121

Powered By Blogger

Tuesday, 21 July 2020

അന്ധത അശ്വിന്റെ ലക്ഷ്യങ്ങൾക്ക് തടസ്സമല്ല

തൃശ്ശൂർ: ക്യാമറയുടെ റോൾ മാത്രമേ കണ്ണിനുള്ളൂ. ഇച്ഛാശക്തിയുള്ളവനു മുമ്പിൽ അടഞ്ഞ വഴികളില്ലെന്ന് പഠിപ്പിച്ചത് എന്റെ ജീവിതമാണ്. ജന്മനാ കാഴ്ചശേഷിയില്ല ഇരുപത്തിയഞ്ചുകാരൻ ഇ.ആർ. അശ്വിന്. ബാങ്ക് ജോലിയെന്ന സ്വപ്നത്തിനും ഉപജീവനത്തിനുമായി മാസ്കുകൾ വിൽക്കാനിറങ്ങുകയാണ് ഈ യുവാവ്. ഭിന്നശേഷിയുള്ളവർ, വീൽച്ചെയറിൽ ജീവിതം തള്ളിനീക്കുന്നവർ, കുടുംബശ്രീപ്രവർത്തകർ എന്നിവർ നിർമിക്കുന്ന മൂന്ന് പാളികളുള്ള മാസ്കുകൾ വാങ്ങി ജില്ലയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ കയറിയിറങ്ങിയാണ് വിൽപ്പന. പലപ്പോഴും ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് മാസ്കുകൾ ശേഖരിക്കുന്നത് അശ്വിൻ തനിച്ചാണ്. ഒരു ദിവസം ഒരു പഞ്ചായത്തിലെ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് വിൽപ്പന. അഞ്ച് മാസ്കുകളടങ്ങിയ ഒരു കെട്ടിന് 150 രൂപയാണ് വില. ദിവസം ഇരുനൂറിനും മുന്നൂറിനുമിടയ്ക്ക് മാസ്കുകൾ വിൽക്കും. നേരത്തെ പ്രകൃതിസൗഹൃദ വിത്തുപേനകൾ വിറ്റാണ് പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. മെയ് 25 മുതലാണ് വിത്തുപേനയ്ക്കൊപ്പം മാസ്ക് വിൽപ്പനയും തുടങ്ങിയത്. മാസ്കുകൾ പൊതിയാനുള്ള പത്രക്കടലാസ് കവറുകൾ തയ്യാറാക്കുന്നത് വീട്ടമ്മമാരാണ്. കവറൊന്നിന് ഇവർക്ക് അമ്പതുപൈസ കൊടുക്കും. മാസ്കുകൾ ശേഖരിച്ചുവന്നാൽ കുളിച്ച് കൈകൾ അണുമുക്തമാക്കിയതിനു ശേഷമാണ് കവറിൽ പൊതിയുക. കോവിഡ് സമൂഹവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുറത്തിറങ്ങുന്നതിൽ പരിമിതകളേറെയാണെന്ന് അശ്വിൻ. ആൾക്കാരുമായി സമ്പർക്കം പുലർത്തിയാലുടൻ കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കും. നിലവിലെ സ്ഥിതി അപകടകരമായതിനാൽ തപാൽവഴി സംസ്ഥാനമൊട്ടാകെ മാസ്കുകൾ വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ്. കൂടുതൽ മാസ്കുകൾ ആവശ്യമുള്ളവർക്ക് എത്തിച്ചുകൊടുക്കാനും തയ്യാറാണ്. ബിരുദപഠനത്തിനൊപ്പം മൊബൈൽഫോൺ കമ്പനികളിൽ ടെലികോളിങ് ജോലി ചെയ്തിട്ടുണ്ട് അശ്വിൻ. പഠനാവശ്യങ്ങൾക്കുള്ള തുക ഈ പാർട്ട് ടൈം ജോലിയിൽനിന്ന് കണ്ടെത്തി. ബാങ്ക് ടെസ്റ്റ് എഴുതി സർവീസിൽ കയറണം, അതാണെന്റെ ലക്ഷ്യം. അതിനായി ഈ വരുമാനം സ്വരുക്കൂട്ടിവെയ്ക്കുകയാണ്., അശ്വിൻ പറയുന്നു. ഫോണിലെ ടോക്ക് ബാക്ക് സംവിധാനം വഴിയാണ് അശ്വിന് വരുന്ന സന്ദേശങ്ങളും മറ്റ് വിവരങ്ങളും മനസ്സിലാക്കുന്നത്. ടെക്സ്റ്റ് മെസ്സേജുകൾ ശബ്ദസന്ദേശങ്ങളാക്കി മാറ്റുന്ന സംവിധാനമാണിത്. പാലക്കാട് കൊല്ലങ്കോട് പോത്തംപാടം സ്വദേശിയായ അശ്വിന്റെ ബിരുദപഠനം ശ്രീകേരളവർമ കോളേജിലായിരുന്നു. ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ കോളേജിൽ എഴുതിയ എം.എ. പരീക്ഷാഫലം കാത്തിരിക്കുകയാണ്. പത്താം ക്ലാസിൽ 82 ശതമാനവും പ്ലസ്ടുവിന് 75 ശതമാനവും ബിരുദത്തിന് 62 ശതമാനവും മാർക്കുണ്ട്. അച്ഛൻ രമേഷിന് കൃഷിയാണ്. അമ്മ ഷൈലജ വീട്ടമ്മയും. സഹോദരി അഖില ബി.ടെക് പൂർത്തിയാക്കി. എല്ലാ ശനിയാഴ്ചയും പാലക്കാട്ടെ വീട്ടിലേയ്ക്കുള്ള യാത്ര മുടക്കാറില്ല.

from money rss https://bit.ly/39guBml
via IFTTT