121

Powered By Blogger

Friday, 16 October 2020

നികുതിയിളവ് പ്രയോജനപ്പെടുത്താനും മികച്ച ആദായംനേടാനും ഇ.എല്‍.എസ്.എസ്

നികുതി ലാഭിക്കാനായുള്ള പദ്ധതികളെക്കുറിച്ചു ചിന്തിക്കുമ്പോൾ പലർക്കും ആശയക്കുഴപ്പമാണ്. പ്രത്യേകിച്ച് 80സി വകുപ്പു പ്രകാരമുള്ള നികുതി ഇളവുകളാകുമ്പോൾ. ഈ ഒരുവിഭാഗത്തിൽമാത്രം നികുതി ലാഭിക്കാൻ സഹായിക്കുന്ന ഒരുഡസനിലേറെ പദ്ധതികളുണ്ട്. ഇവയിൽ ചിലത് ഉറപ്പായ നേട്ടം ലഭ്യമാക്കുമ്പോൾ ചുരുക്കം ചിലവ വിപണി അധിഷ്ഠിത വരുമാനമാണു നൽകുക. ഇപ്പോഴത്തെ നികുതി നിയമങ്ങളനുസരിച്ച് 80സി വകുപ്പുപ്രകാരം ലഭ്യമായ മുഴുവൻനേട്ടത്തിനുമായി അനുവദനീയമായ ഒന്നരലക്ഷം രൂപയും നിക്ഷേപിക്കുകയാണെങ്കിൽ 30 ശതമാനം നികുതി നിരക്കുബാധകമായവർക്കു (നാലുശതമാനം വിദ്യാഭ്യാസ സെസ് കൂടി കണക്കാക്കുമ്പോൾ) ലഭിക്കുന്ന പ്രതിവർഷനേട്ടം 46,800 രൂപയാണ്. ശമ്പളക്കാരായ നികുതിദായകർ ഇത്തരം പദ്ധതികളെക്കുറിച്ച് ആലോചിക്കുമ്പോൾ പ്രസക്തമായ മറ്റൊരുകാര്യം കൂടിയുണ്ട്. ഇവർക്ക് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഉണ്ടാകുമെന്നതിനാൽ അതിലുള്ള നിക്ഷേപംകഴിഞ്ഞ് ഒന്നര ലക്ഷം രൂപ പരിധിക്കുള്ളിൽ ശേഷിക്കുന്നതുകയേ 80സി പ്രകാരമുള്ള നേട്ടങ്ങൾ പ്രതീക്ഷിച്ചു നിക്ഷേപിക്കാനാവു. പ്രോവിഡന്റ് ഫണ്ട് നിക്ഷേപം ഉറപ്പായ വരുമാനം നൽകുന്നവയുമാണ്. വിപണി അധിഷ്ഠിത നേട്ടങ്ങൾ നൽകുന്ന നിക്ഷേപങ്ങളുടെകാര്യത്തിൽ ഏറ്റവും മുന്നിൽനിൽക്കുന്നത് ഇഎൽഎസ്എസ് എന്ന ഓഹരി അധിഷ്ഠിത സമ്പാദ്യപദ്ധതിയാണ്. 80സി വകുപ്പുപ്രകാരമുള്ള നികുതി ആനുകൂല്യങ്ങൾക്ക് അർഹമായ ഒരുവിഭാഗം മ്യൂചൽ ഫണ്ട് പദ്ധതികളാണ് ഇഎൽഎസ്എസ്. പരമാവധി ഒന്നരലക്ഷം രൂപവരെയുള്ള ഇഎൽഎസ്എസ് നിക്ഷേപങ്ങൾ നികുതിദായകന്റെ ആകെ വരുമാനത്തിൽനിന്നു കുറക്കാനാവും. ഈ വകുപ്പിൽപ്പെട്ട മറ്റുനിക്ഷേപ പദ്ധതികൾക്ക് ഒപ്പമാണ് ആകെ ഒന്നര ലക്ഷംരൂപയെന്ന പരിധി. ഏറ്റവും ഉയർന്ന നികുതിനിരക്കായ 30 ശതമാനം ബാധകമായവർക്കാണ് നാലു ശതമാനം വിദ്യാഭ്യാസ സെസും കൂട്ടിച്ചേർത്ത് ഒന്നര ലക്ഷം രൂപയുടെ 31.2 ശതമാനം വരുന്ന 46,800 രൂപ നികുതി ലാഭിക്കാനാവുന്നത്. ദീർഘകാല മൂലധനനേട്ടം, ലാഭവിഹിത വിതരണ നികുതി തുടങ്ങിയവ ഇവിടെ ബാധകമായിരിക്കും. 1961-ലെ ആദായനികുതി നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ നികുതി ആനുകൂല്യം കാലാകാലങ്ങളിലെ ഭേദഗതികൾക്കും വിധേയമാണ്. ഇപ്പോൾ നിലവിലുള്ള നികുതിനിർണയരീതി സ്വീകരിക്കുന്നവർക്കു മാത്രമായിരിക്കും ഇഎൽഎസ്എസ് നിക്ഷേപംവഴി നികുതി ആനുകൂല്യം ലഭിക്കുക. പുതിയ നികുതി നിരക്കുകൾ സ്വീകരിക്കുന്നവർക്ക് ഒരു വിധത്തിലുള്ള ഇളവുകളും നേടാനാവില്ല. ഓഹരി അധിഷ്ടിത പദ്ധതികൾ എന്നവിഭാഗത്തിൽ ഉൾപ്പെടണമെങ്കിൽ ഇഎൽഎസ്എസിന്റെ നിക്ഷേപത്തിൽ കുറഞ്ഞത് 80 ശതമാനമെങ്കിലും ഓഹരികളിലായിരിക്കണം. സാങ്കേതികമായി ഇത് 100 ശതമാനംവരെ ആകാം. വിവിധ വിപണി സാഹചര്യങ്ങളിൽ നിക്ഷേപിക്കാൻ അവസരമുള്ളതിനാൽ ഓഹരി അധിഷ്ഠിത മ്യൂചൽ ഫണ്ട് പദ്ധതികളിൽ ഇവയ്ക്ക് മറ്റുഫണ്ടുകളെ അപേക്ഷിച്ചു കൂടുതൽ സൗകര്യപ്രദമായി നിക്ഷേപിക്കാനുമാവും. നികുതി നേട്ടത്തിനായി നിക്ഷേപിക്കുന്ന മറ്റുപദ്ധതികൾക്ക് സാധാരണ അഞ്ചുവർഷ ലോക് ഇൻ കാലാവധി ഉള്ളപ്പോൾ ഇഎൽഎസ്എസിന് മൂന്നു വർഷ ലോക് ഇൻ കാലാവധി മാത്രമാണുള്ളത്. അതായത് ഈ പദ്ധതിയിൽ നിക്ഷേപംനടത്തിയ തീയ്യതി മുതൽ മൂന്നുവർഷം കഴിഞ്ഞുമാത്രമേ പണം പിൻവലിക്കാൻകഴിയൂ. ഒന്നര ലക്ഷം രൂപ ഒരുമിച്ചു നിക്ഷേപിക്കാതെ എസ്ഐപി രീതിയിൽ പ്രതിമാസം 12,500 രൂപ വീതം നിക്ഷേപിച്ച് ഈ നികുതി ആനുകൂല്യങ്ങൾ നേടാനും ഇഎൽഎസ്എസ് പദ്ധതികൾ വഴിയൊരുക്കുന്നുണ്ട്. ലോക് ഇൻ കാലാവധി ഇവിടെ ബാധകമായിരിക്കും എന്നത് ഓർമിക്കണം. അതായത് ഓരോ എസ്ഐപി ഗഡുവിൽ അടച്ച തുകയും അടച്ച വർഷം മുതൽ അടുത്ത മൂന്നു വർഷത്തേക്ക് പിൻവലിക്കാനാവില്ല. ഉയർന്ന വരുമാനം ലഭിക്കാനുള്ള സാധ്യതകളാണ് ഇഎൽഎസ്എസിനെ പരിഗണിക്കുന്നതിനുള്ള മറ്റൊരു കാരണം. പിപിഎഫ്, അഞ്ചു വർഷ സ്ഥിര നിക്ഷേപം, ദേശീയ സമ്പാദ്യ പദ്ധതി തുടങ്ങിയ നികുതി ഇളവുനൽകുന്ന സ്ഥിരവരുമാന പദ്ധതികളെ അപേക്ഷിച്ച് പണപ്പെരുപ്പത്തെ മറി കടന്ന് ഫലപ്രദമായ നേട്ടമുണ്ടാക്കാൻ ഇഎൽഎസ്എസിന്റെ ഓഹരികളിലെ നിക്ഷേപം സഹായകമാകും. വരുമാനം ഉറപ്പുനൽകുന്ന പല നികുതി സമ്പാദ്യ പദ്ധതികളുടേയും വരുമാനം കുറഞ്ഞത് അവയുടെ ആകർഷണം കുറച്ചിട്ടുണ്ട്. പിൻവലിക്കുന്ന സമയത്തെ നേട്ടങ്ങളും ഇഎൽഎസ്എസുകളെ ആകർഷകമാക്കുന്നുണ്ട്. ഇഎൽഎസ്എസിൽ നിന്നുള്ള ഒരുലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ദീർഘകാല മൂലധനലാഭ നികുതി ഇല്ലാത്തതും അതിനു മുകളിലുള്ളവയ്ക്ക് പത്തു ശതമാനം മാത്രം നികുതിയുള്ളതും ഗുണകരമാണ്. നികുതി ആസൂത്രണത്തിനായുള്ള പദ്ധതികളിൽ പിപിഎഫ് ഒഴികെയുള്ളവയിൽ നിന്നുള്ള നേട്ടത്തിന് ഭാഗികമായോ പൂർണമായോ നികുതി ബാധ്യതയുണ്ട്. നികുതി ആസൂത്രണത്തോടൊപ്പം സമ്പത്ത് ആർജിക്കാനുള്ള കഴിവുംകൂടിയാകുമ്പോൾ എല്ലാ നിക്ഷേപകർക്കും ഇത് അനുയോജ്യമായ പദ്ധതിയായി മാറുന്നു. ഓഹരിയിൽ ആദ്യമായി നിക്ഷേപിക്കുന്നവർക്കും യോജിച്ച പദ്ധതിയാണിത്. നിർബന്ധമായും മൂന്നുവർഷം പിൻവലിക്കാനാവില്ലെന്നത് തുടക്കക്കാരായ നിക്ഷേപകർക്കു നേട്ടംനൽകുന്ന ഒന്നാണ്. നിക്ഷേപ രംഗത്ത് പരിചയ സമ്പന്നരായവർക്കാകട്ടെ തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുവാൻ ഇതു മികച്ച നിക്ഷേപമാക്കി മാറ്റാം. (പിജിഐഎം ഇന്ത്യ മ്യൂചൽ ഫണ്ടിന്റെ സി.ഇ.ഒയാണ് ലേഖകൻ)

from money rss https://bit.ly/352zcXA
via IFTTT