121

Powered By Blogger

Wednesday, 19 February 2020

ചരിത്രം തിരുത്തി സ്വര്‍ണവില: പവന്റെ വില 31,000 രൂപയിലേയ്ക്ക്

സ്വർണവില വീണ്ടും റെക്കോഡ് ഭേദിച്ചു. പവന്റെ വില 200 രൂപവർധിച്ച് 30,880 രൂപയായി. 3860 രൂപയാണ് ഗ്രാമിന്. കഴിഞ്ഞദിവസം 280 രൂപവർധിച്ച് വില 30,680 രൂപയായിരുന്നു. ആഗോള വിപണിയിൽ സ്വർണവില ഏഴുവർഷത്തെ ഉയർന്ന നിലവാരത്തിലാണ്. കൊറോണ വൈറസ് ബാധ ആഗോള സമ്പദ്ഘടയുടെ വളർച്ചയെ ബാധിക്കുമെന്ന ആശങ്കയാണ് വിലവർധനയ്ക്ക് ഇടയാക്കിയത്. ഈവർഷംതന്നെ വിലയിൽ ആറുശതമാനമാണ് വർധനവുണ്ടായത്. സ്പോട്ട് ഗോൾഡ് ഔൺസിന് 1,610.43 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. വിലവർധന തുടരാനാണ് സാധ്യതയെന്ന് നിക്ഷേപക ലോകം വിലയിരുത്തുന്നു. വരുംആഴ്ചകളിൽ ഔൺസിന്റെ വില 1,650 നിലവാരം ഭേദിക്കുമെന്നാണ് കണക്കുകൂട്ടൽ. ആഗോളതലത്തിൽ സമ്പദ്ഘടനയെ കൊറോണ വൈറസ് ബാധിക്കുമെന്ന വിലയിരുത്തലിനെതുടർന്ന് സ്വർണത്തിലുള്ള ഡിമാന്റ് വർധിച്ചിരുന്നു.യുഎസ് ഫെഡ് റിസർവ് പലിശ നിരക്കിൽ മാറ്റംവരുത്താതിരുന്നതും കൂടുതൽ ആദായം ലഭിക്കുന്ന സ്വർണത്തിലേയ്ക്ക് തിരിയാൻ നിക്ഷേപകരെ പ്രേരിപ്പിച്ചു. അതേസമയം, വിലറെക്കോഡ് നിലവാരത്തിലെത്തിയതോടെ ആഭ്യന്തര വിപണിയിൽ ഡിമാന്റ് കുറഞ്ഞു.

from money rss http://bit.ly/38NhDeE
via IFTTT

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞദിവസത്തെ നേട്ടം ഓഹരി സൂചികകൾക്ക് നിലനിർത്താനായില്ല. സെൻസെക്സ് 50 പോയന്റ് താഴ്ന്ന് 41272ലും നിഫ്റ്റി 14 പോയന്റ് നഷ്ടത്തിൽ 12111ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 905 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 631 ഓഹരികൾ നഷ്ടത്തിലുമാണ്. 90 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, സീ എന്റർടെയൻമെന്റ്, ഡോ.റെഡ്ഡീസ് ലാബ്, യുപിഎൽ, യെസ് ബാങ്ക്, സൺ ഫാർമ, ആക്സിസ് ബാങ്ക്, ബ്രിട്ടാനിയ, ടിസിഎസ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ജെഎസ്ഡബ്ല്യു സ്റ്റീൽ, സിപ്ല, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ഹിൻഡാൽകോ, നെസ് ലെ, കോൾ ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/39Pj5NC
via IFTTT

ചിരട്ടയ്ക്കുള്ളിൽ ചിരകിയ തേങ്ങയും കരിക്കും ഒരുക്കി മലയാളി സംരംഭകൻ

പ്ലാസ്റ്റിക് നിരോധിച്ചതോടെ വ്യവസായികൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമായി മാറിയിരിക്കുകയാണ് പാക്കേജിങ്. ഭക്ഷണസാധനങ്ങളടക്കം പൊതിയുന്നതിന് തുണിസഞ്ചിയും കടലാസ് കവറുകളുമാണ് മിക്ക കടകളിലും ഉപയോഗിക്കുന്നത്. ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി പരിസ്ഥിതി സൗഹൃദമായ രീതിയിലുള്ള പാക്കിങ്ങോടെ കരിക്കും ചിരകിയ തേങ്ങയും വിപണിയിലെത്തിക്കുകയാണ് മലയാളിയായ പി.സി. മുസ്തഫയുടെ നേതൃത്വത്തിൽ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.ഡി. ഫ്രഷ്. വയനാട് സ്വദേശിയാണ് പി.സി. മുസ്തഫ. ചിരകിയ തേങ്ങയും കരിക്കും ചിരട്ടയ്ക്കുള്ളിൽത്തന്നെ നിറച്ചാണ് ഐ.ഡി. ഫ്രഷ് അവതരിപ്പിക്കുന്നത്. 'നോ യുവർ കോക്കനട്ട്' എന്ന ഹാഷ്ടാഗ് സന്ദേശവും ഇതോടൊപ്പമുണ്ടാകും. ഉത്പന്നത്തിന്റെ ഭാരം കുറയ്ക്കാൻ കരിക്കിന്റെ പുറംചകിരി മാറ്റി, പേപ്പർ സ്ട്രോയും സ്റ്റിക്കറും പതിപ്പിച്ചാണ് വിപണിയിലെത്തുക. സ്റ്റിക്കർ മാറ്റി കരിക്ക് കുടിക്കാം. അകത്തുള്ള ഇളനീര് കഴിക്കാനായി എളുപ്പത്തിൽ തുറക്കാൻ കഴിയുന്ന രീതിയിലാണ് പാക്കിങ്. 'സ്മാർട്ട് സിപ് ടെൻഡർ കോക്കനട്ട്' എന്ന പേരിലാണ് ഇത് വിപണിയിലെത്തിക്കുന്നത്. സ്മോൾ, മീഡിയം, ലാർജ് എന്നീ വലിപ്പങ്ങളിൽ യഥാക്രമം 39, 49, 55 രൂപയ്ക്ക് കരിക്ക് ലഭിക്കും. ചിരട്ടയിൽത്തന്നെ പ്ലാസ്റ്റിക് മുക്തമായാണ് ചിരകിയ തേങ്ങയും എത്തുന്നത്. കെമിക്കലുകൾ ചേർത്ത് ശീതീകരിച്ച് സൂക്ഷിക്കുന്ന ചിരകിയ തേങ്ങയാണ് മിക്കയിടങ്ങളിലും കിട്ടുന്നത്. ഇതിനൊരു ബദൽ എന്ന നിലയ്ക്കാണ് ചിരട്ടയിൽത്തന്നെ ചിരകിയ തേങ്ങ ലഭ്യമാക്കുന്നത്. 60 രൂപയാണ് വില. തേങ്ങ ചിരകുന്നതിനുള്ള ആയാസം ഇതോടെ ഉപഭോക്താക്കൾക്ക് ഒഴിവാകുമെന്നും പ്ലാസ്റ്റിക്മാലിന്യം ക്രമേണ കുറച്ചുകൊണ്ടുവരുന്നതിനുള്ള ആദ്യപടിയായാണ് ഈ ഉദ്യമമെന്നും ഐ.ഡി. ഫ്രഷ് സ്ഥാപകനും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ പി.സി. മുസ്തഫ പറഞ്ഞു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഐ.ഡി. സ്മാർട്ട് സിപ് ടെൻഡർ കോക്കനട്ടും ചിരകിയ തേങ്ങയും റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ ലഭ്യമാകും. ഐ.ഡി. കിയോസ്കുകളിലും ഉത്പന്നം വിൽപ്പനയ്ക്കെത്തും. ആദ്യം ബെംഗളൂരുവിലായിരിക്കും ഉത്പന്നങ്ങൾ അവതരിപ്പിക്കുന്നത്. ശേഷം കേരളത്തിലെയും തമിഴ്നാട്ടിലെയും ആന്ധ്രാപ്രദേശിലെയും പ്രധാന വിപണികളിൽ അവതരിപ്പിക്കാനാണ് പദ്ധതി. മൂന്ന് വർഷത്തിനുള്ളിൽ തേങ്ങ ഉത്പന്നങ്ങളിൽ നിന്നും 100 കോടി രൂപയുടെ വരുമാന നേട്ടമാണ് ഐ.ഡി. ഫ്രഷ് പ്രതീക്ഷിക്കുന്നത്. ഐ.ഡി. ഫ്രഷിന്റെ ഇഡ്ഡലി-ദോശ മാവ്, വടമാവ്, പൊറോട്ട, ചപ്പാത്തി, പനീർ എന്നിവ വിപണിയിൽ ട്രെൻഡായിട്ടുണ്ട്.

from money rss http://bit.ly/39R2lFE
via IFTTT

സെന്‍സെക്‌സ് 429 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: നാലുദിവസത്തെ തുടർച്ചയായ നഷ്ടത്തിനൊടുവിൽ ഓഹരി വിപണിയിൽ ആശ്വാസനേട്ടം. നിഫ്റ്റി വീണ്ടും 12,100 നിലവാരത്തിന് മുകളിലെത്തി. സെൻസെക്സിലെ നേട്ടം 428.62 പോയന്റുമാണ്. നിഫ്റ്റി 137.80 പോയന്റ് ഉയർന്ന് 12,130.30ലും സെൻസെക്സ് 41,323ലുമാണ് ക്ലോസ് ചെയ്തത്. 1499 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 982 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 173 ഓഹരികൾക്ക് മാറ്റമില്ല. വൊഡാഫോൺ ഐഡിയ ഓഹരി 39 ശതമാനം നേട്ടമുണ്ടാക്കി. എജിആർ കുടിശ്ശിക തീർക്കുന്നതുസംബന്ധിച്ച് ചെയർമാൻ കുമാർ മംഗളം ബിർള സർക്കാരിലെ ഉ്ന്നതരുമായി ചർച്ച നടത്തിയതാണ് കമ്പനിക്ക് നേട്ടമായത്. കുടിശ്ശിക ഇനത്തിൽ തിങ്കളാഴ്ച 2,500 കോടി രൂപ കമ്പനി അടച്ചിരുന്നു. ഈയാഴ്ച അവസാനത്തോടെ 1000 കോടി രൂപകൂടി അടയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഭാരതി ഇൻഫ്രടെൽ, ഗ്രാസിം, കോൾ ഇന്ത്യ, ഹിന്ദുസ്ഥാൻ യുണലിവർ, സീ എന്റർടെയൻമെന്റ് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. ടാറ്റ മോട്ടോഴ്സ്, സൺ ഫാർമ, ടിസിഎസ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഫാർമ, ലോഹം, അടിസ്ഥാന സൗകര്യവികസനം, എഫ്എംസിജി, ഊർജം എന്നീ വിഭാഗങ്ങളിലെ ഓഹരികൾ ഒരുശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1.3ശതമാനംവരെ നേട്ടത്തിലായിരുന്നു.

