121

Powered By Blogger

Friday, 13 August 2021

മനു പ്രകാശിന് 45-ാം വയസ്സിൽ വിരമിക്കണം: 2.85 കോടി രൂപ എങ്ങനെ സമാഹരിക്കും?

മുംബൈയിൽ പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് മനു പ്രകാശ്. നിലവിൽ അദ്ദേഹത്തിന്റെ വാർഷിക വരുമാനം ആറ് ലക്ഷം രൂപയാണ്. ചെലവാകട്ടെ 2,40,000 രൂപയും. 27കാരനായ മനു വിരമിക്കാൻ ഉദ്ദേശിക്കുന്നത് 45-ാംവയസ്സിലാണ്. ഇതുപ്രകാരം 18 വർഷം കഴിയുമ്പോൾ എത്രതുക സമാഹരിക്കേണ്ടിവരുമെന്നാണ് അദ്ദേഹത്തിന് അറിയേണ്ടത്. ജോലി ലഭിച്ച് അധികംവൈകാതെതന്നെ ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾക്കായി നിക്ഷേപംനടത്താൻ തയ്യറായ മനു അഭിന്ദനം അർഹിക്കുന്നു. അദ്ദേഹത്തിന്റെ ലക്ഷ്യങ്ങൾ വിലയിരുത്തി വിരമിച്ചശേഷമുള്ള ജീവിതത്തിന് എത്രതുക വേണ്ടിവരുമെന്നും അതിനായി പ്രതിമാസം എത്രതുക നിക്ഷേപിക്കേണ്ടിവരുമെന്നും കണക്കാക്കാം. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രതിമാസ ജീവിതചെലവ് 20,000 രൂപയാണ്. ശരാശരി ഏഴ് ശതമാനം വിലക്കയറ്റം പരിഗണിച്ചാൽ 18 വർഷം കഴിയുമ്പോൾ 67,599 രൂപയായി ജീവിതചെലവ് ഉയരും. ഇതുപ്രകാരം 18 വർഷം കഴിയുമ്പോൾ 1.84 കോടി(1,84,43,411 രൂപ)യാണ് ഭാവിയിൽ ജീവിക്കാൻ അദ്ദേഹത്തിന് ആവശ്യമായിവരിക. നിക്ഷേപത്തിന് 12ശതമാനം വാർഷികാദായം(സിഎജിആർ) ലഭിക്കുമെന്ന് പ്രതീക്ഷിച്ചാൽ ഈതുക കണ്ടെത്താൻ പ്രതിമാസം 24,000 രൂപയാണ് നിക്ഷേപിക്കേണ്ടത്. ജീവിതായുസ്സ് 80 വയസ്സാണ് കണക്കാക്കിയിട്ടുള്ളത്. ശമ്പളത്തിൽ വർധനവുണ്ടാകുന്നതിന് ആനുപാതികമായി എസ്ഐപി തുകയിൽ ഓരോവർഷംവും 10ശതമാനം വർധനവരുത്തിയാൽ 45 വയസ്സാകുമ്പോൾ 2.85 കോടി സമാഹരിക്കാൻ അദ്ദേഹത്തിന് കഴിയും. അതായത് നേരത്തെതിൽനിന്ന് വ്യത്യാസമായി ഒരു കോടി രൂപ അധികമായി ലഭിക്കുമെന്ന് ചുരുക്കം. നിലവിലെ സാഹചര്യത്തിൽ ചെലവും നിക്ഷേപവും കഴിഞ്ഞാൽ പ്രതിമാസം 6,000 രൂപകൂടി നിക്ഷേപിക്കാൻ ബാക്കിയുണ്ടാകും. കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പടെയുള്ള ഭാവികാര്യങ്ങൾ, മറ്റ് സാമ്പത്തിക ലക്ഷ്യങ്ങൾ എന്നിവക്ക് പണംകണ്ടെത്താനും ഈതുക വിനിയോഗിക്കാം. റിട്ടയർമെന്റിന് ആവശ്യമായ തുകകിഴിച്ച് ബാക്കിയുള്ള ഒരു കോടി രൂപയും പ്രതിമാസം 6,000 രൂപ വീതം നിക്ഷേപിക്കുമ്പോൾ(വർഷത്തിൽ 10ശതമാനംവർധനപ്രകാരം) 70 ലക്ഷംരൂപയും അധികമായി ലഭിക്കും. നിക്ഷേപത്തിന് നിർദേശിക്കുന്നപദ്ധതികൾ: ആക്സിസ് ബ്ലൂചിപ് ഫണ്ട്: പ്രതിമാസം 10,000 രൂപ(എസ്ഐപി) എസ്ബിഐ നിഫ്റ്റി നെക്സറ്റ് 50 ഇടിഎഫ്: 10,000 രൂപ (പ്രതിമാസം) റിക്കറിങ് ഡെപ്പോസിറ്റ് : 4,000 രൂപ (പ്രതിമാസം) Investment PORTFOLIO Fund/ETF 1Yr Return* 5Yr Return 7Yr Return Expense Ratio Axis Bluechip 44.63 18.40 16.21 0.49% SBI ETF Nifty Next 50 43.81 12.88 - 0.15% *Return as on 13 Aug 2021

from money rss https://bit.ly/2VT6Iyi
via IFTTT

ഓടുന്ന തീവണ്ടികളിലെ ഇന്റർനെറ്റ് പദ്ധതി ഉപേക്ഷിച്ചു: ചെലവ് താങ്ങാനാകാതെ

തൃശ്ശൂർ: ഓടുന്ന തീവണ്ടികളിൽ ഉപഗ്രഹസംവിധാനത്തിലൂടെ അതിവേഗ ഇന്റർനെറ്റ് എത്തിക്കാനുള്ള പദ്ധതി റെയിൽവേ ഉപേക്ഷിച്ചു. യാത്രക്കാർക്ക് സൗജന്യമായി നൽകുമെന്നു പറഞ്ഞിരുന്ന സംവിധാനം ഉപേക്ഷിക്കാൻ കാരണം അമിതചെലവ് തന്നെ. ദീർഘവീഷണമില്ലാതെയും പരിമിതി മനസ്സിലാക്കാതെയും നടത്തിയ പ്രഖ്യാപനമാണ് ഉപേക്ഷിച്ചത്. 2019-ലെ ബജറ്റിൽ അന്നത്തെ റെയിൽവേമന്ത്രി പീയുഷ് ഗോയലാണ് പദ്ധതി അവതരിപ്പിച്ചത്. അടുത്ത നാലു വർഷത്തിനകം രാജ്യത്തെ എല്ലാ തീവണ്ടികളിലും തടസ്സമില്ലാത്ത ഇൻറർനെറ്റ് എത്തിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, അതിന് വലിയ സാമ്പത്തികച്ചെലവ് ഉണ്ടാകുമെന്ന കാര്യം പരീക്ഷണയോട്ടം നടത്തിയപ്പോഴാണ് തിരിച്ചറിഞ്ഞത്. ന്യൂഡെൽഹി - ഹൗറ രാജധാനി എക്സ്പ്രസിലാണ് പരീക്ഷണം നടത്തിയത്. രാജ്യത്തിന്റെ ഉപഗ്രഹങ്ങളിലെ ട്രാൻസ്പോണ്ടറുകളിൽ നിന്ന്, ടവറുകൾ വഴിയല്ലാതെ, നേരിട്ട് സിഗ്നലുകൾ ഓടുന്ന വണ്ടിയിൽ എത്തിക്കുന്ന രീതിയാണിത്. എന്നാൽ, ഹൗറ രാജധാനിയിൽ ഇത് പരീക്ഷിച്ചപ്പോൾ ദുർബലമായ സിഗ്നലാണ് യാത്രക്കാരുടെ ഫോണുകളിൽ കിട്ടിയത്. 10 എം.ബി.പി.എസ്. സ്പീഡ് മാത്രമുള്ള ഡേറ്റയായിരുന്നു അത്. ഒരു ട്രാൻസ്പോണ്ടറിന് പ്രതിമാസം 10 ലക്ഷം രൂപയാണ് വാടക. ഒരു തീവണ്ടി ഓടുമ്പോൾ നിരവധി ട്രാൻസ്പോണ്ടറുകളുടെ ഉപയോഗം വേണ്ടിവരും. ഉദാഹരണത്തിന് ന്യൂഡെൽഹിയിൽനിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന കേരള എക്സ്പ്രസിൽ ഈ സംവിധാനം ഏർപ്പെടുത്തണമെങ്കിൽ ചുരുങ്ങിയത് 400 ട്രാൻസ്പോണ്ടറുകളുടെയെങ്കിലും സഹായം വേണ്ടിവരും. ഇങ്ങനെ വരുമ്പോൾ പ്രതിമാസം ഒരു തീവണ്ടിക്കുമാത്രം വലിയ തുക വേണ്ടി വരും. യാത്രക്കാരിൽനിന്ന് ഇതിനു മാത്രമായി നിരക്ക് ഈടാക്കിയാലും മുടക്കുന്ന തുകയുടെ നൂറിലൊരംശം പോലും കിട്ടില്ല. തുക ഈടാക്കി സംവിധാനം ഏർപ്പെടുത്തിയാലും ഡേറ്റ സ്പീഡിലെ കുറവുമൂലം റെയിൽവേ പഴി കേൾക്കേണ്ടി വരുമെന്നാണ് ഹൗറ എക്പ്രസിലെ പരീക്ഷണം തെളിയിച്ചത്. യാത്രക്കാർക്ക് ഇൻറർനെറ്റ് തടസ്സമില്ലാതെ എത്തിക്കാൻ പാളങ്ങളുടെ സമീപത്ത് നിശ്ചിത ദൂരത്തിൽ ടവറുകൾ സ്ഥാപിക്കുക എന്ന നിർദേശം മുമ്പ് ഉണ്ടായിരുന്നു. അത് പരിഗണിക്കാതെയാണ് ഉപഗ്രഹ ചിന്തകളിലേക്ക് അധികൃതർ കടന്നതും ഇപ്പോൾ ഉപേക്ഷിച്ചതും. ഇൻറർ സെല്ലുലർ ടവറുകൾ സ്ഥാപിക്കുക വഴി വിവിധ മൊബൈൽ സേവനദാതാക്കളുടെ സിഗ്നൽ ഓടുന്ന വണ്ടിയിയിലും എത്തിക്കാനാവും. ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ ബുള്ളറ്റ് ​െട്രയിനുകൾ ഓടുന്ന റൂട്ടുകളിൽ ഈ സംവിധാനം വിജയകരമായി നടപ്പാക്കിയിട്ടുമുണ്ട്. കേരളത്തിന്റെ അർധ അതിവേഗ റെയിൽ പദ്ധതിയായ കെ-റെയിലിലും അതിവേഗ ഇൻറർനെറ്റ് ലഭ്യമാക്കാൻ ഈ സംവിധാനം ഉപയോഗപ്പെടുത്താമെന്ന നിർദേശം ടെലികോം രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.

