121

Powered By Blogger

Tuesday, 4 August 2020

വിവാദ സ്‌പ്രിംക്ലർ മികച്ച സ്റ്റാർട്ട് അപ്പ്

കൊച്ചി: കേരളത്തിൽ വിവാദ പരിവേഷത്തിലായ അമേരിക്കൻ കമ്പനി 'സ്പ്രിംക്ലർ' ലോകത്തിലെ ഏറ്റവും മികച്ച സ്റ്റാർട്ട് അപ്പുകളുടെ പട്ടികയിൽ. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇടതുസർക്കാർ ഡേറ്റ വിശകലനത്തിനായി നിയോഗിച്ച സ്പ്രിംക്ലറിന് വിവാദങ്ങളെത്തുടർന്ന് പിന്മാറേണ്ടി വന്നിരുന്നു. ഡേറ്റ ചോർച്ച ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് ഇടതുസർക്കാരും സ്പ്രിംക്ലറും നേരിട്ടത്. ഇപ്പോൾ, ആഗോള ഗവേഷണ സ്ഥാപനമായ ഹുറുൺ റിപ്പോർട്ട് തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ട് അപ്പുകളുടെ യൂണികോൺ പട്ടികയിലാണ് ഈ മലയാളി സംരംഭം ഇടംപിടിച്ചിരിക്കുന്നത്. 100 കോടി (ഒരു ബില്യൺ) ഡോളറിൽ കൂടുതൽ മൂല്യമുള്ള കമ്പനികളാണ് പട്ടികയിലുള്ളത്. അതായത്, 7,500 കോടി രൂപയ്ക്കുമേൽ മൂല്യമുള്ള സംരംഭങ്ങൾ. മലയാളിയായ രാഗി തോമസിന്റെ നേതൃത്വത്തിലുള്ള സ്പ്രിംക്ലർ, പട്ടികയിൽ 169-ാം സ്ഥാനത്താണ്. 200 കോടി ഡോളറാണ് മൂല്യം കണക്കാക്കിയിരിക്കുന്നത്. അതായത്, 15,000 കോടി രൂപ മൂല്യം. രാഗി തോമസിന്റെ നേതൃത്വത്തിൽ 2009-ൽ ന്യൂയോർക്ക് ആസ്ഥാനമായി തുടങ്ങിയ കമ്പനിയിൽ ഇന്റെൽ, തെമാസെക്, ഐകോണിക്സ് ക്യാപിറ്റൽ തുടങ്ങിയ ആഗോള വമ്പന്മാർ മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്. മൈക്രോസോഫ്റ്റ്, നൈകി, മക്ഡൊണാൾഡ്സ് തുടങ്ങിയ ആഗോള കമ്പനികൾ സ്പ്രിംക്ലറിന്റെ സോഫ്റ്റ്വേർ സേവനം ഉപയോഗിക്കുന്നുണ്ടെന്ന് പട്ടികയിൽ വ്യക്തമാക്കിയിട്ടുണ്ട്. ബൈജു രവീന്ദ്രന്റെ വിദ്യാഭ്യാസ ടെക്നോളജി സ്റ്റാർട്ട് അപ്പായ 'ബൈജൂസ്', ഹരി മേനോന്റെ നേതൃത്വത്തിലുള്ള ഓൺലൈൻ പലവ്യഞ്ജന സ്റ്റോറായ 'ബിഗ് ബാസ്കറ്റ്' എന്നിവയാണ് പട്ടികയിൽ ഇടം പിടിച്ച മറ്റ് മലയാളി സംരംഭങ്ങൾ. മൊത്തം 586 യൂണികോണുകളുള്ള പട്ടികയിൽ 61 എണ്ണമാണ് ഇന്ത്യൻ സംരംഭങ്ങളെന്ന് ഹുറുൺ റിപ്പോർട്ടിന്റെ ചീഫ് റിസർച്ചറും ഇന്ത്യ എം.ഡി.യുമായ അനസ് റഹ്മാൻ ജുനൈദ് പറഞ്ഞു. എന്താണ് യൂണികോൺ? ഒരു ബില്യൺ ഡോളറിൽ (100 കോടി ഡോളർ) കൂടുതൽ മൂല്യമുള്ളതും ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാത്തതുമായ കമ്പനികളെയാണ് 'യൂണികോൺ' എന്നു വിളിക്കുന്നത്. ഗ്രീക്ക് പുരാണത്തിലെ ഒറ്റക്കൊമ്പൻ കുതിരയുടെ പ്രതീകമായാണ് ഈ വിശേഷണം. നെറ്റിയിൽ ഒറ്റക്കൊമ്പുള്ള ഈ കുതിര, ഐശ്വര്യത്തിന്റെയും അഭിവൃദ്ധിയുടെയും പ്രതീകമാണെന്നാണ് പുരാണങ്ങളിൽ പറയുന്നത്.

from money rss https://bit.ly/3gxOrMK
via IFTTT