121

Powered By Blogger

Thursday, 9 September 2021

ആവശ്യംകൂടി, ലഭ്യതകുറഞ്ഞു: അലുമിനിയം വില കുതിക്കുന്നു

ലഭ്യതയെക്കുറിച്ചുള്ള ആശങ്കയും കൂടിയ ഡിമാന്റും ആഭ്യന്തര അലുമിനിയം വിലയിൽ ഈയിടെ എക്കാലത്തേയും വലിയ കുതിപ്പുണ്ടാക്കി. സർക്കാർ ഏർപ്പെടുത്തിയ ഉൽപാദന നിയന്ത്രണം എസ്എച്ച്എഫ്ഇ നിരക്കുകൾ 13 വർഷത്തെ ഏറ്റവും ഉയരത്തിലെത്തിച്ചു. അലുമിനിയം സൂചികയായ എൽഎംഇ 2011 നു ശേഷമുള്ള ഏറ്റവും കൂടിയ നിലയിലാണ്. എംസിഎക്സിൽ വർഷാരംഭത്തിൽ അലുമിനിയം വില കിലോഗ്രാമിന് 160 രൂപയായിരുന്നു. ക്രമേണ അതുയർന്ന് 215.20 രൂപ എന്ന റെക്കോഡ് നിലവാരത്തിലെത്തി. ആഭ്യന്തര വിപണിയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ അലുമിനിയം വില 47 ശതമാനം വളർച്ച രേഖപ്പെടുത്തി. ലണ്ടൻ വിപണിയിലും ഷാങ്ഹായിലും ഇതേപ്രവണതയാണ് തുടർന്നത്. ഒരുവർഷത്തിനിടയിൽ ഇരുവിപണികളിലും വിലകളിൽ യഥാക്രമം 55, 45 ശതമാനം വീതം നേട്ടമുണ്ടായി. രാജ്യത്തെ പല പവർ പ്ലാന്റുകളിലും കൽക്കരിക്ക് ക്ഷാമം നേരിടുന്നതായി വാർത്ത വന്നപ്പോൾ ഊർജ്ജമേഖലയിലെ ചലനങ്ങൾ നേരിട്ടു ബാധിക്കുന്ന അലുമിനിയത്തിന് ആഭ്യന്തര വിപണിയിൽ വില കയറി. പ്രഥമിക തലത്തിൽ അലുമിനിയത്തിന്റെ ഏറ്റവുംവലിയ രണ്ടാമത്തെ ഉൽപാദകരാണ് ഇന്ത്യ. കൽക്കരി ക്ഷാമത്തെക്കുറിച്ചുള്ള വാർത്ത പരന്നതോടെ അലുമിനിയം ഉൽപാദനം തടസ്സപ്പെടുമെന്ന ആശങ്കപരന്നു. കൽക്കരിയിൽനിന്നു രൂപംകൊള്ളുന്ന വൈദ്യുതിയും അസംസ്കൃത വസ്തുക്കളുമാണ് രാജ്യത്ത് അലുമിനിയം ഉൽപാദനച്ചെലവിൽ പകുതിയിലേറെയുംവരുന്നത്. ചൈനയിലെ ഉൽപാദനക്കുറവും ലോകവിപണിയിൽ അലുമിനിയത്തെ ബാധിക്കുകയും വിലകൾ വർധിക്കാനിടയാക്കുകയും ചെയ്തു. കാർബൺ പുറന്തള്ളുന്നത് കുറയ്ക്കുന്നതിനായി ചൈനയിലെ ചില മേഖലാ ഭരണകൂടങ്ങൾ കമ്പനികൾക്ക് കർശനനിബന്ധനകൾ ഏർപ്പെടുത്തിയതും അലുമിനിയം ഉൽപാദനത്തെ ബാധിച്ചു. ലോകത്തിലെ ഏറ്റവുംവലിയ അലുമിനിയം ഉൽപാദകരും ഉപയോക്താക്കളും ചൈനയാണ്. കർശന നിബന്ധനകൾ കാരണം ഇക്കൊല്ലം ഇതുവരെ ചൈന 20 ലക്ഷം ടൺ അലുമിനിയം ഉൽപാദനം കുറച്ചിട്ടുണ്ട്. ചൈനയിൽ കഴിഞ്ഞവർഷം രാജ്യത്തെ മൊത്തം വൈദ്യുതിയുടെ 7 ശതമാനം ഉപയോഗിച്ചത് അലുമിനിയം ശുദ്ധീകരണശാലകളായിരുന്നു. വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്നതിന് നടപടികളെടുക്കാൻ പല മേഖലാ ഭരണകൂടങ്ങളും തുനിഞ്ഞത് ഈസാഹചര്യത്തിലാണ്. ചൈനയിലെ പ്രധാന അലുമിനിയം ശുദ്ധീകരണ കേന്ദ്രങ്ങളിലൊന്നായ സിൻജിയാംഗിൽ അഞ്ചു പ്രമുഖ കമ്പനികൾക്കെതിരെ ഉൽപാദന നിയന്ത്രണം കൊണ്ടുവന്നു. നിയമ വിരുദ്ധമായി അലുമിനിയം ഉൽപാദിപ്പിക്കുന്നതിനെതിരെക്കൂടിയായിരുന്നു ഈ നടപടി. ഈവർഷം ആദ്യ പാദത്തിൽതന്നെ ചൈനയുടെ സാമ്പത്തിക വളർച്ച മഹാമാരിക്കു മുമ്പുള്ള കാലഘട്ടത്തിലേതിനു തുല്യമായിത്തീർന്നു. ഇപ്രകാരം യുഎസും ഇതര യൂറോപ്യൻ രാജ്യങ്ങളും മികച്ച സാമ്പത്തിക കണക്കുകളുമായി രംഗത്തുവരാൻ തുടങ്ങിയത് ലോകമെങ്ങും ഫാക്ടറികളിലും വ്യാവസായിക പ്രവർത്തനങ്ങളിലും ഉറച്ച വളർച്ചയുണ്ടാകുന്നതായാണ് സാക്ഷ്യപ്പെടുത്തുന്നത്. ഉൽപാദനക്കുറവിനെച്ചൊല്ലിയുള്ള ഭീതിയും അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുന്ന ലോക സാമ്പത്തിക വീണ്ടെടുപ്പിനെത്തുടർന്ന് വാഹന, പാക്കേജിംഗ് രംഗങ്ങളിൽ വർധിക്കുന്ന ഡിമാന്റും അലുമിനിയത്തിന് ഗുണകരമാണ്. ഡിമാന്റ്- സപ്ളെ ബലതന്ത്രവും യുഎസ് കറൻസിയുടെ പ്രകടനവും ഹ്രസ്വകാലത്തേക്കെങ്കിലും അലുമിനിയത്തിന്റെ ഗതിനിയന്ത്രക്കും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി റിസർച്ച് വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/2X3RNC7
via IFTTT