121

Powered By Blogger

Wednesday, 8 July 2020

എയര്‍ ഇന്ത്യ ജീവനക്കാരനെതിരെ 17 പെണ്‍കുട്ടികളുടെ പേര് വെച്ച് വ്യാജ ലൈംഗികാതിക്രമ പരാതി നല്‍കിയ സ്വപ്ന; ഉന്നതരുടെ സഹായത്തോടെ രക്ഷപ്പെടല്‍

സ്വര്‍‍ണക്കടത്തു കേസില്‍ കസ്റ്റംസ് തേടിക്കൊണ്ടിരിക്കുന്ന സ്വപ്ന സുരേഷ് തന്റെ അധികാരവ്യാപനത്തിനായി സ്വീകരിച്ച മാര്‍ഗങ്ങളിലേക്ക് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ വെളിച്ചം നല്‍കുന്നുണ്ട്. 2014ല്‍ എയര്‍ ഇന്ത്യ സാറ്റ്സ് എന്ന കമ്പനിയില്‍ ജോലിയിലിരുന്ന കാലത്ത് അവിടുത്തെ മറ്റൊരു ജീവനക്കാരനായ എഎല്‍ സിബുവിനെതിരെ ഉയര്‍ത്തിക്കൊണ്ടു വന്ന ലൈംഗികാരോപണക്കേസാണ് ഇതിലൊന്ന്. എയര്‍ ഇന്ത്യയുടെ ഉന്നതരായ ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം സിബുവിനെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിക്കാന്‍ ഇവര്‍ പ്രവര്‍ത്തിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പതിനേഴ് വനിതാ സ്റ്റാഫുകളെ ഉപയോഗിച്ചാണ് ഈ നീക്കം സ്വപ്ന നടത്തിയത്.

സ്വപ്ന സുരേഷുമായി ബന്ധപ്പെട്ടുള്ള കേസ് വരുമ്പോള്‍ എഎല്‍ സിബു തിരുവനന്തപുരത്ത് എയര്‍‌ ഇന്ത്യ സാറ്റ്സ് എന്ന സ്ഥാപനത്തിന്റെ ഗ്രൗണ്ട് സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ഏപ്രണ്‍ ഓഫീസറായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇദ്ദേഹത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ ഉദ്യോഗസ്ഥകള്‍ ആരുംതന്നെ പിന്നീട് അന്വേഷണത്തോട് സഹകരിക്കുകയുണ്ടായില്ല. ഇവര്‍ക്കെല്ലാം നോട്ടീസയ്ക്കാനും കമ്പനിയില്‍ ജോലിയിലില്ലെങ്കില്‍ അവരുടെ ഇപ്പോഴത്തെ താമസസ്ഥലം കണ്ടെത്തി അവിടേക്ക് നോട്ടീസയയ്ക്കണമെന്നും കോടതി ആവശ്യപ്പെടുകയുണ്ടായി.

പ്രാഥമികാന്വേഷണത്തില്‍ തന്നെ സിബുവിനെതിരായ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ അന്വേഷണത്തോട് സഹകരിക്കാതെ നടപടികള്‍ നീട്ടിക്കൊണ്ടുപോകാനാണ് ഉത്സാഹിച്ചത്.

കമ്പനി നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതി നല്‍കിയ റിപ്പോര്‍ട്ട് സിബുവിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ കഴമ്പുണ്ടെന്നായിരുന്നു. ഇദ്ദേഹത്തെ ഇതിന്റെ പേരില്‍ ഹൈദരാബാദിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ഈ നടപടിയെ സിബു ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. 2017 ഓഗസ്റ്റ് മാസത്തില്‍ അദ്ദേഹത്തിന് അനുകൂലമായി വിധി വരികയും ചെയ്തു.

താന്‍ ജോലി ചെയ്യുന്ന എയര്‍ ഇന്ത്യയുടെ കീഴിലുള്ള ഏജന്‍സിയില്‍ നടക്കുന്ന ക്രമക്കേടുകള്‍ കേന്ദ്ര സര്‍ക്കാരിനും സിബിഐക്കും റിപ്പോര്‍ട്ട് ചെയ്തിരുന്നു സിബു. 2.6 കോടി രൂപയുടെ ക്രമക്കേടുകള്‍ സിബിഐ അന്വേഷണത്തില്‍ കണ്ടെത്തുകയുമുണ്ടായി. എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ ട്രാന്‍സ്പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡും ചെയ്തുവന്ന വലിയ ലാഭമുള്ള ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ബിസിനസ് ഒരു സ്വകാര്യ പങ്കാളിത്തമുള്ള സ്ഥാപനമായ എയന്‍ ഇന്ത്യ-സാറ്റ്സിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ടായിരുന്നു പരാതി.

ഈ സംഭവങ്ങളുണ്ടാക്കിയ പകയാണ് ഉദ്യോഗസ്ഥരെ സിബുവിനെതിരെ തിരിച്ചത്. താന്‍ ഇരയാക്കപ്പെട്ടത് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചു സിബു.