from money rss https://bit.ly/3CLsMfs
via IFTTT

ഓക്‌സിജന്‍ സ്റ്റോര്‍ ഞായറാഴ്ച മുതല്‍ ഇടപ്പള്ളിയില്‍

കേരളത്തിന്റെ ഡിജിറ്റൽ എക്സ്പേർട്ടായ ഓക്സിജന്റെ ഏറ്റവും പുതിയ സ്റ്റോർ ഇടപ്പള്ളി ടോൾ ജംഗ്ഷനിൽ മെട്രോ പില്ലർ 373 ന് സമീപം ഞായറാഴ്ച പ്രവർത്തനമാരംഭിക്കുന്നു. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് സ്റ്റോർ പ്രവർത്തനമാരംഭിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവ്, എംപി ഹൈബി ഈഡൻ, കളമശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൺ സീമ കണ്ണൻ തുടങ്ങിയവർ പങ്കെടുക്കും. രണ്ട് നിലകളിലായി പ്രവർത്തിക്കുന്ന ഇടപ്പളളി സ്റ്റോറിൽ സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ, ആക്സസറികൾ, സ്മാർട്ട് ടിവികൾ, റ്റെഫ്രിജറേറ്ററുകൾ, വാഷിങ്ങ് മെഷീനുകൾ, എ.സികൾ തുടങ്ങി ഡിജിറ്റൽ ഗാഡ്ജെറ്റുകളുടേയും ഹോം അപ്ലയൻസുകളുടേയും വിപുലമായ കളക്ഷനാണ് ഒരുക്കിയിരിക്കുന്നത്. അത്യാകർഷകമായ ഓഫറുകളും ലഭ്യമാണ്. സ്മാർട്ട്ഫോണുകൾക്കും ടാബ്ലെറ്റുകൾക്കും 25% വരെ ഡിസ്കൗണ്ട്, ലാപ്ടോപ്പുകൾക്ക് 30% വരെ കിഴിവ്, 70 % വരെ വി ലക്കുറവിൽ ആക്സസറികൾ, 50% വിലക്കുറവിൽ എൽഇഡി ടിവികൾ, 40% വിലക്കുറവിൽ എസികൾ, 35% വിലക്കുറവിൽ വാഷിങ്ങ് മെഷീൻ, 30% വില ക്കുറവിൽ റ്റെഫ്രിജറേറ്റർ, 50% കിഴിവിൽ സ്മോൾ അപ്ലയൻസസ് തുടങ്ങിവ യാണ് പ്രധാന ഉദ്ഘാടന ഓഫറുകൾ. ഉദ്ഘാടന ഓഫറുകളോടൊപ്പം തന്നെ അത്യാകർഷകമായ സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. ഓണം പ്രമാണിച്ച് ഓക്സിജനിൽ നിന്നും ഗൃഹോപകരണങ്ങളും ഡിജിറ്റൽ ഗാഡ്ജെറ്റുകളും പർച്ചേസ് ചെയ്യുന്നവർക്ക് ബ്രാന്റുകൾ നൽകുന്ന 2 കോടിയുടെ സമ്മാനങ്ങൾ സ്വന്തമാക്കാൻ അവസരമുണ്ട്. കൂടാതെ, ഓരോ പർച്ചേസിലും ഉറപ്പായ ഒട്ടനവധി സമ്മാനങ്ങളും ഉറപ്പാണ്.

from money rss https://bit.ly/37CgHuN
via IFTTT

റെക്കോഡ് കുറിച്ച് സെൻസെക്‌സ് 55,430നും നിഫ്റ്റി 16,520നും മുകളിൽ ക്ലോസ്‌ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ റെക്കോഡ് ഉയരം കുറിച്ച് സെൻസെക്സും നിഫ്റ്റിയും ക്ലോസ്ചെയ്തു. ഐടി, മെറ്റൽ, എഫ്എംസിജി ഓഹരികളിലെ മുന്നേറ്റമാണ് സൂചികകൾക്ക് ഒരുശതമാനത്തിലേറെ നേട്ടമുണ്ടാക്കികൊടുത്തത്. സെൻസെക്സ് 593.31 പോയന്റ് (1.08%)ഉയർന്ന് 55,437.29ലും നിഫ്റ്റി 164.70 പോയന്റ് (1.01%) നേട്ടത്തിൽ 16,529.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിലെ ചലനവും ജൂലായിലെ പണപ്പെരുപ്പ നിരക്കിൽ കുറവുണ്ടായതും സൂചികകൾക്ക് കരുത്തേകി. റീട്ടെയിൽ നിക്ഷേപകർ പണമൊഴുക്കൽ തുടർന്നു. ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, ടിസിഎസ്, എൽആൻഡ്ടി, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐഷർ മോട്ടോഴ്സ്, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, പവർഗ്രിഡ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. ഫാർമ ഒഴികെയുള്ള സെക്ടറൽ സൂചികകൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി സൂചിക ഒരുശതമാനത്തോളം ഉയർന്നു. അതേസസമയം, മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ കാര്യമായ നേട്ടമില്ലാതെ ഒരുദിനംകൂടി പിന്നിട്ടു. Sensex soars 593 pts, ends above 55,400; Nifty at 16,529.

from money rss https://bit.ly/3seu6lZ
via IFTTT

കുതിപ്പ് തുടരുന്നു: എന്തൊക്കെയാകും വിപണിക്കുപിന്നലെ ചാലകശക്തികൾ

ആഭ്യന്തര ആഗോള കാരണങ്ങളാണ് വിപണിയെ വീണ്ടും എക്കാലത്തെയും ഉയർന്ന നിലവാരം കീഴടക്കാൻ സഹായിച്ചത്. ബാങ്ക്, മറ്റ് ധനകാര്യ ധനകാര്യ ഓഹരികൾ എന്നിവയിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചപ്പോൾ ലോഹം, ഫാർമ ഓഹരികൾ സമ്മർദംനേരിട്ടു. ഡൗ ജോൺസും എസ്ആൻഡ്പിയും മികച്ച ഉയരംകൂറിച്ച് ആഗോള സാധ്യതകൾ തുറന്നിട്ടപ്പോൾ സൂചികകൾ അത് പരമാവധി പ്രയോജനപ്പെടുത്തി. റീട്ടെയിൽ നിക്ഷേപകർ ഓഹരികൾക്കുപിന്നാലെ പായുന്നത് തുടർന്നാൽ നിഫ്റ്റി 16,500 കിഴടക്കാൻ അധികദിവസം വേണ്ടിവരില്ലെന്നാണ് വിലയിരുത്തൽ. മുല്യവും കമ്പനികളുടെ ബാധ്യതകളും കോവിഡും അവഗണിച്ചാണ് വിപണിയിലെ പുത്തൻകൂറ്റുകാർ ഓഹരികൾക്കു പിന്നാലെ പായുന്നത്. ഈ സാഹചര്യത്തിൽ വിപണിയിലെ റാലിക്ക് എന്നാകും തിരശ്ശീലവിഴൂകയെന്ന് പറയാൻ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന് ജിയോജിത് ഫിനാഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ് മെന്റ് സ്റ്റ്രാറ്റജിസ്റ്റായ വി.കെ വിജയകുമാർ പറയുന്നു. ഉച്ചകഴിഞ്ഞ് 2.30ഓടെ ബിഎസ്ഇ സെൻെസെക്സ് 550 പോയന്റ് നേട്ടത്തിൽ 55,410 പിന്നിട്ടു. ഒരുശതമാനത്തലേറെയാണ് ഉയർന്നത്. നിഫ്റ്റിയാകട്ടെ 0.96ശതമാനം നേട്ടത്തിൽ 16,517 നിലവാരത്തിലുമെത്തി.മഹീന്ദ്ര ആൻഡ് മഹീന്ദ്രയാണ് നേട്ടത്തിൽ മുന്നിൽ, എച്ച്ഡിഎഫ്സി, ഹിൻഡാൽകോ, ഐസിഐസിഐ ബാങ്ക്, കോൾ ഇന്ത്യ, എൽആൻഡ്ടി, ഭാരത് പെട്രോളിയം, ടിസിഎസ്, ടാറ്റ കൺസ്യൂമർ, ഐടിസി തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. ഐഷർ മോട്ടോഴ്സ്, പവർഗ്രിഡ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ഡോ.റെഡ്ഡീസ് ലാബ്, സൺ ഫാർമ, ഹീറോ മോട്ടോർകോർപ്, എൻടിപിസി തുടങ്ങിയ ഓഹരികൾ സമ്മർദംനേരിടുകയുംചെയ്തു. നേട്ടത്തിന്റെ പ്രധാനകാരണങ്ങൾ രാജ്യത്തെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുളള റീട്ടെയിൽ പണപ്പെരുപ്പം ജൂലായിൽ 5.59ശതമാനത്തിലേക്ക് താഴ്ന്നതാണ് വിപണിക്ക് കരുത്തായത്. ജൂണിൽ 6.26ശതമാനമായിരുന്നു വിലക്കയറ്റനിരക്ക്. തൊഴിലില്ലായ്മ നിരക്ക് സാമ്പത്തിക പ്രവർത്തനങ്ങളിലെ ഉണർവിന് സൂചനയായി യുഎസിലെ തൊഴിലില്ലായ്മ നിരക്കിൽ കുറവുണ്ടായത് ആഗോള വിപണികളെയും അതോടൊപ്പം രാജ്യത്തെ സൂചികളെയും സ്വാധീനിച്ചു. പ്രതികൂല ഘടകങ്ങൾ പ്രധാന സൂചികകൾ മികച്ച ഉയരംകുറിച്ചപ്പോഴും സ്മോൾ ക്യാപുകൾക്കും മിഡ് ക്യാപുകൾക്കും സമാനമായ നേട്ടമുണ്ടാക്കാനായില്ല. മികച്ച മൂല്യത്തിലായതിനാൽ കനത്ത വിൽനസമ്മർദം ഈ വിഭാഗങ്ങളിലെ ഓഹരികൾ നേരിടുന്നുണ്ട്.

