121

Powered By Blogger

Tuesday, 27 April 2021

പ്രതിസന്ധിക്കിടയിലും വിപണി ശക്തിപ്രകടിപ്പിക്കുന്നത് എന്തുകൊണ്ട് ?

ഇന്ത്യ വലിയൊരു ആരോഗ്യപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പ്രതിദിന കോവിഡ് കണക്കുകൾ, മരണ നിരക്ക്, ആശുപത്രികളിൽ കിടക്കകളും ഓക്സിജനും ആവശ്യത്തിന് ഇല്ലാത്തഅവസ്ഥ, ഇന്ത്യയിൽ നിന്നുള്ളവർക്ക് പല രാജ്യങ്ങളും പ്രഖ്യാപിച്ച യാത്രാവിലക്ക് എന്നിവയെക്കുറിച്ചുള്ള വാർത്തകളെല്ലാം വിരൽചൂണ്ടുന്നത് ഭീതിദമായൊരു സാഹചര്യത്തിലേക്കാണ്. പ്രാദേശിക അടച്ചിടലുകൾ, കർഫ്യൂവും ഗതാഗത നിയന്ത്രണങ്ങളും കാര്യങ്ങൾ പ്രതികൂലമാക്കിയിട്ടുണ്ട്. രണ്ടാംതരംഗത്തിനുമുമ്പ് വിപണി കണക്കുകൂട്ടിയിരുന്ന 11 ശതമാനത്തിന്റെ ജിഡിപി വളർച്ചയും 2022 സാമ്പത്തിക വർഷത്തേക്ക് 30 ശതമാനത്തിനു മുകളിൽ വരുമാനവളർച്ചാ പ്രതീക്ഷയും സഫലമാകാനിടയില്ല. സാധാരണയായി അശുഭകരവും ഇരുണ്ടതുമായ ഇത്തരം സാഹചര്യങ്ങൾ വിപണിയെ തകർച്ചയിലേക്കു നയിക്കേണ്ടതാണ്. എന്നാൽ അത്ഭുതപ്പെടുത്തുന്ന കരുത്താണ് വിപണിയിൽ പ്രകടമാകുന്നത്. 1.89 ശതമാനം നഷ്ടത്തോടെ നിഫ്റ്റി 13341 പോയിന്റിലാണ് കഴിഞ്ഞ ആഴ്ച ക്ലോസ് ചെയ്തത്. എന്നാൽ ബിഎസ്ഇ മിഡ്ക്യാപ് സൂചിക ഒരു ശതമാനംമാത്രം നഷ്ടത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. ബിഎസ്ഇ സ്മോൾ ക്യാപ് സൂചിക ലാഭ നഷ്ടങ്ങൾ രേഖപ്പെടുത്തിയില്ല. ഫാർമ മേഖല നേട്ടമുണ്ടാക്കിയപ്പോൾ ഐടി, എഫ്എംസിജി, സിമെന്റ്, ടെലികോം മേഖലകൾ നഷ്ടത്തിലായിരുന്നു. നിഫ്റ്റി ഓഹരികളിൽ ഡോ.റെഡ്ഡീസാണ് ലാഭത്തിൽ മുന്നിൽ. ബജാജ് ഇരട്ടകൾ തൊട്ടുപിന്നിലുണ്ടായിരുന്നു. എഫ്എംസിജി വിഭാഗത്തിൽ വലിയ നഷ്ടംനേരിട്ടത് നെസ് ലെക്കും ഹിന്ദുസ്ഥാൻ യുണിലിവറിനുമാണ്. അൾട്രാ ടെക് 9.6 ശതമാനം നഷ്ടംരേഖപ്പെടുത്തി. കഴിഞ്ഞ വ്യാപാരവാരത്തിൽ വിദേശനിക്ഷേപകർ നിരന്തരമായി വിൽപനനടത്തിയപ്പോൾ അഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങിക്കൂട്ടുകയും ചെയ്തു. വില കുറയുന്ന മികച്ച ഓഹരികൾ അതിസമ്പന്ന നിക്ഷേപകർ വൻതോതിൽ വാങ്ങുന്നുണ്ട്. ഈപ്രതിസന്ധിക്കിടയിലും ഈവർഷം ഇതുവരെ നിഫ്റ്റി 2.57 ശതമാനം മുകളിൽ തന്നെയാണ്. എന്തുകൊണ്ട് ഈനേട്ടം ? 