തനിക്കെതിരെ ഉന്നയിച്ച ലൈംഗികാതിക്രമ പരാതിയില്‍ അന്വേഷകരോട് സഹകരിക്കാന്‍ എയര്‍ ഇന്ത്യ തയ്യാറായില്ല. ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസില്‍ ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ തയ്യാറാകാതിരുന്നു. തങ്ങളെ ചോദ്യം ചെയ്യുന്നതിനുള്ള ഉത്തരവിന്മേല്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ സ്റ്റേ ഓര്‍ഡര്‍ സമ്പാദിക്കുകയുമുണ്ടായി. പ്രാഥമികാന്വേഷണത്തില്‍ സിബു കുറ്റക്കാരനല്ലെന്നാണ് തനിക്ക് ബോധ്യപ്പെട്ടതെന്ന് കേസ് അന്വേഷിച്ച അന്നത്തെ ഡിസ്ട്രിക്റ്റ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറായ സന്തോഷ് പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചോദ്യം ചെയ്യുന്നതിനെതിരെ സ്റ്റേ ഓര്‍ഡര്‍ സമ്പാദിച്ചതോടെ അന്വേഷണം വഴിമുട്ടി.

ആഭ്യന്തര അന്വേഷണ സമിതി വലിയ ക്രമക്കേടുകള്‍ ചെയ്തതായി ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തന്നെ ബോധ്യപ്പെട്ടിരുന്നു. ഈ സമിതിക്കു മുമ്പില്‍ പരാതിക്കാരിലെ പാര്‍വതി സിബു എന്ന പെണ്‍കുട്ടി ൃമൊഴി നല്‍കാന്‍ ഹാജരായിരുന്നു. എന്നാല്‍ നീതു മോഹന്‍ എന്നയാളെ പാര്‍വ്വതി സിബു എന്ന പേരില്‍ സ്വപ്ന സുരേഷ് ഹാജരാക്കുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തപ്പോൾ, രണ്ടു മാസം മുൻപാണ് സാറ്റ്സിൽ ജോലിയിൽ പ്രവേശിച്ചതെന്നാണ് വിവരം കിട്ടിയത്. തന്നെ ഉദ്യോഗസ്ഥര്‍ തനിക്കുള്ള സാമ്പത്തിക ബുദ്ധിമുട്ട് മുതലെടുത്ത് ക്രമക്കേടിന് പ്രേരിപ്പിക്കുകയായിരുന്നെന്ന് സ്വപ്ന സുരേഷ് അന്ന് മൊഴി നല്‍കി. 17 പെണ്‍കുട്ടികളുടെ പേര് വെച്ച് പരാതി തയ്യാറാക്കിയതും സ്വപ്ന സുരേഷാണെന്ന് അന്ന് ക്രൈംബ്രാഞ്ചിന് ബോധ്യപ്പെട്ടിരുന്നു. പക്ഷെ നടപടിയൊന്നും ഉണ്ടായില്ല.

എയര്‍ ഇന്ത്യ വൈസ് പ്രസിഡണ്ടായിരുന്ന ബിനോയ് ജേക്കബിന്റെ ഓഫീസിലാണ് സ്വപ്ന സുരേഷ് ജോലി ചെയ്തിരുന്നത്. വ്യാജ പരാതി നല്‍കിയ സ്വപ്ന സുരേഷിനെ കേസില്‍ നിന്ന് ഊരിക്കാന്‍ 2016ല്‍ ശ്രമം നടന്നതിന്റെ രേഖകള്‍ ഇപ്പോള്‍ മാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്.

അന്വേഷണം ശരിയായി നടത്താതെ സിബുവിനെ സ്ഥലംമാറ്റിയതിനെയും കോടതി ചോദ്യം ചെയ്യുകയുണ്ടായി. സിബു ആര്‍ക്കൊക്കെയോ ശല്യമായിട്ടുണ്ടെന്ന പ്രസ്താവനയും ഉത്തരവില്‍ കാണാം. ശരിയായ അന്വേഷണം ആദ്യം നടക്കണമെന്നാവശ്യപ്പെട്ട് കോടതി ട്രാന്‍സ്ഫര്‍ ഉത്തരവ് നടപ്പാക്കരുതെന്നും പ്രസ്താവിക്കുകയുണ്ടായി.

2017 ല്‍ കേസില്‍ സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അട്ടിമറി ആരംഭിച്ചത്. സിബുവിനെതിരായ പരാതി വ്യാജമെന്ന് തെളിഞ്ഞതോടെയാണ് അന്വേഷണം അവസാനിപ്പിക്കാന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സന്തോഷ് തീരുമാനിച്ചത്. അദ്ദേഹം ഇങ്ങനെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. എന്നാല്‍ ഇങ്ങനെ അന്വേഷണം അവസാനിപ്പിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി സിബു ഹൈക്കോടതിയെ സമീപിച്ചു. പിന്നീട് നടന്ന അന്വേഷണത്തിലാണ് സ്വപ്നയ്ക്കെതിരെ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. സ്വപ്നം സ്വര്‍ണക്കടത്തില്‍ പ്രതിചേര്‍ക്കപ്പെടുന്നതു വരെയും ഈ കേസില്‍ അവര്‍ പ്രതിയായിട്ടില്ല. സ്വപ്നയെ കേസിൽ പ്രതി ചേർക്കാൻ തീരുമാനിച്ചതായി ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസമാണ് തീരുമാനമെടുത്തത്. ഇതു തന്നെ തെളിയിക്കുന്നത് അന്വേഷകര്‍ സ്വപ്നയെ സംരക്ഷിക്കുകയായിരുന്നു ഇതുവരെ എന്നതാണ്.



* This article was originally published here