121

Powered By Blogger

Wednesday, 14 July 2021

കരുതലോടെ നീങ്ങാം: വൻകിട ഐപിഒകൾ ദ്വിതീയ വിപണിയിൽ പണദൗർലബ്യമുണ്ടാക്കിയേക്കാം

മ്യൂച്വൽ ഫണ്ടുകളിൽനിന്നും ചില്ലറ വ്യാപാര രംഗത്തുനിന്നുമുള്ള ശക്തമായ ധനാഗമത്തിന്റെ പിന്തുണയോടെ അഭ്യന്തര സൂചികകൾ പോയവാരത്തിലെ കുതിപ്പു വീണ്ടെടുത്തു. ലോക്ഡൗൺ അവസാനിച്ചതിന്റെ ഭാവിഗുണങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഇന്ത്യൻ വിപണിയിൽ ഉത്പാദനത്തിലും സർവീസ് പിഎംഐയിലുമുണ്ടായ കുറവ് ഉൾപ്പടെയുള്ള കണക്കുകൾ വലിയ സ്വാധിനം ചെലുത്തിയില്ല. ആഗോള വിപണിയിൽ സമ്മിശ്ര വികാരം നിലനിൽക്കേ, യുഎസ് കേന്ദ്ര ബാങ്കിന്റെ ഓപൺമാർക്കറ്റ് കമ്മിറ്റി മിനുട്സ് വരുന്നതിനുമുമ്പുതന്നെ ഇന്ത്യ യുഎസ് ബോണ്ട് വിൽക്കാൻ തുടങ്ങിയിരുന്നു. മിനുട്സ് മിക്കവാറും പ്രതീക്ഷിതമായിരുന്നതിനാൽ വിപണിയിൽ ചലനമുണ്ടാക്കിയില്ലെന്നു മാത്രമല്ല ദുർബ്ബലാവസ്ഥ തുടരുകയുംചെയ്തു. യുഎസിൽ 10 വർഷ യീൽഡിലുണ്ടായ വിറ്റഴിക്കൽ 1.55 ശതമാനത്തിൽനിന്നും 1.35 ശതമാനമായിത്തീരുകയും ഒരുവർഷത്തിനിടയിലെ ഏറ്റവുംവലിയ പതനം സംഭവിക്കുകയും ഇത് ഓഹരി വിപണിയെ സ്വാധീനിക്കുകയും ചെയ്തത് ദൗർബ്ബല്യം തുടരാനിടയാക്കി. യുഎസ് തൊഴിൽ രംഗത്തുനിന്നുള്ള ശക്തമായ കണക്കുകൾ സാമ്പത്തികരംഗത്ത് ക്രമമായ വീണ്ടെടുപ്പിന്റെ സൂചന നൽകുന്നു. കൊറോണ വൈറസിന്റെ ഡെൽറ്റാ വകഭേദത്തെച്ചൊല്ലിയുള്ള ഉൽക്കണ്ഠകൾ കുറഞ്ഞു. വിചാരിച്ചതിലും നേരത്തേ യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്കു വർധിപ്പിച്ചേക്കുമെന്ന സന്ദേഹത്തിൽ അത് മുങ്ങിപ്പോയിരിക്കുന്നു. ധനകാര്യസ്ഥാപന ഓഹരികളാണ് ഇന്ത്യൻ വിപണിയിലെ പോയ വാരത്തിലെ പ്രകടനത്തിന് അടിത്തറയായത്. 2022 സാമ്പത്തികവർഷം ആദ്യപാദത്തിലെ പ്രവർത്തങ്ങളിൽ പ്രധാന ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങളും പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡിന്റെ രണ്ടാംതരംഗം ആസ്തി നിലവാരത്തേയും വായ്പാവളർച്ചയേയും ബാധിച്ചേക്കുമെന്ന ആശങ്കയുംകുറഞ്ഞു. റിയൽ എസ്റ്റേറ്റ് ഓഹരികളിലും ലോഹ ഓഹരികളിലും കുതിപ്പുണ്ടായി. എന്നാൽ ആഗോള വിപണിയിലെ ഗതിമാന്ദ്യവും എണ്ണവിലയിലുണ്ടായ വർധനയും വിറ്റഴിക്കൽ പ്രവണതയും പോയവാരാന്ത്യത്തിൽ വിപണിയെ ബാധിക്കുകയുണ്ടായി. ഏഷ്യൻ വിപണിയിൽ, പ്രത്യേകിച്ച് ചൈനയിൽ വൻകിട സ്വകാര്യ കമ്പനികൾക്കെതിരെ സർക്കാർ തലത്തിൽ നടക്കുന്ന നീക്കങ്ങളും ആഗോള വിപണിയിലെ ചലനങ്ങളെത്തുടർന്നുള്ള സമ്മിശ്ര സൂചനകളും അഭ്യന്തര വിപണിയിൽ ചാഞ്ചാട്ടത്തിനു കാരണമായേക്കാം. വരാനിരിക്കുന്ന 2022 സാമ്പത്തിക വർഷത്തെ ഒന്നാം പാദഫലങ്ങളിലാണിപ്പോൾ വിപണി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രണ്ടാംതരംഗത്തിന്റെ സ്വാധീനംകാരണം കഴിഞ്ഞ പാദത്തേക്കാൾ മോശമായിരിക്കും ഫലങ്ങൾ എന്ന ജാഗ്രതാ കാഴ്ചപ്പാട് നിലനിൽക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ ഐടി രംഗത്തെ പ്രധാന ഓഹരികളാണ് ശ്രദ്ധിക്കപ്പെടുക. ടിസിഎസ് ഫലങ്ങൾ പ്രതീക്ഷിച്ചതിലും താഴെപ്പോയത് ഹ്രസ്വകാലത്തേക്കെങ്കിലും പ്രതികൂലപ്രഭാവത്തിന് കാരണമാകും. നിക്ഷേപകരുടെശ്രദ്ധ കൂടുതലായും പുതിയ ബിസിനസ് ഐപിഒ കളിലേക്കു തിരിഞ്ഞിട്ടുണ്ട്. ഈ മാസം ദ്വിതീയ വിപണിയേക്കാൾ പ്രാഥമിക വിപണികളിലായിരിക്കും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുക. പ്രാഥമിക വിപണിയിൽ നിന്ന് 25,000 കോടി രൂപയുടെ ധനസമാഹരണം ലക്ഷ്യമിടുന്നത് ദ്വിതീയ വിപണിയെ ദോഷകരമായി ബാധിക്കുകയും അവിടെ കുറച്ചു കാലത്തേക്കെങ്കിലും പണത്തിന്റെ കുറവ് അനുഭവപ്പെടുകയുംചെയ്യും. ചില്ലറ നിക്ഷേപകരെ സംബന്ധിച്ചേടത്തോളം ഇപ്പോഴത്തെ ഐപിഒ കളിൽ താൽപര്യം കൂടുതലായതിനാൽ ചെറുതരം ഓഹരികളിൽ താൽപര്യംകുറയും. വലുതും ബൃഹത്തുമായ ഐപിഒകളുടെ സാധ്യതകൾ എളുപ്പം വർധിക്കും. ലിസ്റ്റിങ് ലാഭങ്ങളും ചെറുകിട, ഇടത്തരം ഓഹരികളുടെ പ്രകടനവും ശരാശരി നിലവാരത്തിലായിരിക്കും. കമ്പനികളുടെ ഓഹരി വാങ്ങുന്നവരുടെ എണ്ണത്തിലുള്ളകുറവും ഉയർന്ന മൂല്യനിർണയവുമാണ് ഇതിനു കാരണം. വരുംനാളുകളിൽ ഓഹരിവിലകളുടെ പ്രകടനം ബിസിനസ് മോഡൽ, വ്യവസായത്തിന്റെ സാധ്യതകൾ, ലാഭം എന്നീ ഘടകങ്ങളെ ആശ്രയിച്ചായിരിക്കും. 2020 മാർച്ചിലെ താഴ്ചയ്ക്കു ശേഷമുണ്ടായ കുതിപ്പ് പ്രധാനമായും ആശ്രയിച്ചത് ചില്ലറരംഗത്തെയാണ്. ആഗോള രംഗത്തെ കുതിപ്പ്, ആകർഷകമായ വിലകൾ, റിസ്കെടുക്കാനുള്ള വർധിച്ച സന്നദ്ധത, വ്യക്തിവരുമാനത്തിൽ കാര്യമായ കുറവുവരാതിരുന്നത്, യഥേഷ്ടം സമയം എന്നീഘടകങ്ങളാണ് അഭ്യന്തര രംഗത്ത് വൻതോതിലുള്ള ചില്ലറ പങ്കാളിത്തം ഉറപ്പുവരുത്തിയത്. ചില്ലറ നിക്ഷേപകരുടെ വർധിച്ചതാൽപര്യം ഇന്ത്യൻ വിപണിക്കു നൽകിയ ദീർഘകാലഗുണം തുടരും. എന്നാൽ ഹൃസ്വകാലം മുതൽ ഇടക്കാലത്തേക്ക് ഉദാരനിലപാടുകളും ഓഹരി ആസ്തികളുടെ ആകർഷണീയത നിലനിർത്തുന്ന ധനകാര്യപദ്ധതികളും ആയിരിക്കും ആഗോള വിപണിയെ പ്രചോദിപ്പിക്കുക. ആത്യന്തികമായി ട്രേഡിംഗിൽ ലാഭം നിലനിർത്താനുള്ള ചില്ലറ നിക്ഷേപകരുടെ കഴിവിനെ ആശ്രയിച്ചിരിക്കും കാര്യങ്ങൾ. ആഗോള വിപണി ഏകീകരണത്തിന്റെ ഘട്ടത്തിലൂടെ കടന്നുപോവുകയാണ്. ഓഹരി ആസ്തികളുടെ ഫലപ്രാപ്തി നിലനിർത്തുന്ന ഘടകങ്ങൾ മാറ്റമില്ലാതെ നിൽക്കുന്നതിനാൽ ഇതിന് അൽപായുസേ ഉണ്ടാകു. ആഗോള ഘടകങ്ങൾക്കുപുറമേ, കൂടിയ വിലകളും ദ്വിതീയ വിപണികളിലുണ്ടാകാവുന്ന പണത്തിന്റെ കുറവും ചില്ലറ നിക്ഷേപങ്ങൾ കുറയ്ക്കാനിടയാക്കിയേക്കും. വിദേശ നിക്ഷേപകരുടെ വിറ്റഴിക്കൽ മനോഭാവവും ഇന്ത്യൻ വിപണിയുടെ ഗതിവേഗത്തെ ബാധിക്കും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3khXjuj
via IFTTT