121

Powered By Blogger

Wednesday, 29 December 2021

പാഠം 156| 2022ല്‍ വിപണി കുതിക്കുമോ? സ്വീകരിക്കേണ്ട നിക്ഷേപതന്ത്രങ്ങൾ അറിയാം

കോവിഡിന്റെ രണ്ടാംതരംഗത്തെതുടർന്ന് പ്രക്ഷുബ്ദമായിരുന്നു 2021. ധനകാര്യ വിപണിയിൽ വലിയ വിപത്തുകൾ അതുണ്ടാക്കിയില്ലെന്നുമാത്രമല്ല, സമീപകാലയളവിലൊന്നും ലഭിക്കാത്തനേട്ടം ഓഹരി അധിഷ്ഠിത പദ്ധതികളിലെ നിക്ഷേപകർക്ക് സ്വന്തമാക്കാനുമായി. ലാർജ് ക്യാപ് സൂചികകൾ 20ശതമാനം ഉയർന്നു. ബിഎസ്ഇ സ്മോൾ ക്യാപ് 57ശതമാനവും മിഡ്ക്യാപ് 36ശതമാനവും നേട്ടമുണ്ടാക്കി. സാമ്പത്തിക ലക്ഷ്യങ്ങൾക്ക് എസ്ഐപിയായി നിക്ഷേപിച്ചാൽ ഭാവിയിൽ കൂടുതൽനേട്ടമുണ്ടാക്കാനാകുമെന്ന ആത്മവിശ്വാസം മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കുണ്ടായി. ഇക്വിറ്റി മികച്ചനേട്ടം നൽകിയപ്പോൾ ഡെറ്റ് നിക്ഷേപകർക്ക് ആഹ്ലാദിക്കാൻ വകയില്ലാതായി. എട്ടും പത്തും ശതമാനം ആദായം ലഭിച്ചിരുന്ന ഡെറ്റ് കാറ്റഗറികളിലെ ഫണ്ടുകളിലെ നേട്ടം 4-5ശതമാനത്തിലേയ്ക്കുചുരുങ്ങി. 2022 ലേയ്ക്ക് യാത്രതുടരുമ്പോൾ ഇനി യാത്ര 2022ലേയ്ക്കാണ്. ഓഹരി വിപണിയിലെ വലിയ പ്രതീക്ഷകൾ പൂവണിയുമോയെന്ന് കണ്ടറിയണം. കോവിഡ് ഉത്തേജനപദ്ധതികളിൽനിന്ന് പിന്മാറാനും ഘട്ടംഘട്ടമായി നിരക്ക് ഉയർത്താനുമുള്ള ശ്രമത്തിലാണ് പ്രധാനരാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ. വൻതിരുത്തലുണ്ടായില്ലെങ്കിലും ഒരുപക്ഷേ, വിപണിയെ ഇത് നിശ്ചലമാക്കിയേക്കാം. വരാനിരിക്കുന്നത് ചാഞ്ചാട്ടത്തിന്റെ ദിനങ്ങളായേക്കാം.ഒരേദിശയിൽ കുതിക്കുന്ന വിപണിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ വരുംദിവസങ്ങളിൽ കഴിഞ്ഞെന്നുവരില്ല. ഈ സാഹചര്യത്തിൽ 2022ലെ നിക്ഷേപ സാധ്യതകളാണ് ഇവിടെ പരിശോധിക്കുന്നത്. അമിതാവേശംവേണ്ട സൂചികകൾ ഉയർന്ന മൂല്യത്തിൽനിലനിൽക്കുന്നതിനാലും വിലക്കയറ്റം പോലുള്ള സാമ്പത്തിക ഘടകങ്ങൾ അനുകൂലമല്ലാത്തതിനാലും ഒമിക്രോണിന്റെ ആക്രമണം എപ്രകാരമാകുമെന്ന് പ്രവചിക്കാൻ കഴിയാത്തതിനാലും ഓഹരി സൂചികകളുടെ മുന്നോട്ടുപോക്ക് തടസ്സപ്പെടാനാണ് സാധ്യത. വിലക്കയറ്റ ഭീഷണി നിലനിൽക്കുന്നതിനാൽ നിരക്ക് വർധനയ്ക്ക് കേന്ദ്ര ബാങ്കുകൾ തയ്യാറെടുത്തുകഴിഞ്ഞു. ഉത്തേജന പദ്ധതികൾ ഘട്ടംഘട്ടമായി പിൻവലിക്കാനുള്ള നീക്കവുംതുടങ്ങി. വിപണിയിലേയ്ക്കുളള പണമൊഴുക്കിനെ ഇതെല്ലാം പ്രതികൂലമായി ബാധിക്കും. അതേസമയം, ഒമിക്രോൺ പിടിമുറുക്കിയാൽ നിരക്കുവർധന നീട്ടിവെയ്ക്കാനും കേന്ദ്ര ബാങ്കുകൾ തയ്യാറായേക്കാം. രാജ്യത്തെ വിപണിയിൽനിന്ന് വിദേശ നിക്ഷേപകർ കൂട്ടത്തോടെ കൂടൊഴിയുന്നതിനെ അതിന് മുന്നോടിയായിവേണം കാണാൻ. മൂന്നുമാസത്തിനിടെ 36,000 കോടി രൂപയാണ് രാജ്യത്തെ വിപണിയിൽനിന്ന് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ പിൻവലിച്ചത്. ഒരുവിഭാഗം നിക്ഷേപകർ ഓഹരിയിൽനിന്ന് മറ്റ് ആസ്തികളിലേയ്ക്ക് നിക്ഷേപം മാറ്റുന്നതിനാൽ അടുത്ത രണ്ടുപാദങ്ങളിൽക്കൂടി ഇത് തുടർന്നേക്കാം. സാഹചര്യങ്ങളെ അതിജീവിക്കാം രൂപയുടെ മൂല്യം വിദേശ നിക്ഷേപകർ വൻതോതിൽ നിക്ഷേപം പിൻവലിക്കുന്നതും ഡോളർ കരുത്തുനേടുന്നതും രൂപയുടെ മൂല്യത്തെ ബാധിക്കുന്നു. യഥാർത്ഥത്തിൽ കയറ്റുമതിക്കാർക്കാണ് ഇതിന്റെ നേട്ടം. ഓഹരിയിൽ നിക്ഷേപം തുടരാൻ ആഗ്രഹിക്കുന്നവർക്ക് ഐടി ഉൾപ്പടെയുള്ള കയറ്റുമതി അധിഷ്ഠിത കമ്പനികളെ നിക്ഷേപത്തിനായി പരിഗണിക്കാം. യുഎസ് പോലുള്ള വികിസിത രാജ്യങ്ങളിലെ മികച്ച ഓഹരികളിൽനിക്ഷേപിച്ചും രൂപയുടെ മൂല്യമിടിവ് നേട്ടമാക്കാം. ഡെറ്റ് നിക്ഷേപം അടുത്തവർഷത്തോടെ നിരക്കുകൾ വർധിപ്പിക്കാൻ തുടങ്ങുന്നത് ഡെറ്റ് നിക്ഷേപകർക്ക് ശുഭകരമായിരിക്കില്ല. പലിശകൂടുമ്പോൾ ഡെറ്റ് ഫണ്ടുകളിൽനിന്നുള്ള ആദായംകുറയാൻതുടങ്ങും. അതുകൊണ്ടുതന്നെ മീഡിയം-ലോങ് ടേം ഡെറ്റ് ഫണ്ടുകളേക്കാൾ ഷോർട്ടേം ഫണ്ടുകൾ നിക്ഷേപത്തിന് പരിഗണിക്കുക. നിരക്ക് വർധനയുണ്ടായാൽ ഏറ്റവും കുറവ് ബാധിക്കുക അൾട്ര ഷോർട്ടേം, ല്വിക്വിഡ് വിഭാഗം ഫണ്ടുകളെയാകും. ഹ്രസ്വകാലയളവിലെ(1-3വർഷം)നിക്ഷേപത്തിനാണ് ഇത്തരം ഫണ്ടുകളിലെ നിക്ഷേപം പരിഗണിക്കുന്നത്. സ്വർണം മികച്ചരീതിയിൽ പോർട്ട്ഫോളിയിൽ സമതുലിതാവസ്ഥ നിലനിർത്താൻ സ്വർണത്തിലും നിശ്ചിതശതമാനം നിക്ഷേപം