121

Powered By Blogger

Wednesday, 17 February 2021

പാഠം 112|റോബിൻഹുഡ് നിക്ഷേപകനാണോ; അതോ ഈവഴിതിരഞ്ഞെടുത്ത് സമ്പന്നനാകണോ?

26വയസ്സുകാരനായ അരുൺ രണ്ടുവർഷംമുമ്പാണ് ഐടി കമ്പനിയിൽ ജോലിക്കുചേർന്നത്. 35,000 രൂപയാണ് പ്രതിമാസം ശമ്പളം. മാതാപിതാക്കളോടൊപ്പം ജീവിക്കന്നതിനാൽ വീട്ടുചെലവിന് ഒരുരൂപപോലും നീക്കിവെയ്ക്കേണ്ടതില്ല. എന്നിട്ടും അരുണിന്റെ കയ്യിൽ നീക്കിയിരിപ്പൊന്നുമില്ല.കൂടുതൽ പണമുണ്ടാക്കാനുള്ള വഴികളാണ് അറിയേണ്ടത്. നഗരത്തിൽ പുതിയതായി ഒരു റസ്റ്റോറന്റ് തുറന്നാൽ അരുൺ അവിടെയുണ്ടാകും. വീക്കെൻഡുകളിൽ റിസോർട്ടുകളായ റിസോർട്ടുകളെല്ലാം മാറിമാറികയറുകയാണ് അരുണും സംഘവും. സ്മാർട്ട്ഫോണുകളുടെ പുതിയ പതിപ്പുകൾവന്നാൽ അവ സ്വന്തമാക്കാനും വൈകിക്കാറില്ല. അത്യാവശ്യചെലവുകളൊന്നുമില്ലാതിരുന്നിട്ടും കിട്ടുന്ന ശമ്പളംപോലം തികയാത്തസ്ഥിതി എങ്ങനെ മറികടക്കും? കോവിഡ് വ്യാപനത്തിൽനിന്ന് രാജ്യം പൂർവസ്ഥിതിയിലേയ്ക്ക് വരികയാണ്. അരുൺ തന്റെ ജീവിതരീതിയിൽ മാറ്റംവരുത്താനൊന്നും തയ്യാറല്ല. ഇതൊന്നുമല്ല അരുണിന്റെ ഇപ്പോഴത്തെ പ്രശ്നം. ഓഹരി വിപണിയിലെ റോബിൻഹുഡ് നിക്ഷേപകനാകണം. വേഗത്തിൽ പണമുണ്ടാക്കാൻ അതാണ് യോജിച്ചതെന്നാണ് അരുണിനെപ്പോലുള്ളവരുടെ പുതിയകണ്ടെത്തൽ. കോവിഡ് വ്യാപനത്തെതുടർന്ന് ഓഹരി വിപണികൂപ്പുകുത്തിയതിനുശേഷം ഉയർത്തെഴുനേൽക്കാൻ തുടങ്ങിയപ്പോൾ ലക്ഷക്കണക്കിന് യുവതലമുറക്കാരാണ് വിപണിയിലേക്ക് ആകർഷിക്കപ്പെട്ടത്. ദിനവ്യാപാരത്തിലൂടെ പണം സമ്പാദിക്കുകയെന്ന ലക്ഷ്യമാണ് അതിനുപിന്നിൽ. സുഹൃത്തുക്കളെല്ലാം വിപണിയിൽ കാശെറിയുകയാണ്. എങ്ങനെ ചുരുങ്ങിയകാലയളവിൽ ലക്ഷങ്ങൾ സമ്പാദിക്കാം എന്നറിയാനായിരുന്നു അരുണിന്റെ ഇ-മെയിൽ. ഓഹരി വിപണിയെ ചൂതാട്ടമാണെന്നും നിക്ഷേപിച്ചാൽ പണംനഷ്ടമാകുമെന്നുമൊക്കെ പറഞ്ഞിരുന്ന ഒരുവിഭാഗം എങ്ങോ അപ്രത്യക്ഷമായി. പണമെറിഞ്ഞ് പണംവാരാൻ തയ്യാറായാണ് യുവതലമുറ വിപണിയിറങ്ങിയിരിക്കുന്നത്. ഇത്തരക്കാർക്ക് വിപണിയിൽനിന്ന് ലക്ഷങ്ങൾ കൊയ്യാൻ കഴിയുമോ? ഓഹരി വിപണിയുടെ വ്യത്യസ്ത സൈക്കിളുകളിൽ നിക്ഷേപം നടത്തിപരിചയമുള്ളവർക്ക് ഇക്കാര്യത്തിൽ സംശയംതെല്ലുമുണ്ടാകില്ല. ഇനിയൊരു കനത്ത ഇടിവുണ്ടായാൽമാത്രമെ റോബിൻഹുഡുമാർ അപ്രത്യക്ഷമാകൂ. എന്നെന്നേക്കുമുള്ള പിൻവലിയലുമാകുമത്. സോഷ്യൽമീഡിയയുടെയുംമറ്റും സ്വാധീനത്തിൽ വിപണിയിലേയ്ക്കുവന്ന പുതുതലമുറക്കാർ അറിഞ്ഞിരിക്കേണ്ട സാമ്പത്തികാസൂത്രണത്തിന്റെ അടിസ്ഥാനപാഠങ്ങളുണ്ട്. അതുമനസിലാക്കി ഓഹരി വിപണിയിലേക്കിറങ്ങൂ. ക്ഷമയോടെ കാത്തിരുന്നാൽ മികച്ച സമ്പാദ്യംനേടാം. ഓഹരിയിൽ നിക്ഷേപിക്കുംമുമ്പ് അറിയേണ്ടകാര്യങ്ങൾ പ്രതിമാസ ബജറ്റ് ലഭിക്കുന്ന ശമ്പളത്തിൽനിന്ന് ആദ്യം നിശ്ചിതതുക സമ്പാദ്യത്തിനായി മാറ്റിവെയ്ക്കുക. അത്യാവശ്യങ്ങളും ആഗ്രഹങ്ങളും വേർതിരിച്ച് ഡയറിയിൽ കുറിച്ചുവെയ്ക്കുക. അത്യാവശ്യകാര്യങ്ങൾക്കാണ് പണംചെലവഴിക്കേണ്ടത്. ഒരിക്കലും അവസാനിക്കാത്തതാണ് ആഗ്രഹങ്ങളെന്ന് തിരിച്ചറിഞ്ഞ് അതിന് കടിഞ്ഞാണിടുക. സമ്പാദ്യംശീലിക്കുക ഒറ്റയടിക്ക് ആരുംസമ്പത്തുണ്ടാക്കിയിട്ടില്ലെന്ന് മനസിലാക്കുക. ഓഹരി വിപണിയിൽ കടംവാങ്ങി നിക്ഷേപിക്കുന്നവർവരെ അറിഞ്ഞിരിക്കേണ്ടകാര്യമാണിത്. ക്ഷമയോടെ ഘട്ടംഘട്ടമായി നിക്ഷേപം നടത്താൻ ശീലിക്കുക. നേരത്തെതുടങ്ങിയാൽ ഭാവയിൽ വൻതുക സമ്പാദിക്കാനുള്ള അവസരംലഭിക്കും. സാമ്പത്തിക ലക്ഷ്യങ്ങളെ ഹ്രസ്വകാലം, ദീർഘകാലം എന്നിങ്ങനെ വേർതിരിക്കാം. വിനോദയാത്ര, പുതിയ മൊബൈൽ വാങ്ങൽ, വിവാഹം എന്നിവ ഹ്രസ്വകാല ലക്ഷ്യങ്ങളാണ്. ബാങ്ക് സ്ഥിരനിക്ഷേപം, ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ എന്നിവയിൽ ഇതിനായി നിക്ഷേപംനടത്താം. ദീർഘകാല ലക്ഷ്യത്തിനായി ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ എസ്ഐപി മാതൃകയിലാണ് നിക്ഷേപം നടത്തേണ്ടത്. പ്രതിമാസം നിശ്ചതിതുകവീതം നിക്ഷേപം നടത്തിയാലുള്ളനേട്ടം ഉദാഹരണത്തിൽനിന്ന് മനസിലാക്കാം. 