121

Powered By Blogger

Monday, 12 April 2021

ഇന്ത്യയ്ക്ക് ഇപ്പോൾ പ്രിയം അമേരിക്കൻ എണ്ണ

മുംബൈ: അമേരിക്കയിൽനിന്ന് ഏറ്റവുമധികം അസംസ്കൃത എണ്ണ വാങ്ങുന്ന രാജ്യങ്ങളിൽ ഇന്ത്യ ഒന്നാമത്. 2021 കലണ്ടർ വർഷത്തെ ആദ്യ മൂന്നുമാസക്കാലത്തെ കണക്കുകൾ പ്രകാരമാണിത്. 2020 കലണ്ടർ വർഷത്തിൽ അമേരിക്കയിൽനിന്ന് എണ്ണവാങ്ങുന്ന രണ്ടാമത്തെ വലിയ രാജ്യമായിരുന്നു ഇന്ത്യ. ദിവസം ശരാശരി 2,87,000 ബാരൽ എണ്ണയാണ് ഇക്കാലത്ത് ഇന്ത്യ വാങ്ങിയത്. 2019-ലേക്കാൾ 26 ശതമാനം അധികമാണിത്. ജനുവരി - മാർച്ച് കാലയളവിൽ പ്രതിദിനം അമേരിക്കയിൽ നിന്ന് 4,21,000 ബാരൽ എണ്ണയാണ് ഇന്ത്യ വാങ്ങിക്കൂട്ടിയിരിക്കുന്നത്. ദിവസം ശരാശരി 3,13,000 ബാരൽ എണ്ണ ഇറക്കുമതിചെയ്യുന്ന ദക്ഷിണ കൊറിയയാണ് രണ്ടാമത്. 2,95,000 ബാരലുമായി ചൈന മൂന്നാമതും. 2020-ൽ അമേരിക്കയിൽനിന്ന് ഏറ്റവുമധികം എണ്ണ വാങ്ങിയത് ചൈനയായിരുന്നു. ദിവസം ശരാശരി 4,61,000 ബാരൽ. 40 വർഷത്തോളം എണ്ണ കയറ്റുമതി നിർത്തിവെച്ചിരുന്ന അമേരിക്ക 2016 ജനുവരിയിലാണ് എണ്ണവിപണി കയറ്റുമതിക്കായി തുറന്നത്. 2020-ൽ ദിവസം 29 ലക്ഷം ബാരൽ എണ്ണയാണ് അമേരിക്ക കയറ്റുമതി ചെയ്തിരുന്നത്. മുൻവർഷത്തെക്കാൾ എട്ടു ശതമാനം അധികം. എണ്ണയുത്പാദനം ഉയർത്തണമെന്ന ഇന്ത്യയുടെ ആവശ്യം സൗദി അറേബ്യ ഉൾപ്പെടെയുള്ള എണ്ണയുത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് തള്ളിയിരുന്നു. മാത്രമല്ല, കരുതൽ ശേഖരം ഉപയോഗിച്ച് പ്രശ്നം പരിഹരിക്കാൻ ഇന്ത്യ ഏറ്റവുമധികം എണ്ണവാങ്ങുന്ന രാജ്യങ്ങളിലൊന്നായ സൗദി ഇന്ത്യയോട് നിർദേശിക്കുകയും ചെയ്തു. ഇതേത്തുടർന്ന് അസംസ്കൃത എണ്ണയ്ക്കായി പുതിയ സ്രോതസ്സുകൾ തേടാൻ സർക്കാർ രാജ്യത്തെ എണ്ണ സംസ്കരണകമ്പനികൾക്ക് നിർദേശം നൽകുകയായിരുന്നു. കോവിഡിനെ തുടർന്ന് കുത്തനെ ഇടിഞ്ഞ ആഗോള എണ്ണവില ഉയർത്തിനിർത്തുന്നതിനാണ് സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഉത്പാദനം കുറച്ചത്. ഇന്ത്യ ഇവിടെ ഉപയോഗിക്കുന്നതിന്റെ 85 ശതമാനം എണ്ണയും ഇറക്കുമതിചെയ്യുകയാണ്. ഇറാഖ് ആണ് ഇന്ത്യയ്ക്ക് ഏറ്റവുമധികം അസംസ്കൃത എണ്ണ നൽകുന്നത്. അതുകഴിഞ്ഞാൽ സൗദി അറേബ്യയും യു.എ.ഇ.യുമായിരുന്നു. ഭൗമശാസ്ത്രപരമായി ഇന്ത്യയോടടുത്താണ് ഈ രാജ്യങ്ങളെന്നതാണ് ആകർഷക ഘടകം. ഇതുവഴി ചരക്കുകൂലിയിൽ വലിയതുക ലാഭിക്കാൻ കഴിയും. ഈ രാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തിക്കാൻ എട്ടുമടങ്ങ് അധികയാത്ര വേണ്ടിവരും.

from money rss https://bit.ly/2QhUtJ9
via IFTTT