ഉറപ്പുവരുത്താം. മൊത്തം നിക്ഷേപത്തിൽ പത്തുശതമാനംവരെ സ്വർണത്തിലാകാം. ഓഹരികൾ നഷ്ടംനേരിടുമ്പോൾ ഒരുപരിധിവരെ ആസ്തി നിലവാരം ഉറപ്പാക്കാൻ സ്വർണത്തിലെ നിക്ഷേപത്തിന് കഴിയും. വിലതാഴുന്നതിനനുസരിച്ച് ഗോൾഡ് ഇടിഎഫോ, ഗോൾഡ് ബോണ്ടോ നിക്ഷേപത്തിനായി പരിഗണിക്കാം. കർമ്മപദ്ധതി നിലവിലെ നിക്ഷേപകർ ഓഹരി അധിഷ്ഠിത പദ്ധതികളിലെ എസ്ഐപി മാന്ത്രികത ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടാകും. ദീർഘകാല പോർട്ട്ഫോളിയോകൾ 20ശതമാനത്തിലേറെ നേട്ടമുണ്ടാക്കിയകാലം അടുത്തെങ്ങുംകണ്ടിട്ടുണ്ടാവില്ല. വിപണി ഉയരുമെന്നോ ഇടിയുമെന്നോ ഒരുപ്രവചനം അസാധ്യമായ അസാധാരണമായ സമയമാണിതെന്ന് തോന്നാമെങ്കിലും ഘട്ടംഘട്ടമായുള്ള നിക്ഷേപം തുടരുക. എസ്ഐപി നിക്ഷേപം തൽക്കാലം നിർത്താനും കൂടുതൽ നഷ്ടത്തിൽനിന്ന് പിന്മാറാനുമുള്ള പ്രലോഭനങ്ങളെ അതിജീവിക്കുക. ദീർഘകാല ലക്ഷ്യങ്ങളെ താൽക്കാലിക ചാഞ്ചാട്ടങ്ങൾ ബാധിക്കാറില്ലെന്ന് അറിയുക. പുതിയ നിക്ഷേപകർ നിക്ഷേപം തുടങ്ങാൻ യോജിച്ച സമയംതേടി ദിവസങ്ങൾ നഷ്ടപ്പെടുത്തേണ്ടതില്ല. വിപണി ഇടിയുകയോ കുതിച്ചുകയറുകയോ ചെയ്യട്ടെ, എസ്ഐപിയായി ദീർഘകാല ലക്ഷ്യത്തിനുവേണ്ടി ഇന്നുതന്നെ നിക്ഷേപം ആരംഭിക്കാം. ആദ്യമായാണ് ഓഹരി അധിഷ്ഠിത പദ്ധതികളിൽ നിക്ഷേപിക്കുന്നതെങ്കിൽ അഗ്രസീവ് ഹൈബ്രിഡ് വിഭാഗത്തിലെ ഫണ്ടുകൾ തിരഞ്ഞെടുക്കാം. നികുതിയിളവ് ആവശ്യമുണ്ടെങ്കിൽ ടാക്സ് സേവിങ്(ഇഎൽഎസ്എസ്)ഫണ്ടും. ഒറ്റത്തവണ വലിയതുക നിക്ഷേപിക്കുന്നവർ ഇക്വിറ്റി അധിഷ്ഠിത പദ്ധതികളിൽ ഒറ്റത്തവണ നിക്ഷേപം ഒഴിവാക്കുകയാണ് നല്ലത്. പ്രത്യേകിച്ചും അനിശ്ചിതത്വത്തിന്റെ സമയത്ത്. വിപണി തിരുത്തൽ നേരിട്ടാൽ നിക്ഷേപിക്കുന്നതുകയിൽ കുത്തനെ ഇടിവുണ്ടുകുകുയും കാര്യമായി മൂലധനനഷ്ടം നേരിടേണ്ടിവരികയുംചെയ്യും. പിന്നീട് നേട്ടത്തിലേയ്ക്ക് തിരിച്ചെത്താൻ ദീർഘകാല കാത്തിരിക്കേണ്ടിയുംവരും. അതുകൊണ്ടുതന്നെ മികച്ച ഷോർട്ട് ഡ്യൂറേഷൻ അല്ലെങ്കിൽ ല്വിക്വിഡ് ഫണ്ടിൽ മൊത്തംതുക നിക്ഷേപിച്ചശേഷം സിസ്റ്റമാറ്റിക് ട്രാൻസ്ഫർ പ്ലാൻവഴി ഘട്ടംഘട്ടമായി ഓഹരി