121

Powered By Blogger

Sunday, 21 February 2021

ധനലക്ഷ്മി ബാങ്ക് ഒറ്റക്കുവളരും

റിസർവ് ബാങ്കിന്റെ തിരുത്തൽ നടപടിയും (പ്രോംപ്റ്റ് കറക്ടീവ് ആക്ഷൻ) തുടർച്ചയായുണ്ടായ നേതൃമാറ്റവും മൂലം പ്രതിസന്ധിയിലായ ധനലക്ഷ്മി ബാങ്ക് ഒരു വർഷത്തിനുള്ളിൽ സുസ്ഥിര വളർച്ചയുടെ ട്രാക്കിലെത്തുമെന്ന് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായി മൂന്നാഴ്ച മുമ്പ് ചുമതലയേറ്റ മലയാളിയായ ജെ.കെ. ശിവൻ. ബാങ്കിന്റെ വളർച്ചലക്ഷ്യങ്ങളെക്കുറിച്ച് മാതൃഭൂമിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം വിശദീകരിച്ചു. ബാങ്കിങ് രംഗത്ത് 37 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ശിവൻ എസ്.ബി.ഐ.യിൽനിന്ന് കഴിഞ്ഞ വർഷം ചീഫ് ജനറൽ മാനേജരായി വിരമിച്ച ശേഷം ലോകത്തിലെ ഏറ്റവും വലിയ കൺസൾട്ടൻസി സ്ഥാപനങ്ങളിലൊന്നായ ഏണസ്റ്റ് ആൻഡ് യങ്ങിൽ പ്രവർത്തിച്ചുവരികയായിരുന്നു. 2021 ജനുവരി 30-നാണ് ധനലക്ഷ്മി ബാങ്കിന്റെ എം.ഡി.യായി എത്തിയത്. പ്രതിസന്ധിയുടെ നടുവിലാണ് താങ്കൾ ധനലക്ഷ്മി ബാങ്കിന്റെ തലപ്പത്തെത്തിയിരിക്കുന്നത്. തുടർച്ചയായ നേതൃമാറ്റം ഉൾപ്പെടെയുള്ള പ്രതിസന്ധികളിൽ പെട്ട് ഉലയുന്ന ബാങ്കിനെ കരകയറ്റാൻ എന്തൊക്കെ നടപടികളാവും കൈക്കൊള്ളുക? ജീവനക്കാരായിരിക്കണം ഈ ബാങ്കിന്റെ നടത്തിപ്പ് നിർവഹിക്കേണ്ടത്. അവർക്ക് തീരുമാനമെടുക്കാവുന്ന കാര്യങ്ങൾ ആ തലത്തിൽത്തന്നെ തീർപ്പാക്കണം. ജീവനക്കാരുടെ നിരയിലെ ഏറ്റവും അവസാനത്തെ കണ്ണിയാണ് എം.ഡി. ഡയറക്ടർ ബോർഡിന്റെ അനുമതി വേണ്ട കാര്യങ്ങൾ മാത്രം എം.ഡി. തലത്തിലേക്ക് എത്തിയാൽ മതി. ഭരണ നിർവഹണം, റെഗുലേറ്ററി നിയമങ്ങൾ പാലിക്കുക എന്നിവയ്ക്കാവും ഡയറക്ടർ ബോർഡ് പ്രാധാന്യം നൽകുക. അങ്ങനെ സ്ഥിരത കൊണ്ടുവരാനാണ് പദ്ധതി. എം.ഡി. മുതൽ ഏതു തട്ടിലുള്ള ജീവനക്കാരും സെയിൽസ് സ്റ്റാഫിനെപ്പോലെ ജോലി ചെയ്താലേ വളർച്ചയുടെ ട്രാക്കിലേക്ക് ബാങ്കിനെ കൊണ്ടുവരാൻ കഴിയൂ. ഇടപാടുകാരെ ഒപ്പം നിർത്താൻ എന്തൊക്കെ നടപടികളാണ് കൈക്കൊള്ളുക? ഉപഭോക്തൃ സേവനമാണ് ധനലക്ഷ്മി ബാങ്കിന്റെ ഏറ്റവും വലിയ കരുത്ത്. അതുകൊണ്ടുതന്നെ ഏതു പ്രതിസന്ധി ഘട്ടത്തിലും ഉപഭോക്താക്കൾ ബാങ്കിനെ കൈവിട്ടിട്ടില്ല. ഏതൊക്കെ മേഖലകളിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക? സ്വർണപ്പണയ വായ്പയിൽ വളർച്ച കൈവരിക്കുന്നുണ്ട്. അതു തുടരും. കേരളത്തിൽ കാർഷിക വായ്പയ്ക്കും തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ സൂക്ഷ്മ-ചെറുകിട-ഇടത്തരം (എം.എസ്.എം.ഇ.) വായ്പകൾക്കും അവസരമുണ്ട്. ഭവന വായ്പയാണ് സാധ്യതയുള്ള മറ്റൊരു മേഖല. ഇവയ്ക്കൊപ്പം, എ., എ.