from money rss http://bit.ly/2HyEQ8x
via IFTTT

ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്ത് ലഭ്യമാകുക ഏറ്റവും ശുദ്ധിയുള്ള പെട്രോളും ഡീസലും

ന്യൂഡൽഹി: ഏപ്രിൽ ഒന്നുമുതൽ ലോകത്തെ ഏറ്റവും ശുദ്ധിയുള്ള പെട്രോളും ഡീസലുമാകും രാജ്യത്ത് ലഭ്യമാകുക. യുറോ നാല് നിലവാരത്തിൽനിന്ന് യുറോ ആറിലേയ്ക്ക് മാറുന്നതോടെയാണിത്. വെറും മൂന്നുവർഷംകൊണ്ടാണ് ഈ നേട്ടം രാജ്യ സ്വന്തമാക്കുന്നത്. യൂറോപ്പിലെ യൂറോ ചട്ടങ്ങൾക്ക് സമാനമാണ് ബിഎസ് നിലവാരം. വാഹനങ്ങൾ പുറന്തള്ളുന്ന മലിനീകരണ ഘടകങ്ങളുടെ(സൾഫറിന്റെ) അളവ് നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും പുതിയ മാനദണ്ഡമാണ് ഭാരത് സ്റ്റേജ് എന്ന ബിഎസ്-6. 2017ലാണ് നിലവിലുള്ള ബിഎസ്- 4 നിലവാരം നിലവിൽവന്നത്. നാലിൽനിന്ന് അഞ്ചിലേയ്ക്കല്ല നേരിട്ട് ആറിലേയ്ക്കാണ് രാജ്യം മാറുന്നത്. മുമ്പത്തെ തീരുമാനമനുസരിച്ച് ബിഎസ് 5 2019ലും ബിഎസ് 6 2023ലുമാണ് നിലവിൽവരേണ്ടത്. രാജ്യത്തെ അന്തരീക്ഷ മലിനീകരണം ഗുരുതര സ്ഥിതിയിലേയ്ക്ക് മാറുന്നത് കണക്കിലെടുത്താണ് ബിഎസ്-6ലേയ്ക്ക് ഒറ്റയടിക്ക് മാറാൻ തീരുമാനിച്ചത്. ബിഎസ് 4 ഇന്ധനത്തിൽ 50 പിപിഎം(പാർട്സ് പെർ മില്യൺ) സൾഫറാണ് അടങ്ങിയിട്ടുള്ളത്. എന്നാൽ ബിഎസ്-6ൽ 10 പിപിഎം മാത്രമാണുള്ളത്. നൈട്രജൻ ഓക്സൈഡിന്റെ അളവിലും കാര്യമായ കുറവുണ്ടാകും. സൾഫറിന്റെ അളവ് കുറവുള്ള ഇന്ധനം ശുദ്ധീകരിച്ചെടുക്കനുള്ള പ്ലാന്റ് നവീകരണത്തിനായി പൊതുമേഖല എണ്ണക്കമ്പനികൾ ചെലവാക്കിയത് 35,000 കോടി രൂപയാണ്.

from money rss http://bit.ly/2SF7zi3
via IFTTT

പുതിയ നികുതി സ്ലാബ്: ശമ്പളത്തില്‍നിന്ന് ടിഡിഎസ് ഈടാക്കുന്നത് സംബന്ധിച്ച് വ്യക്തതയില്ല

പുതിയതോ, പഴയതോ എത് നികുതി സ്ലാബുകൾ നിങ്ങൾ സ്വീകരിക്കുമെന്ന് തൊഴിലുടമയോട് ഇനി നേരത്തെതന്നെ വ്യക്തമാക്കേണ്ടിവരും. ശമ്പളം നൽകുമ്പോൾ തൊഴിലുടമ ഓരോ മാസവും മൊത്തം നികുതി ബാധ്യതയ്ക്ക് ആനുപാതികമായി ടിഡിഎസ് ഈടാക്കാറുണ്ട്. ഇനിയത് തുടരണമെങ്കിൽ ഏത് നികുതി സ്ലാബ് സ്വീകരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയാലേ സാധ്യമാകൂ. അല്ലെങ്കിൽ പ്രതിമാസം തൊഴിലുടമ ടിഡിഎസ് ഈടാക്കുകയും അവസാനം റിട്ടേൺ ഫയൽ ചെയ്യുമ്പോൾ കിഴിവുള്ള തുകയ്ക്ക് റീഫണ്ടിനായി കാത്തിരിക്കേണ്ടിയുംവരും. ബജറ്റിൽ പുതിയ സ്ലാബുകൾ പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യത്തിൽ സർക്കാർ ഇതുവരെ വ്യക്തതവരുത്തിയിട്ടില്ല. ശമ്പളവരുമാനക്കാരൻ നേരത്തെതന്നെ ഇക്കാര്യം തീരുമാനമെടുത്തില്ലെങ്കിൽ റിട്ടേൺ ഫയൽ ചെയ്യുന്ന സമയത്ത് പ്രശ്നം സങ്കീർണമാകും. പുതിയ സ്ലാബിലോ പഴയതിലോ തുടരാനാണ് താൽപര്യമെന്ന് അറിയിച്ചവർ പിന്നീട് തീരൂമാനംമാറ്റിയാൽ റിട്ടേൺ നൽകുമ്പോൾ വൻതുക നികുതി അടയ്ക്കേണ്ടിവരികയോ റീഫണ്ടിനായി കാത്തിരിക്കേണ്ട അവസ്ഥയുണ്ടാകുകയോ ചെയ്തേക്കാം. ബിസിനസ് വരുമാനമില്ലാത്ത ജോലിക്കാർക്കാണ് പുതിയതോ പഴയതോ ആയ നികുതി സ്ലാബുകൾ സ്വീകരിക്കാനുള്ള അവസരമുള്ളത്. ബിസിനസ് വരുമാനമുള്ളവരാണെങ്കിൽ പുതിയ നിരക്കുകളിലേയ്ക്ക് മാറേണ്ടിവരും.

from money rss http://bit.ly/3269ijy
via IFTTT

Tuesday, 18 February 2020

സ്വര്‍ണവില പവന് 30,680 രൂപയായി

സ്വർണവില എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. ബുധനാഴ്ച പവന് 280 രൂപകൂടി 30,680 രൂപയായി. 3835 രൂപയാണ് ഗ്രാമിന്റെ വില. ഫെബ്രുവരി ആറിലെ വിലയായ 29,920 രൂപയിൽനിന്ന് 760 രൂപയാണ് വർധിച്ചത്. ജനുവരി ഒന്നിന് 29,000 രൂപ നിലവാരത്തിലായിരുന്ന സ്വർണവിലയാണ് ഒന്നരമാസംകൊണ്ട് 1,680 രൂപവർധിച്ചത്. അതേസമയം, ദേശീയ വിപണിയിൽ ഇന്നലെ വില ഉയർന്നെങ്കിലും ബുധനാഴ്ച വിലയിൽ കുത്തനെ ഇടിവുണ്ടായി. എംസിഎക്സിൽ 10 ഗ്രാമിന് 41,375 രൂപയാണ് വില. കൊറോണ വൈറസ് ആഗോള സമ്പദ്ഘടനയെ കാര്യമായിതന്നെ ബാധിക്കുമെന്ന ആശങ്കയാണ് വിലവർധനയുടെ കാരണം. അന്തർദേശീയ വിപണിയിൽ ഔൺസിന് 1,601.77 ഡോളർനിവലാരത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss http://bit.ly/2SWdDBJ
via IFTTT

പാഠം 61: പെന്‍ഷന്‍കാലത്ത് ജീവിക്കാന്‍ സമാഹരിച്ച 3 കോടി രൂപ എവിടെ നിക്ഷേപിക്കും?

പെൻഷൻകാല ജീവിതത്തിനായി പണംസമാഹരിച്ചാൽമാത്രംപോരെ മികച്ചരീതിയിൽ നിക്ഷേപിക്കുകയും വേണം. അതേക്കുറിച്ചാകട്ടെ ഇത്തവണ. സജീവ് നായർക്ക് വിരമിക്കാൻ ഇനി അഞ്ചുവർഷംകൂടിയുണ്ട്. 28-ാമത്തെ വയസ്സിൽ സർക്കാർ ജോലി കിട്ടിയതാണ്. അഞ്ചുവർഷം കഴിഞ്ഞ് 33-ാമത്തെ വയസ്സിലാണ് റിട്ടയർമെന്റുകാല ജീവിതത്തിന് നിക്ഷേപം തുടങ്ങിയത്. 22 വർഷംകൊണ്ട് നല്ലൊരുതുക അദ്ദേഹം സമാഹരിച്ചുകഴിഞ്ഞു. അതുകൊണ്ടുതന്നെ റിട്ടയർമെന്റിനുശേഷമുള്ള ജീവിതത്തിന് മികച്ച വരുമാനം ലഭിക്കുന്നതിനുള്ള മാർഗങ്ങൾ ആലോചിക്കാൻ സമയമായി. ഓഹരി വിപണിയാകട്ടെ മികച്ച നേട്ടത്തിലുമാണ്. പതുക്കെപതുക്കെ ഡെറ്റ് പദ്ധതികളിലേയ്ക്ക് നിക്ഷേപത്തിലെ ഒരുഭാഗം മാറ്റുന്നതായിരിക്കും ഉചിതം. അതിനായി 60വയസ്സുവരെ അദ്ദേഹം കാത്തിരുന്നില്ല. കാരണം അവസാന നിമിഷത്തിൽ വിപണിയിൽ തിരുത്തലുണ്ടായാൽ അത് നിക്ഷേപത്തെ ബാധിക്കുമെന്നതുകൊണ്ടുതന്നെ. 2008ലെ വിപണിയുടെ കൂപ്പുകുത്തൽ മറന്നിട്ടുണ്ടാവില്ലല്ലോ. ഒരുവർഷംകൊണ്ട് 50ശതമാനത്തിലേറെയാണ് വിപണി താഴെപ്പോയത്. പോർട്ട്ഫോളിയോ ഉടച്ചുവാർക്കുമ്പോൾ നിക്ഷേപമായി അദ്ദേഹം സമാഹരിച്ച മൂന്നുകോടി രൂപ എവിടെ നിക്ഷേപിക്കും? വാർഷിക ചെലവിന്റെ 25 ഇരട്ടിതുകയാണ് അദ്ദേഹം സമാഹരിച്ചിട്ടുള്ളത്. എല്ലാ മുട്ടകളും ഒരുകുട്ടയിൽ ഇടുന്നത് ശരിയല്ലല്ലോ. ഉപദേശപ്രകാരം അദ്ദേഹം സ്വീകരിച്ച ആസ്തിവിഭജനം ഇങ്ങനെയാണ്. എമർജൻസി ഫണ്ട് ജോലി ചെയ്യുന്ന സമയത്ത് അടിയന്തര ആവശ്യങ്ങൾക്കായി ആറുമാസത്തെ ജീവിത ചെലവിനുള്ള തുകയാണ് നീക്കിവെച്ചിരുന്നത്. റിട്ടയർമെന്റ് കാലയളവിലും അത്രതന്നെതുക എമർജൻസി ഫണ്ടായി കരുതണം. അപ്രതീക്ഷിതമായുണ്ടാകുന്ന സാഹചര്യം നേരിടാൻ അത് ഉപകരിക്കും. അതുപ്രകാരം സജീവ് നായർ ആറു ലക്ഷം രൂപ ബാങ്ക് എഫ്ഡിയിലിട്ടു. അടിന്തര ആവശ്യങ്ങൾക്കല്ലാതെ അതിൽനിന്ന് ഒരുരൂപപോലും പിൻവലിക്കാൻ പാടില്ല. പിൻവലിച്ചാൽ അത്രയുംതുക വൈകാതെ തിരിച്ചിടാൻ മറക്കുകയുമരുത്. ജീവിത ചെലവിന് എമർജൻസി ഫണ്ട് നീക്കിവെച്ചതിനുശേഷം അടുത്ത അഞ്ചുവർഷത്തെ ജീവിതത്തിനുള്ള തുക ഡെറ്റ് പദ്ധതികളിൽ നിക്ഷേപിക്കാം. തരക്കേടില്ലാത്ത വരുമാനംനേടാൻ (മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ താൽപര്യമുണ്ടെങ്കിൽ) മൂന്നോ നാലോ ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ തിരഞ്ഞെടുക്കാം. ആവശ്യമുള്ളതുക സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ(എസ്ഡബ്ല്യുപി)വഴി പ്രതിമാസം പിൻവലിക്കാം. ഇതുപ്രകാരം അഞ്ചുവർഷം ജീവിക്കാനുള്ള 60 ലക്ഷം രൂപ സജീവ് നായർ നഷ്ടസാധ്യതകുറഞ്ഞ മികച്ച ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളിൽ നിക്ഷേപിച്ചു. ഫണ്ടിൽ നിക്ഷേപിക്കാൻ താൽപര്യമില്ലാത്തവർക്ക് സീനിയർ സിറ്റിസൺസ് സ്കീം തിരഞ്ഞെടുക്കാം. 15 ലക്ഷം രൂപയാണ് ഈ പദ്ധതിയിൽ പരമാവധി നിക്ഷേപിക്കാൻ കഴിയുക. അഞ്ചുവർഷം ലോക്ക് ഇൻ പരിയഡുള്ള പദ്ധതിയിൽനിന്ന് നിലവിലെ നിരക്ക് പ്രകാരം 8.6 ശതമാനം ആദായം ലഭിക്കും. രണ്ടാമതായി പരിഗണിക്കാവുന്നതാണ് പ്രധാൻ മന്ത്രി വയ വന്ദന യോജന. എൽഐസിയാണ് ഈ പദ്ധതിയുടെ നടത്തിപ്പുകാർ. 15 ലക്ഷം രൂപവരെ ഇതിൽ നിക്ഷേപിക്കാം. അടുത്ത 10 വർഷത്തേയ്ക്ക് 8 ശതമാനമാണ് ആദായം ലഭിക്കുക. 15 ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 10,000 രൂപയാണ് ലഭിക്കുക(ഉയർന്ന ആദായം ലഭിക്കുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളും ഇതിന് പകരമായി പരിഗണിക്കാം). സജീവ് നായർ ചെയ്തത് 15 ലക്ഷം രൂപവീതം സീനിയർ സിറ്റിസൺ സേവിങ്സ് സ്കീമിലും പ്രധാൻമന്ത്രി വയ വന്ദന യോജനയിലും നിക്ഷേപിക്കാൻ തീരുമാനിച്ചു. ബാക്കിയുള്ള 30 ലക്ഷം രൂപ നിക്ഷേപിക്കാൻ ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ തിരഞ്ഞെടുത്തു. മികച്ച വരുമാനവളർച്ചനേടാൻ ഓഹരിയിലെ നിക്ഷേപം സഹായിക്കുമെന്നതിനാൽ ബാക്കിയുള്ളതുക മികച്ച ഹൈബ്രിഡ് ഫണ്ടുകളിലോ മൾട്ടിക്യാപ് ഫണ്ടുകളിലോ കിടക്കട്ടെയെന്നും തീരുമാനിച്ചു. അഞ്ചുവർഷം പൂർത്തിയാകുന്ന മുറയ്ക്ക് വീണ്ടും അഞ്ചുവർഷത്തേയ്ക്കുകൂടിയുള്ള തുക ഡെറ്റ് പദ്ധതികളിലേയ്ക്ക് മാറ്റുകയുംചെയ്യാമല്ലോ. Short Duration Fund Fund 1yr(%)* 3yr(%)* 5yr(%)* 7yr(%)* Axis Short Term Fund - Direct Plan 11.23 8.35 8.82 9.08 HDFC Short Term Debt Fund - Direct Plan 10.92 8.23 8.56 8.87 IDFC Bond Fund Short Term Plan - Direct Plan 10.88 8.19 8.49 8.88 *Retrun as on:18-Feb-2020 നിക്ഷേപം വളരട്ടെ റിട്ടയർമെന്റുകാല ജീവിത്തിനായി സമാഹരിച്ച മൂന്നുകോടി രൂപയിൽനിന്ന് 66 ലക്ഷം ഇതിനകം വിന്യസിക്കാൻ തീരുമാനിച്ചുകഴിഞ്ഞു. ബാക്കിയുള്ള 2.34 കോടി രൂപയാണ് പണപ്പെരുപ്പത്തെ അതിജീവിക്കുന്ന ആദായം ലഭിക്കാൻ ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ നിക്ഷേപിക്കാൻ നീക്കിവെച്ചത്. 30വർഷം ഇനിയും മുന്നിലുണ്ടല്ലോ. പെൻഷൻപറ്റിയതിനുശേഷം പിൻവലിക്കുന്നതുകയിൽ ഓരോവർഷം കഴിയുമ്പഴും നാലുശതമാനം വീതം വർധനവരുത്താം. പണപ്പെരുപ്പംമൂലം ജീവിതചെലവുകൾ വർധിക്കുന്നതിനാലാണിത്. നാലുശതമാനത്തിന്റെ വർധനവിനൊപ്പം ശരാശരി ആറുശതമാനം പണപ്പെരുപ്പവും കണക്കിലെടുക്കണം. അങ്ങനെവരുമ്പോൾ, റിട്ടയർമെന്റിനായി നിങ്ങൾ സമാഹരിച്ച തുകയിൽനിന്ന് 10 ശതമാനമെങ്കിലും ആദായം ലഭിച്ചാലേ സമാഹരിച്ച തുകകൊണ്ട് പ്രതീക്ഷിച്ചകാലംമുഴുവൻ മുന്നോട്ടുപോകാനാകൂ. സജീവ് നായർ ഇതിനായി 2.34 കോടി രൂപയുടെ പകുതി 1.17 കോടി രൂപ മികച്ച നാല് മൾട്ടിക്യാപ് ഫണ്ടിലായി നിക്ഷേപിക്കാൻ തീരുമാനിച്ചു. അവശേഷിക്കുന്ന 1.17 കോടി രൂപയ്ക്കായി ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളും തിരഞ്ഞെടുത്തു. നേരത്തെ വ്യക്തമാക്കിയ കാലാവദി കഴിഞ്ഞാൽ, തുടർന്നുള്ളവർഷങ്ങളിലെ ആവശ്യത്തിന് ഷോർട്ട് ഡ്യൂറേഷൻ ഫണ്ടിൽനിന്ന് സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻവഴി പണം പിൻവലിക്കാം. അതോടൊപ്പം മൾട്ടിക്യാപ് ഫണ്ടുകളിലെ നിക്ഷേപത്തെ വളരാൻ അനുവദിക്കുകയും ചെയ്യാം. Equity: Multi cap Fund Return(%) 1 yr(%)* 3 yr(%)* 5 yr(%)* 7 yr(%)* Axis Focused 25 Fund- Direct Plan 29.82 18.20 13.35 16.78 DSP Equity Fund- Direct Plan 31.93 14.11 10.34 15.93 Canara Robeco Equity Diversified Fund- Direct Plan 22.16 15.20 9.42 14.12 Kotak Standard Multicap Fund- Direct Plan 19.83 12.40 11.04 17.80 SBI Focused Equity Fund- Direct Plan 28.87 17.08 12.57 16.70 *Retrun as on:18-Feb-2020 ചെയ്തത് ക്രോഡീകരിക്കാം ഇതുപ്രകാരം റിട്ടയർമെന്റ് കാല ജീവിത്തിനായി സമാഹരിച്ച അദ്ദേഹം സമാഹരിച്ച തുകയിൽ 40 ശമതാനവും ഓഹരി അധിഷ്ഠിത ഫണ്ടുകളിലാണ് നിക്ഷേപിച്ചത്. ഈ കാലയളവിൽ ഓഹരി വിപണിയിൽ തിരുത്തലുണ്ടായാലും അത് നാലോ അഞ്ചോ വർഷം നീണ്ടുനിന്നാലും അതിൽനിന്ന് പിൻവലിക്കാതെ ജീവിക്കാൻ കഴിയുന്ന സാഹചര്യമുണ്ടായി. 60 ശതമാനത്തോളം തുക ഡെറ്റ് സ്കീമുകളിലാണല്ലോ നിക്ഷേപിച്ചിരിക്കുന്നത്. ഇങ്ങനെയുമാകാം ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ അത്രയും തുകനിക്ഷേപിച്ച് റിസ്ക് എടുക്കാൻ താൽപര്യമില്ലാത്തയാളാണ് നിങ്ങളെങ്കിൽ, വാർഷിക പിൻവലിക്കൽ തുകയിലെ വർധനവും പണപ്പെരുപ്പ നിരക്കുമായിരിക്കും ശ്രദ്ധിക്കണം. നിക്ഷേപ പോർട്ട്ഫോളിയോ ജീവിതകാലംമുഴുവൻ നിലനിൽക്കുന്നതിന് ആദ്യവർഷത്തിൽ 4-5 ശതമാനത്തിൽ കൂടുതൽ പിൻവലിക്കാതിരിക്കുക. അതിനുശേഷം പ്രതീക്ഷിക്കുന്ന പണപ്പെരുപ്പ നിരക്കിന് ആനുപാതികമായിമാത്രം പിൻവലിക്കുന്നതുകയിൽ വർധനവരുത്തുക. ഉദാഹരണത്തിന്, പോർട്ട്ഫോളിയോയിൽനിന്ന് പിൻവലിക്കുന്നതുകയിൽ മൂന്നുശതമാനം മാത്രംവർധനവരുത്തുകയും പണപ്പെരുപ്പം അഞ്ചുശതമാനത്തിൽ തുടരുകയും ചെയ്താൽ ഓഹരിയിലെ നിക്ഷേപം 20 മുതൽ 30 ശതമാനംവരെയായി ചുരുക്കാം. ബാക്കിയുള്ളതുക ഡെറ്റ് ഫണ്ടുകളിൽനിക്ഷേപിക്കാം. ഡെറ്റ് പദ്ധതികളിൽനിന്ന് പരമാവധി എട്ടുശതമാനംമാത്രമാണ് ആദായം പ്രതീക്ഷിക്കാൻ കഴിയുക. feedbacks to: antonycdavis@gmail.com കുറിപ്പ്: എന്തുകൊണ്ടാണ് നിക്ഷേപത്തിന്റെകാര്യത്തിൽ നെഗറ്റീവ് മനോഭാവം? ജീവിതത്തെ പോസീറ്റീവ് ആയി കാണാത്തതിന്റെയും ഔപചാരിക വിദ്യാഭ്യാസത്തിൽനിന്ന് ലഭിക്കാത്ത നിക്ഷേപ പാഠങ്ങളുട അപര്യാപതയും മറ്റുമാണ് അതിന് കാരണം. പാഠം 62നായി കാത്തിരിക്കുക.