ഫണ്ടുകളിലേയ്ക്കുമാറ്റാം. ഒന്നു-രണ്ട് വർഷംകൊണ്ട് ഇത്തരത്തിൽ നിക്ഷേപം ക്രമീകരിക്കാം. മടിച്ചുനിൽക്കുന്നവർ വിപണി ഉയർന്നു നിൽക്കുന്നതിനാൽ നിക്ഷേപംനടത്താൻ ആത്മവിശ്വാസമില്ലാതെ പണം ബാങ്കിലിട്ട് കാത്തിരിക്കുന്നവർ അവസരം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. പ്രധാന സൂചികകളായ സെൻസെക്സിലെയും നിഫ്റ്റിയിലെയും ചാഞ്ചാട്ടമാകും വിപണിയുടെ മൊത്തം നീക്കമായി പലപ്പോഴും വിലയിരുത്തുന്നത്. അതിന് സമാന്തരമായി നീങ്ങുന്ന നിരവധി സൂചികകളുണ്ട്. മികച്ച ഓഹരികൾ കണ്ടെത്തി നിക്ഷേപിച്ച് നേട്ടം നിക്ഷേപകന് കൈമാറുകെന്നതാണ് ഫണ്ട് മാനേജരുടെ ജോലി. സൂചികളുടെ ചാഞ്ചാട്ടത്തിൽ അതുകൊണ്ടുതന്നെ ആശങ്കപ്പെടേണ്ടതില്ല. എസ്ഐപിയായി നിക്ഷേപംതുടങ്ങുക. ഹ്രസ്വാകല നിക്ഷേപകർ ട്രേഡിങ് നടത്തി ലാഭമെടുക്കാൻ മോഹിക്കുന്നവർ അതിനുപിന്നിലെ റിസ്ക് മനസിലാക്കുക. ദീർഘകാലടിസ്ഥാനത്തിൽ ട്രേഡിങിലൂടെ സ്ഥിരമായി ലാഭമുണ്ടാക്കുകയെന്നത് മിക്കവാറും അസാധ്യമാണ്. വിപണിയിൽ പരീക്ഷണത്തിനിറങ്ങുംമുമ്പ് ഇക്കാര്യം മനസിലാക്കുക. ദീർഘകാല ലക്ഷ്യത്തോടെ വിപണിയിൽനിന്ന് നേട്ടമുണ്ടാക്കാൻ ഘട്ടംഘട്ടമായി ഇപ്പോൾതന്നെ നിക്ഷേപം തുടങ്ങാം. feedback to antonycdavis@gmail.com പിൻകുറിപ്പ്: അനിശ്ചിതത്വം വിപണിയിൽമാത്രമല്ല സമസ്തമേഖലകളിലും എക്കാലത്തുമുണ്ട്. അരക്ഷിതാവസ്ഥ ഒഴിവാക്കിയുള്ള ജീവിതം അസാധ്യമാണ്. അനിശ്ചിതത്വമാണ് ഏക ഉറപ്പ്. അരക്ഷിതാവസ്ഥയിൽ എങ്ങനെ ജീവിക്കണമെന്ന് പഠിക്കുക, അതാണ് ഏക സുരക്ഷ- യുഎസിലെ ടെമ്പിൾ യൂണിവേഴ്സിറ്റിയിലെ ഗണിതശാസ്ത്ര പ്രൊഫസറായ ജോൺ അലൻ പൗലോസിന്റെ വാക്കുകളാണിത്. 2022ൽ ഓഹരി വിപണിയെ സമ്പന്ധിച്ചെടുത്തോളം ഈ ഉദ്ധരണിയാകും യോജിച്ചത്. 2020 മാർച്ചിൽ വിപണിയിൽ കുത്തനെ വീഴ്ചയുണ്ടായി. മാസങ്ങൾക്കകം നഷ്ടങ്ങളെല്ലാം തിരിച്ചുപിടിച്ച് വിപണി കൊടുമുടികയറുമെന്ന് ആർക്കും പ്രവചിക്കാനായില്ല. അതുപോലെതന്നെയാണ് 2022ഉം. എന്താണ് സംഭവിക്കുകയെന്ന് കൃത്യമായി പ്രവചിക്കുക അസാധ്യം.

from money rss https://bit.ly/3HjmnJY
via IFTTT