ശ്രീരാമന്‍ ഇന്ത്യക്കാരനല്ലെന്നും നേപ്പാളിയാണെന്നും നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി. ശ്രീരാമന്റെ ജന്മസ്ഥലമെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്ന അയോധ്യ, യഥാര്‍ത്ഥത്തില്‍ കാഠ്മണ്ഡുവിന് സമീപമുള്ള ഒരു ചെറിയ ഗ്രാമമാണെന്നും കെ പി ഒലി പറഞ്ഞു. മൂന്ന് ഇന്ത്യന്‍ പ്രദേശങ്ങള്‍ തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് പുതിയ മാപ്പ് പുറത്തിറക്കുകയും ഇന്ത്യയെ നിരന്തരം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തതിന് പിന്നാലെയാണ് നേപ്പാള്‍ പ്രധാനമന്ത്രിയുടെ പുതിയ വിവാദ പ്രസ്താവന. കാഠ്മണ്ഡുവില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയില്‍ സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിയിലാണ് കെ പി ഒലി ഇക്കാര്യം പറഞ്ഞത്. ഇന്ത്യക്ക് മറ്റുള്ളവരെ അടിച്ചമര്‍ത്തുകയും അവരുടെ സ്ഥലം കയ്യേറുകയും ചെയ്യുന്ന സംസ്‌കാരമാണുള്ളതെന്ന് കെ പി ഒലി കുറ്റപ്പെടുത്തി. സയന്‍സിന് നേപ്പാള്‍ നല്‍കിയ സംഭാവനകള്‍ക്ക് ആരും വിലകല്‍പ്പിച്ചില്ലെന്നും ഒലി കുറ്റപ്പെടുത്തി.
രാമന് സീതയെ നല്‍കിയത് നേപ്പാളാണ്. രാമനെ നല്‍കിയതും നേപ്പാളാണ്. ഞങ്ങള്‍ അങ്ങനെ ഉറച്ചുവിശ്വസിക്കുന്നു. കാഠ്മണ്ഡുവില്‍ നിന്ന് 135 കിലോമീറ്റര്‍ അകലെ ബിര്‍ഗുഞ്ച് ജില്ലയിലെ ഗ്രാമമാണ് അയോധ്യ - കെ പി ഒലി പറഞ്ഞു. നമ്മള്‍ സാംസ്‌കാരികമായും അടിച്ചമര്‍ത്തപ്പെട്ടു. വസ്തുതകള്‍ക്ക് മേല്‍ കയ്യേറ്റമുണ്ടായി. നേപ്പാളി ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടലായ സെതോപതി (Setopati.com) ആണ് ഇക്കാര്യം പറയുന്നത്. ശരിക്കുമുള്ള അയോധ്യ നേപ്പാളിലാണ്. ഇന്ത്യയിലല്ല. ഭഗവാന്‍ രാമന്‍ നേപ്പാളിയാണ്. ഇന്ത്യക്കാരനല്ല - ഒലി പറയുന്നു.
ഉത്തരാഖണ്ഡിലെ ലിപുലേഖ്, ലിംപിയാധുര, കാലാപാനി എന്നീ പ്രദേശങ്ങൾ തങ്ങളുടേതാണന്നും ഇന്ത്യ ഇവിടെ കയ്യേറി വച്ചിരിക്കുകയാണെന്നുമാണ് നേപ്പാളന്റെ ആരോപണം. ഈ മൂന്ന് പ്രദേശങ്ങൾ ഉൾപ്പെടുത്തിയുള്ള പുതിയ മാപ്പിനായുള്ള ഭരണഘടനാ ഭേദഗതി നേപ്പാൾ പാർലമെന്റ് കഴിഞ്ഞ മാസം പാസാക്കിയിരുന്നു. 1962 ലെ ചൈനാ യുദ്ധകാലത്ത് ഇന്ത്യ ഈ പ്രദേശം കയ്യേറിയെന്നാണ് നേപ്പാളിന്റെ ആരോപണം. രാജ്യത്ത് കൊറോണ വൈറസ് പടര്‍ത്തിയത് ഇന്ത്യയാണെന്നും കെ പി ഒലി ആരോപിച്ചിരുന്നു. ചൈനീസ് കൊറോണയേക്കാളും ഇറ്റാലിയന്‍ കൊറോണയേക്കാളും മാരകം ഇന്ത്യന്‍ കൊറോണയാണെന്നും നേപ്പാള്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു.
* This article was originally published here