121

Powered By Blogger

Friday, 26 February 2021

ബോണ്ട് മാർക്കറ്റിൽ റിസർവ് ബാങ്ക് സജീവ പങ്കാളിത്തം ഉറപ്പാക്കണം

2021 ഫെബ്രുവരി ഒന്നാംതിയതിയിലെ ബജറ്റ് അവതരണത്തിനുശേഷം ബോണ്ട് ട്രേഡർമാരെ ആശ്വസിപ്പിക്കാനുള്ള സമ്മർദ്ദത്തിലായിരുന്നു റിസർവ് ബാങ്ക്. കൂടിയതോതിലുള്ള ധനകമ്മി പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇത് യഥാക്രമം 2021, 2022 സാമ്പത്തിക വർഷങ്ങളിൽ ജിഡിപിയുടെ 9.5 ശതമാനവും, 6.8 ശതമാനവും ആയത് ഏവരേയും അതിശയിപ്പിച്ചു. ഓഹരി വിപണി ബജറ്റിനെ ശ്ലാഘിച്ചു. എങ്കിലും ധനകമ്മി വർധിക്കുമെന്നു ബോണ്ട് മാർക്കറ്റിൽ പ്രചരിച്ച വാർത്ത ബോണ്ട് യീൽഡിൽ വർധന ഉണ്ടാക്കിയിരുന്നു. 2022 സാമ്പത്തികവർഷം കേന്ദ്ര സർക്കാർ വിപണിയിൽനിന്നു വായ്പയെടുക്കാനിരിക്കുന്നത് 12 ലക്ഷം കോടിരൂപയാണ്. വിപണിയിൽ നിന്നുള്ള സർക്കാരിന്റെ വായ്പാപദ്ധതിക്കായി ചില്ലറ നിക്ഷേപകർക്ക് ആർബിഐയിൽ ഗിൽറ്റ് അക്കൗണ്ട് തുടങ്ങാനും സൗകര്യപ്പെടുത്തി. ബോണ്ട് വിപണിയിൽ സർക്കാർ ബോണ്ടുകൾ പെരുകിയാൽ ഉണ്ടാകാവുന്ന ഡിമാന്റ്-സപ്ളെ പൊരുത്തക്കേട് ബോണ്ട് യീൽഡിനെ ബാധിക്കുകയുംചെയ്യും. സർക്കാർ ബോണ്ടുകളിൽ നിക്ഷേപിച്ചവർക്ക് കൂടുതൽ ലാഭം കിട്ടുമ്പോൾ കോർപറേറ്റ് ബോണ്ടുകളുടെ കാര്യത്തിലും ഇതേ ആവശ്യം ഉയർന്നേക്കാം. കോർപറേറ്റുകളുടെ വായ്പാ ചെലവുവർധിക്കാൻ ഇതിടയാക്കുകയും രാജ്യത്തെ സ്വകാര്യ നിക്ഷേപത്തെ ദോഷകരമായി ബാധിക്കുകയുംചെയ്യും. കൂടിയ ബോണ്ട്നേട്ടം റിസർവ് ബാങ്കിന്റെ നിരക്കു കുറയ്ക്കൽ പ്രക്രിയയുടെ പ്രവർത്തനത്തേയും സങ്കീർണമാക്കും. ബോണ്ട് നേട്ടം നിയന്ത്രിക്കേണ്ട ഉത്തരവാദിത്തം ഇപ്പോൾ ആർബിഐക്കാണ്. കഴിഞ്ഞ ദ്വൈമാസ പണ നയകമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല. എങ്കിലും ക്രമമായ ഒരു യീൽഡ് കേർവ് ഉണ്ടായിവരേണ്ടത് പൊതുനന്മയ്ക്ക് ആവശ്യമാണെന്ന് റിസർവ് ബാങ്ക് ഗവർണർ പറഞ്ഞിരുന്നു. മാന്ദ്യത്തിന്റെ ഘട്ടത്തിൽനിന്ന് സമ്പദ്ഘടന ക്രമേണ വീണ്ടെടുപ്പു നടത്തിക്കൊണ്ടിരിക്കുമ്പോൾ വിലക്കയറ്റം