from money rss http://bit.ly/2SDLwIA
via IFTTT

സെന്‍സെക്‌സില്‍ 315 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: നാലു ദിവസത്തെ തുടർച്ചയായ നഷ്ടത്തിനൊടുവിൽ ഓഹരി വിപണി കുതിച്ചു. സെൻസെക്സ് 315 പോയന്റ് നേട്ടത്തിൽ 41212ലും നിഫ്റ്റി 94 പോയന്റ് ഉയർന്ന് 12085ലുമെത്തി. ബിഎസ്ഇ മിഡ്ക്യാപിലെ നേട്ടമാകട്ടെ 115 പോയന്റുമാണ്. സെൻസെക്സ് സൂചികയിലെ 30 ഓഹരികളിൽ 28 എണ്ണവും നേട്ടത്തിലാണ്. അരൊബിന്ദോ ഫാർമയുടെ ഓഹരി വില 15 ശതമാനം കുതിച്ചു. ബിഎസ്ഇയിലെ 1097 കമ്പനികളുടെ ഓഹരികളാണ് നേട്ടത്തിൽ. 396 ഓഹരികൾ മാത്രമാണ് നഷ്ടത്തിലുളളത്. 57 ഓഹരികൾക്ക് മാറ്റമില്ല. അടിസ്ഥാന സൗകര്യവികസനം, ഊർജം, ലോഹം, ഫാർമ തുടങ്ങിയ മിക്കവാറും സെക്ടറുകളിലെ ഓഹരികളിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ടാറ്റ മോട്ടോഴ്സ്, ബ്രിട്ടാനിയ, യെസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ഗെയിൽ, യുപിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Nifty above 12,100, Sensex up 315 pts

from money rss http://bit.ly/2HA8biL
via IFTTT

ചായപ്പൊടി വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക: മായം ചേര്‍ക്കല്‍ പതിവാണ്‌

ചായപ്പൊടി വാങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിച്ചു തന്നെ വാങ്ങണം. ചായപ്പൊടികളിൽ മായം ചേർക്കുന്നത് പതിവാണ്. വ്യത്യസ്തത പരീക്ഷിക്കുമ്പോൾ ചായയെ കുറിച്ച് അറിഞ്ഞു വേണം വാങ്ങാൻ. വില കുറവാണെന്നു കരുതി ഗുണനിലവാരമില്ലാത്ത ചായപ്പൊടികൾ വാങ്ങാതിരിക്കുക. ചായ ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ നല്ല ചായപ്പൊടി അല്ലെങ്കിൽ ആരോഗ്യത്തിന് ദോഷം ചെയ്യും. ഒരു കപ്പ് ചായയിലൂടെയാണ് നമ്മുടെ ഒരു ദിവസം ആരംഭിക്കുന്നത്. സമയത്ത് ചായ കിട്ടിയില്ലെങ്കിൽ അന്നത്തെ ദിവസംതന്നെ ശരിയാകാത്തവരുമുണ്ട്. ചായയ്ക്ക് മലയാളികളുടെ നിത്യജീവിതത്തിൽ വലിയ രീതിയിൽ സ്വാധീനമുണ്ട്. മലയാളികളുടെ ചായ കുടി കൂടിയതോടെ കേരളം ലക്ഷ്യം െവച്ച് വിവിധ കമ്പനികളാണ് ചായപ്പൊടിയുമായി വിപണിയിൽ എത്തിയിട്ടുള്ളത്. തേയിലത്തോട്ടങ്ങളുള്ള കമ്പനികളുടെ ബ്രാൻഡുകൾ അടക്കം വിപണിയിൽ ഇടം പിടിച്ചിട്ടുണ്ട്. കൂടുതൽ ഉത്പാദനം നടക്കുന്നത് മേയ്, ഒക്ടോബർ, നവംബർ മാസങ്ങളിലാണ്. ഉയരം കൂടുംതോറും ചായയുടെ സ്വാദ് കൂടുമെന്ന് പരസ്യവാചകത്തിൽ മോഹൻലാൽ പറഞ്ഞതു പോലെ, ഉയരങ്ങളിലുള്ള തേയിലകളാണ് ഗുണമേന്മയുള്ളവ. കാലാവസ്ഥയും മണ്ണിന്റെ ഗുണനിലവാരവും ഭൂമിഘടനയും പരിപാലനവുമൊക്കെ അടിസ്ഥാനമാക്കിയാണ് തേയിലയുടെ ഗുണനിലവാരം കൂടുന്നത്. 36,000 ഹെക്ടറാണ് കേരളത്തിലുള്ള തേയിലത്തോട്ടങ്ങളുടെ വിസ്തൃതി. ഇതിൽ കൂടുതലും മൂന്നാറാണ്. രണ്ടാം സ്ഥാനത്ത് നെല്ലിയാമ്പതിയാണ്. സ്വന്തം ബ്ലാക്ക് ടീ രാവിലെയും വൈകുന്നേരങ്ങളിലും എന്തിന് രാത്രിപോലും ചായ ശീലമുള്ളവരുണ്ട്. ദിവസവും അഞ്ചോളം ചായ കുടിക്കുന്നവരുമുണ്ട്. ഇവരുടെ ഹീറോ ബ്ലാക്ക് ടീയാണ്. കടുപ്പം കൂടിയതും കടുപ്പം കുറഞ്ഞതും തുടങ്ങി വിവിധ രുചികളിലും വിവിധ തരത്തിലുമുള്ള ചായപ്പൊടികൾ ലഭ്യമാണ്. പാൽച്ചായയ്ക്കായി പ്രത്യേകം പൊടി തന്നെയുണ്ട്. ഏറ്റവും ഗുണനിലവാരമുള്ള ചായ എന്നത് രണ്ട് ഇലയും മുളയും അടങ്ങുന്ന തേയിലയുടെതാണ്. എന്നാൽ കൂടുതലായും മൂന്ന് ഇലയും അതിന്റെ മുളയും അടങ്ങുന്ന തേയിലയാണ് ചായപ്പൊടികൾക്കായി ഉപയോഗിക്കുന്നത്. ഓർത്തഡോക്സും സി.ടി.സി.യും ചായപ്പൊടി പാക്കറ്റിൽ ഓർത്തഡോക്സ് അല്ലെങ്കിൽ സി.ടി.സി. എന്ന് എഴുതിയത് കാണാം. അതായത് ഓഫീഷ്യലായി ഓർത്തഡോക്സ്, സി.ടി.സി., ഗ്രീൻ ടീ എന്നിങ്ങനെ മൂന്നു തരം ചായകളാണുള്ളത്. പറിച്ചെടുത്ത തേയില ചായപ്പൊടിയാക്കി മാറ്റുന്ന നടപടിക്രമങ്ങളിൽ വരുന്ന വ്യത്യാസമാണ് ഇതിൽ പ്രധാനം. ഹാരിസൺ മലയാളം പ്രധാനമായും ഓർത്തഡോക്സ് ചായപ്പൊടികളാണ് ഉത്പാദിപ്പിക്കുന്നത്. കമ്പനിയുടെ ലോകാർട്ട് മ്യൂസിയത്തിനോടു ചേർന്നുള്ള ഔട്ട്ലെറ്റ് വഴി മാത്രമാണ് വില്പന. മറ്റുള്ളവ ലേലം വഴി വിൽക്കുകയും കയറ്റുമതി ചെയ്യുകയുമാണ് ചെയ്യുന്നത്. ഓർത്തഡോക്സിലും സി.ടി.സി.യിലും കടുപ്പം കൂടിയവയും കുറഞ്ഞവയും ലഭ്യമാണ്. ദക്ഷിണേന്ത്യയിൽ ജനുവരിയിൽ ഒരു കിലോ സി.ടി.സി.യുടെ ശരാശരി ലേല വില 112 രൂപയും ഓർത്തഡോക്സിന് 125 രൂപയുമായിരുന്നു. ചോക്ലേറ്റ്, വാനില, റോസ്, ഹണി തുടങ്ങിയവയുടെ രുചികളിലും ചായപ്പൊടി ലഭ്യമാണ്. തേയില ചായപ്പൊടിയാക്കി മാറ്റുമ്പോഴാണ് ഇത്തരം രുചികൾ കൂട്ടിച്ചേർക്കുന്നത്. വ്യത്യസ്തമായി വൈറ്റ് ടീ ബ്ലാക്ക് ടീ, ഗ്രീൻ ടീ എന്നിവയാണ് സാധാരണ നമ്മൾ കുടിക്കുന്നത്. എന്നാൽ വൈറ്റ് ടീ (വെളുത്ത ചായ) യെ കുറിച്ച് പലരും കേട്ടിട്ടുണ്ടാകില്ല. തേയിലയുടെ മുള മാത്രം എടുത്താണ് വൈറ്റ്ടീ ഉണ്ടാക്കുക. ചായക്കൂട്ടത്തിലെ താരവും വൈറ്റ് ടീയാണ്. ഗുണമേന്മ മാത്രമല്ല വിലയും കൂടുതലാണ്. വൈറ്റ് ടീക്ക് 1,000 രൂപയ്ക്കു മുകളിലാണ് വില. തേയിലയുടെ മുള ഉണക്കി എടുക്കുക മാത്രമാണ് വൈറ്റ് ടീയിൽ ചെയ്യുന്നത്. ഇത് പൊടിരൂപത്തിൽ ആയിരിക്കില്ല. സാധാരണ ചായപ്പൊടിയെക്കാൾ കൂടുതൽ ആന്റി ഓക്സിഡന്റുകൾ ഇതിലുണ്ടെന്നാണ് അധികൃതർ പറയുന്നത്. വിരിഞ്ഞുവരുന്നതിനു മുൻപുള്ള ഇളം പച്ച ഇലകളും തിരികളും ശ്രദ്ധാപൂർവം കൈകൊണ്ടു പറിച്ചാണ് എടുക്കുക. ആന്റി ഓക്സിഡന്റുകൾ നഷ്ടപ്പെടാതെ സൂര്യപ്രകാശമോ മറ്റു മാർഗങ്ങളോ ഉപയോഗിച്ച് പ്രത്യേക ഊഷ്മാവിലാണ് ഇത് ഉണക്കിയെടുക്കുന്നത്. ഒരു ഏക്കറിൽനിന്ന് ശരാശരി 400 ഗ്രാം മാത്രമാണ് വൈറ്റ് ടീ ലഭിക്കുക. കേരളത്തിൽ പൊതുവേ വൈറ്റ് ടീക്ക് ഡിമാൻഡ് കുറവാണ്. വിദേശ രാജ്യങ്ങളിൽ ആവശ്യക്കാരുണ്ട്. ഗ്രീൻ ടീക്ക് പ്രചാരം വന്നതോടെ ഗ്രീൻ ടീയുടെ നിരവധി ആരാധകരാണ് നഗരത്തിലുള്ളത്. ആരോഗ്യ വശം മുൻനിർത്തി രാവിലെ ഒരു കപ്പ് ഗ്രീൻ ടീ പതിവാക്കിയവരും കുറവല്ല. ചെറിയ ചവർപ്പ് ഉണ്ടെങ്കിലും ആവശ്യക്കാർ ഏറെയാണെന്നാണ് കച്ചവടക്കാർ പറയുന്നത്. തളിരില ഉണക്കി എടുത്താണ് ഗ്രീൻ ടീ ഉണ്ടാക്കുന്നത്. ഇത് പൊടിച്ചെടുക്കൽ പതിവില്ല.

