121

Powered By Blogger

Tuesday, 16 March 2021

പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തിയിൽ ഒരുലക്ഷം കോടിയുടെ കുറവ്

മുംബൈ: പൊതുമേഖലാ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തിയിൽ നടപ്പു സാമ്പത്തികവർഷം ആദ്യ ഒമ്പതുമാസക്കാലത്ത് ഒരുലക്ഷം കോടി രൂപയിലധികം കുറവുണ്ടായതായി സർക്കാർ. 6.78 ലക്ഷം കോടി രൂപയിൽനിന്ന് 5.77 ലക്ഷം കോടി രൂപയായാണിത് കുറഞ്ഞത്. കിട്ടാക്കടങ്ങൾ കണ്ടെത്തി സുതാര്യമായി റിപ്പോർട്ട് ചെയ്യാനുള്ള നയതീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് 2018 സാമ്പത്തിക വർഷം നിഷ്ക്രിയ ആസ്തി 8,95,601 കോടി രൂപയായി ഉയർന്നതെന്ന് സർക്കാർ പാർലമെന്റിൽ പറഞ്ഞു. 2015 സാമ്പത്തികവർഷം പൊതുമേഖലാ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി 2,79,016 കോടി രൂപ മാത്രമായിരുന്നു. ഓരോ ബാങ്കിന്റെയും കണക്കെടുത്താൽ നിഷ്ക്രിയ ആസ്തിയിൽ ഏറ്റവും കൂടുതൽ കുറവുണ്ടായത് യൂക്കോ ബാങ്കിനാണ്. 2020 മാർച്ചിനെ അപേക്ഷിച്ച് ഡിസംബറിൽ 40.7 ശതമാനത്തിന്റെ കുറവാണുണ്ടായത്. 33.6 ശതമാനത്തിന്റെ കുറവുമായി ബാങ്ക് ഓഫ് മഹാരാഷ്ട്രയാണ് രണ്ടാംസ്ഥാനത്ത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ. 21.4 ശതമാനം കുറവുമായി മൂന്നാം സ്ഥാനത്തുണ്ട്. കനറാ ബാങ്ക് (18.6%), ഇന്ത്യൻ ബാങ്ക് (16.1%), ഇന്ത്യൻ ഓവർസീസ് ബാങ്ക് (15.9%), ബാങ്ക് ഓഫ് ഇന്ത്യ (10.7%), പഞ്ചാബ് നാഷണൽ ബാങ്ക് (10.2%), സെൻട്രൽ ബാങ്ക് (9.5%), യൂണിയൻ ബാങ്ക് (9.5%) എന്നിങ്ങനെയാണ് മറ്റു ബാങ്കുകളിലെ കണക്കുകൾ. 2020 സെപ്റ്റംബർവരെ പാപ്പരത്ത നടപടിക്കുകീഴിൽ 1.9 ലക്ഷം കോടി രൂപയുടെ 277 പുനരുജ്ജീവന പദ്ധതികൾക്ക് അംഗീകാരമായിട്ടുണ്ട്. ആറുവർഷത്തിനിടെ പൊതുമേഖലാ ബാങ്കുകളുടെ മൂലധന ശേഷി ഉയർത്തുന്നതിനായി കേന്ദ്രസർക്കാർ 3.2 ലക്ഷംകോടി രൂപ നൽകിയിട്ടുണ്ട്. കൂടാതെ, 2.8 ലക്ഷം കോടി രൂപ ഓഹരി വിൽപ്പനയിലൂടെയും കടപ്പത്രങ്ങളിലൂടെയും ബാങ്കുകൾ സമാഹരിച്ചു. അപ്രധാനമായ ആസ്തികൾ വിറ്റഴിച്ചതിലൂടെ ബാങ്കുകൾക്ക് 36,226 കോടി രൂപയും ലഭിച്ചിട്ടുണ്ട്. അതേസമയം, കോവിഡ് മഹാമാരി മുൻനിർത്തി സുപ്രീംകോടതി നിർദേശത്തെത്തുടർന്ന് പുതിയ കിട്ടാക്കട വായ്പകൾ നിഷ്ക്രിയ ആസ്തിയായി തരംമാറ്റുന്നത് നിർത്തിവെച്ചിരിക്കുകയാണ്. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് തിരിച്ചടവുമുടങ്ങിയ വലിയൊരു ഭാഗം വായ്പകൾ ഇത്തരത്തിലുണ്ടെന്നാണ് കരുതുന്നത്. റിസർവ് ബാങ്കിന്റെ സാമ്പത്തിക സുസ്ഥിരതാ റിപ്പോർട്ടുപ്രകാരം 2021 സെപ്റ്റംബറോടെ ബാങ്കുകളിലെ കിട്ടാക്കടത്തിൽ 13.5 ശതമാനത്തോളം വർധനയുണ്ടാകുമെന്നും പറയുന്നു.

from money rss https://bit.ly/2OYgVGy
via IFTTT