26 വയസ്സുള്ള അരുൺ പ്രതിമാസം 15,000 രൂപവീതം 30വർഷക്കാലയളവിൽ 12ശതമാനം ആദായപ്രകാരം നിക്ഷേപിച്ചാൽ കാലാവധിയെത്തുമ്പോൾ 4.62 കോടി രൂപ സ്വന്തമാക്കാൻ കഴിയും. എന്നാൽ അരുൺ 31 വയസ്സിലാണ് നിക്ഷേപം തുടങ്ങുന്നതെങ്കിൽ, പ്രതിമാസം 15,000 രൂപവീതം 12 ശതമാനം ആദായപ്രകാരം 25 വർഷം നിക്ഷേപിച്ചാൽ 2.55 കോടി രൂപയാണ് സമാഹരിക്കാൻ കഴിയുകയെന്ന് മനസിലാക്കുക. എന്തുകൊണ്ട് ഓഹരി ദീർഘകാലത്തേയ്ക്ക് മികച്ചനേട്ടമുണ്ടാക്കാൻ യോജിച്ചത് ഓഹരിയിലെ നിക്ഷേപമാണ്. മികച്ച ഫ്ളക്സി ക്യാപ് ഫണ്ടുകൾ തിരഞ്ഞെടുത്ത് നിക്ഷേപിച്ചാൽ 12ശതമാനമെങ്കിലും വാർഷിക ആദായംഅതിൽനിന്ന് ലഭിക്കും. അതോടൊപ്പം ഷോർട്ട് ഡ്യറേഷൻ ഫണ്ടിൽ നിക്ഷേപിക്കുന്നതിനാൽ ഹ്രസ്വകാല ലക്ഷ്യങ്ങൾക്കായും പണംസമാഹരിക്കാൻ കഴിയും. വായ്പയെടുക്കാതിരിക്കുക ശമ്പള അക്കൗണ്ടുഉള്ള ബാങ്കിൽനിന്ന് അരുണിന് ക്രഡിറ്റ് കാർഡും നൽകിയിട്ടുണ്ട്. ക്രഡിറ്റ് കാർഡിന് നിരക്കുകളൊന്നും ഈടാക്കുന്നില്ലെങ്കിലും താഴെപറയുന്നകാര്യങ്ങൾ ഓർത്തിരിക്കുന്നത് നല്ലതാണ്: നിശ്ചിത സമയത്തിനുള്ളിൽ പണംതിരിച്ചടച്ചില്ലെങ്കിൽ ക്രഡിറ്റ് കാർഡിന് 30-36ശതമാനം നിരക്കിലാണ് പലിശ ഈടാക്കുക. ഉയർന്ന നിരക്കുകളുള്ളതിനാൽ ക്രഡിറ്റ്കാർഡ് ഇഎംഐ ഒഴിവാക്കുക. മുഴുവൻ പണവുംനൽകി ഉത്പന്നങ്ങൾവാങ്ങിയാൽ കൂടുതൽ വിലക്കിഴിവ് നേടാനാകും. നോ കോസ്റ്റ് ഇഎംഐ തിരഞ്ഞെടുക്കരുത്. ഒളിഞ്ഞിരിക്കുന്ന പ്രൊസസിങ് ചാർജുകൾ അതിനുണ്ടാകും. ഘട്ടംഘട്ടമായി പണം സമാഹരിച്ചശേഷം ബൈക്കോ, വിലകൂടിയ മൊബൈൽഫോണോ മറ്റുഉത്പന്നങ്ങളോ വാങ്ങുക. പ്രതിമാസ ബജറ്റിൽനിന്ന് വ്യതിചലിക്കാതിരിക്കുക. അതുകൃത്യമായി പിന്തുടർന്നാൽ വായ്പയെടുക്കേണ്ടിവരില്ല. ഷോർട്ട് ഡ്യൂറേഷൻ ഫണ്ട് ബാങ്ക് നിക്ഷേപത്തേക്കാൾ കൂടുതൽ ആദായം ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളിൽനിന്നുലഭിക്കും. പണമാക്കുന്നതിനും എളുപ്പമാണ്. നിശ്ചിത കാലയളവ് നിക്ഷേപം നടത്തണമെന്ന വ്യവസ്ഥയൊന്നുമില്ല. എപ്പോൾ വേണമെങ്കിലും നിക്ഷേപം പിൻവലിക്കാനും കഴിയും. എമർജൻസി ഫണ്ട് അടിയന്തിര സാഹചര്യംനേരിടാൻ എമർജൻസി ഫണ്ട് കരുതിവെയ്ക്കണം. ആറുമാസത്തെയെങ്കിലും ശമ്പളമാണ് ഇതിനായി കരുതേണ്ടത്. ഈതുക സ്വീപ്പ് ഇൻ എഫ്ഡിയിലോ ഷോർട്ട് ഡ്യൂറേഷൻ ഫണ്ടിലോ നിക്ഷേപിക്കാം. ഇൻഷുറൻസ് ചുരുങ്ങിയത് ഒരുകോടി രൂപയെങ്കിലും പരിരക്ഷ ലഭിക്കുന്നടേം പ്ലാനാണ് പരിഗണിക്കേണ്ടത്. ഇതിനായി 10,000 രൂപയിൽതാഴെമാത്രമെ വാർഷിക പ്രീമിയം ആകുകയുള്ളൂ. അഞ്ചുലക്ഷം രൂപയെങ്കിലും കവറേജ് ലഭിക്കുന്ന ആരോഗ്യഇൻഷുറൻസും ഉണ്ടായിരിക്കണം. സ്ഥിരനിക്ഷേപ പദ്ധതി ഓഹരിയിൽ നിക്ഷേപിക്കുംമുമ്പ് സ്ഥിര നിക്ഷേപ പദ്ധതികളിലും ആവശ്യത്തിന് കരുതലുണ്ടാകണം. ഉദാഹരണത്തിന് ഒരു ലക്ഷം രൂപ നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ 30 വയസ്സുള്ള ചെറുപ്പക്കാരൻ 30,000 രൂപയെങ്കിലും ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളിലോ ബാങ്ക് എഫ്ഡിയിലോ കരുതിവെയ്ക്കണം. ബാക്കിയുള്ള 70,000 രൂപ ഘട്ടംഘട്ടമായി ഓഹരിയിൽ നിക്ഷേപിക്കാം.അഞ്ചുവർഷത്തേയ്ക്കെങ്കിലും ആവശ്യമില്ലാത്ത പണംവേണം ഓഹരിയിൽ മുടക്കാൻ. feedbacks to: antonycdavis@gmail.com കുറിപ്പ്: റോബിൻഹുഡ് ആകണോയെന്ന് ഇനിതീരുമാനിക്കാം. അത്യാവശ്യങ്ങൾ തിരിച്ചറിഞ്ഞ് പണംചെലവഴിക്കുക. ക്ഷമയോടെ കാത്തിരുന്ന് ദീർഘകാല ലക്ഷ്യങ്ങൾക്കായി ചിട്ടയോടെ നിക്ഷേപിക്കുക. നിങ്ങൾക്കും സമ്പന്നനാകാം.

from money rss https://bit.ly/3plWFLq
via IFTTT