെയും പിന്നിൽ പ്രതിബദ്ധതയുള്ള ഏതാനും ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും കാണാം. 1995-ലെ കഞ്ഞിക്കുഴിയിലെ ജനകീയ പച്ചക്കറി കാമ്പയിൻമുതൽ ഏതാണ്ട് സാർവത്രികമായ ഒരു അനുഭവമാണിത്. രണ്ടാമതൊരു പാഠം, ഏതാണ്ട് എല്ലാ വിജയകഥകൾക്കും കളമൊരുക്കിയതിൽ ജനകീയ കാമ്പയിനുകൾക്ക് വലിയൊരു പങ്കുണ്ട്. കേരളത്തിലെ ഭൂഉടമസ്ഥരിൽ മഹാഭൂരിപക്ഷത്തിന്റെയും മുഖ്യവരുമാന മാർഗം കാർഷികേതര മേഖലകളാണ്. അതുകൊണ്ട് നല്ലൊരുപങ്ക് ആളുകൾക്ക് കൃഷി ഉപജീവനമാർഗമല്ല. അവരെയാകെ ആവേശംകൊള്ളിച്ചുള്ള ആത്മാഭിമാന കാമ്പയിൻ കാർഷിക അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സുപ്രധാന പങ്കുണ്ട്. കോട്ടയത്തെ മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ നദി പുനരുദ്ധാരണപദ്ധതി വിവിധ വകുപ്പുകളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സംയോജിത ജനകീയ കാമ്പയിനായി മാറിയപ്പോൾ 5000 ഏക്കറാണ് നെൽക്കൃഷിയിലേക്ക് തിരിച്ചുവന്നത്. എന്നാൽ, എല്ലാ കാലത്തേക്കും കാമ്പയിനിന്റെ അടിസ്ഥാനത്തിൽ കൃഷി സാധ്യമല്ല. അത് സ്ഥായിയായിത്തീരണമെങ്കിൽ അതിന്റെ വലുപ്പമേറണം, ലാഭകരമാകണം. ഒട്ടേറെതരം സംഘകൃഷിരീതികൾ ഇന്ന് കേരളത്തിലുണ്ട്. അതുപോലെ ഭൂമി പാട്ടത്തിനെടുത്തും വലിയതോതിൽ കൃഷിചെയ്യുന്ന കാർഷിക സംരംഭകരുടെ എണ്ണവും കൂടിവരുന്നുണ്ട്. വടക്കാഞ്ചേരിയിലെ ഗ്രീൻ ആർമി പോലുള്ള കാർഷിക കർമസേനകൾ ഇന്ന് എല്ലായിടത്തുമുണ്ട്. ഉത്പന്നങ്ങളുടെ ആദായകരമായ വിപണി ഉറപ്പുവരുത്തുന്നതിന് ഐ.ടി. പ്ലാറ്റ്ഫോമുകൾ അടക്കമുള്ള അഗ്രിഗേഷൻ രീതികൾ നിലവിലുണ്ട്. പച്ചക്കറിക്കുപോലും തറവില പ്രഖ്യാപിച്ചിട്ടുള്ള തദ്ദേശഭരണ സ്ഥാപനങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. മൂല്യവർധിത സംസ്കരണം കൃഷിക്കാരുടെ ആദായം വർധിപ്പിക്കുന്നതിന് അനിവാര്യമാണ്. കൃഷിവകുപ്പിന്റെ 'വൈഗ' എത്രയോ നല്ല മാതൃകകളെ മുന്നോട്ടുകൊണ്ടുവന്നു. സുരക്ഷിത ഭക്ഷണത്തിന് നല്ല വില നൽകാൻ കേരളീയർ തയ്യാറാണ്. പൊന്നാനിയിലെ നല്ലഭക്ഷണ പ്രസ്ഥാനം, കൊടുമൺ-ബേഡഡുക്ക-മയ്യിൽ പോലുള്ള ബ്രാൻഡ് അരി, കൊടിയത്തൂരിലെ വെള്ളിച്ചെണ്ണ, ചെങ്കലിലെ വ്ളാത്താങ്കര ചീര, ഭൂതക്കുളം കരിമണിപ്പയർ എന്നിങ്ങനെ എത്രയോ സമ്പന്നമായ അനുഭവങ്ങൾ നമുക്കുമുന്നിലുണ്ട്. പള്ളിയാക്കൽ പോലുള്ള സഹകരണ ബാങ്കുകളുടെ സമഗ്ര കാർഷിക ഇടപെടലുകളുടെ അനുഭവങ്ങൾ ഏറെയുണ്ട്. ഇവയൊക്കെ സാർവത്രികമാക്കുന്നതിനായിരിക്കണം സുഭിക്ഷ കേരളത്തിലൂടെ ലക്ഷ്യമിടേണ്ടത്. കേരളത്തിന്റെ പകുതി ഭക്ഷണമെങ്കിലും കേരളത്തിൽത്തന്നെ ഉത്പാദിപ്പിക്കണം. പണമുണ്ടെങ്കിൽ എന്തും വിലകൊടുത്തു വാങ്ങാനാകുമെന്ന ബോധമാണ് ഈ ലക്ഷ്യത്തിന് തടസ്സംനിന്നിരുന്ന പ്രധാന ഘടകങ്ങളിലൊന്ന്. എന്നാൽ, പകർച്ചവ്യാധിയും വെട്ടുകിളികളും ഈ സുരക്ഷിതത്വബോധം ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. നമ്മളെല്ലാം മറന്നുപോയ ഭക്ഷ്യക്ഷാമത്തിന്റെ കാലം വീണ്ടുംവരാം. മായമില്ലാത്ത നല്ല ഭക്ഷണത്തിന്റെ ആവശ്യക്കാരുടെ എണ്ണവും കൂടുന്നുണ്ട്. ഈയൊരു സാഹചര്യത്തിൽ ആപത്തിനെ നമുക്ക് ഒരു അവസരമാക്കിമാറ്റാം.

from money rss https://bit.ly/3dvLNFD
via IFTTT