എ. റേറ്റിങ് ഉള്ള കോർപ്പറേറ്റുകൾക്ക് 50 കോടി മുതൽ 100 കോടി രൂപ വരെയുള്ള ഹ്രസ്വകാല വായ്പ നൽകാനും പദ്ധതിയുണ്ട്. ആറു മാസം വരെയുള്ള വായ്പകളായിരിക്കും അവർക്ക് അനുവദിക്കുക. കാര്യമായ നഷ്ടസാധ്യതയില്ലാതെ തന്നെ ലോൺ ബുക്ക് വിപുലീകരിക്കാൻ ഇത് സഹായിക്കും. നിക്ഷേപങ്ങളുടെ കാര്യത്തിൽ എന്തൊക്കെയാണ് ലക്ഷ്യങ്ങൾ? വായ്പ-നിക്ഷേപ അനുപാതം 60 ശതമാനം എന്ന ഉയർന്ന നിലയിലാണ്. കുറഞ്ഞ ചെലവുള്ള കറന്റ് അക്കൗണ്ട്, സേവിങ്സ് അക്കൗണ്ടുകൾ (കാസ) ആണ് മൊത്തം നിക്ഷേപത്തിന്റെ 32 ശതമാനവും. അനുകൂലമായ ഈ ഘടകം ഇനിയും മെച്ചപ്പെടുത്താൻ ശ്രമിക്കും. അതിനൊപ്പം, സാലറി അക്കൗണ്ടുകൾ വിപുലീകരിക്കാൻ പദ്ധതിയുണ്ട്. കിട്ടാക്കടം മൂലമുള്ള പ്രതിസന്ധി നീങ്ങിയോ? മൊത്തം കിട്ടാക്കടം വായ്പയുടെ 5.78 ശതമാനം എന്ന താരതമ്യേന സുരക്ഷിതമായ നിലയിലാണ്. മാത്രമല്ല, കിട്ടാക്കടത്തിന്റെ 92 ശതമാനത്തിനും വകയിരുത്തൽ നടത്തിയിട്ടുണ്ട്. കിട്ടാക്കടമായ വായ്പകളിൽ ഭൂരിഭാഗത്തിനും ഈടും ലഭിച്ചിട്ടുള്ളതാണ്. അതിനാൽ തിരിച്ചുപിടിക്കാൻ അവസരം കൂടുതലാണ്. ബാങ്കിൽ മധ്യനിര നേതൃത്വമില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കില്ലേ? ബാങ്കിൽ എം.ഡി. കഴിഞ്ഞാൽ രണ്ടാമനില്ലെന്നതു ശരിയാണ്. എക്സിക്യുട്ടീവ് ഡയറക്ടർമാരോ മുഴുവൻ സമയ ഡയറക്ടർമാരോ ഇല്ലാത്ത ബാങ്കാണ് ഇത്. അത്തരം പ്രശ്നങ്ങൾ വഴിയേ പരിഹരിക്കാൻ ശ്രമിക്കും. ബാങ്കിലെ ഓരോ ഡിപ്പാർട്ട്മെന്റിലും വരും തലമുറ നേതൃത്വത്തെ വളർത്തിയെടുക്കും. നിലവിൽ ഇരുനൂറോളം ജീവനക്കാരുടെ കുറവുണ്ട്. അടുത്ത ഒരു വർഷത്തിനുള്ളിൽ ഈ ഒഴിവുകൾ നികത്തുകയും ശക്തമായ മധ്യനിര കെട്ടിപ്പടുക്കുകയും ചെയ്യും. വൻകിട ഓഹരി നിക്ഷേപകരിൽ പലർക്കും മുടക്കിയ തുകയ്ക്ക് കാര്യമായ നേട്ടം കിട്ടിയിട്ടില്ല എന്ന പരിഭവമുണ്ട്? റിസർവ് ബാങ്കിന്റെ പ്രോംപ്റ്റ് കറക്ടീവ് ആക്ഷൻ, തുടർച്ചയായുള്ള നേതൃമാറ്റം എന്നിവ മൂലം കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി വളർച്ച മുരടിച്ചുനിൽക്കുകയാണ്. കഴിഞ്ഞ ഏതാനും പാദങ്ങളായി ലാഭമുണ്ടാക്കുന്നുണ്ടെങ്കിലും ലാഭവീതം നൽകാനായിട്ടില്ല. അടുത്ത സാമ്പത്തിക വർഷം അത് നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാങ്കിന്റെ പ്രവർത്തനം മെച്ചപ്പെടുന്നതോടെ ഓഹരി ഉടമകളുടെ താത്പര്യം സംരക്ഷിക്കപ്പെടും. ബാങ്കിങ് രംഗത്ത് സംയോജനം ശക്തമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ തന്നെ ഏറ്റവും ചെറിയ ബാങ്കുകളിലൊന്നായ ധനലക്ഷ്മി ബാങ്കിനെ മറ്റാരെങ്കിലും ഏറ്റെടുക്കാൻ സാധ്യതയുണ്ടോ? പ്രതിസന്ധികളിൽനിന്ന് കരകയറി ഒറ്റയ്ക്ക് വളരാനാണ് പദ്ധതി. അതിനാൽ, ലയനങ്ങളും ഏറ്റെടുക്കലുകളുമൊന്നും ധനലക്ഷ്മി ബാങ്കിന്റെ അജൻഡയിൽ ഇപ്പോൾ ഇല്ല. സുസ്ഥിര വളർച്ചയുടെ പാതയിൽ അടുത്ത ഒരു വർഷത്തിനുള്ളിൽ തന്നെ ബാങ്കിന് എത്താൻ സാധിക്കും. roshan@mpp.co.in

from money rss https://bit.ly/2ZCLcwy
via IFTTT