from money rss https://bit.ly/3AK6I37
via IFTTT

Thursday, 12 August 2021

ആവശ്യംവർധിച്ചതോടെ വില കുതിച്ച് ചെമ്പും അലുമിനിയവും

അതിവേഗം കരുത്താർജ്ജിക്കുന്ന വിപണിയും അടിസ്ഥാന ലോഹങ്ങൾക്ക് ചൈനയിൽ നിന്നുള്ള വർധിച്ച ഡിമാന്റും കാരണം അലുമിനിയത്തിന്റേയും ചെമ്പിന്റേയും വില വർഷത്തിന്റെ രണ്ടാം പകുതിയിലും നേട്ടമുണ്ടാക്കുന്നത് തുടരുകയാണ്. പ്രധാന സൂചികയായ എൽഎംഇയിൽ മൂന്നുമാസത്തിനിടയ്ക്ക് അലുമിനിയം 33 ശതമാനവും ഈ വർഷം ഇതുവരെ ചെമ്പ് 27 ശതമാനത്തിലധികവും നേട്ടമുണ്ടാക്കി. ഇന്ത്യൻ വിപണിയിലും ഇത് പ്രതിഫലിച്ചു. ഇക്കാലയളവിൽ എംസിഎക്സിൽ ചെമ്പും അലുമിനിയവും യഥാക്രമം 23 ഉം 30 ഉം ശതമാനംവീതം നേട്ടമുണ്ടാക്കി. ഷാങ്ഹായ് വിപണിയിലും അലുമിനിയം 14 വർഷത്തെ ഏറ്റവും ഉയരത്തിൽ ട്രേഡിംഗ് തുടരുകയാണ്. 10 വർഷത്തെ കൂടിയ വിലയിൽ ചെമ്പും തൊട്ടു പിന്നിലുണ്ട്. ചൈനയിൽ ഏറ്റവും കൂടുതൽ ലോഹം ഉൽപാദിപ്പിക്കുന്ന പ്രവിശ്യയിൽ തുടർച്ചയായുണ്ടാകുന്ന പവർ കട്ട് അലുമിനിയം വില പതിറ്റാണ്ടിലെ ഏറ്റവും ഉയരത്തിലെത്തിച്ചു. രാജ്യത്തെ ഊർജ്ജ പ്രതിസന്ധി പ്രാഥമികതലത്തിൽ ലോഹ ഉൽപാദനത്തിന്റെ വളർച്ചയെ ബാധിച്ചിട്ടുണ്ട്. അലുമിനിയത്തിന്റെ ലോകത്തിലെ ഏറ്റവും വലിയ ഉൽപാദകരും ഉപഭോക്താക്കളുമാണ് ചൈന. കഴിഞ്ഞവർഷം 37.08 മില്യൺ ടൺ അലുമിനിയം ഉൽപാദിപ്പിച്ച് റെക്കോഡിടുകയുണ്ടായി. എന്നാൽ, കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന് പ്രതിവർഷം അലുമിനിയം ഉരുക്കൽ ശേഷി 45 മില്യൺ ടണ്ണാക്കി കുറയ്ക്കുകയാണ് ചൈന. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന് അലുമിനിയം വ്യവസായ രംഗത്ത് പുനരുപയോഗിക്കാവുന്ന ഊർജ്ജം ആശ്രയിക്കാനാണ് ചൈനയുടെ തീരുമാനം. എന്നാൽ ഡിമാന്റിനനുസരിച്ച് ഉൽപാദനം നടക്കാത്തതിനാൽ ആഭ്യന്തര വിപണിയിലെ സന്തുലനം നിലനിർത്തുന്നതിന് ഇറക്കുമതിയെ ആശ്രയിക്കാനാണ് അവരുടെ നീക്കമെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഉപയോഗിച്ച ലോഹ അവശിഷ്ടങ്ങൾ റീസൈക്കിൾ ചെയ്തുപയോഗിക്കുന്ന വിദ്യയിലും ചൈന ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. കാർബൺ കുറയ്ക്കാനുള്ള ചൈനയുടെ ശ്രമങ്ങൾ കാരണം അലുമിനിയം വിലകൾ ഇടക്കാലം മുതൽ ദീർഘകാലത്തേക്ക് ഉയർന്നുതന്നെ നിൽക്കും. കോവിഡുമായി ബന്ധപ്പെട്ട അടച്ചിടലിൽനിന്ന് വളരെയെളുപ്പം മോചനംനേടിയ ചൈന അടിസ്ഥാന ലോഹങ്ങൾ കൂടുതലായി ഇറക്കുമതി ചെയ്യാൻ തുടങ്ങിയിരുന്നു. 2020ൽ സാധാരണയിൽ കൂടുതൽ അടിസ്ഥാന ലോഹങ്ങൾ ചൈന ഇറക്കുമതി ചെയ്യാൻ തുടങ്ങിയതോടെ ഷാങ്ഹായ് വിലനിലവാരം എൽഎംഇ വിലകളേക്കാൾ മുകളിൽ ട്രേഡ് ചെയ്തിരുന്നു. ചൈനയിലെ വൻതോതിലുള്ള ഉപഭോഗം ചെമ്പിനേയും സ്വാധീനിച്ചിട്ടുണ്ട്. കൊറോണ വൈറസ് സൃഷ്ടിച്ച പ്രാതികൂല്യങ്ങളിൽനിന്ന് മറ്റു വൻസാമ്പത്തിക ശക്തികളെയപേക്ഷിച്ച് ചൈനയുടെ അതിവേഗത്തിലുള്ള തിരിച്ചുവരവ് ചെമ്പിന്റെ ഡിമാന്റിൽ വലിയ കുതിപ്പുണ്ടാക്കി. പ്രധാന വിപണിയുടെ പലഭാഗങ്ങളിലും ചെമ്പിന്റെ ലഭ്യതയിൽ കുറവ് അനുഭവപ്പെട്ടു. ഏറ്റവും വലിയ ഉപഭോക്താക്കളായ ചൈനയിൽ ചെമ്പിന്റെ അംസ്കൃത അയിര് സംസ്കരിച്ച് ലോഹമാക്കി മാറ്റുന്നതിലുള്ള ലാഭംകുറഞ്ഞതാണ് സപ്ളെയിൽ കുറവുവരാൻ പ്രധാനകാരണം. സംസ്കരണലാഭം 2012 ലെയത്ര താഴോട്ടുവന്നതിനാൽ പല ഉൽപാദകരും ഉൽപാദനം വെട്ടിക്കുറക്കുന്നകാര്യവും പരിഗണിച്ചു വരികയാണ്. മഹാമാരിയിൽനിന്നു തിരിച്ചുവരുന്ന ലോകത്ത് പ്രധാന അടിസ്ഥാന ലോഹങ്ങളുടെ ലഭ്യത കുറയുമെന്ന കാര്യത്തിൽ നിക്ഷേപകർക്കു സംശയമില്ല. വരുംവർഷങ്ങളിൽ ഡിമാന്റ് വർധിക്കുമെന്നും വിവധ ഗവണ്മെന്റുകളുടെ അസാധാരണമായ ഉത്തേജക പദ്ധതികളിലൂടെ ചെമ്പുവില സംരക്ഷിക്കപ്പെടുമെന്നാണ് കണക്കു കൂട്ടൽ. ഭാവിയിൽ, വിലയിൽ ചെറിയ തിരുത്തലിനു സാധ്യതയുണ്ടെങ്കിലും സമീപകാലം മുതൽ ഇടക്കാലം വരെ വിശാലവിപണിയിൽ ബുൾതരംഗം നിലനിൽക്കുന്നതിനാൽ വിലകൾ സുരക്ഷിതമായിരിക്കും. ഉൽപാദനത്തിലെ കുറവു കാരണം ഡിമാന്റു നേരിടാനാവാതെ ചൈന ബുദ്ധിമുട്ടുമെന്നാണ് പൊതുവേ വിലയിരുത്തൽ. ചൈനയിൽ വളരെ പ്രകടമായി കാണപ്പെടുന്ന ദൗർലഭ്യം വിലവർധിക്കാനിടയാക്കിയിട്ടുണ്ട്. ഭാവിയിലെ ആഗോള സാമ്പത്തിക വളർച്ച, യുഎസ് ഡോളറിന്റെ ശക്തിക്ഷയം എന്നീഘടകങ്ങൾ സമീപഭാവിയിൽ ചെമ്പിന്റെ വിലയ്ക്കു കൂടുതൽ താങ്ങായിത്തീരും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി വിഭാഗം തലവനാണ് ലേഖകൻ) Copper and aluminum prices soared as demand increased.