കൂടുമോ എന്നഭയം നിലനിൽക്കുന്നു. ഉപഭോക്തൃവില സൂചികയുടെ അടിസ്ഥാനത്തിൽ നിർണയിക്കുന്ന വിലക്കയറ്റ നിരക്ക് ജനുവരിയിൽ 16 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 4.06 ശതമാനമായിരുന്നു. ഭക്ഷണവും ഇന്ധനവും ഒഴികെയുള്ളവയുടെ വിലക്കയറ്റം 5.7 ശതമാനം വളർച്ച രേഖപ്പെടുത്തി. കുതിക്കുന്ന ഇന്ധന വിലയും സമ്പദ്ഘടനയിൽ വിലക്കയറ്റ സമ്മർദ്ദമുണ്ടാക്കുന്നു. ഈ സാഹചര്യത്തിൽ പലിശനിരക്ക് ഇനി അടുത്ത കാലത്തൊന്നും കുറയാനിടയില്ല. സാമ്പത്തികരംഗം വളർച്ചാ ഘട്ടത്തിലേക്കു കടക്കുംവരെ ഉദാരനിലപാടു തുടരുമെന്നും റിസർവ് ബാങ്ക് ഗവർണർ പറയുകയുണ്ടായി. 2021 മാർച്ചിൽ തുടങ്ങുന്ന രണ്ടുഘട്ടങ്ങളിലായി ധന നീക്കിയിരുപ്പ് അനുപാതം പുനസ്ഥാപിക്കുക എന്നതായിരിക്കും പണ നയം സാധാരണ നിലയിലേക്കു കൊണ്ടുവരാനുള്ള ആദ്യചുവട്. ബോണ്ട് നേട്ടങ്ങളെ ഇതുകൂടുതൽ സമ്മർദ്ദത്തിലാക്കുകയും ചെയ്യും. ഈ പശ്ചാത്തലത്തിലാണ് റിസർവ് ബാങ്ക് ഓപറേഷൻ ട്വിസ്റ്റി ന്റെ അടുത്തഘട്ടം പഖ്യാപിച്ചത്. ഓപറേഷൻ ട്വിസ്റ്റ് എന്നാൽ റിസർവ് ബാങ്ക് സർക്കാർ ബോണ്ടുകൾ വാങ്ങുകയും വിൽക്കുകയുംചെയ്യുന്ന തുറന്നവിപണി പ്രവർത്തനമാണ്. ദീർഘകാല ബോണ്ടുകൾ വാങ്ങുന്നതിലൂടെ ബോണ്ട് നേട്ടംകുറയ്ക്കാനാണ് ആർബിഐ ശ്രമിക്കുന്നത്. സർക്കാരിന്റെ വിപണി വായ്പാ പദ്ധതിയെ ഇതു സഹായിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ ബോണ്ട് നേട്ടം നിയന്ത്രിക്കുക എന്നത് റിസർവ് ബാങ്കിനെ സംബന്ധിച്ചേടത്തോളം ക്ളേശകരമായിരിക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വർധിച്ച വിപണി വായ്പകൾക്കൊപ്പം റിസർവ് ബാങ്കിന് വിലക്കയറ്റം നിയന്ത്രിക്കേണ്ട ഉത്തരവാദിത്തവുമുണ്ട്. ആർബിഐ ബോണ്ട് മാർക്കറ്റിൽ സജീവമായി പങ്കെടുത്തുകൊണ്ട് വിപണിയിലെ പങ്കാളികളെ അതു ബോധ്യപ്പെടുത്തുകയും ബോണ്ട് നേട്ടം നിയന്ത്രിതമാണെന്ന് ഉറപ്പു വരുത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തികകാര്യ വിദഗ്ധയാണ് ലേഖിക)

from money rss https://bit.ly/2NJFo1Z
via IFTTT