ബുധാനാഴ്ച ആദ്യമായി കേരളത്തില്‍ ഒരു ദിവസം കോവിഡ് രോഗികളുടെ എണ്ണം ആയിരം കവിഞ്ഞു. രോഗം ബാധിച്ച് അഞ്ച് പേരും മരിച്ചു. അങ്ങനെ ജൂലൈ 22 -ാം തീയതി കേരളത്തിന്റെ പോരാട്ടത്തിലെ ചരിത്രത്തിലെ ഏറ്റവും തിരച്ചടിയേറ്റ ദിവസങ്ങളിലൊന്നായി. വ്യാഴാഴ്ചയും രോഗികളുടെ എണ്ണം ആയിരും കവിഞ്ഞു. അഞ്ച് രോഗികള്‍ മരിക്കുകയും ചെയ്തു. അങ്ങനെ കേരളം കോവിഡ് പോരാട്ടത്തിന്റെ നിർണായക ഘട്ടത്തിലാണെന്നും ഇനിയുള്ള ആഴ്ചകൾ നിർണായകമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു.കേരളത്തിന്റെ മുന്നിലുള്ള വഴിയിനി എന്താണ് സംസ്ഥാനത്ത് വീണ്ടും ലോക്ഡൗണിലേക്ക് പോകേണ്ടിവരുമെന്ന സൂചനയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയത്. എന്നാല്‍ തല്‍ക്കാലം സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്നും അടുത്ത മന്ത്രിസഭ യോഗത്തില്‍ ആലോചിക്കാമെന്നുമുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍ എത്തിയത്.
സംസ്ഥാനത്ത് ഇന്നലെ വരെയായി 55 പേര്‍ മരിച്ചുവെന്നാണ് കണക്കാക്കുന്നത്.
സംസ്ഥാനത്ത് തിരുവനന്തപുരം ഉള്‍പ്പെടെ ചില സ്ഥലങ്ങള്‍ രണ്ടാഴ്ചയിലേറെയായി ലോക്ഡൗണിലാണ്. രാജ്യത്തെ ആദ്യത്തെ കോവിഡ് രോഗം കേരളത്തില്‍ സ്ഥിരികരിച്ചിട്ട് 175 ദിവസം പിന്നിടുമ്പോഴാണ് കേരളം വലിയ വെല്ലുവിളിയിലേക്ക് നീങ്ങുന്നത്. സമ്പര്‍ക്കത്തിലുടെ രോഗം വ്യാപിക്കുന്നതാണ് സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതിന് പരിഹാരമായാണ് ലോക്ഡൗണ്‍ വീണ്ടും ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം ഉണ്ടായിട്ടുള്ളത്. സര്‍ക്കാരിന്റെ വിവിധ തരത്തിലുളള നിര്‍ദ്ദേശങ്ങളും അതുപോലെ നടപടികളുമുണ്ടായിട്ടും ആദ്യഘട്ട ലോക്ഡൗണിന് ശേഷം പലയിടത്തും ജനങ്ങള്‍ സുരക്ഷ ക്രമീകരണങ്ങള്‍ പാലിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകളും ലോക്ഡൗണിനെക്കുറിച്ച് ആലോചിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നു.
മാര്‍ച്ച് മാസം 10 -ാം തീയതിയായിരുന്നു കേരളത്തില്‍ ആദ്യമായി രോഗികളുടെ എണ്ണം 10 ആയത്. അന്ന് രാജ്യത്ത് തന്നെ കുടുതല്‍ രോഗികളുള്ള സംസ്ഥാനങ്ങളിലൊന്നായിരുന്നു കേരളം. പിന്നീടാണ് കേരളം ശക്തമായ നടപടികളിലൂടെ രോഗത്തിന്റെ വ്യാപനം തടഞ്ഞത്. രാജ്യമെമ്പാടുമായുള്ള ലോക്ഡൗണ്‍ പിന്നിട്ടപ്പോഴെക്കും കേരളത്തിന്റെ ആദ്യഘട്ട കോവിഡ് പോരാട്ടം വിജയിച്ചു. രോഗികളുടെ എണ്ണം കുറഞ്ഞു. എന്നാല്‍ പിന്നീട് ഗള്‍ഫിലും വിദേശത്തും മറ്റ് സംസ്ഥാനങ്ങളില്‍നിന്നുമുള്ള രോഗികളെത്തി തുടങ്ങിയതോടെ സ്ഥിതിഗതികള്‍ മാറി. നിയന്ത്രണങ്ങളില്‍ വ്യാപകമായ ഇളവുകള്‍ വരുത്തികയും ചെയ്തതോടെ കേരളത്തിലെ സ്ഥിതി വീണ്ടും രൂക്ഷമാകുകയായിരുന്നു.
രാജ്യത്ത് ആദ്യമായി സാമൂഹ്യ വ്യാപനം ഉണ്ടെന്ന് സമ്മതിച്ച സര്‍ക്കാരാണ് കേരളത്തിലേത്. ഇപ്പോഴും ഇന്ത്യയില്‍ സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. ശക്തമായ നടപടികള്‍ സാമൂഹ്യ വ്യാപനം സ്ഥിരീകരിച്ചതിനെ തുടര്‍ന്നുണ്ടായി. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും സമ്പര്‍ക്ക രോഗികളുടെ എണ്ണവും ഉറവിടം അറിയാത്ത രോഗികളുടെ എണ്ണവും കൂടുകയാണ്. ബുധനാഴ്ച 1038 രോഗികളില്‍ 785 പേരും സമ്പര്‍ക്ക രോഗികളാണ്. വ്യാഴാഴ്ച രോഗികളായ 1078 പേരില്‍ 798 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നത്. ഉറവിടം അറിയാത്തവര്‍ 65 പേര്‍.