from money rss http://bit.ly/2V5IRsL
via IFTTT

സെന്‍സെക്‌സ് 161 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഒരുവേള സെൻസെക്സ് 440 പോയിന്റിലേറെ താഴ്ന്നെങ്കിലും അവസാന മണിക്കൂറിൽ തിരിച്ചുകയറുകയായിരുന്നു. സെൻസെക്സ് 161.31 പോയന്റ് താഴ്ന്ന് 40,894.38ലും നിഫ്റ്റി 53.30 പോയന്റ് നഷ്ടത്തിൽ 11992.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 884 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1570 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 152 ഓഹരികൾക്ക് മാറ്റമില്ല. ഇൻഫോസിസ്, സീ എന്റർടെയൻമെന്റ്, കോൾ ഇന്ത്യ, ബിപിസിഎൽ, ഗെയിൽ, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികലാണ് നേട്ടമുണ്ടാക്കിയത്. ഭാരതി ഇൻഫ്രടെൽ, യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഭാരതി എയർടെൽ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി ഒഴികെയുള്ള സെക്ടറുകളിലെ ഓഹരികൾ നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5ശതമാനത്തോളം താഴ്ന്നു. Sensex ends 161 pts lower

from money rss http://bit.ly/38HD4xG
via IFTTT

Monday, 17 February 2020

ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററി നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന വന്‍ ലിഥിയം ശേഖരം കണ്ടെത്തി

ന്യൂഡൽഹി: വൈദ്യുതി വാഹനങ്ങളിലെ ബാറ്ററി നിർമിക്കാൻ ഉപയോഗിക്കുന്ന ലിഥിയത്തിന്റെ വൻശേഖരം ബെംഗളുരുവിലെ മാണ്ഡ്യയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഇന്ത്യാസ് ആറ്റോമിക് എനർജി കമ്മീഷന്റെ വിഭാഗമായ ആറ്റോമിക് മിനറൽ ഡയറക്ടറേറ്റിലെ ഗവേഷകരുടെ സംഘമാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ബാറ്ററി നിർമിക്കുന്നതിനാവശ്യമായതും ലോകത്ത് കുറച്ചുമാത്രം ലഭ്യതയുള്ളതുമായ ലോഹമാണ് ലിഥിയം. ബെംഗളുരുവിൽനിന്ന് 100 കിലോമീറ്റർ അകലെയുള്ള മാണ്ഡ്യയിൽ 14,100 ടൺ ലിഥിയം ശേഖരമുണ്ടെന്നാണ് കണ്ടെത്തൽ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ എമിരറ്റസ് പ്രൊഫസറും ബാറ്ററി സാങ്കേതിക വിദഗ്ധനുമായ എൻ മുനിചന്ദ്രയ്യയാണ് ഇക്കാര്യം പറഞ്ഞത്. ചിലിയിലെ 8.6 ടൺ, ഓസ്ട്രേലിയയിലെ 1.8 മില്യൺ, അർജന്റീനയിലെ 1.7 മില്യൺ ടൺ, പോർചുഗലിലെ 14,100 ടൺ എന്നിവിടങ്ങളിലേതുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടെ കണ്ടെത്തിയത് കുറവാണെന്നും അദ്ദേഹം പറയുന്നു. രാജ്യത്തെ ആവശ്യത്തിന് ഇപ്പോൾ പൂർണമായും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. 2019 സാമ്പത്തിക വർഷത്തിൽ 120 കോടി ഡോളറാണ് ലിഥിയം ബാറ്ററിയുടെ ഇറക്കുമതിയ്ക്കാണ് ചെലവഴിച്ചത്. Reserves of lithium, critical for EV batteries, found near Bengaluru

from money rss http://bit.ly/323dkcB
via IFTTT

തുടര്‍ച്ചയായി നാലാമത്തെ ദിവസവും ഓഹരി വിപണിയില്‍ നഷ്ടം

മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി വിപണിയിൽ നഷ്ടം. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 258 പോയന്റ് താഴ്ന്ന് 40797ലും നിഫ്റ്റി 82 പോയന്റ് നഷ്ടത്തിൽ 11963ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 318 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 442 ഓഹരികൾ നഷ്ടത്തിലുമാണ്. സീ എന്റർടെയൻമെന്റ്, ഗെയിൽ, ഭാരതി എയർടെൽ, സിപ്ല തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. യെസ് ബാങ്ക്, ടാറ്റ സ്റ്റീൽ, വേദാന്ത, ഹീറോ മോട്ടോർകോർപ്, ബ്രിട്ടാനിയ, ഐടിസി, ഡോ.റെഡ്ഡീസ് ലാബ്, ഹിൻഡാൽകോ, പവർഗ്രിഡ്, ഒഎൻജിസി, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex slips for fourth consecutive day

from money rss http://bit.ly/321eLZ9
via IFTTT

കേന്ദ്ര സർക്കാരിന്റേത് കോർപറേറ്റ് പ്രീണന നയമോ ?

ഇന്ത്യൻ സാമ്പത്തികവളർച്ച കഴിഞ്ഞ ആറു വർഷങ്ങൾക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലൂടെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. സ്വാഭാവികമായും സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനാവശ്യമായ പലനിർദ്ദേശങ്ങളും പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ജനങ്ങളുടെ കൈവശം കൂടുതൽ പണം എത്തിച്ചുസാധന സേവനങ്ങളുടെ ആവശ്യകത വർധിപ്പിക്കണം എന്ന വികാരമാണ് പൊതുവേയുള്ളത്, പ്രത്യേകിച്ചും ഇടത് വീക്ഷണമുള്ള സാമ്പത്തിക ശാസ്ത്രജ്ഞർക്ക് (Demand side economics). അതിനായി തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെയുള്ള സാമൂഹിക സാമ്പത്തിക മേഖലകളിൽ ഗവണ്മെന്റ് കൂടുതൽ പണം മുടക്കണമെന്നും ആവർ ആവശ്യപ്പെടുന്നു. ആ പ്രതീക്ഷയിൽ ഈ കഴിഞ്ഞ കേന്ദ്ര ബജറ്റിനെ നോക്കികണ്ടവർക്ക് നിരാശരാകേണ്ടിവന്നു. കൂടുതൽ ചെലവഴിക്കും എന്നു പ്രതീക്ഷിച്ചയിടത്ത്അതിനനുസൃതമായ നടപടി ഗവണ്മെന്റിന്റെ ഭാഗത്തു നിന്നുണ്ടായില്ല. അടിസ്ഥാന സാമ്പത്തിക ശാസ്ത്രംപോലും ഗവണ്മെന്റിന് അറിയില്ല എന്ന വിമർശനവും ഉയർന്നു. എന്നാൽസാമ്പത്തിക രംഗത്തെ തളർച്ചയെ നേരിടാനാവശ്യമായ നടപടികൾ ഗവണ്മെന്റ് ഭാഗത്തു നിന്നുണ്ടായില്ല എന്നല്ല ഇതിനർത്ഥം. മുൻപ് സൂചിപ്പിച്ച demand side economics ൽ നിന്നു വത്യസ്തമായ രീതിയാണ് ഇവിടെ സ്വീകരിച്ചതെന്ന് മാത്രം. ഉൽപ്പാദനം വർധിപ്പിക്കുകവഴി വിപണിയിൽ സാധനങ്ങളുടെയും സേവനങ്ങളുടെയും ലഭ്യത ഉറപ്പുവരുത്തുക എന്നനയം ആണ് ഗവണ്മെന്റ് പിന്തുടർന്നത് (Supply side economics). നികുതി നിരക്ക് കുറച്ചുകൊണ്ട് കൂടുതൽ നിക്ഷേപം നടത്തി ഉൽപ്പാദനം വർധിപ്പിക്കാൻ വ്യവസായികളെ പ്രേരിപ്പിക്കുകയാണ് ഈ നയം ലക്ഷ്യമാക്കുന്നത്. ഉൽപ്പാദനം കൂടുമ്പോൾതൊഴിലവസരങ്ങളും അതുവഴി ആളുകളുടെ പക്കൽ കൂടുതൽ പണവും ഉറപ്പുവരുത്തുകയാണ് ഉദ്ദേശം. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കോർപറേറ്റ് നികുതി 30 ശതമാനത്തിൽ നിന്ന് 22 ആയി കുറച്ചതും, കഴിഞ്ഞ ബജറ്റിൽ കമ്പനികൾ നൽകേണ്ട ലാഭ വിഹിത വിതരണനികുതി (dividend distribution tax) വേണ്ടെന്നു വച്ചതുമൊക്കെ ഇക്കാരണത്താലാണ്. എന്തു കൊണ്ടായിരിക്കും മേൽപ്പറഞ്ഞവയിൽ രണ്ടാമത്തെവഴി ( supply side) തെരഞ്ഞെടുക്കാൻ ഗവണ്മെന്റിന്റെ പ്രേരിപ്പിച്ചത്? പൊതുവെ വിമർശകർ ആരോപിക്കുന്നത് പോലെ കോർപറേറ്റ് പ്രീണനം ആയിരുന്നോ അതിന്റെ ഉദ്ദേശം. അല്ല. ഗവണ്മെന്റിന് മുന്നിൽ മറ്റുവഴികൾ ഇല്ലായിരുന്നു എന്നതാണ് സത്യം. ഒരുപക്ഷെ നികുതിയിളവ് പോലുള്ള നടപടികൾ എടുത്തില്ലായിരുന്നുവെങ്കിൽ വലിയൊരു സാമ്പത്തിക തകർച്ചതന്നെ നാം നേരിടേണ്ടിവന്നേനെ. അതിന്റെ കാരണം വിദേശമൂലധനത്തിന് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലുള്ള സ്വാധീനം തന്നെയാണ്. കടമായും നിക്ഷേപമായും ഏകദേശം 1 ലക്ഷം കോടി ഡോളറാണ്വിദേശ സ്ഥാപനങ്ങൾ ഇന്ത്യയിൽ നിക്ഷേപിച്ചിരിക്കുന്നത്. ഇത് നമ്മുടെ ദേശിയവരുമാനത്തിന്റെ 40% വരും. മാത്രമല്ല അടുത്ത 5 വർഷത്തിനുള്ളിൽ 102 ലക്ഷം കോടി രൂപയുടെ പശ്ചാത്തല വികസന പദ്ധതികൾക്കും ഗവണ്മെന്റ് രൂപം നൽകിയിട്ടുണ്ട്. ഇത്രയും ഭീമമായ നിക്ഷേപം നടത്താൻ വിദേശ മൂലധനം കൂടിയേ തീരൂ. വളർച്ചാനിരക്ക് കുറഞ്ഞെങ്കിലും ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനം ഇപ്പോഴും ഭദ്രമാണെന്നു തന്നെയാണ് പൊതുവെയുള്ള വിശ്വാസം.450 ബില്യൻ ഡോളറിന്റെ വിദേശ നാണ്യ ശേഖരമൊക്കെ ഇതിനു നിദാനമായി പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ 2018 ലെ പോലെ വിദേശ മൂലധനത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് തുടർന്നാൽഇത്ര ഭീമമായ വിദേശ നാണ്യ ശേഖരം എത്ര മാത്രം പ്രയോജനപ്പെടും എന്നു കൂടി ആലോചിക്കേണ്ടതുണ്ട്. കാരണം ലളിതമാണ്, അത് നമ്മുടെ സ്വന്തമല്ല. ലോകത്ത് ഏറ്റവും കൂടുതൽ വിദേശ നാണ്യ ശേഖരമുള്ളത് ചൈനക്കാണ്, ഏകദേശം 3000 ബില്യൺ ഡോളർ. ഇത് പൂർണമായും വിദേശവ്യാപാരത്തിലൂടെനേടിയ മിച്ചം കൊണ്ട് സ്വരൂപിച്ചതാണ്. അതിനായിരാജ്യത്തുനിന്നുള്ള സാധനങ്ങളുടെയുംസേവനങ്ങളുടെയും കയറ്റുമതി ഇറക്കുമതിയേക്കാൾ കൂടിയിരിക്കണം. എന്നാൽ ഇന്ത്യയുടെ സ്ഥിതി അതല്ല. മിക്ക വർഷങ്ങളിലും വിദേശ വ്യാപാരത്തിൽ നമുക്ക് കമ്മിയാണ് ഉണ്ടാവുക. അതായത് നമ്മുടെ ഇറക്കുമതി കയറ്റുമതിയേക്കാൾ കൂടുതലാണ്, പ്രത്യേകിച്ചും സാധനങ്ങളുടെ (Goods) കാര്യത്തിൽ. എന്നാൽ സോഫ്റ്റ്വെയർ, ഇൻഷുറൻസ്, നിക്ഷേപത്തിൽ നിന്നുള്ള വരുമാനം, വായ്പയിന്മേലുള്ള പലിശ എന്നിങ്ങനെയുള്ള സേവനങ്ങളുടെ വ്യാപരത്തിലും കൈമാറ്റത്തിലുംനമുക്ക് എല്ലായിപ്പോഴും മിച്ചം പിടിക്കാൻ സാധിക്കാറുണ്ട്. പക്ഷെ ഈമിച്ചം സാധനങ്ങളുടെ വ്യാപാരത്തിലെ കമ്മി നികത്താൻ തികയാറില്ല. അതുകൊണ്ടാണ് മൊത്തംവിദേശവ്യാപരത്തിൽ നമുക്ക് കമ്മി നേരിടേണ്ടി വരുന്നത്. ഇതിനെയാണ് കറന്റ് അക്കൗണ്ട് കമ്മി (Current Account Deficit) എന്നുപറയുന്നത്.ഈ കമ്മി നികത്താനായി രാജ്യത്തിന്റെ കൈവശമുള്ള വിദേശനാണ്യം ഉപയോഗിക്കുകയോ അല്ലെങ്കിൽ കടമെടുക്കുകയോ ചെയ്യേണ്ടിവരും. അങ്ങനെ വിദേശവായ്പ,വിദേശ നിക്ഷേപം എന്നിവ വഴികറന്റ് അക്കൗണ്ടിലെ കമ്മി നികത്തുന്നതിനാവശ്യമായതിലും അധികമായിവരുന്നവിദേശപണമാണ് നമ്മുടെ വിദേശനാണ്യ ശേഖരം. കൂടാതെ എൻആർഐഡെപ്പോസിറ്റ്, അന്താരാഷ്ട്ര ഏജൻസികളിൽ നിന്നുള്ള ധനസഹായം തുടങ്ങിയവയും വിദേശ നാണ്യ ശേഖരം വർധിപ്പിക്കുന്നു. അതിനാൽ തന്നെ ചൈനയുടേതിൽ നിന്നു വ്യത്യസ്തമായി നമ്മുടെ വിദേശനാണ്യ ശേഖരം നമുക്ക് സ്വന്തമല്ല, മറിച്ചു നാം അത് സൂക്ഷിക്കുന്നുവെന്നേയുള്ളൂ. അതിന്റെ ഉടമസ്ഥർക്ക് തിരിച്ചു നൽകേണ്ട ബാധ്യതയുമുണ്ട്. നമ്മുടെ രാജ്യത്തെ ഉയർന്ന വളർച്ചാ നിരക്ക്, നിക്ഷേപ സാധ്യത, ഉയർന്ന പലിശ നിരക്ക്, വികസിത രാജ്യങ്ങളിലെ വളർച്ച മുരടിപ്പ്എന്നീ കാരണങ്ങളാണ് വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക്ആകർഷിക്കുന്നത്. നമ്മുടെ സാമ്പത്തിക വളർച്ച കുറഞ്ഞത് മൂലം 2018 ൽ ഏകദേശം 11 ബില്യൺ ഡോളറിന്റെ വിദേശ നിക്ഷേപം ഇന്ത്യൻ വിപണിയിൽ നിന്നു പിൻവലിക്കപ്പെടുകയുണ്ടായി. 2017 ൽ 31 ബില്യൺ ഡോളർ ഇന്ത്യയിലേക്ക് വന്ന സ്ഥാനത്താണിത്. വിദേശപണത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് രൂപയുടെ മൂല്യതകർച്ചക്ക് വഴിയൊരുക്കും. രൂപയുടെ മൂല്യത്തകർച്ച വിദേശ നിക്ഷേപകരിൽ സൃഷ്ടിക്കുന്ന ആശങ്ക വീണ്ടും വിദേശ നിക്ഷേപം പിൻവലിക്കപ്പെടുന്നതിനു കാരണമാകും. ഇത്തരം ഒരു വിഷമവൃത്തം തരണം ചെയ്യനാവശ്യമായ വിദേശനാണ്യ ശേഖരം അപ്പോഴേക്കും നമുക്ക് കൈമോശം വന്നിട്ടുണ്ടാകാം.അത്തരമൊരു അവസ്ഥ ഒഴിവാക്കുന്നതിനും വിദേശ നിക്ഷേപം പിടിച്ചുനിർത്തുന്നതിനും വേണ്ടിയാണ് കോർപറേറ്റു നികുതിയിളവ് പോലെയുള്ള നടപടികൾ സ്വീകരിക്കേണ്ടി വന്നത്. കൂടുതൽ നിക്ഷേപം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അതു വഴി വിപണിയിലെ ഡിമാൻഡ് കൂട്ടാമെന്നുമുള്ള സിദ്ധാന്തം ഗവണ്മെന്റ് സ്വീകരിച്ചത് ഇക്കാരണത്താലാണ്. എന്നാൽ നികുതി കുറച്ചത് കൊണ്ടുമാത്രം നിക്ഷേപം കൂടുമോ എന്നചോദ്യം ഉയരുന്നുണ്ട്. അത് കാത്തിരുന്നു കാണേണ്ടി വരും. അപ്പോൾ തൊഴിലുറപ്പ് പോലെയുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾക്കായി ഗവണ്മെന്റ് പണം കൂടുതൽ ചെലവാക്കണ്ടതല്ലേ എന്ന ചോദ്യം ഉയരുന്നുണ്ട്. തീർച്ചയായും വേണം. പക്ഷെ അതിനുള്ള റവന്യൂ വരുമാനംനമുക്കില്ല. അല്ലെങ്കിൽ കൂടുതൽ കടമെടുക്കേണ്ടിവരും. ഇത് ധനക്കമ്മി (Fiscal deficit) കൂടുന്നതിനിടയാക്കും. ഉയർന്ന ധനക്കമ്മി നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഒരിക്കലും ഒരു ശുഭസൂചനയല്ല. പിന്നെയുള്ള ഏകമാർഗം പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽക്കുക എന്നത് മാത്രമാണ്. അത് തന്നെയാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതും. (പ്രശാന്ത് ചന്ദ്രൻ, ഇന്ത്യൻ ഇക്കണോമിക് സർവീസ്.അഭിപ്രായം വ്യക്തിപരം)

from money rss http://bit.ly/2wivdIv
via IFTTT

സെന്‍സെക്‌സ് 202 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ വീണു. നിഫ്റ്റ് 12,100 നിലവാരത്തിന് താഴെയെത്തി. സെൻസെക്സ് 202.05 പോയന്റ് നഷ്ടത്തിൽ 41,055.69ലും നിഫ്റ്റി 67.70 പോയന്റ് താഴ്ന്ന് 12,045.80ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 832 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1684 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 161 ഓഹരികൾക്ക് മാറ്റമില്ല. യെസ് ബാങ്ക്, കോൾ ഇന്ത്യ, ഗെയിൽ, ഒഎൻജിസി, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ടൈറ്റൻ കമ്പനി, നെസ് ലെ, ടിസിഎസ്, ടാറ്റ സ്റ്റീൽ, വേദാന്ത തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്. പൊതുമേഖ ബാങ്ക് ഓഹരികളാണ് കാര്യമായ നഷ്ടമുണ്ടാക്കിയത്. ലോഹം, ഫാർമ, അടിസ്ഥാന സൗകര്യവികസനം, ഊർജം ഓഹരികളും നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനവും നഷ്ടമുണ്ടാക്കി. എജിആർ കുടിശ്ശിക എത്രയും വേഗം അടയ്ക്കാൻ ടെലികോം ഓപ്പറേറ്റർമാരോട് സർക്കാർ നിർദേശിച്ചതാണ് ബാങ്ക് ഓഹരികളെ ബാധിച്ചത്. Sensex down 202 pts

