121

Powered By Blogger

Wednesday, 19 August 2020

വ്യാജ ഇന്‍ഷുറന്‍സ് രേഖനല്‍കി കബളിപ്പിച്ചു: 17 ലക്ഷം നഷ്ടപരിഹാരം കിട്ടാതെ ആശ്രിതര്‍

കോഴിക്കോട്: വ്യാജ ഇൻഷുറൻസ് പോളിസി സർട്ടിഫിക്കറ്റ് സമർപ്പിച്ച് തമിഴ്നാട് സ്വദേശിയായ വാഹന ഉടമ അപകടത്തിൽ മരിച്ചയാളുടെ കുടുംബത്തെയും ട്രാഫിക് പോലീസിനെയും വഞ്ചിച്ചു. അപകടത്തിൽ മരിച്ച 59-കാരന്റെ ഭാര്യയും മക്കളും നഷ്ടപരിഹാരമായി കോടതി വിധിച്ച 16.79 ലക്ഷം രൂപയും പലിശയും കിട്ടാതെ ക്ലേശിക്കുന്നു. ഇവരുടെ കുടുംബം വൻസാമ്പത്തിക ക്ലേശത്തിലുമാണ്. കോഴിക്കോട് വെസ്റ്റ്ഹിൽ 'തിരുവോണം'(തറമ്മൽ) വീട്ടിൽ കെ. തുളസീദാസ് ആണ് ബീച്ച് റോഡിൽവെച്ച് നാഷണൽ പെർമിറ്റ് ലോറിയിടിച്ചു മരിച്ചത്. 2016 സെപ്റ്റംബർ ഏഴിനാണ് അപകടമുണ്ടായത്. ഇ.എസ്.ഐ. ആശുപത്രിയിലെ റിട്ട. ആംബുലൻസ് ഡ്രൈവറായിരുന്നു തുളസീദാസ്. ബൈക്ക് യാത്രക്കാരനായ തുളസീദാസ് അപകടസമയത്ത് വണ്ടി റോഡരികിൽ നിർത്തി ഫോൺ ചെയ്യുകയായിരുന്നു. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ടി.എൻ.-28-2320 നമ്പർ ലോറിയാണ് അപകടമുണ്ടാക്കിയത്. ജൂലായ് 25-ന് തുളസീദാസ് സ്വകാര്യ ആശുപത്രിയിൽവെച്ച് മരിച്ചു. ഭാര്യ സി.ബി. സത്യവതിയും രണ്ടുമക്കളും അനാഥരായി. ട്രാഫിക് പോലീസ് കേസെടുത്തപ്പോൾ ലോറി ഉടമകളായ തമിഴ്നാട് സേലം ആത്തൂർ മാരിയമ്മൻ കോവിൽ സ്ട്രീറ്റ് സീതേരി രാജവേൽ രാമസ്വാമിയും ഭാര്യ സരസു രാജവേലും ഹാജരാക്കിയ പോളിസി കൃത്രിമമായി ചമച്ച രേഖയാണെന്ന് കോടതി കണ്ടെത്തി. പോളിസി യഥാർഥത്തിൽ മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള എം.എച്ച്. -48 -ഇസഡ്-8086 നമ്പർ സ്കൂട്ടറിന്റേതായിരുന്നു. ഇത് മനസ്സിലാക്കിയ സ്വകാര്യഇൻഷുറൻസ് കമ്പനി കോടതിയെ ഇക്കാര്യം ധരിപ്പിച്ച് കേസിൽനിന്ന് തലയൂരി. എന്നാൽ, മരിച്ചയാളുടെ കുടുംബത്തിന് സംഭവിച്ച നഷ്ടം കണക്കിലെടുത്ത് കോഴിക്കോട് എം.എ.സി.ടി. കോടതി നഷ്ടപരിഹാരം വിധിച്ചു. ഈ തുക വാഹന ഉടമകൾ നൽകണമെന്നും വിധിയിലുണ്ട്. നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ അവരുടെ സ്വത്തു കണ്ടെത്തി കണ്ടുകെട്ടണമെന്നും കോടതി നിർദേശമുണ്ട്. എന്നാൽ, രണ്ടുവർഷംമുമ്പ് വിധിയായ കേസിൽ ഉടമകളെ കണ്ടെത്താൻപോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ഒന്നാംപ്രതി സ്ത്രീയായതിനാൽ പണം ഈടാക്കാനായി അവരെ അറസ്റ്റുചെയ്യാൻ നിയമം അനുവദിക്കുന്നുമില്ല. കേസിൽ തുളസീദാസിന്റെ കുടുംബത്തിനായി വാദിച്ച കോഴിക്കോട്ടെ അഭിഭാഷകൻ വിനോദ് സിങ് ചെറിയാൻ ഹൈക്കോടതിയിൽ ഇപ്പോൾ അപ്പീൽ സമർപ്പിച്ചിട്ടുണ്ട്. വീടിനടുത്ത് ചെറിയ കട നടത്തിയാണ് സത്യവതിയും മക്കളും കഴിയുന്നത്. ബി.എസ്സി. നഴ്സിങ് പഠിക്കുന്ന മകൾ അമൃതയ്ക്കും ഡിഗ്രി മൂന്നാംവർഷ വിദ്യാർഥി അർജുൻദാസിനും ഫീസടയ്ക്കാൻപോലും പ്രയാസമാണ്. തമിഴ്നാട് പോലീസ് ഇടപെട്ട് ലോറി ഉടമകളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകാനൊരുങ്ങുകയാണ് സത്യവതി. ട്രാഫിക് പോലീസ് കേസിന്റെ രേഖകൾ പരിശോധിക്കുന്നതിൽ വീഴ്ചവരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കേന്ദ്രമായുള്ള ഓർഗനൈസേഷൻ ഫോർ സോഷ്യൽ ജസ്റ്റിസ് എന്ന സംഘടന ഡി.ജി.പി.ക്ക് പരാതി അയച്ചിട്ടുണ്ട്.

from money rss https://bit.ly/2Q6l1JZ
via IFTTT