ഇനിയും രോഗികളുടെ എണ്ണം കൂടിയാല്‍ അത് കേരളത്തിന്റെ ആരോഗ്യ സംവിധാനത്തിന് നേരിടാന്‍ കഴിയാതെയാകും. അതിന് മുമ്പെ കേരളത്തിലെ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് കുറയ്ക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. കേരളത്തിലെ മരണനിരക്ക് ഇതുവരെ കുറഞ്ഞിരിക്കാനുള്ള ഒരു കാരണം ഇവിടെ രോഗികള്‍ക്ക് ചികില്‍സാ സൗകര്യം ഉറപ്പുവരുത്താന്‍ കഴിഞ്ഞുവെന്നതുകൊണ്ടാണ്. സ്വകാര്യ ആശുപത്രികളെക്കുടി രോഗ ചികിൽസയുടെ ഭാഗമാക്കി സൗകര്യം വര്‍ധിപ്പിക്കാനും സർക്കാർ ശ്രമിക്കുന്നു.
കോവിഡ് മരണത്തില്‍ ലോക ശരാശരി 4.38 ശതമാനമാണ്. ഇന്ത്യന്‍ ശരാശരി 2.67 ശതമാനവും. കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്നാട്ടിലും ഇതേവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണവും മരണ നിരക്കും കേരളത്തെ അപേക്ഷിച്ച് വളരെ കൂടുതലാണ്. കര്‍ണാടകയിലെ കോവിഡ് മരണ ശരാശരി 1.77 ശതമാനവും തമിഴ്നാടിന്റേത് 1.42 ശതമാനവുമാണ്. മഹാരാഷ്ട്രയില്‍ ഇത് 4.16 ശതമാനമാണ്. എന്നാല്‍ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നാല്‍ വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. അതുണ്ടാവാതിരിക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്റ് സെന്ററുകള്‍ ഉണ്ടാക്കിയിട്ടുള്ളത്.
ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കൊണ്ട് സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാകുന്നില്ലെന്ന തോന്നലാണ് വീണ്ടും സമ്പൂര്‍ണ ലോക്ഡൗണ്‍ എന്ന് ചിന്ത ഉയരാന്‍ കാരണം. . ഇത് കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക സ്ഥിതി കൂടുതല്‍ ദുഷ്‌ക്കരമാക്കും. ഇപ്പോള്‍ തന്നെ തീരദേശത്തുള്‍പ്പെടെ സാധാരണ ജീവിതത്തിന് നിയന്ത്രണമേര്‍പ്പെടുത്തപ്പെട്ട പ്രദേശങ്ങളില്‍ ജനജീവിതം ദുഃസ്സഹമാണ്. സമ്പൂര്‍ണ ലോക്ഡൗണിലേക്ക് വീണ്ടും പോയാല്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകും. ഇതാണ് ഇക്കാര്യത്തില്‍ തിടുക്കത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കാതിരിക്കാന്‍ കാരണം. ഒരാഴ്ചത്തെ സ്ഥിതിഗതികള്‍ കൂടി നിരീക്ഷിച്ച ശേഷം തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് പകരം സംസ്ഥാനത്തെ ജനങ്ങള്‍ സാധ്യമായ രീതിയില്‍ ലോക്ഡൗണിന് സമാനമായ രീതിയില്‍ പെരുമാറണമെന്നതാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. സാമൂഹ്യ വ്യാപനം ഇതിനകം സംഭവിച്ചുകഴിഞ്ഞതിനാല്‍ ഇനി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതുകൊണ്ട് പ്രയോജനമില്ലെന്ന നിലപാടിലാണ് ഐ എം എ.
ലോക്ഡൗണ്‍ അല്ല പരിഹാരം എന്ന നിലപാടിലേക്ക് കൂടുതല്‍ കൂടുതല്‍ വിദദ്ഗര്‍ എത്തുന്നുണ്ട്. ലോക്ഡൗണ്‍ കൊണ്ട് വൈറസ് ബാധ പടരുന്നത് തടയാന്‍ കഴിയുമെന്ന് പറയുമ്പോഴും അതിന് നല്‍കേണ്ട വില വലുതാണെന്ന് ഇവര്‍ പറയുന്നു. പുതുതായി ലോക്ഡൗണ്‍ ഇല്ലാതെ തന്നെ ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നുവെന്ന കാര്യവും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ദിവസ വേതനത്തിന് ജോലിചെയ്ത് ജീവിക്കുന്നവരെ വീണ്ടും ദുരിതത്തിലാക്കുന്ന ലോക്ഡൗണിനെക്കാള്‍ എല്ലാവരും സാമൂഹ്യ ഉത്തരവാദിത്തതോടെ പെരുമാറുകയാണ് കേരളത്തിന്റെ അതിജീവനത്തിന് നല്ലതെന്നും പല വിദഗ്ദരും പറയുന്നു. എന്നാല്‍ ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങള്‍ ജനങ്ങള്‍ പാലിക്കാന്‍ തയ്യാറാകുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കും സംസ്ഥാനത്തിന് മറ്റൊരു ലോക്ഡൗണ്‍ ഒഴിവാക്കാന്‍ കഴിയുമോ എന്ന കാര്യം തീരുമാനിക്കപ്പെടുക.
* This article was originally published here