2020 മാർച്ചിലെ തകർച്ചയ്ക്കുശേഷമുണ്ടായ കുതിപ്പ് ആഗോളമായിരുന്നു. ലോകവിപണികൾ തമ്മിൽ ഉയർന്ന തോതിലുള്ള പാരസ്പര്യം നിലനിൽക്കുന്നുണ്ട്. ഈബന്ധം അടുത്തൊന്നും തകരുമെന്നുകരുതുന്നില്ല. ലോകത്തിലെ പ്രധാന കേന്ദ്രബാങ്കുകൾ നിർലോഭം ഇറക്കിയ പണവും ചരിത്രത്തിലെ ഏറ്റവുംകുറഞ്ഞ പലിശനിരക്കും ചേർന്നപ്പോൾ കുമിഞ്ഞുകൂടിയ ലിക്വിഡിറ്റിയാണ് വിപണിയുടെ ആഗോളമായ ഈകുതിപ്പിനുള്ള പ്രധാനകാരണം. ലോകമെമ്പാടും ആറുമാസത്തിനിടെ ഓഹരികളിൽ വൻതോതിൽ നിക്ഷേപംനടന്നിട്ടുണ്ട്. വികസിത ലോകത്ത് പണപ്പെരുപ്പം ഇപ്പോൾ ധനപരമായ പ്രതിഭാസമല്ല. കേന്ദ്ര ബാങ്കുകൾ സൃഷ്ടിച്ച പണത്തിന്റെ വലിയൊരളവ് ഓഹരികൾ പോലെ റിസ്കുള്ള ആസ്തികളിൽ നിക്ഷേപിക്കപ്പെട്ടത് അവയുടെ വിലകൾ ഉയരങ്ങളിൽനിന്ന് ഉയരങ്ങളിലേക്കു പോകാൻ ഇടയാക്കി. മറ്റുവാക്കുകളിൽ പറഞ്ഞാൽ ഉപഭോക്തൃ വിലക്കയറ്റത്തിന്റെ അഭാവത്തിൽ പണം ആസ്തിവിലകൾ വർധിപ്പിക്കുകയാണു ചെയ്യുന്നത്. ആഗോള പണ-ഓഹരി വിപണികളുടെ ഈനിർമ്മിതിയെ ചൈനയുടേയും യുഎസിന്റേയും നേതൃത്വത്തിൽ നടക്കുന്ന സാമ്പത്തിക വളർച്ചാ വീണ്ടെടുപ്പ് സഹായിക്കുന്നു. വിപണിയിൽ ഉണ്ടായേക്കാവുന്ന ശക്തമായ തിരുത്തൽ ആഗോള അടിസ്ഥാനത്തിൽ നടക്കാനാണ് സാധ്യത. ചുരുക്കത്തിൽ ഇന്ത്യയിലെ ആരോഗ്യരക്ഷാ സംവിധാനങ്ങൾ പൂർണമായി തകരുകയും ഭീകരമായ പ്രത്യാഘാതങ്ങൾ അതുണ്ടാക്കുകയും വിപണിയെ സാരമായി ബാധിക്കുകയും ചെയ്താലല്ലാതെ ഇന്നത്തെ ഇരുണ്ട സാഹചര്യം വിപണിയെ കാര്യമായി ബാധിച്ചേക്കില്ല. നിക്ഷേപകർ ചെയ്യേണ്ടത് വരുംനാളുകളിൽ കോവിഡ് വ്യാപനത്തിന്റെ തോത് വിപണിയെ നിർണയിച്ചേക്കാം. കോവിഡ് കേർവ് പരന്ന് താഴോട്ടുവരുന്നതിന്റെ സൂചനകൾ കാണിച്ചാൽ വിപണി ഉയരങ്ങളിലേക്കുകുതിക്കും. എന്നാൽ രോഗത്തിന്റെ ഗതിവിഗതികളുടെ കാര്യത്തിൽ വലിയതോതിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. അതിനാൽ ഓഹരികളിൽനിന്ന് കുറച്ചെങ്കിലും ലാഭമെടുത്ത് ആപണം, പലിശ കുറവെങ്കിലും സ്ഥിരനിക്ഷേപ പദ്ധതികളിൽ നിക്ഷേപിക്കുന്ന കാര്യം ചിന്തിക്കാവുന്നതാണ്. ലോകമെങ്ങും വിപണികളിൽ കുതിപ്പുനില നിൽക്കുന്നതിനാൽ ഐടി, ഫാർമ, ലോഹം, കെമിക്കൽസ്, പ്രമുഖ ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ ഓഹരികളിൽ ​നിക്ഷേപം നിലനിർത്തുന്നത് ബുദ്ധിപരമായ തീരുമാനമായിരിക്കും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റുമെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/2PpYhaX
via IFTTT