from money rss https://bit.ly/3CMaryU
via IFTTT

കുടുങ്ങരുതേ, ഇത് തട്ടിപ്പാണ്: മണി ചെയിൻ മാതൃകയിൽ ഓൺലൈൻ ചതി

ചെറുതുരുത്തി: മാസം ലക്ഷം രൂപയിലേറെ വരുമാനം. ജീവിതത്തിൽ വിജയിച്ചുവെന്ന് അവകാശപ്പെടുന്നവരുടെ ത്രസിപ്പിക്കുന്ന വീഡിയോകൾ. നൂറുദിവസത്തിനുള്ളിൽ വരുമാനവും സമ്മാനങ്ങളും ലഭിക്കുമെന്നുള്ള വാഗ്ദാനം. മണിചെയിൻ മാതൃകയിൽ പുതിയ തട്ടിപ്പുശൃംഖലയിൽ ചെറുതുരുത്തിയിൽ മാത്രം കുടുങ്ങിയത് നൂറ്റമ്പതിലേറെപ്പേർ. ഇവരിൽ ഭൂരിഭാഗവും കൗമാരക്കാരാണെന്നത് തട്ടിപ്പിന്റെ ഗൗരവമേറ്റുന്നു. ഓൺലൈൻ പഠനക്കാലത്ത് വിദ്യാർഥികളുടെ കൈയിൽ ഫോണുണ്ടെന്നതിനാൽ ഇവരെ കുടുക്കാൻ തട്ടിപ്പുകാർക്ക് എളുപ്പം സാധിക്കുന്നു. കോഴിക്കോട്ടുള്ള കമ്പനിയുടെ ഉത്പന്നങ്ങൾ വിൽക്കാനെന്ന പേരിലാണ് 15 മുതൽ 22 വയസ്സുള്ളവരെ കേന്ദ്രീകരിച്ച് കണ്ണികൾ വികസിപ്പിക്കുന്നത്. മലപ്പുറം സ്വദേശികളാണ് ചെറുതുരുത്തിയിലെ പ്രചാരണയോഗങ്ങളിൽ പങ്കെടുക്കുന്നത്. കണ്ണിയിൽ അംഗമാകാൻ 4,000 മുതൽ 18,000 രൂപയുടെ വിവിധ പദ്ധതികളുണ്ട്. 'വരുമാനത്തിനൊപ്പം കാർ, ഫോൺ, വസ്ത്രം' കാർ, ബൈക്ക്, വസ്ത്രങ്ങൾ, വിലപിടിപ്പുള്ള മൊബൈൽ ഫോൺ, സൗന്ദര്യവർധകവസ്തുക്കൾ തുടങ്ങി വൻ വാഗ്ദാനങ്ങളാണ് കൗമാരക്കാർക്കു മുന്നിൽ നിരത്തുന്നത്. നൂറുദിവസത്തിനുള്ളിൽ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് വിശ്വസിപ്പിക്കുംവിധമാണ് ഇവർ വീഡിയോകൾ തയ്യാറാക്കി പ്രചരിപ്പിക്കുന്നത്. ഈ വീഡിയോകൾ കണ്ടും മാസത്തിൽ ലക്ഷത്തിലേറെ രൂപ വരുമാനം ലഭിക്കുന്നുണ്ടെന്ന കഥകൾ വിശ്വസിച്ചുമാണ് പലരും ഇതിൽ ചേരുന്നത്. കോവിഡ് പ്രതിസന്ധി മുതലെടുത്ത് തട്ടിപ്പ് കോവിഡ്കാലത്ത് വീട്ടിലിരുന്നും പണമുണ്ടാക്കാമെന്നാണ് പലരും കരുതുന്നത്. കൂട്ടുകാരുടെ സമ്മർദത്തിന് വഴങ്ങി ഇതിൽ കണ്ണിയാകും. വീട്ടുകാരെ പറഞ്ഞുവിശ്വസിപ്പിച്ച് വാങ്ങിക്കുന്ന പണം കണ്ണിചേർക്കാൻ എത്തിയവർക്ക് കൈമാറും. വരുമാനം ലഭിക്കാൻ അക്കൗണ്ട് നമ്പറും മറ്റു രേഖകളും കൈമാറും. കണ്ണിചേർന്നയാൾ പിന്നീട് മറ്റുള്ളവരെ കണ്ണിചേർക്കാനുള്ള തിരക്കിലാകും. കുട്ടികളുടെ വാശിക്ക് വഴങ്ങി ഒട്ടേറെ വീട്ടമ്മമാർ പണം നൽകിയിട്ടുണ്ട്. പോലീസിൽ പരാതി നൽകി കണ്ണിമുറിക്കാൻ പണം നഷ്ടപ്പെട്ടവർ തയ്യാറായിട്ടില്ല. തൊട്ടുമുന്നിലുള്ള 'കണ്ണി' സുഹൃത്തോ അടുത്തബന്ധുവോ ആയിരിക്കും. മാനക്കേടും പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങേണ്ടിവരുന്നതിന്റെ ബുദ്ധിമുട്ടുമാണ് പലരെയും പരാതി നൽകുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നത്. കുട്ടികളെ പ്രലോഭിപ്പിച്ച് വീഴ്ത്തുന്നു കൂട്ടുകാർ വഴി കുട്ടികളെ പ്രലോഭിപ്പിച്ചാണ് കണ്ണിചേർക്കുന്നത്. മകന്റെ നിർബന്ധത്തിന് വഴങ്ങി പണം നൽകി. ഒരുരൂപപോലും തിരിച്ചുകിട്ടിയില്ല. സർക്കാർ അംഗീകരിച്ചതാണെന്നാണ് അവർ പറയുന്നത്. പക്ഷേ, രേഖകളൊന്നും കാണിച്ചുതന്നില്ല. എൻജിനീയറിങ് കഴിഞ്ഞ മകൻ വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുകയാണ്. അപ്പോഴാണ് ഈ കുരുക്കിൽപ്പെട്ടത്. ചെറുതുരുത്തിയിലെ വീട്ടമ്മ വാഗ്ദാനങ്ങളിൽ വീഴരുത് പണം ഇരട്ടിപ്പിക്കുന്ന രീതിയിലുള്ള വാഗ്ദാനങ്ങളുമായി തട്ടിപ്പുകൾ നടത്തുന്ന സംഭവങ്ങളുണ്ടാകുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങൾ സർക്കാരിന്റെ നിബന്ധനകൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്നവയല്ല. കണ്ണികളായി വരുമാനം നൽകുന്ന സ്ഥാപനങ്ങൾ ഒരു പരിധി കഴിയുന്നതോടെ അടച്ചുപൂട്ടും. - ടി.എസ്. സിനോജ്, അസിസ്റ്റന്റ് കമ്മിഷണർ, കുന്നംകുളം നിയമപരമായ സംരക്ഷണം തേടണം ഇത്തരം തട്ടിപ്പ് നടത്തുന്ന ആളുകളുടെ പേരിൽ വഞ്ചനക്കുറ്റത്തിന് കേസെടുക്കാം. ഇങ്ങനെയുള്ള സ്ഥാപനങ്ങൾക്ക് സർക്കാർ രജിസ്ട്രേഷനും ലഭിക്കില്ല. ചതിയിൽപ്പെടുന്നവർ പോലീസിന്റെയും നിയമത്തിന്റെയും സംരക്ഷണം തേടണം. പ്രിനു പി. വർക്കി, അഭിഭാഷകൻ, കുന്നംകുളം

from money rss https://bit.ly/37CIhI2
via IFTTT

റെക്കോഡ് ഉയരംകുറിച്ച് സൂചികകൾ: സെൻസെക്‌സ് 55,000വും നിഫ്റ്റി 16,400ഉം മറികടന്നു

മുംബൈ: ഓഹരി സൂചികകൾ വീണ്ടും പുതിയ ഉയരം കീഴടക്കി. ഇതാദ്യമായി സെൻസെക്സ് 55,000വും നിഫ്റ്റി 16,400ഉംമറികടന്നു. സെൻസെക്സ് 200 പോയന്റ് നേട്ടത്തിൽ 55,044ലിലും നിഫ്റ്റി 57 പോയന്റ് 16,421ലുമാണ് വ്യാപാരം ആരംഭിച്ചത്. വിലക്കയറ്റ നിരക്കിൽ കുറവുണ്ടായതും ആഗോള കാരണങ്ങളുമണ് വിപണയിലെ കുതിപ്പിന് പിന്നിൽ. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എൽആൻഡ്ടി, എച്ച്ഡിഎഫ്സി ബാങ്ക്, നെസ് ലെ, ആക്സസ് ബാങ്ക്, ഐടിസി, ടിസിഎസ്, എസ്ബിഐ, ഇൻഡസിൻഡ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ആർബിഐയുടെ അപ്പർ സർക്യൂട്ട്ആയ ആറ് ശതമാനത്തിന് താഴെ 5.59ശതമാനത്തിലെത്തിയതാണ് വിപണിയെ സ്വാധീനിച്ചത്. കഴിഞ്ഞ രണ്ട് മാസങ്ങളിലും ആറ് ശതമാനത്തിന് മുകളിലായിരുന്നു വിലക്കയറ്റ നിരക്ക്. ബർഗർകിങ് ഇന്ത്യ, ഡിഎച്ച്എഫ്എൽ, ഫ്യൂച്ചർ കൺസ്യൂമർ, ഗ്രാസിം, ഒഎൻജിസി, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്. Indices claim new records; Sensex hits 55,000, Nifty atop 16,400.

from money rss https://bit.ly/3fZ8tBq
via IFTTT

വീണ്ടും റെക്കോഡ് ഉയരംകീഴടക്കി: നിഫ്റ്റി 16,350ന് മുകളിൽ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകൾ വീണ്ടുംനേട്ടത്തിന്റെ പാതയിലേക്ക് തിരിച്ചെത്തി. ആഴ്ചയിലെ ഫ്യൂച്ചർ ആൻഡ് ഓപ്ഷൻസ് കരാറുകൾ അവസാനിക്കുന്ന ദിവസമായിരുന്നിട്ടും ഐടി, പൊതുമേഖല ബാങ്ക് എന്നീ വിഭാഗങ്ങളിലെ ഓഹരികളുടെ നേട്ടത്തിൽ വിപണി കുതിച്ചു. ദിനവ്യാപാരത്തിനിടെ ബിഎസ്ഇ സെൻസെക്സ് എക്കാലത്തെയും ഉയരമായ 54,874 നിലവാരത്തിലെത്തിയെങ്കിലും 318.05 പോയന്റ് നേട്ടത്തോടെ 54,843.98ലിലാണ് ക്ലോസ്ചെയ്തത്. നിഫ്റ്റി 82.10 പോയന്റ് ഉയർന്ന് 16,364.40ലുംവ്യാപാരം അവസാനിപ്പിച്ചു. സ്റ്റോക് സ്പ്ളിറ്റ് പ്രഖ്യാപിച്ചതോടെ ഐആർസിടിസിയുടെ ഓഹരി വില 52 ആഴ്ചയിലെ ഉയർന്ന നിലവാരം കീഴടക്കി. ഓഹരി വില ആറുശതമാനംകുതിച്ച് 2,727.95 നിലവാരത്തിലെത്തി. പവർഗ്രിഡ് കോർപ്, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, എച്ച്സിഎൽ ടെക്, എൽആൻഡ്ടി തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. ഐഷർ മോട്ടോഴ്സ്, ഗ്രാസിം, ഒഎൻജിസി, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഫാർമ ഒഴികെയുള്ള സെക്ടറൽ സൂചികകൾ നേട്ടമുണ്ടാക്കി. ഐടി, ഊർജം, പൊതുമേഖല ബാങ്ക്, റിയാൽറ്റി, ക്യാപിറ്റൽ ഗുഡ്സ് തുടങ്ങിയ സൂചികകൾ 1-2.5ശതമാനം ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ സമ്മർദംനേരിട്ട ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചിക 1-2ശതമാനവും നേട്ടമുണ്ടാക്കി.

from money rss https://bit.ly/37Iio9L
via IFTTT

Wednesday, 11 August 2021

സ്വർണശേഖരം വർധിപ്പിച്ച് ആർബിഐ: മൊത്തം നിക്ഷേപം 700 ടൺ കടന്നു

വിദേശ നാണ്യശേഖരം വർധിപ്പിച്ചതോടൊപ്പം വൻതോതിൽ സ്വർണവും ഈയിടെ ആർബിഐ വാങ്ങി. 2021 കലണ്ടർ വർഷത്തെ ആദ്യപകുതിയിൽ 29 ടൺ സ്വർണമാണ് നിക്ഷേപത്തോടൊപ്പംചേർത്തത്. ഇതോടെ റിസർവ് ബാങ്കിന്റെ സ്വർണശേഖരം ഇതാദ്യമായി 700 ടണ്ണിലധികമായി. കൃത്യമായി പറഞ്ഞാൽ ജൂൺ 30ലെ കണക്കുപ്രകാരം 705.6 ടണ്ണാണ് മൊത്തമുള്ളത്. 2018ന്റെ തുടക്കത്തിൽ 558.1 ടണ്ണായിരുന്നു സ്വർണശേഖരം. വേൾഡ് ഗോൾഡ് കൗൺസിന്റെ കണക്കുപ്രകാരം 2021 ജൂണിൽ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ 32 ടൺ സ്വർണമാണ് വാങ്ങിയത്. ഇതിൽ 30ശതമാനവും ഇന്ത്യയുടെ വിഹിതമാണ്. 2009 നവംബറിനുശേഷം ഏറെക്കാലം കഴിഞ്ഞ് 2018 മാർച്ചിലാണ് ആർബിഐ സ്വർണംവാങ്ങിയത്. 2.2 ടൺ. രാജ്യത്തെ കരുതൽ ആസ്തിശേഖരത്തിലെ വൈവിധ്യവത്കരണത്തിന്റെ ഭാഗമായാണ് സ്വർണത്തിൽ നിക്ഷേപംകൂട്ടിയത്. മറ്റ് കേന്ദ്ര ബാങ്കുകളിലേതുപോലെ ഇന്ത്യയിലെ കരുതൽ ശേഖരത്തിൽ ഡോളറിനുതന്നെയാണ് പ്രഥമസ്ഥാനം. രണ്ടുവർഷത്തിനിടെ സ്വർണത്തിന്റെ വിഹിതം 5 ശതമാനത്തിൽനിന്ന് 6.5ശതമാനമായി കൂട്ടിയിട്ടുണ്ട്.

from money rss https://bit.ly/3lXR3ZI
via IFTTT

സ്വർണവില പവന് 200 രൂപകൂടി 34,880 രൂപയായി

മൂന്നുദിവസം കുറഞ്ഞ നിലവാരത്തിൽ തുടർന്ന സ്വർണവിലയിൽ വ്യാഴാഴ്ച നേരിയ വർധന. പവന്റെ വില 200 രൂപ കൂടി 34,880 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 4360 രൂപയുമായി. 34,680 രൂപയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പവന്റെ വില. അതേസമയം, രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില 0.12ശതമാനം താഴ്ന്ന് 46,334 രൂപയായി. വെള്ളിയുടെ സെപ്റ്റംബർ ഫ്യൂച്ചേഴ്സ് വില 0.36ശതമാനംതാഴ്ന്ന് കിലോഗ്രാമിന് 62,544 രൂപയിലെത്തി. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,750.34 ഡോളർ നിലവാരത്തിലെത്തി. യുഎസിലെ ഉപഭോക്തൃ വില സൂചിക വിവരങ്ങൾ പുറത്തുവന്നതോടെ വൻതോതിൽ വില്പനസമ്മർദം ഡോളർ നേരിട്ടതാണ് സ്വർണംനേട്ടമാക്കിയത്.

from money rss https://bit.ly/3CFJhcT
via IFTTT

സെൻസെക്‌സിൽ 149 പോയന്റ് നേട്ടം: വാഹന, ലോഹ ഓഹരികൾ കുതിച്ചു

മുംബൈ: കരുതലോടെയായിരുന്നു തുടക്കമെങ്കിലും താമസിയാതെ വിപണി നേട്ടത്തിലായി. ഓട്ടോ, മെറ്റൽ, പൊതുമേഖല ബാങ്ക് ഓഹരികളാണ് മികവ് കാണിച്ചത്. സെൻസെക്സ് 149 പോയന്റ് ഉയർന്ന് 54,675ലും നിഫ്റ്റി 41 പോയന്റ് നേട്ടത്തിൽ 16,323ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികളും നേട്ടത്തിലാണ്. പവർഗ്രിഡ് കോർപ്, ഐടിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ, ബജാജ് ഓട്ടോ, അൾട്രടെക് സിമെന്റ്സ്, എസ്ബിഐ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നെസ് ലെ, ടെക് മഹീന്ദ്ര, സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണലിവർ, ടിസിഎസ്, ഏഷ്യൻ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ടാറ്റ സ്റ്റീൽ, ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, ബിപിസിഎൽ, ഓയിൽ ഇന്ത്യ, അശോക് ലെയ്ലാൻഡ്, ഭാരത് ഫോർജ്, അവന്തി ഫീഡ്സ്, ഡിഷ് ടിവി, ഫിനോലക്സ് കേബിൾസ് ഉൾപ്പടെയുള്ളകമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3iEezJh
via IFTTT

പലിശയും പിഴയും തിരികെ നൽകും: സോഫ്റ്റ് വെയർ പരിഷ്‌കരിച്ചതായി ആദായനികുതി വകുപ്പ്

2020-21 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തപ്പോൾ സോഫ്റ്റ് വെയറിലെ തകരാർകാരണം അധികമായി അടക്കേണ്ടിവന്ന പലിശയും വൈകിയയിനത്തിൽ ഈടാക്കിയ പിഴയും തിരികെ നൽകുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തിൽ നികുതിദായകർക്ക് ആശ്വാസമേകി ആദായനികുതി ഫയൽ ചെയ്യുന്നതിനുള്ള അവസാനതിയതി ജൂലായ് 31ൽനിന്ന് സെപ്റ്റംബർ 30വരെ നീട്ടിയിരുന്നു. ഇത് കണക്കിലെടുക്കാതെയായിരുന്നു പലിശയും പിഴയും ഈടാക്കിയത്. വകുപ്പ് 234എ പ്രകാരം അധിക പലിശയും സെഷൻ 234 എഫ് പ്രകാരം പിഴയുമാണ് ഈടാക്കിയത്. വിശദമായി പരിശോധിച്ച് സോഫ്റ്റ വെയറിൽ തിരുത്തൽ വരുത്തിയാതായി ആദായ നികുതി വകുപ്പ് ട്വീറ്റ്ചെയ്തു. സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് ഐടിആർ തയ്യാറാക്കുന്നതെങ്കിൽ പുതിയ പതിപ്പ് ഉപയോഗിക്കണം. അല്ലെങ്കിൽ വെബ്സൈറ്റ് ഉപയോഗിക്കണമെന്നും ഐടി വകുപ്പ് അറിയിച്ചിട്ടുണ്ട്.

from money rss https://bit.ly/37ylJbp
via IFTTT

നേട്ടമില്ലാതെ സൂചികകൾ ക്ലോസ്‌ചെയ്തു: മെറ്റൽ കരുത്തുകാട്ടി, ഫാർമ നഷ്ടത്തിലായി

മുംബൈ: കാര്യമായ നേട്ടമില്ലാതെ രണ്ടാംദിവസവും ഓഹരി വിപണി ക്ലോസ് ചെയ്തു. സെൻസെക്സ് 28.73 പോയന്റ് താഴ്ന്ന് 54,525.93ലും നിഫ്റ്റി 2.20 പോയന്റ് നേട്ടത്തിൽ 16,282.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്യു സ്റ്റീൽ, ഐഒസി, എൻടിപിസി, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടമുണ്ടാക്കിയത്. വില്പന സമ്മർദത്തെതുടർന്ന് കനത്ത ചാഞ്ചാട്ടമാണ് വിപണിയിലുണ്ടായത്. ശ്രീ സിമെന്റ്സ്, സൺ ഫാർമ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി മെറ്റൽ സൂചിക മൂന്നുശതമാനവും എനർജി ഒരുശതമാനവും നേട്ടമുണ്ടാക്കി. ഫാർമ ഒരുശതമാനം താഴുകയുംചെയ്തു. രണ്ടാം ദിവസവും ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/3AuHlly
via IFTTT

എൻഎസ്ഇ വഴി യുഎസ് ഓഹരികളിൽ ചെറുകിടക്കാർക്കും ഇനി നിക്ഷേപിക്കാം

രാജ്യത്തെ റീട്ടെയിൽ നിക്ഷേപകർക്ക് യുഎസ് ഓഹരികളിൽ നിക്ഷേപിക്കാനുള്ള സൗകര്യം നാഷണൽ സ്റ്റോക്ക്എക്സ്ചേഞ്ച്(എൻഎസ്ഇ)ഒരുക്കുന്നു. ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ (ഐഎഫ്എസ് സി)പ്ലാറ്റ് ഫോംവഴിയാണ് നിക്ഷേപിക്കാൻ കഴിയുക. ആൽഫബെറ്റ്, ഫേസ്ബുക്ക്, ടെസ് ല എന്നിവ ഉൾപ്പടെ ആഗോള പ്രശസ്തിനേടിയ വൻകിട കമ്പനികളുടെ ഓഹരികളിലാകും നിക്ഷേപിക്കാൻ അവസരമൊരുക്കുക. 50 ഓഹരികളുടെ പട്ടികയാണ് ഇതിനായി തയ്യാറാക്കുന്നത്. ഇന്റർനാഷണൽ ബ്രോക്കർമാരോടൊപ്പം സഹകരിച്ചായിരിക്കും സംവിധാനം പ്രവർത്തിക്കുക. എങ്ങനെ നിക്ഷേപിക്കാം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം(എൽആർഎസ്)വഴി എൻഎസ് ഇയുടെ ഗിഫ്റ്റ് സിറ്റിയിലേക്ക് പണംകൈമാറിയാണ് നിക്ഷേപിക്കാൻ കഴിയുക. പ്രതിവർഷം 2,50,000 ഡോളറാണ് നിക്ഷേപ പരിധി. ഗിഫ്റ്റിലെ നിക്ഷേപകരുടെ ഡീമാറ്റ് അക്കൗണ്ടിലാകും സ്റ്റോക്കുകൾ സൂക്ഷിക്കുക. നികുതി ബാധ്യത വിദേശ ആസ്തികളായി കണക്കാക്കി ആദായ നികുതി റിട്ടേണിൽ ഈ വിവരങ്ങൾ നിക്ഷേപകൻ നൽകേണ്ടിവരും. ഹ്രസ്വകാല മൂലധനനേട്ടത്തിന് സ്ലാബ് നിരക്കിലും ദീർഘകാല മൂലധനനേട്ടത്തിന് ഇൻഡക്സേഷൻ ആനുകൂല്യത്തോടെയുമാകും നികുതി ബാധകമാകുക. ഡെറ്റ് മ്യൂച്വൽ ഫണ്ടിന് ബാധകമായ നികുതിയായിരിക്കും ഇത്. സെബിയുടെ നിയന്ത്രണം നിക്ഷേപകരുടെ പരാതികൾ സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയായിരിക്കും പരിഗണിക്കുക. അതോടൊപ്പം ഗിഫ്റ്റ് സിറ്റിയും ഐഎഫ്എസ് സി അതോറിറ്റിയും റെഗുലേറ്റർമാരായിരിക്കുകുയുംചെയ്യും. അതായത് നിക്ഷേപം സംബന്ധിച്ച പരാതി ആദ്യം കൈകാര്യംചെയ്യുക ഗിഫ്റ്റ് സിറ്റിയിലെ എൻഎസ് ഇയിലെ സബ്സിഡിയറിയായിരിക്കും. പരിഹരിച്ചില്ലെങ്കിൽ ഐഎഫ്എസ് സിയെ സമീപിക്കാം.

from money rss https://bit.ly/3CCOxhp
via IFTTT

Tuesday, 10 August 2021

പാഠം 137| കോടികൾ സമാഹരിക്കാൻ പുതുഫണ്ടുകൾ: എന്തുകൊണ്ട് ഇവ നിക്ഷേപയോഗ്യമല്ല?

