121

Powered By Blogger

Monday, 6 December 2021

പാഠം 153| നിക്ഷേപമെന്നാല്‍ സാമ്പത്തിക ആസൂത്രണമല്ല; പിന്നെ എന്താണ്-അറിയാം വിശദമായി

അബുദാബിയിലെ ഒരുവിദേശ കമ്പനിയിൽ അക്കൗണ്ടന്റാണ് സുനിൽകുമാർ. രണ്ടുലക്ഷത്തിലേറെ ശമ്പളയിനത്തിൽ പ്രതിമാസം ലഭിക്കുന്നു. 45 വയസ്സാണ് പ്രായം. കോവിഡ് ആദ്യമായി വ്യാപിച്ച 2020ൽ ജോലി പോകുമോയെന്ന ആശങ്കയുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചില്ലെന്നുമാത്രമല്ല, ജോലിക്കയറ്റവും ശമ്പളവർധനവും ലഭിക്കുകയുംചെയ്തു. 2020ലെ തകർച്ചക്കുശേഷം വിപണി കുതിക്കാൻ തുടങ്ങിയപ്പോഴാണ്, ഇങ്ങനെ പോയാൽപറ്റില്ല ഭാവിയിലേക്ക് നിക്ഷേപം കരുതിവെക്കണമെന്ന ചിന്ത സുനിൽകുമാറിനുണ്ടായത്. ഫ്രീഡം @ 40 എന്ന ടാഗ് ലൈനിൽ ഈകോളത്തിൽ തുടക്കമിട്ട കാമ്പയിനാണ് അതിന് പ്രേരണയായത്. ഉടനെതന്നെ ഡീമാറ്റ് അക്കൗണ്ടെടുത്തു. സമൂഹമാധ്യമങ്ങളും സുഹൃത്തുക്കളും ശുപാർശചെയ്ത മികച്ച ഓഹരികളിൽ തുടരെതുടരെ നിക്ഷേപം നടത്തി. മ്യൂച്വൽ ഫണ്ടിലും കൈവെച്ചു. സുനിൽകുമാർ ഇ-മെയിലിൽഅയച്ചുതന്ന നിക്ഷേപ വിവരങ്ങൾ വിശദമാക്കുന്ന എൻഎസ്ഡിഎലിന്റെ കൺസോളിഡേറ്റഡ് അക്കൗണ്ട് സ്റ്റേറ്റുമെന്റ്(കാസ്) പരിശോധിക്കാൻ ഏറെസമയംവേണ്ടിവന്നു. 50ലേറെ ഓഹരികളിലാണ് നിക്ഷേപിച്ചിട്ടുള്ളത്. 28 മ്യൂച്വൽ ഫണ്ടുകളിലം പണംമുടക്കിയിരിക്കുന്നു. വിപണി മികച്ചനേട്ടമുണ്ടാക്കിയപ്പോൾ ഒരുവർഷത്തിനിടെതന്നെ ഓഹരികളിൽനിന്നും മ്യൂച്വൽ ഫണ്ടിൽനിന്നും ഭാഗികമായി നിക്ഷേപം തിരിച്ചെടുത്തു. 50 ലക്ഷത്തോളമുണ്ടായിരുന്ന പോർട്ട്ഫോളിയോ മൂല്യം ഇപ്പോൾ 20ലക്ഷത്തിലേയ്ക്ക് ശോഷിച്ചിരിക്കുന്നു. ജോലി നഷ്ടമാകില്ലെന്ന് ഉറപ്പായപ്പോഴുണ്ടായ ആത്മവിശ്വസവും ശമ്പളവർധനവും ജീവതം കുറച്ചുകൂടി ആഢംബരമാക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. അഞ്ചുവർഷം കഴിഞ്ഞാൽ നാട്ടിൽ സ്ഥിരതാമസമാക്കിയാലോയെന്ന ചിന്ത ഉണ്ടായപ്പോഴാണ് നിക്ഷേപത്തെക്കുറിച്ച് വീണ്ടും ആലോചിച്ചത്. നാട്ടിലെത്തിയാൽ ജീവിക്കാൻ എത്രതുകവേണമെന്നോ, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം ഉൾപ്പടെയുള്ള സാമ്പത്തിക ലക്ഷ്യങ്ങൾ എങ്ങനെ നിറവേറ്റുമെന്നോ അദ്ദേഹത്തിന് അറിയില്ല. ഗൾഫിലുള്ളവരുടെമാത്രമല്ല, നാട്ടിലുള്ള 99ശതമാനംപേരുടെയും നിക്ഷേപരീതി ഇപ്രകരാമാണ്. സാമ്പത്തികലക്ഷ്യങ്ങൾ മുന്നിൽകണ്ട് നിശ്ചിതതുക നീക്കിവെയ്ക്കാൻ മിക്കവാറുംപേർ തയ്യാറാകുന്നില്ലെന്നതാണ് വാസ്തവം. ആസൂത്രണം ആവശ്യമാണോ? പ്രതികൂല സാഹചര്യങ്ങൾ നിരവധിയുണ്ടെങ്കിലും ഓഹരി വിപണി ഇപ്പോഴും കുതിപ്പിന്റെ പാതയിലാണ്. സമ്പദ്ഘടന മുന്നേറ്റത്തിന്റെ ട്രാക്കിലായതിനാൽ ഓഹരി അധിഷ്ഠിത പദ്ധതികളിൽനിന്ന് ഭാവിയിൽ മികച്ചനേട്ടം സ്വന്തമാക്കാമെന്നകാര്യത്തിൽ സംശയമില്ല. അതുകൊണ്ടുതന്നെ ഓഹരിയിലെനേട്ടം ദീർഘകാലയളവിൽ സ്വന്തമാക്കാൻ നിക്ഷേപകർ ശ്രദ്ധിക്കേണ്ടതുണ്ട്. ചിട്ടയായി നിക്ഷേപിക്കാൻ തയ്യാറാണെങ്കിൽ ഭാവിയിൽ മികച്ചനേട്ടമുണ്ടാക്കാൻ അവസരമുണ്ട്. ഉയർന്ന മൂല്യത്തിൽ തുടരുന്നതിനാൽ ഓഹരിയിൽ ഇപ്പോൾ നിക്ഷേപം തുടങ്ങാൻ ശങ്കിക്കുന്നവരുണ്ട്. ദീർഘകാലയളവിൽ ചിട്ടയായി നിക്ഷേപിക്കുന്നവർ അതൊന്നും കാര്യമായെടുക്കേണ്ടതില്ല. മുന്നോട്ടുമാത്രം ഓടുന്ന വാഹനമല്ല ഓഹരി വിപണി, ഇടക്കൊക്കെ റിവേഴ്സ് ഗിയറിട്ട് പിന്നോട്ടുംപോകും. എന്നിരുന്നാലും ദീർഘകാലയളവിൽ നോക്കിയാൽ ആത്യന്തികമായി മുന്നോട്ടാകും പ്രയാണമെന്ന് മനസിലാക്കാം. ഓരോതവണ വിപണിയിൽ തിരുത്തലുണ്ടാകുമ്പോഴും നിക്ഷേപകന് ഗുണകരമാകുകയാണ് ചെയ്യുക. കൃത്യമായ ആസുത്രണംവേണം ഇതൊക്കെയാണെങ്കിലും നഷ്ടസാധ്യത കുറയ്ക്കാനുംപരമാവധി നേട്ടമുണ്ടാക്കാനും മികച്ച ആസൂത്രണംതന്നെവേണം. ഓഹരിയിലോ ഓഹരി അധിഷ്ഠിത പദ്ധതികളിലോ നിക്ഷേപം നടത്തുന്നയാളോ, പുതിയതായി തുടങ്ങാനിരിക്കുന്നയാളോ ആണെങ്കിൽ വ്യക്തമായ പ്ലാനോടുകൂടി മുന്നോട്ടുപോകാൻ കഴിയണം. തുടക്കത്തിലെന്നതുപോലെ യാത്രയിലെ ഓരോഘട്ടത്തിലും തടസ്സങ്ങൾ മറികടന്ന് മുന്നോട്ടുപോകാൻ മുന്നിലുള്ള ലക്ഷ്യം സഹായകരമാകും; യാത്ര അനിശ്ചിതത്വം നിറഞ്ഞതാണെങ്കിൽപോലും. ഓഹരി വിപണിയിൽ അനിശ്ചിതത്വമുണ്ടാകുമ്പോൾ നിക്ഷേപർക്ക് സ്വാഭാവികമായും ആശങ്കയുണ്ടാകും. നിക്ഷേപം പുനഃക്രമീകരിക്കേണ്ടതുണ്ടോ എന്നചിന്തയുണ്ടാകും. ലക്ഷ്യംഎത്തിപ്പിടിക്കാനുള്ള പ്രയാണത്തിൽ, വ്യക്തമായ സാമ്പത്തിക ലക്ഷ്യവും അതിനനുസരിച്ചുള്ള ആസുത്രണവുമില്ലെങ്കിൽ പണംനഷ്ടമാകുമോയെന്ന ഭയവുംപിടികൂടും. ആത്യന്തികമായി, സാമ്പത്തിക ലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതിനാണ് എല്ലാവരും നിക്ഷേപംനടത്തുന്നത്. ആസൂത്രണമെന്നത് വലിയൊരു പ്രക്രിയയുടെ ഭാഗംമാത്രമാണ്. സാമ്പത്തിക ആസൂത്രണമില്ലാതെ നിക്ഷേപ ആസ്തികൾ തിരഞ്ഞെടുക്കാതിരിക്കുകയാണ് നല്ലത്. ഓരോ നിക്ഷേപ ആസ്തിയുടെയും സവിശേഷതകൾ മനസിലാക്കി അനുയോജ്യമായവത നിശ്ചിത അനുപാതത്തിൽ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. സ്വന്തമായി നിക്ഷേപം നടത്തുന്നവരിൽ ഭൂരിഭാഗംപേരും മികച്ചരീതിയിൽ സാമ്പത്തിക ആസൂത്രണംചെയ്യാൻ കഴിയുന്നവരായിരിക്കില്ല. ഹ്രസ്വ-മധ്യ-ദീർഘകാല ലക്ഷ്യങ്ങൾക്കായി ഇത്തരക്കാർക്കുമുന്നിൽ ഒരുപ്ലാൻപോലും ഉണ്ടാകില്ല. ആസൂത്രണമില്ലെങ്കിൽ ഇടക്കുവെച്ചുണ്ടാകുന്ന ആവശ്യങ്ങൾക്കായി നിലവിലെ നിക്ഷേപത്തിൽനിന്ന് പണംപിൻവലിച്ചേക്കാം. ദീർഘകാല ലക്ഷ്യങ്ങളെ അത് അപകടത്തിലാക്കും. മിക്കവാറും നിക്ഷേപകർ ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതും പണംപിൻവലിക്കുന്നതും വിപണിയുടെ നീക്കംനോക്കിയായിരിക്കും. ലക്ഷ്യം ദീർഘകാലയളവിലുള്ളതാണെങ്കിൽ വിപണി സാഹചര്യങ്ങൾ പരിഗണിക്കാതെ നിക്ഷേപം തുടരുകതന്നെവേണം. ശരിയായ തുടക്കം സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസരിച്ച് എത്രതുകനേടണമെന്നും അതിനുവേണ്ട റോഡ്മാപ്പും മികച്ച ആസൂത്രണത്തിന്റെ ഭാഗമാണ്. ലക്ഷ്യങ്ങൾ തിരിച്ചറിയുകയെന്നതാണ് സാമ്പത്തികാസൂത്രണത്തിന്റെ ആദ്യഘട്ടം. വീടുവാങ്ങുക, കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണംസമാഹരിക്കുക. റിട്ടയർമെന്റിനുശേഷമുള്ള ജീവിതത്തിനായി പണംകണ്ടെത്തുക എന്നിവ അവയിൽ ഉൾപ്പെടുന്നു. ലക്ഷ്യങ്ങൾ തിരിച്ചറിയുകയും അതിനുവേണ്ട തുക കണക്കാക്കുകയുംചെയ്യുമ്പോൾ സ്വയം രൂപപ്പെടുത്തുന്ന സാമ്പത്തിക നിയന്ത്രണത്തിനുള്ളിലാകുന്നു. ആസൂത്രണപ്രകാരം മുന്നോട്ടുപോകുമ്പോൾ വിപണിയല്ല നിങ്ങളെ നിയന്ത്രിക്കുക, ഹ്രസ്വകാല, ദീർഘകാല ലക്ഷ്യങ്ങളാണ്. ലക്ഷ്യങ്ങളിലെ മുൻഗണന ലക്ഷ്യങ്ങൾ തീരുമാനിച്ചുകഴിഞ്ഞാൽ അവയ്ക്ക് മുൻഗണന നൽകുകയാണ് അടുത്തപടി. പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ അവഗണിക്കാതെ മുന്നോട്ടുപോകാൻ അത് സാഹയിക്കും. ഉദാഹരണത്തിന്, ആഡംബര കാർ വാങ്ങുന്നതിനോ, വിദേശ വിനോദയാത്ര പോകുന്നതിനോ ഉള്ളതിനേക്കാൾ പ്രാധാന്യം റിട്ടയർമെന്റ് ജീവിതത്തിന് നൽകേണ്ടതുണ്ട്. കുട്ടികളുള്ളവരാണെങ്കിൽ അവരുടെ വിദ്യാഭ്യാസവുംമറ്റും പരിഗണിക്കേണ്ടിവരും. എത്രയുംനേരത്തെ ആരംഭിക്കാൻ കഴിയുന്നുവോ അത്രയും കുറച്ചുതുകമതി നിക്ഷേപിക്കാൻ. മുൻകൂട്ടിയുള്ള ആസൂത്രണം അതിന് സഹായകമാകുന്നു. പ്രത്യേക പോർട്ട്ഫോളിയോ എല്ലാ ലക്ഷ്യങ്ങളും ഒരേ കാലയളവിൽ പൂർത്തിയാക്കേണ്ടവയല്ലാത്തതിനാൽ വ്യത്യസ്ത പോർട്ട്ഫോളിയോതന്നെ ഉണ്ടാക്കേണ്ടിവരും. വീടുണ്ടാക്കാൻ 3-5വർഷം വേണ്ടിവന്നേക്കാം. കുട്ടികളുടെ വിദ്യാഭ്യാസം 10-15 വർഷം കഴിഞ്ഞായിരിക്കാം. വിരമിക്കാൻ 30-35വർഷം മുന്നിലുണ്ടായേക്കാം. കാലയളവിനനുസരിച്ച് വ്യത്യസ്ത ആസ്തികളിലും നിക്ഷേപിക്കേണ്ടിവരും. സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസരിച്ചുതന്നെ മുന്നേറേണ്ടത് പ്രധാനമാണ്. ഉദാഹരണത്തിന്, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസമെന്ന ലക്ഷ്യത്തിൽനിന്ന് പിന്മാറിയാൽ വിരമിച്ചതിനുശേഷമുള്ള ജീവതത്തിന് നീക്കിവെക്കുന്നത് ഗുണകരമാകില്ല. ഈ ലക്ഷ്യത്തിന് നീക്കിവെച്ചതുക വകമാറ്റേണ്ടിവന്നേക്കാം. അതുമാത്രമല്ല, നിക്ഷേപവളർച്ച അവലോകനംചെയ്യാനും ലക്ഷ്യംനേടുന്നതിനുള്ള പ്രയാണത്തിൽ യാത്രശരിയായ ദിശയിലാണെന്ന് ഇടക്കിടെ ഉറപ്പുവരുത്താനും അത് ആവശ്യമാണ്. ഭാവിയിൽ നിക്ഷേപ തുകവർധിപ്പിക്കാനും പോർട്ട്ഫോളിയോയിൽനിന്ന് ചലി പദ്ധതികൾ നീക്കംചെയ്യാനും കൂട്ടിച്ചേർക്കാനും ഇത് അനിവാര്യമാണ്. പദ്ധതികളുടെ തിരഞ്ഞെടുപ്പ് ദീർഘകാല ലക്ഷ്യമാണെങ്കിൽ, മറ്റെല്ലാ ആസ്തികളെയും മറകടക്കുന്ന നേട്ടംനൽകാൻ ഓഹരി അധിഷ്ഠിത പദ്ധതികൾക്ക് കഴിയും. പണപ്പെരുപ്പത്തെ അതിജീവിക്കാനുള്ളനേട്ടം ഓഹരി പദ്ധതികളിൽനിന്ന് ലഭിക്കുമെന്ന് ചരുക്കും. സാമ്പത്തിക ലക്ഷ്യങ്ങൾ നേടുന്നതിന് മുന്നിലുള്ള ഏറ്റവുംവലിയ വെല്ലുവിളി പണപ്പെരുപ്പമാണ്. റിസ്ക് പ്രൊഫൈൽ വിലിയുരുത്തി ഓഹരിയിൽ നേരിട്ടോ, മ്യൂച്വൽ ഫണ്ടിന്റെവഴിയോ തിരഞ്ഞെടുക്കേണ്ടിയിരിക്കുന്നു. അസ്ഥിര സ്വാഭാവം കണക്കിലെടുത്ത് ഹ്രസ്വ-മധ്യകാലയളവിലെ ലക്ഷ്യങ്ങൾക്ക് ഓഹരിയേക്കാൾ ഡെറ്റ് അധിഷ്ഠിത പദ്ധതികൾക്ക് പ്രാധാന്യംനൽകണം. ബാങ്ക് സ്ഥിരനിക്ഷേപം, പോസ്റ്റ് ഓഫീസ് പദ്ധതികൾ, കടപ്പത്രം എന്നിവ അസ്ഥിരമല്ലാത്തതിനാൽ മൂലധനം സംരക്ഷിക്കാൻ പര്യാപ്തമാണ്. ഇതുകൂടാതെ പണമാക്കൽ(ലിക്വിഡിറ്റി), ആദായത്തോടൊപ്പമുള്ള നികുതി ബാധ്യത, നിർബന്ധമായുള്ള നിക്ഷേപ കാലാവധി-തുടങ്ങിയവ കണക്കിലെടുക്കണം. നിക്ഷേപിക്കേണ്ട തുക ലക്ഷ്യം നിർണയിക്കുകയും മുൻഗണന നൽകുകയുംചെയ്തുകഴിഞ്ഞാൽ, അത് നിറവേറ്റാൻ എത്രതുക നിക്ഷേപിക്കേണ്ടിവരുമെന്ന് കണ്ടെത്താം. നിർദ്ദിഷ്ടലക്ഷ്യം കൈവരിക്കുന്നതിന് വിലക്കയറ്റതോതുകൂടി ക്രമീകരിച്ചതിനുശേഷം ഭാവിയിൽ ആവശ്യമായ മൊത്തംതുകയാണ് കണക്കാക്കേണ്ടത്. ഉദാഹരണത്തിന്, ഇപ്പോൾ 15 ലക്ഷം രൂപ വണ്ടിവരുന്ന മകന്റെ വിദ്യാഭ്യാസത്തിന് 21വർഷത്തിനുശേഷം എത്രതുകവരുമെന്ന് കണ്ടെത്താം. ഇതിനായി ശരാശരി 7 ശതമാനം വാർഷിക പണപ്പെരുപ്പം കൂടിചേർക്കാം. അതുപ്രകാരം 62 ലക്ഷം രൂപയായിയിരിക്കും ലക്ഷ്യതുക. ഇക്വിറ്റി മ്യൂച്വൽ ഫണ്ടിലാണ് നിക്ഷേപിക്കുന്നതെങ്കിൽ ചുരുങ്ങിയത് 12ശതമാനം വാർഷികാദായം പ്രതീക്ഷിക്കാം. അതിനനസുരിച്ച് പ്രതിമാസം നിക്ഷേപിക്കേണ്ടുത ഇപ്പോൾ തീരുമാനിക്കാം. മാസം 5,500 രൂപ നിക്ഷേപിക്കാനായാൽ നിശ്ചിത സമയത്ത് ലക്ഷ്യതുക കണ്ടെത്താം. നിക്ഷേപ പദ്ധതി നിക്ഷേപ ലക്ഷ്യങ്ങൾക്കനുസരിച്ചുള്ള പദ്ധതികൾ തിരഞ്ഞെടുത്താൽ ഏറെക്കുറെ പൂർത്തിയായി. ദീർഘകാല ലക്ഷ്യങ്ങൾക്ക് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ, ഇടത്തരം കാലയളവിലെ ലക്ഷ്യങ്ങൾക്ക് ഹൈബ്രിഡ് ഫണ്ടുകൾ, ഹ്രസ്വകാല ലക്ഷ്യങ്ങൾക്ക് ഡെറ്റ് ഫണ്ടുകൾ എന്നിങ്ങനെ ക്രമീകരിക്കാം. മികച്ചതും അനുയോജ്യമായതുമായ ഫണ്ടുകൾ തിരഞ്ഞെടുത്ത് എസ്ഐപിയായി നിക്ഷേപംതുടങ്ങാം. വിപണിയുടെ ഉയർച്ചതാഴ്ചകളിൽ നിക്ഷേപകർ പതറരുത്. വിപണി ഇടിയുമ്പോൾ നടത്തുന്ന നിക്ഷേപം ഭാവിയിൽ മികച്ചനേട്ടം ലഭിക്കാൻ സാഹയിക്കുമെന്നകാര്യം മറക്കരുത്. ലക്ഷ്യതുകയെത്തിയാൽ ഇക്വിറ്റിയിൽനിന്ന് ഡെറ്റിലേക്ക് ഘട്ടംഘട്ടമായി മാറാം. അതിനും വ്യക്തമായ ആസൂത്രണമുണ്ടാകണം. പരിരക്ഷ ഉറപ്പാക്കാം നിക്ഷേപ ലക്ഷ്യങ്ങൾക്കനുസരിച്ച് പോർട്ട്ഫോളിയോ രൂപപ്പെടുത്തുമ്പോൾ സ്വന്തം ജീവിതത്തിനും പരിരക്ഷ ഏർപ്പെടുത്താൻ ശ്രദ്ധിക്കണം. നമ്മുടെ അഭാവത്തിൽ കുടുംബത്തിന് മുന്നോട്ടുപോകാൻ ടേം പ്ലാൻ ഉറപ്പാക്കാം. ആവശ്യത്തിന് ആസ്തി ഇതിനകം സമാഹരിക്കാനായില്ലെങ്കിൽ ഭാവിയിലെ ആവശ്യങ്ങൾക്കൂടി നിർവഹിക്കാനുതകുന്ന തുകക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താം. ഒന്നോ രണ്ടോ കോടി രൂപയുടെ പരിരക്ഷയെങ്കിലും വേണമെന്നുചരുക്കം. അതിനായി എൻഡോവ്മെന്റ്, മണിബാക്ക്, യുലിപ് പോലുള്ള നിക്ഷേപവും ഇൻഷുറൻസും കൂട്ടികലർത്തിയുള്ള പ്ലാനുകളല്ല അനുയോജ്യം. കുറഞ്ഞ പ്രീമിയത്തിൽ കൂടുതൽ പരിരക്ഷ ലഭിക്കുന്ന ടേം പ്ലാൻതന്നെ ഉറപ്പാക്കുക. feedback to: antonycdavis@gmail.com ശ്രദ്ധിക്കാൻ:സ്വന്തമായി നിക്ഷേപംനടത്തുന്ന(DIY) മിക്കവാറും നിക്ഷേപകരും കരുതുന്നത്, സാമ്പത്തികാസൂത്രണമെന്നത് നിക്ഷേപആസൂത്രണത്തിന് സമാനമാണെന്നാണ്. സാമ്പത്തികാസൂത്രണത്തിന്റെ ഒരുഭാഗംമാത്രമാണതെന്ന് മനസിലാക്കുക. സാമ്പത്തിക ലക്ഷ്യങ്ങൾ ക്രമീകരിച്ച് അതിനനുസരിച്ച് മുന്നോട്ടുപോകാൻ കഴിയില്ലെങ്കിൽ ഉപദേഷ്ടാവിന്റെ സേവനംതേടാം. ഓഹരിയിലും മ്യൂച്വൽ ഫണ്ടിലും ഉൾപ്പടെ സ്വന്തമായി നിക്ഷേപംനടത്തുന്നവർ പ്രകടിപ്പിക്കുന്ന അമിത ആത്മവിശ്വാസം അപകടത്തിലാകും കൊണ്ടെത്തിക്കുക. നിക്ഷേപ പദ്ധതികളെക്കുറിച്ച് വ്യക്തമായ ധാരണയും ആവശ്യമാണ്. ഉപദേശകൻ മുന്നോട്ടുവെക്കുന്ന പദ്ധതികളെക്കുറിച്ചും അവയുടെ പ്രവർത്തനരീതിയെക്കുറിച്ചും ചെലവിനത്തിൽ നിക്ഷേപ പദ്ധതികൾ ഈടാക്കുന്നതുകയെക്കുറിച്ചും മനസിലാക്കിയിരിക്കണം.

from money rss https://bit.ly/33bhmV7
via IFTTT