from money rss http://bit.ly/320qCXn
via IFTTT

കൂടുതല്‍ സമയം ആവശ്യപ്പെട്ടുള്ള വൊഡാഫോണ്‍ ഐഡിയയുടെ ഹര്‍ജി പരിഗണിച്ചില്ല

ന്യൂഡൽഹി: എജിആർ(അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ)കുടിശിക അടയ്ക്കാൻ സാവകാശം ആവശ്യപ്പെട്ട് വൊഡാഫോൺ ഐഡിയ നൽകിയ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. തിങ്കളാഴ്ച 2,500 കോടി രൂപയും വെളളിയാഴ്ചയോടെ 1000 കോടി രൂപയും അടയ്ക്കാമെന്നായിരുന്നു കമ്പനി കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചത്. ഭാരതി എയർടെൽ, വൊഡാഫോൺ ഐഡിയ, ടാറ്റ ടെലിസർവീസസ് എന്നീ ടെലികോം കമ്പനികൾ എജിആർ കുടിശ്ശികയായി ഒരു ലക്ഷം കോടിയിലധികം രൂപയാണ് അടയ്ക്കാനുള്ളത്. കോടതി ഹർജി പരിഗണിക്കാതായതോടെ ഐഡിയ വൊഡാഫോൺ കൂടുതൽ സമ്മർദത്തിലായിരിക്കുകയാണ്. ഇന്ത്യയിൽ ബിസിനസ് തുടരുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്ന് കമ്പനി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെ ഫെബ്രുവരി 20-ഓടെ 10000 കോടി രൂപ അടയ്ക്കാമെന്ന് എയർടെൽ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ സമയം ഇനിയും നീട്ടിനൽകാനാവില്ലെന്നാണ് ടെലികോ വകുപ്പ് പ്രതികരിച്ചത്. 2019 ഒക്ടോബറിലെ സുപ്രീം കോടതി വിധിപ്രകാരം 1.47 ലക്ഷം കോടി രൂപയുടെ എജിആർ കുടിശ്ശികയാണ് ടെലികോം കമ്പനികൾ തീർക്കാനുള്ളത്. സമയപരിധി ജനുവരി 23ന് അവസാനിച്ചതോടെ ജിയോ മാത്രമാണ് കുടിശ്ശിക തീർത്തത്. സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ അടക്കമുള്ളവർ കുടിശ്ശിക അടച്ചിട്ടില്ല. എയർടെൽ 35,586 കോടി രൂപ, വൊഡാഫോൺ ഐഡിയ-53,000 കോടി, ടാറ്റ ടെലി-13,800 കോടി, ബിഎസ്എൻഎൽ-4,989 കോടി, എംടിഎൻഎൽ-3,122 കോടി എന്നിങ്ങനെയാണ് കുടിശ്ശിക അടയ്ക്കാനുള്ളത്.

from money rss http://bit.ly/39FzXpZ
via IFTTT

Sunday, 16 February 2020

40-ൽ വിരമിക്കാന്‍ 1.30 കോടി വേണം: അതിന് പ്രതിമാസം എത്ര രൂപ നിക്ഷേപിക്കണം?

ഒരു പൊതുമേഖല സ്ഥാപനത്തിലെ ജീവനക്കാരനാണ് ശ്രീജിത്ത്. വയസ്സ് 33. 40-ാമത്തെ വയസ്സിൽ വിരമിക്കാൻ ഉദ്ദേശിക്കുന്നു. അതിനായി 25 ലക്ഷം രൂപ ഇപ്പോഴേ കരുതിയിട്ടുണ്ട്. നിലവിലെ ജീവിത ചെലവ് 20,000 രൂപയാണ്. 70വയസ്സുവരെ ജീവിച്ചിരിക്കുമെന്നാണ് ശ്രീജിത്ത്പ്രതീക്ഷിക്കുന്നത്. റിട്ടയർമെന്റുകാല ജീവിതത്തിനായി എത്രതുക കൂടുതൽ നിക്ഷേപിക്കണമെന്നാണ് അദ്ദേഹത്തിന് അറിയേണ്ടത്. നിലവിലെ ജീവിത ചെലവായ 20,000 രൂപ ഏഴുവർഷം കഴിയുമ്പോൾ ശരാശരി ഏഴുശതമാനം പണപ്പെരുപ്പ നിരക്കുകൂടി ചേരുമ്പോൾ 32,116 രൂപയായി ഉയരും. 70വയസ്സുവരെ ജീവിക്കുമെന്നാണ് ശ്രീജിത്ത് പ്രതീക്ഷിക്കുന്നത്.എന്നാൽ നിലവിലെ സാഹചര്യമനുസരിച്ച് 80വയസ്സുവരെയെങ്കിലും ജീവിക്കുമെന്ന് കണക്കുകൂട്ടണം. ഇതുപ്രകാരം റിട്ടയർ ചെയ്ത ആദ്യവർഷം ജീവിക്കാൻ വേണ്ടിവരിക 3,85,388 രൂപയാണ്. 80വയസ്സുവരെ ജീവിക്കുമെന്ന് കണക്കുകൂട്ടിയാൽ മൊത്തം 1,29,32,405 രൂപയാണ് നിങ്ങൾക്ക് വേണ്ടിവരിക. റിട്ടയർമെന്റുകാല ജീവിതത്തിനായി സമാഹരിച്ചിട്ടുള്ള തുകയിൽനിന്ന് 40വയസ്സിനുശേഷം എട്ടുശതമാനം ആദായം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇത് നിശ്ചയിച്ചിട്ടുള്ളത്. ഇതിനകം 25 ലക്ഷം രൂപയാണ് ശ്രീജിത്ത്നിക്ഷേപിച്ചിട്ടുള്ളത്. ഇതോടൊപ്പം പ്രതിമാസം നിക്ഷേപിക്കേണ്ടിവരിക 54,293 രൂപയാണ്. 40വയസ്സാകുമ്പോൾ നിങ്ങളുടെ മൊത്തം നിക്ഷേപം 1,29,32,406 ആയി വളർന്നിട്ടുണ്ടാകും. നിലവിലെ നിക്ഷേപം, ഭാവിയിലെ നിക്ഷേപം എന്നിവയിൽനിന്ന് 12 ശതമാനം ആദായം ലഭിക്കുമെന്നാണ് കണക്കുകൂട്ടിയിട്ടുള്ളത്. നിലവിലുള്ള 25 ലക്ഷത്തോടൊപ്പം ഒറ്റത്തവണയായി 31,06,401 രൂപ നിക്ഷേപിച്ചാലും ഏഴുവർഷം കഴിയുമ്പോൾ നിശ്ചിത തുക നിങ്ങൾക്ക് സമാഹരിക്കാനാകും. വിരമിച്ചശേഷം 41-ാമത്തെ വയസ്സിൽ 1,29,32,405 രൂപയാണ് നിങ്ങളുടെ കൈവശമുണ്ടാകുക. ആവർഷം നിങ്ങൾക്ക് വരുന്ന ചെലവ് 3,85,388 രൂപയാണ്. അതേസമയം, നിങ്ങളുടെ നിക്ഷേപത്തിന് 10,03,761 രൂപ പലിശയായും ലഭിക്കും. ആവർഷം അവസാനം 1,35,50,770 രൂപയാകും ബാക്കിയുണ്ടാകുക(പട്ടിക കാണുക). ശ്രദ്ധിക്കുക: നിങ്ങൾ 60-ാമത്തെ വയസ്സിലാണ് വിരമിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ 2,73,43,126 രൂപയാണ് നിങ്ങൾക്ക് മൊത്തം വേണ്ടിവരിക. അതിനായി നിങ്ങൾ കൂടുതൽ തുകയൊന്നും നിക്ഷേപിക്കേണ്ടിവരില്ല. നിലവിലെ 25 ലക്ഷം രൂപയുടെ നിക്ഷേപത്തിൽനിന്ന് 11 ലക്ഷം രൂപയെടുത്ത് എസ്ഐപിയായി മികച്ച മൾട്ടിക്യാപ് ഫണ്ടുകളിൽ നിക്ഷേപിക്കാം. അതുമതിയാകും നിങ്ങളുടെ റിട്ടയർമെന്റ് ജീവിതത്തിന്. കരാണം വിരമിക്കാൻ ഇനിയും 27 വർഷം ബാക്കിയുണ്ട്. അതിനകം 11 ലക്ഷം രൂപ നിങ്ങളുടെ ലക്ഷ്യതുകയിലെത്തിയിട്ടുണ്ടാകും. അതിനായി ഒരു ലിക്വഡ് ഫണ്ടിലോ എക്സിറ്റ് ലോഡില്ലാത്ത ഒരു ഷോർട്ട് ഡ്യൂറേഷൻ ഫണ്ടിലോ നിക്ഷേപിച്ച് അതിൽനിന്ന് സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻവഴി മികച്ച മൾട്ടി ക്യാപ് ഫണ്ടുകളിലേയ്ക്ക് മാറ്റാം. ഏഴുവർഷമെങ്കിലും മൾട്ടിക്യാപ് ഫണ്ടിലെ നിക്ഷേപം നലനിർത്താൻ ശ്രദ്ധിക്കണം. ബാക്കിയുള്ള 14 ലക്ഷം രൂപയും ഇങ്ങനെ എസ്ഐപിവഴി നിക്ഷേപിക്കാം. ഈ തുക നിങ്ങൾക്ക് കുട്ടികളുടെ വിദ്യാഭ്യാസം, അവരുടെ വിവാഹം എന്നിങ്ങനെയുള്ള മറ്റ് സാമ്പത്തിക ലക്ഷ്യങ്ങൾക്കായി വിനിയോഗിക്കാം. 40വയസ്സിൽ വിരമിക്കുമ്പോൾ നിങ്ങളുടെ കൈവശമുള്ള തുകയ്ക്ക് ലഭിക്കുന്ന പലിശയും ജീവിതചെലവിനുള്ള വിനിയോഗവും ഇപ്രകാരമാണ്.

from money rss http://bit.ly/2SNJJzC
via IFTTT

ഡല്‍ഹിയില്‍ റെയില്‍വെയുടെ 26.58 ഏക്കര്‍ ഭൂമി ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ് വാങ്ങി