പെൻഷനായപ്പോൾ ലഭിച്ചതുകയിൽ ഒരുഭാഗം ബാങ്കിൽ സ്ഥിരനിക്ഷേപമിടാനെത്തിയതായിരുന്നു വാസുദേവ്. നാമമാത്രമായ പലിശയാണ് ലഭിക്കുകയെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നെങ്കിലും മറ്റുവഴികളൊന്നും മുന്നിലുണ്ടായിരുന്നില്ല. അപേക്ഷയോടൊപ്പം അഞ്ച് ലക്ഷം രൂപ എഫ്ഡിയിടാൻ ഏൽപ്പിച്ചപ്പോൾ, ബാങ്കിലെ വെൽത്ത്മാനേജുമെന്റ് എക്സിക്യൂട്ടീവ് അദ്ദേഹത്തെ സമീപിച്ച് കൂടുതൽ ആദായംനേടാനുള്ള സാധ്യതകൾ വിശദീകരിച്ചു. ഒന്നുംമനസിലായില്ലെങ്കിലും അദ്ദേഹം പറഞ്ഞതുപ്രകാരം നിക്ഷേപംനടത്തി. കുറച്ചുനാൾകഴിഞ്ഞ് ബെംഗുളുരവിൽ ജോലി ചെയ്യുന്ന മകനോട് കാര്യംഅവതരിപ്പിച്ചപ്പോഴാണ് പുതിയതായി തുടങ്ങിയ മ്യൂച്വൽ ഫണ്ടിലാണ് അഞ്ചുലക്ഷം രൂപ നിക്ഷേപിച്ചിരിക്കുന്നതെന്ന് മനസിലായത്. നിക്ഷേപകരുടെ അറിവില്ലായ്മ മുതലെടുത്ത് എൻഎഫ്ഒ(ന്യൂ ഫണ്ട് ഓഫർ)വഴി വൻതോതിൽ പണം സമാഹരിക്കുന്നുണ്ടെന്ന് സമീപകാലത്തെ കണക്കുകൾ വ്യക്തമാക്കുന്നു. സ്ഥിരവരുമാനം ലക്ഷ്യമിട്ട് എഫ്ഡിയിടാനെത്തിയ അദ്ദേഹം ഒടുവിൽ ബാലൻസ്ഡ് ഫണ്ടിൽ നിക്ഷേപിച്ച് മടങ്ങിയത് ഒറ്റപ്പെട്ട സംഭവമല്ല. രണ്ടാമത്തെ സംഭവത്തിലേക്കുവരാം ഓഫീസ് ജോലിയുടെ തിരക്കിനിടെ ഫണ്ട് കമ്പനിയിലെ റിലേഷൻഷിപ്പ് മാനേജരുടെ കോൾ ജോൺസന്റെ മൊബൈലിലെത്തി. സാറിന്റെ ---- ഫണ്ടിൽ നിലവിൽ നിക്ഷേപം 16 ലക്ഷം കവിഞ്ഞിരിക്കുന്നു. 18ശതമാനത്തിലേറെയാണ് നേട്ടം. വിപണി ഉയർന്നുനിൽക്കുന്നതിനാൽ ഇപ്പോൾ ലാഭമെടുക്കുന്നതാണ് നല്ലത്. ഞങ്ങൾ പുതിയൊരു ഫണ്ട് തുടങ്ങിയിട്ടുണ്ട്. വ്യത്യസ്ത ആസ്തികളിൽ നിക്ഷേപിക്കുന്നതാണ് ഫണ്ടിലേക്ക് മാറിയാൽ ഭാവിയിൽ മികച്ച ആദായം ലഭിക്കാൻ സാധ്യതയുണ്ട്. നിക്ഷേപ പാഠത്തിന്റെ സ്ഥിരംവായനക്കാരനാണ് ജോൺസൻ. കാറ് വാങ്ങുന്നതിനാണ് അദ്ദേഹം ഈ ഫണ്ടിൽ നാലുവർഷംമുമ്പ് എസ്ഐപി തുടങ്ങിയത്. തൽക്കാലം ഒരുവർഷംകഴിഞ്ഞ് മതി കാറെന്ന് തീരുമാനിച്ചതിനാൽ നിക്ഷേപം തുടരുകയാണ്. വിപണി താഴപ്പോയാലും നിക്ഷേപംതുടരാനായിരുന്നു അദ്ദേഹത്തിന്റെ പ്ലാൻ. വിദഗ്ധ ഉപദേശം ലഭിച്ചതോടെ മാനേജരുടെ ആവശ്യം അദ്ദേഹം തള്ളിക്കളഞ്ഞു. മികച്ച പ്രകടനംനടത്തുന്ന പഴയ ഫണ്ടിൽതന്നെ ഇപ്പോഴും എസ്ഐപി തുടരുന്നു. നിക്ഷേപ ആഭിമുഖ്യം ഓഹരി വിപണി കുതിക്കുമ്പോഴാണ് നിക്ഷേപ ആഭിമുഖ്യംകണക്കിലെടുത്ത് പുതിയ ഫണ്ടുകളുമായി എഎംസികളും ഐപിഒകളുമായി കമ്പനികളും രംഗത്തുവരുന്നത്. മോണിങ്സ്റ്റാർ പുറത്തുവിട്ട കണക്കുപ്രകാരം കഴിഞ്ഞ സാമ്പത്തികവർഷം(2020-21) 110 പുതിയ ഫണ്ടുകളാണ് വിപണിയിലെത്തിയത്. ഈ ഫണ്ടുകൾ മൊത്തം സമാഹരിച്ചതാകട്ടെ 48,988 കോടി രുപയുമാണ്. ഐസിഐസിഐ പ്രൂഡൻഷ്യൽ ഫ്ളക്സി ക്യാപ് ഫണ്ട് മാത്രം സമാഹരിച്ചത് 10,000 കോടിയിലേറെ രൂപയാണ്. നിലവിൽ വിപണിയിലുള്ളവയിൽ ഇതിലേറെ ആസ്തി കൈകാര്യംചെയ്യുന്നത് അത്രയധികമില്ല. പുതിയ ഫണ്ടുകളുടെ പ്രകടനം വിപണിയിലെ സാഹചര്യംമനസിലാക്കിയായിരിക്കും ഫണ്ട് കമ്പനികൾ എൻഎഫ്ഒകൾ അവതരിപ്പിക്കുക. വൻതകർച്ചകൾക്കുമുമ്പുള്ള കുതിപ്പിൽ അവതരിപ്പിക്കുന്ന എൻഎഫ്ഒകൾ സ്വാഭാവികമായും തുടർന്നുവരുന്ന ഇടിവിൽ നെഗറ്റീവ് റിട്ടേണിലെത്തുമെന്നകാര്യത്തിൽ ആർക്കും സംശയമില്ല. 2007ലെ മുന്നേറ്റവും 2008ലെ തകർച്ചയും നൽകുന്ന പാഠമതാണ്. അന്നത്തെ മുന്നേറ്റത്തിൽ വിപണിയിലെത്തിയ പലഫണ്ടുകളുടെ പേരുപോലും ഇപ്പോൾകേൾക്കാനേയില്ല. തുടർന്ന് വിപണിയിലുണ്ടായ മുന്നേറ്റത്തിന്റെയും തകർച്ചയുടെയും ചരിത്രവും ഇതുതന്നെയാണ് പറയുന്നത്. ഐപിഒയും എൻഎഫ്ഒയും പ്രാരംഭ ഓഹരി വില്പനയുമായി ഒരു കമ്പനി വിപണിയിലെത്തുന്നതിൽനിന്ന് തികച്ചും വ്യത്യസ്തമാണ് എൻഎഫ്ഒ. വിപണിയിൽ ലിസ്റ്റ് ചെയ്യുമ്പോൾ ഓഹരിയുടെ വിലയിൽ ഏറ്റക്കുറച്ചിലുണ്ടാകുന്നത് ഡിമാൻഡ് ആൻഡ് സപ്ലെ അടിസ്ഥാനമാക്കിയാണ്. എന്നാൽ ഫണ്ടിന്റെ യൂണിറ്റ് വില നിശ്ചയിക്കുന്നതിൽ ഡിമാൻഡിനും സപ്ലെക്കും റോളില്ല. ഐപിഒകൾ ലിസ്റ്റ്ചെയ്യുന്നത് പ്രീമിയംനിരക്കിലാകുന്നതിന് കാരണം വിപണിയിൽ രൂപപ്പെടുന്ന ഡിമാൻഡ്തന്നെ. മ്യൂച്വൽ ഫണ്ടുകളുടെകാര്യത്തിൽ ഇതൊന്നുമല്ല അടിസ്ഥാനം. നിക്ഷേപംനടത്തുമ്പോൾ അതിന് ആനുപാതികമായി യൂണിറ്റുകൾ അനുവദിക്കുന്നു, വേണ്ടെന്നുവെക്കുമ്പോൾ പണംതിരികെ നൽകുന്നു. അതിൽ നിക്ഷേപിക്കുന്ന ഓഹരികളിലെ നേട്ടവും വിപണിയിലെ സജീവമായ ഇടപെടലുമാണ് ഫണ്ടുകളിലെ പ്രകടനത്തിനുപിന്നിൽ. വിപണനത്തിലൂടെ പരമാവധി പണംസമാഹരിക്കുക എന്നതാണ് എൻഎഫ്ഒകളുടെ ലക്ഷ്യം. പുതിയ പോർട്ട്ഫോളിയോയുമായാണ് എത്തുന്നതെങ്കിൽ അതേക്കുറിച്ച് പഠിക്കുകയും എൻഎഫ്ഒ കാളയളവിനുശേഷം നിക്ഷേപത്തിനായി തുറന്നുനൽകുമ്പോൾ എസ്ഐപിയായി നിക്ഷേപിക്കുകയാണ് ചെയ്യേണ്ടത്. മാനേജുമെന്റ് ഫീസിനത്തിൽ വൻതുക സമാഹരിക്കാനും ഫണ്ട് കമ്പനിയുടെ മൊത്തംകൈകാര്യം ചെയ്യുന്ന ആസ്തിയിൽ വർധനവുണ്ടാക്കാനുമുള്ള എളുപ്പവഴിയാണ് എൻഎഫ്ഒകൾ. എന്തുകൊണ്ട് ഒഴിവാക്കണം ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് കളിക്കാരെ തിരഞ്ഞെടുക്കാൻ നിങ്ങളെയാണ് ചുമതലപ്പെടുത്തിയതെന്ന് കരുതുക. സുപ്രധാനമായ തീരുമാനം നിങ്ങൾക്കെടുക്കേണ്ടതുണ്ട്. ടീമിലേക്ക് ഒരു ഓപ്പണിങ് ബാറ്റ്സ്മാനെവേണം. മുന്നിൽ രണ്ടുപേരാണുള്ളത്. മികച്ച ട്രാക്ക് റെക്കോഡ് ഉള്ള പരിചയ സമ്പന്നനായ കളിക്കാരനും ഇതുവരെ അന്താരാഷ്ട്രമത്സരങ്ങളിൽ കളിച്ചിട്ടില്ലാത്ത പുതിയ വ്യക്തിയും. നിങ്ങൾ ആരെയാകും തിരഞ്ഞെടുക്കുക? പരിചയ സമ്പന്നനായ കളിക്കാരന്റെ സ്ഥാനത്ത് മികച്ച പ്രകടനചരിത്രമുള്ള ഫണ്ട് ഉണ്ട്. പുതിയ ആളിന്റെ സ്ഥാനത്ത് എൻഎഫ്ഒയും. ലളിതമായ ഉദാഹണമാണിത്. വ്യത്യസ്ത തീമുകൾ വ്യത്യസ്ത തീമുകളിൽ കാലാകാലങ്ങളിൽ എൻഎഫ്ഒകളുമായി ഫണ്ട് കമ്പനികളെത്തും. സെക്ടറുകളിലും പ്രത്യേക ആശയങ്ങളിലും അധിഷ്ഠിതമായി നിക്ഷേപിക്കുന്ന ഫണ്ടുകൾ ഒഴിവാക്കുകയാണ് നല്ലത്. വൈവിധവൽക്കരണത്തിന് പ്രാധാന്യംനൽകുന്ന മികച്ച പ്രകടന ചരിത്രമുള്ള നിരവധി ഫണ്ടുകൾ വിപണിയിലുള്ളപ്പോൾ ഇവക്കുപുറകെ പോകേണ്ടതില്ല. ഒരു പ്രത്യേക ഫണ്ടിൽ നിക്ഷേപംനടത്തുമ്പോൾ അതുമായി ബന്ധപ്പെട്ട തീം തിരഞ്ഞെടുക്കാനുള്ള തീരുമാനം മാനേജരുടേതാകുന്നു. എവിടെയാണ് നിക്ഷേപംനടത്തേണ്ടതെന്ന് ഫണ്ട് മാനേജരാണ് തീരുമാനിക്കുന്നത്. അതിനാൽതന്നെ റിസ്ക് വർധിക്കുകയുംചെയ്യും. എൻഎഫ്ഒയുടെകാര്യത്തിൽ മുന്നോട്ടുവെക്കുന്ന സമീപനം സെക്ടറൽ ഫണ്ടുകൾക്കുമാത്രമല്ല, എല്ലാഫണ്ടുകൾക്കും സമാനമാണ്. ഇക്വിറ്റി ഫണ്ട് തിരഞ്ഞെടുക്കാൻ കഴിഞ്ഞകാലത്തെ പ്രകടനം വിലയിരുത്തുകയെന്നതാണ് പ്രധാന മാനദണ്ഡം. അഞ്ചുവർഷം, ഏഴുവർഷം എന്നീകാലയളവിലെ പ്രകടനം വിലയിരുത്തിമാത്രമെ ഓഹരി അധിഷ്ഠിത ഫണ്ടുകൾ തിരഞ്ഞെടുക്കാവൂ. പുതിയ ഫണ്ടുകൾ ഭാവിയിൽ മികച്ചനേട്ടംനൽകില്ലെന്നല്ല. പരിചയ സമ്പന്നനായ ബാറ്റ്സ്മാനേക്കാൾ പുതിയ ആൾ കൂടുതൽ റൺസ് നേടില്ലെന്ന് പറയാനാവില്ലല്ലോ. എന്നാൽ നിക്ഷേപത്തെ ക്രിക്കറ്റിനോട് താരതമ്യംചെയ്യാനാവില്ല. ഉയർന്ന റിസ്കുണ്ട്. നിക്ഷേപകൻ കഠിനാധ്വാനംചെയ്ത് നേടിയ സമ്പത്താണ് വിപണിയിലിറക്കുന്നത്. അതിനാൽതന്നെ നിക്ഷേപകാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. പുതിയ ഫണ്ടുകളുടെ വിപണനമാണ് മറ്റൊരുകാര്യം. ഉയർന്ന പ്രവർത്തന ചെലവാണ് എൻഎഫ്ഒകളായെത്തുന്ന ഫണ്ടുകളിൽനിന്ന് ഈടാക്കുന്നത്. വിതരണക്കാർക്കും ബ്രോക്കർമാർക്കുമുള്ള ട്രയൽ കമ്മീഷൻ ഇനത്തിൽ ഈയിടെ ഫണ്ട് കമ്പനികൾ വർധനവരുത്തിയിരുന്നു. ബ്രോക്കർമാരും മറ്റ് ഇടനിലക്കാരുമാണ് എൻഎഫ്ഒകളുടെ ചാലകശക്തികൾ. നിക്ഷേപകരെ ആകർഷിക്കാൻ അഗ്രസീവായ വില്പനയാണ് നടക്കുന്നത്. കുറഞ്ഞ യൂണിറ്റ് വില ആകർഷകമാണോ? യൂണിറ്റ് ഒന്നിന് 10 രൂപക്ക് ലഭിക്കുമെന്നത് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ പലരെയും പ്രേരിപ്പിക്കുന്ന ഘടകമാണ്. ഇക്കാര്യംപറഞ്ഞ് വിശ്വസിപ്പിച്ച് വ്യാപകമായി വിപണനംനടത്തുന്ന പ്രവണതയുമുണ്ട്. എൻഎഫ്ഒയുടെ യൂണിറ്റ് വിലയും ഐപിഒയുടെ ഓഹരി വിലയും രണ്ടും വ്യത്യസ്തമായ രീതിയിലാണ് കണക്കാക്കുന്നത് എന്നകാര്യംമനസിലാക്കുക. കുറഞ്ഞവിലയിൽ യൂണിറ്റ് സ്വന്തമാക്കാൻകഴിയുമെന്നത് കാണിച്ചുള്ള നിക്ഷേപ ബോധവത്കരണത്തിനെതിരെ അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (ആംഫി) പ്രചാരണപരിപാടികളുമായി രംഗത്തെത്തിയിരുന്നു. നിക്ഷേപകരിൽനിന്ന് യൂണിറ്റൊന്നിന് 10 രൂപ വീതം നിക്ഷേപംസ്വീകരിക്കുന്ന ഫണ്ട് കമ്പനികൾ അവരുടെ ചെലവുകഴിച്ചുള്ള തുകയാണ് നിശ്ചിത വിഭാഗത്തിലെ ഓഹരികളിൽ നിക്ഷേപിക്കുന്നത്. അതിൽനിന്നുണ്ടാകുന്ന ലാഭമാണ് എൻഎവിയിലെ വർധനക്ക് അടിസ്ഥാനം. ചുരുക്കത്തിൽ പറഞ്ഞാൽ 10 രൂപ അടിസ്ഥാന വിലനിശ്ചയിച്ച് നിക്ഷേപം സമാഹരിക്കുന്നുവെന്നേയുള്ളൂ. ഐപിഒ മൂല്യംപോലെ ഡിമാൻഡിനനുസരിച്ചല്ല വിലയിലെ നീക്കമെന്ന് മനസിലാക്കാം. ഉദാഹരണത്തിന്, എസ്ബിഐ മ്യൂച്വൽ ഫണ്ടിന്റെ പുതിയൊരു ഫണ്ടിന്റെ 1000 യൂണിറ്റുകൾ(എൻഎഫ്ഒ യൂണിറ്റ് വില 10 രൂപ) 10,000 രൂപ മുടക്കി രണ്ടുമാസംമുമ്പ് വാങ്ങിയെന്ന് കരുതുക. നിലവിലെ അതിന്റെ എൻഎവി 14 രൂപയായിട്ടുണ്ടെങ്കിൽ മൊത്തം നിക്ഷേപമൂല്യം 14,000 രൂപയായിവർധിക്കും. അതേസമയം നിലവിലുള്ള ഒരു ഫണ്ടിന്റെ എൻഎവി 1,010 രൂപയായിരുന്നിരിക്കട്ടെ, 10,000 രൂപ നിക്ഷേപിച്ചാൽ 10 യൂണിറ്റാണ് ലഭിക്കുക. അതിന്റെ എൻഎവി 1,810 രൂപയായി ഉയർന്നുവെന്ന് കരുതുക അപ്പോൾ മൊത്തം മൂല്യം 18,100 രൂപയായിട്ടുണ്ടാകും. നിക്ഷേപ പോർട്ട്ഫോളിയോയിലെ ഓഹരിയിലെ മൂല്യത്തിനനുസരിച്ചാണ് ഓരോ ദിവസവും നിശ്ചയിക്കുന്ന ഫണ്ടുകളുടെ എൻഎവിയിൽ മാറ്റംവരിക. 10 രൂപയുടെ യൂണിറ്റ് വിലയിൽ കാര്യമില്ലെന്ന് മനസിലായിട്ടുണ്ടാകുമെന്ന് കരുതട്ടെ. feedbackto: antonycdavis@gmail.com കുറപ്പ്: മികച്ച പ്രകടന ചരിത്രമുള്ള ഫണ്ടുകൾ വിപണിയിലുള്ളപ്പോൾ പുതിയ ഫണ്ടുകളിൽ പരീക്ഷണത്തിന് ഇറങ്ങേണ്ടതുണ്ടോ? ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കാണ്എസ്ഐപിയായി ഇക്വിറ്റി ഫണ്ടിൽ നിക്ഷേപിക്കേണ്ടത്. അതിനായി അഞ്ച്, ഏഴ് വർഷക്കാലയളവിൽ ഫണ്ട് നൽകിയ ആദായം പരിശോധിക്കുക. കലണ്ടർവർഷത്തിൽ നൽകിയ ആദായവും വിലയിരുത്താം. അതിനുശേഷം സമാനമായ കാറ്റഗറിയിൽ മികച്ചനേട്ടംനൽകിയ ഫണ്ടുകളുമായി താരതമ്യംചെയ്ത് നിക്ഷപത്തിന് യോജിച്ച ഫണ്ട് തിരഞ്ഞെടുക്കാം.

from money rss https://bit.ly/37yJ1Oy
via IFTTT

പണമൊഴുക്ക് വർധിച്ചതോടെ ഐപിഒകളുടെ എണ്ണത്തിൽ കുതിപ്പ്: 2021ൽ 100 കടന്നേക്കും

ഓഹരി വിപണിയിലേക്ക് പണമൊഴുക്ക് വർധിച്ചതോടെ പ്രാരംഭ ഓഹരി വില്പനയുമായി കമ്പനികൾ കൂട്ടമായെത്തുന്നു. എട്ട് കമ്പനികളാണ് ആറ് ദിവസത്തിനുള്ളിൽ ഐപിഒയുമായെത്തിയത്. ഈരീതി തുടർന്നാൽ ഈവർഷം വിപണിയിലെത്തുന്ന കമ്പനികളുടെ എണ്ണത്തിൽ വൻവർധനവാണുണ്ടാകുക. ഓഗസ്റ്റ് 10വരെയുള്ള കണക്കുകൾ പ്രകാരം ഈ വർഷം 58 കമ്പനികൾ ഐപിഒയുമായെത്തി. 2006ൽ 160 കമ്പനികളാണ് ഐപിഒയുമായെത്തിയത്. 2007ൽ 121ഉം 2010ൽ 118ഉം കമ്പനികൾ വിപണിയിലെത്തി. തുടർന്നങ്ങോട്ട് ശരാശരി 50ൽതാഴെ കമ്പനികളാണ് ലിസ്റ്റ്ചെയ്തത്. 2019ൽ 27ഉം 2020ൽ 23ഉം ആയിരുന്നു കമ്പനികളുടെ എണ്ണം. 2021 കലണ്ടർ വർഷത്തിൽ മൊത്തം ഐപിഒകൾ 100 കവിയുമെന്നാണ് വ്യവസായ ലോകത്തെ വിലയിരുത്തൽ. 2020ൽ 15ശതമാനവും 2021ൽ ഇതുവരെ 16ശതമാനവുമാണ് നിഫ്റ്റി ഉയർന്നത്. നിഫ്റ്റി മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യാഥാക്രമം 32ശതമാനവും 42ശതമാനവും ഈവർഷം നേട്ടമുണ്ടാക്കി.അനുകൂല സാഹചര്യംകണക്കിലെടുത്താണ് മിഡ് ക്യാപ്, സ്മോൾ ക്യാപ് വിഭാഗത്തിൽ കമ്പനികൾ ഐപിഒയുമായെത്തുന്നത്.

from money rss https://bit.ly/3jIys0Y
via IFTTT

വിപണിയിൽ നേട്ടംതുടരുന്നു: നിഫ്റ്റി വീണ്ടും 16,300 കടന്നു

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ നിഫ്റ്റി 16,300ന് മുകളിലെത്തി. സെൻസെക്സ് 141 പോയന്റ് നേട്ടത്തിൽ 54,696ലും നിഫ്റ്റി 49 പോയന്റ് ഉയർന്ന് 16,330ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. ടാറ്റ സ്റ്റീൽ, മാരുതി സുസുകി, എച്ച്സിഎൽ ടെക്, എസ്ബിഐ, എൻടിപിസി, അൾട്രടെക് സിമെന്റ്സ്, ഏഷ്യൻ പെയിന്റ്സ്, ഇൻഡസിൻഡ് ബാങ്ക്, ടിസിഎസ്, ബജാജ് ഫിൻസർവ്, പവർഗ്രിഡ് കോർപ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയർടെൽ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. കാഡില ഹെൽത്ത്കെയർ, ആപ്ടെക്, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, ബജാജ് ഇലക്ട്രിക്കൽസ്, ബാറ്റ ഇന്ത്യ, ബിർള കേബിൾ ഉൾപ്പടെയുള്ള കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/3lWdPB8
via IFTTT

റിലയൻസോ ആമസോണോ?: ആരാകും ഫ്യൂച്ചർ ഗ്രൂപ്പിന്റെ രക്ഷകൻ

മുംബൈ: ഫ്യൂച്ചർ റീട്ടെയിലിനെ ഏറ്റെടുക്കാനുള്ള റിലയൻസ് പദ്ധതി സിങ്കപ്പൂർ അന്താരാഷ്ട്ര ആർബിട്രേഷൻ സെന്റർ (സിയാക്) തടഞ്ഞാൽ ഫ്യൂച്ചർ റീട്ടെയിലിനെ രക്ഷപ്പെടുത്തുന്നതിന് ഇ-കൊമേഴ്സ് കമ്പനിയായ ആമസോൺ പദ്ധതി തയ്യാറാക്കുന്നു. ഈ മാസം അവസാനത്തോടെ കേസിൽ സിയാക് വിധി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്യൂച്ചർ ഗ്രൂപ്പിനെ പാപ്പരത്ത നടപടിയിലേക്കുവിടാതെ പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകളുൾപ്പെടെയുള്ളവരിൽനിന്ന് നിക്ഷേപമെത്തിക്കാനാണ് ആമസോണിന്റെ പദ്ധതി. കടപ്പത്ര ഉടമകൾക്ക് നൽകേണ്ട തുകയും ബാങ്ക് വായ്പകളും കുടിശ്ശികയാകാതിരിക്കാൻ ഫ്യൂച്ചർ ഗ്രൂപ്പിന് അടിയന്തരമായി 5,000 മുതൽ 5,500 കോടി രൂപ വരെ കണ്ടെത്തേണ്ടതുണ്ട്. റിലയൻസ് ഏറ്റെടുക്കുന്നതുവഴി വായ്പാ കുടിശ്ശിക വേഗത്തിൽ തീർപ്പാക്കാമെന്നാണ് ഫ്യൂച്ചർ ഗ്രൂപ്പ് പ്രതീക്ഷിച്ചിരുന്നതെങ്കിലും സിയാകിന്റെ ഇടക്കാല വിധിയുടെ പശ്ചാത്തലത്തിൽ സുപ്രീംകോടതി ഇടപാട് തടഞ്ഞതോടെ പ്രതിസന്ധിയിലായി. ഫ്യൂച്ചർ കൂപ്പണും ആമസോണും തമ്മിലുള്ള കരാർ പാലിച്ചാൽ ആമസോൺ ഫ്യൂച്ചർ റീട്ടെയിലിനുള്ള പ്രവർത്തന മൂലധനം ലഭ്യമാക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ നൽകുന്ന വിവരം. 2019 ഓഗസ്റ്റിൽ ഫ്യൂച്ചർ കൂപ്പണിൽ 1500 കോടി രൂപ ചെലവിട്ട് 49 ശതമാനം ഓഹരികൾ ആമസോൺ വാങ്ങിയിരുന്നു. ഇതുവഴി ഫ്യൂച്ചർ റീട്ടെയിലിൽ അവർക്ക് 3.5 ശതമാനം ഓഹരികൾ പരോക്ഷമായുണ്ട്. എന്നാൽ, ഇന്ത്യൻ നിയമമനുസരിച്ച് ഫ്യൂച്ചർ റീട്ടെയിലിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ആമസോണിനു കഴിയില്ല. അതുകൊണ്ട് നിക്ഷേപക സ്ഥാപനങ്ങളെയും പ്രൈവറ്റ് ഇക്വിറ്റി സംരംഭങ്ങളെയും ഉൾപ്പെടുത്തി ഫ്യൂച്ചർ റീട്ടെയിലിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള പദ്ധതിയാണ് ആമസോൺ തയ്യാറാക്കുന്നത്.

from money rss https://bit.ly/2XikLyn
via IFTTT

കല്യാണ്‍ ജൂവലേഴ്‌സിന് വിറ്റുവരവില്‍ 109% ശതമാനം വര്‍ധനവ്

കൊച്ചി: കല്യാൺ ജൂവലേഴ്സ് 2021-22 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 1637 കോടി രൂപയുടെ വിറ്റുവരവ് നേടി. മുൻവർഷത്തിൽ, ഇതേ പാദത്തിൽ വിറ്റുവരവ് 782 കോടി രൂപ ആയിരുന്നു. ഇന്ത്യയിലെ വിറ്റുവരവ് 94 ശതമാനം വളർച്ച നേടിയപ്പോൾ മിഡിൽ ഈസ്റ്റിലെ വിറ്റുവരവിലെ വളർച്ച 183 ശതമാനമായിരുന്നു. മുൻവർഷം ഈ പാദത്തിൽ ഉണ്ടായ ആകമാന നഷ്ടം 86 കോടി രൂപയായിരുന്നപ്പോൾ ഈ വർഷം 51 കോടി രൂപയായി. സാമ്പത്തികവർഷത്തിന്റെ തുടക്കത്തിൽ കണ്ട ശക്തമായ തിരിച്ച് വരവ് ഏപ്രിൽ അവസാനം സംസ്ഥാന സർക്കാരുകൾ ലോക് ഡൗണും നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നത് വരെ തുടർന്നു. രണ്ടാം തരംഗത്തെ തുടർന്ന് മെയ് മാസം മിക്ക ഷോറൂമുകളും അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ ജൂണിൽ തുറക്കാൻ കഴിഞ്ഞ ഷോറൂമുകളിൽ മികച്ച വിൽപന നടന്നു. വെറും 53 ശതമാനം ഷോറൂമുകൾ മാത്രമാണ് തുറന്ന് പ്രവർത്തിച്ചിരുന്നതെങ്കിലും 2020 ജൂണിനേക്കാൾ വിറ്റുവരവിൽ നേരിയ വർദ്ധനവ് നേടാൻ ഈ ജൂണിൽ സാധിച്ചു. ഈ പാദത്തിൽ ഗൾഫ് മേഖലയിലെ എല്ലാ ഷോറൂമുകളും തന്നെ തുറന്ന് പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ആവസാനപാദത്തിൽ ഉണ്ടായ തിരിച്ചുവരവ് ഏപ്രിലിലും തുടർന്നു. എന്നാൽ ഇന്ത്യയിൽ കോവിഡ്-19 രണ്ടാം തരംഗം ശക്തമായതോടു കൂടി യാത്രാ നിയന്ത്രണങ്ങൾ വരികയും മേഖലയിലെ ബിസിനസിനെ താത്കാലികമായി ബാധിക്കുകയും ചെയ്തു. കമ്പനിയുടെ ഇ-കൊമേഴ്സ് വിഭാഗമായ കാൻഡിയറും വളർച്ചയുടെ പാതയിലാണ്. മുൻസാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ 5 കോടി രൂപയായിരുന്ന വിറ്റുവരവ് ഈ വർഷം 363 ശതമാനമുയർന്ന് 24 കോടി രൂപയായി. കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ 1.08 കോടി രൂപ കാൻഡിയർ നഷ്ടമുണ്ടാക്കിയപ്പോൾ ഈ വർഷം 31 ലക്ഷം രൂപ ലാഭത്തിലാണ്. കല്യാൺ ജൂവലേഴ്സിന് 21 ഇന്ത്യൻ സംസ്ഥാനങ്ങളിലും 4 ഗൾഫ് രാജ്യങ്ങളിലുമായി 146 ഷോറൂമുകളാണ് ഉള്ളത്. കമ്പനിക്ക് മൊത്തം ഏതാണ്ട് അഞ്ചു ലക്ഷം ചതുരശ്രയടിയുടെ റീട്ടെയ്ൽ സ്പേസ് ഉണ്ട്. കഴിഞ്ഞ പാദത്തിൽ, തമിഴ് നാട്ടിൽ 4, തെലുങ്കാനയിൽ 3, കേരളത്തിലും ഗുജറാത്തിലും ഓരോന്നു വീതം എന്നിങ്ങനെ 9 ഷോറൂമുകൾ പുതുതായി തുറന്നു. സാമ്പത്തിക വർഷത്തിലെ ആദ്യ പാദ ഫലം ഞങ്ങളുടെ പ്രതീക്ഷകൾക്ക് മുകളിലായിരുന്നു. ഈ പാദത്തിലുള്ള തിരിച്ചുവരവ് മുൻ വർഷത്തിനേക്കാളും ശക്തമായിരുന്നു. ഹാൾമാർക്കിംഗ് നിർബന്ധമാക്കിയ കേന്ദ്ര ഗവൺമെന്റ് നടപടി സ്വർണ വ്യാപാര മേഖലയെ കൂടുതൽ സുതാര്യമാക്കുകയും നിയമാനുസൃത വ്യാപാര മേഖലയിലേക്കുള്ള മാറ്റത്തിന് ആക്കം കൂട്ടുകയും ചെയ്യും. അനുകൂലമായ ഈ അവസരം പ്രയോജനപ്പെടുത്താൻ നിയമാനുസൃത വ്യാപാര മേഖല തയ്യാറായിക്കഴിഞ്ഞു.- കല്യാൺ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു. Content Highlights: 109percentage increase in kalyan jewellers turnover

from money rss https://bit.ly/3xBlS8D
via IFTTT