ന്യൂഡൽഹി: ഡൽഹിയിലെ കണ്ണായ സ്ഥലത്ത് റെയിൽവെയുടെ 26.58 ഏക്കർ ഭൂമി ഗോദ്റേജ് പ്രോപ്പർട്ടീസ് വിലക്കുവാങ്ങി. 1,359 കോടി രൂപയുടെതാണ് ഇടപാട്. നടപടക്രമങ്ങൾ പൂർത്തിയാക്കുന്നമുറയ്ക്ക് വർഷങ്ങളുടെ ഇടവേളകളിലാണ് പണംകൈമാറുക. ഡൽഹിയിലെ അശോക് വിഹാറിലെ റെയിൽവെ ലാൻഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ ഭൂമിയാണ് വിറ്റത്. സ്ഥലത്ത് ആഢംബര വീട് സമുച്ചയം സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2019ൽ ഒക് ലയിലാണ് ഗോദ്റേജ് ആദ്യ പ്രൊജക്ട് പൂർത്തിയാക്കിയത്. ഡൽഹിയിൽതന്നെ ഗുഡ്ഗാവിലും നോയ്ഡയിലും കമ്പനി ഹൗസിങ് പ്രൊജക്ടുകൾ പൂർത്തിയാക്കിരുന്നു. Godrej Properties to buy railway land in Delhi

from money rss http://bit.ly/38uMw7s
via IFTTT

ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം

മുംബൈ: നേട്ടത്തിലാണണ് വ്യാപാരം ആരംഭിച്ചതെങ്കിലും ഓഹരി സൂചികകൾ താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 83 പോയന്റ് താഴ്ന്ന് 41200ലും നിഫ്റ്റി 17 പോയന്റ് നഷ്ടത്തിൽ 12096ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 562 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 846 ഓഹരികൾ നഷ്ടത്തിലുമാണ്. ആഗോള വിപണികളിലെ സമ്മിശ്ര പ്രതികരണമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിക്കുന്നത്. ഗെയിൽ, ഒഎൻജിസി, സിപ്ല, യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, കോൾ ഇന്ത്യ, സൺ ഫാർമ, ബിപിസിഎൽ, എസ്ബിഐ, ബജാജ് ഓട്ടോ, ഐഒസി, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ടൈറ്റാൻ കമ്പനി, ഹിന്ദുസ്ഥാൻ യുണലിവർ, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ്, മാരുതി സുസുകി, എൻടിപിസി, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. Indices trade flat

from money rss http://bit.ly/2Hv5ZZU
via IFTTT

സാമ്പത്തികമായി വിജയിക്കണമെങ്കില്‍ ബാധ്യത കുറയ്ക്കണം; ആസ്തികൂട്ടണം

റോബർട്ട് ടോറു കിയോസ്കി എന്ന പേര് ബിസിനസ് പ്രചോദനവുമായി ബന്ധപ്പെട്ടാണ് പൊതുവെ അറിയപ്പെടുന്നത്. അദ്ദേഹം റിച്ച് ഗ്ലോബൽ എൽ.എൽ.സി, റിച്ച് ഡാഡ് കമ്പനി എന്നീ സ്വകാര്യ ബിസിനസ് വിദ്യാഭ്യാസ കമ്പനികളുടെ സ്ഥാപകനാണ്. ഈ കമ്പനികൾ ആഗോളതലത്തിൽ ബിസിനസ് പ്രചോദനാന്മക സെമിനാറുകൾ സംഘടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ 'റിച്ച് ഡാഡ്, പുവർ ഡാഡ്' എന്ന പുസ്തകം 51 ഭാക്ഷകളിലേക്ക് തർജമ ചെയ്യപ്പെടുകയും 41 മില്യൻ കോപ്പികൾ വിറ്റുപോവുകയും ചെയ്തിട്ടുണ്ട്. 1980-ൽ ടി-ഷർട്ടുകളും ബാഗുകളും വിൽക്കുന്ന ചെറുകിട കച്ചവടക്കാരനായാണ് അദ്ദേഹം ബിസിനസ് രംഗത്ത് കാൽവയ്പ് നടത്തിയത്. അത് വലിയ കടത്തിൽ അവസാനിച്ചു. തുടർന്ന് 1985-ൽ തുടങ്ങിയ ബിസിനസ് വിദ്യാഭ്യാസ സ്ഥാപനം 1994-ൽ മറ്റൊരു കമ്പനിക്ക് വിറ്റു. എന്നാൽ പിന്നീട് അദ്ദേഹം പ്രചോദനാന്മക പ്രഭാഷകനായി. ഇന്ന് ബിസിനസ് വിദ്യാഭ്യാസ രംഗത്ത് ശക്തമായി വിജയിയായ പ്രചോദനമായി നിലകൊള്ളുന്നു. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ഒരു സിദ്ധാന്തം ആസ്തിയോടും ബാധ്യതയോടുമുള്ള മനുഷ്യന്റെ സമീപനമാണ്. ആസ്തി നമ്മുടെ പോക്കറ്റിൽ പണം എത്തിക്കുന്നു. ബാധ്യതയാകട്ടെ, പണം പോക്കറ്റിൽനിന്ന് അതിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു. പണമുള്ളവൻ റിയൽ എസ്റ്റേറ്റ്, ഷെയർ മാർക്കറ്റ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, പാവപ്പെട്ടവൻ ലോണുകളും ക്രെഡിറ്റ് കാർഡുകളും ഭവനവായ്പകളുമായി പണം സ്വന്തം പോക്കറ്റിൽനിന്ന് തുടർച്ചയായി പൊയ്ക്കൊണ്ടിരിക്കുന്ന മാർഗങ്ങളെക്കുറിച്ച് ചിന്തിക്കുന്നു. സാമ്പത്തികമായി വിജയിക്കണമെങ്കിൽ ബാധ്യത കുറച്ച്, ആസ്തി കൂട്ടാൻ പരിശ്രമിക്കണം നമ്മുടെ നാട്ടിൽ ബിസിനസ് പ്രചോദകർ ധാരാളമുണ്ട്. അവരുടെ അഭിപ്രായങ്ങളെ മാനിക്കുന്നതോടൊപ്പം, ഏത് പ്രചോദനാന്മക ചിന്തയും നമ്മുടെ മുറത്തിലിട്ട് പേറ്റിക്കൊഴിക്കാനാവണം. കാരണം, ഓരോ മനുഷ്യനും അവന്റെ അനുഭവങ്ങളും അറിവും വച്ച് സംസാരിക്കും. പക്ഷേ, നമ്മുടെ അവസ്ഥകൾ വ്യത്യസ്തമായിരിക്കും. സ്വന്തം സാമ്പത്തികനിലയെ കുറിച്ചുള്ള അവബോധമുണ്ടാവണം. അതിനെ മെച്ചപ്പെടുത്തണമെന്ന ചിന്തയിൽ നിന്നായിരിക്കണം സാമ്പത്തികവളർച്ച ഉണ്ടാവേണ്ടത്. അതിന് കഠിനാദ്ധ്വാനമല്ല, വിദഗ്ധമായ അദ്ധ്വാനമാണ് ആവശ്യം. സാമ്പത്തിക ശാസ്ത്രത്തിൽ ഹാർവി ലിവിങ്സറ്റൺ പ്രതിപാദിച്ച 'ക്രിട്ടിക്കൽ മിനിമം എഫർട്ട്' എന്ന സാമ്പത്തികശാസ്ത സിദ്ധാന്തമനുസരിച്ച് ഓരോ സമ്പദ്വ്യവസ്ഥയും ഷോക്കുകൾക്കും ഉത്തേജകങ്ങൾക്കും വിധേയമാണ്. ഷോക്കുകൾ പേരു സൂചിപ്പിക്കുന്നതുപോലെ ആഘാതങ്ങളാണ്. അവ വളർച്ചയെ പിന്നോട്ട് വലിക്കുന്നു. ഉത്തേജകങ്ങൾ പോസിറ്റീവായ പ്രചോദനങ്ങളാണ്. ഈ വ്യത്യാസം മനസ്സിലാക്കാനായി ലിവിങ്സ്റ്റൺ ഇവയെ 'സീറോ സം' പ്രോത്സാഹനങ്ങളെന്നും 'പോസിറ്റീവ് സം' പ്രോത്സാഹനങ്ങൾ എന്നും വിളിക്കുന്നു. രണ്ടും പ്രോത്സാഹനങ്ങൾ തന്നെയാണെന്നതാണ് ശ്രദ്ധിക്കേണ്ടത്. രണ്ടുതലത്തിലാണ് പ്രചോദനങ്ങൾ കടന്നുവരുന്നത്. അഥവാ പ്രചോദനങ്ങളുടെ ഉറവിടത്തെ ആന്തരികം, ബാഹ്യം എന്നും തരംതിരിക്കാം. ആദ്യത്തേത് നേട്ടങ്ങളും അംഗീകാരവും പ്രശസ്തിയും അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. രണ്ടാമത്തേത് ചില വ്യക്തിപരമായ മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. അതിനാൽ, പ്രചോദനം പലർക്കും പലതാണ്. ആന്തരികമായി സ്വയം പ്രചോദിപ്പിക്കാനാവുക എന്നതാണ് പ്രധാനപ്പെട്ടത്. കാരണം, ജീവിതയാത്രയിൽ എന്നും പ്രചോദനമാകുന്നത് നമ്മളെ സ്നേഹിച്ചവരല്ല, നമുക്ക് തടസ്സങ്ങൾ സൃഷ്ടിച്ചവരാണ്. പോസിറ്റീവായതും നെഗറ്റീവായതുമായ പ്രചോദനങ്ങളുണ്ട്. ചില പ്രഭാതങ്ങൾ അതീവ സന്തോഷത്തോടെ ആരംഭിക്കുന്നു. ഉദ്ദേശിച്ച കാര്യങ്ങൾ ഉത്സാഹത്തോടെ ചെയ്യുന്നു. ചിലത് അങ്ങനെയല്ല, ഒന്നിനും ഉന്മേഷമില്ലാതെ വെറുതെ ആയിപ്പോവുന്നതുപോലെ തോന്നുന്നു. രണ്ടും ആവശ്യമാണ്. സമ്മർ റെഡ്സ്റ്റോണിന്റെ വാക്കുകൾ ശ്രദ്ധ്യേയമാണ്: ''വിജയം നേട്ടങ്ങളെ അടിസ്ഥാനപ്പെടുത്തിയല്ല നിർണയിക്കപ്പെടുന്നത്. അത് തോൽവികളിലാണ് പണിതുയർത്തപ്പെടുന്നത്, നിരാശയിലും ദുരന്തത്തിന്മേലും വിജയം പണിതുയർത്തപ്പെടുന്നു.'' ഓർക്കുക, ഒരു ദുരന്തത്തിനും നമ്മൾ അനുവദിക്കാതെ നമ്മളെ തളർത്താനാവില്ല.

from money rss http://bit.ly/2SyQNBb
via IFTTT