121

Powered By Blogger

Tuesday, 31 August 2021

കോവിഡിനെ അതിജീവിച്ച് മുന്നേറ്റം: 20.1ശതമാനം വളർച്ച രേഖപ്പെടുത്തി രാജ്യം

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ മികച്ച വളർച്ച രേഖപ്പെടുത്തി. മുൻവർഷത്തെ ഇതേകാലയളവിൽനിന്ന് 20.1ശതമാമാണ് വളർച്ച. വ്യാവസായിക ഉത്പാദനം, നിർമാണം, കാർഷികം തുടങ്ങിയ മേഖലകളിലെ മുന്നേറ്റമാണ് രാജ്യത്തെ സമ്പദ്ഘടനയെ വളർച്ചയുടെ പാതയിലേക്ക് നയിച്ചത്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്(എൻഎസ്ഒ) പുറത്തുവിട്ട കണക്കുപ്രകാരം 2021-22 സാമ്പത്തിക വർഷത്തെ ജൂണിലവസാനിച്ച പാദത്തിൽ 20.1 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. മുൻവർഷത്തിലെ ഇതേപാദത്തിൽ 24.4ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. നിർമാണ മേഖലയിലാണ് കൂടുതൽ കുതിപ്പുണ്ടായത്. 68.3ശതമാനം. വ്യവസായ ഉത്പാദനം(49.6%), ഖനനം(18.6%) തുടങ്ങിയവയാണ് കുതിപ്പിൽ മുന്നിൽ. വാണിജ്യം, ഹോട്ടൽ വ്യവസായം, റിയൽ എസ്റ്റേറ്റ് എന്നീ മേഖലകളിലും മുന്നേറ്റമുണ്ടെന്നാണ് വിലയിരുത്തൽ. അതേസമയം, കോവിഡിന് മുമ്പുള്ള കാലയളവിലേക്ക് തിരിച്ചെത്തിയിട്ടുമില്ല. 2019 ഏപ്രിൽ-ജൂൺ കാലയളവിൽ 35.7ശതമാനമായിരുന്നു വളർച്ച. മുൻവർഷം വൻ ഇടിവുണ്ടായതിനാലാണ് ഇത്തവണത്തെ വളർച്ചയിൽ മുന്നേറ്റംതോന്നിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

from money rss https://bit.ly/2WA1lFh
via IFTTT

റിയാൽറ്റി, എനർജി ഓഹരികളുടെ കരുത്തിൽ വീണ്ടും പുതിയ ഉയരംകുറിച്ച് ഓഹരി വിപണി

മുംബൈ: റിയാൽറ്റി, എനർജി, എഫ്എംസിജി, ഓട്ടോ ഓഹരികളുടെ കരുത്തിൽ സൂചികകളിൽ കുതിപ്പ് തുടരുന്നു. സമ്പദ്ഘടനയിൽ ഉണർവ് പ്രകടമായതാണ് വിപണി നേട്ടമാക്കിയത്. നിർമാണ, കാർഷികമേഖലകളിലെ മുന്നേറ്റമാണ് സമ്പദ്ഘടനക്ക് കരുത്തായത്. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 129 പോയന്റ് നേട്ടത്തിൽ 57,682ലും നിഫ്റ്റി 36 പോയന്റ് ഉയർന്ന് 17,168ലുമെത്തി. ആക്സിസ് ബാങ്ക് മൂന്നുശതമാനത്തോളം നേട്ടമുണ്ടാക്കി. എൽആൻഡ്ടി, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്സ്, നെസ് ലെ തുടങ്ങിയ ഒഹരികളും നേട്ടത്തിലാണ്. എച്ച്ഡിഎഫ്സി, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3t1bcQ2
via IFTTT

അഞ്ചുകോടിയിൽ തുടങ്ങിയ എൽ.ഐ.സി.യുടെ ആസ്തി ഇന്ന് 38 ലക്ഷം കോടി രൂപ

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ. നടത്താനൊരുങ്ങുന്ന പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽ.ഐ.സി. തുടങ്ങിയിട്ട് ബുധനാഴ്ച 65 വർഷം പിന്നിടുന്നു. അഞ്ചുകോടി രൂപയുടെ മൂലധനവുമായി 1956-ൽ തുടങ്ങിയ കമ്പനിയുടെ ആസ്തി ഇന്ന് 38,04,610 കോടി രൂപയിലെത്തിനിൽക്കുന്നു. ദേശസാത്കരണത്തിന്റെ ലക്ഷ്യം പൂർണ അർഥത്തിൽ നിറവേറ്റി സമൂഹത്തിലെ ഏറ്റവും താഴെത്തട്ടുവരെ ഇൻഷുറൻസ് സേവനം എത്തിക്കാനായെന്നതാണ് കമ്പനിയുടെ ഏറ്റവുംവലിയ നേട്ടം. 14 രാജ്യങ്ങളിൽ സാന്നിധ്യമുള്ള കമ്പനിയിന്ന് 'ബ്രാൻഡ് ഫിനാൻസ് ഇൻഷുറൻസ് 100' എന്ന ആഗോള പട്ടികയിൽ ലോകത്തിലെ ശക്തമായ മൂന്നാമത്തെയും മൂല്യത്തിൽ പത്താമത്തെയും ബ്രാൻഡാണ്. രണ്ടു ദശാബ്ദം മുമ്പ് ഇൻഷുറൻസ് മേഖല സ്വകാര്യമേഖലയ്ക്കായി തുറന്നെങ്കിലും ഇപ്പോഴും വിപണിയിൽ ഒന്നാംസ്ഥാനം നിലനിർത്തിവരുന്നു. ആദ്യവർഷ പ്രീമിയത്തിൽ 66.18 ശതമാനം വിപണി വിഹിതമാണ് കമ്പനിക്കുള്ളത്. പോളിസികളുടെ എണ്ണത്തിലിത് 74.58 ശതമാനമാണ്. 2020-21 സാമ്പത്തിക വർഷം 2.10 കോടി പുതിയ പോളിസികൾ രജിസ്റ്റർ ചെയ്തതായി കമ്പനി അറിയിച്ചു. ആദ്യവർഷ പ്രീമിയമായി ലഭിച്ചത് 1.84 ലക്ഷം കോടി രൂപയാണ്. എട്ടു സോണൽ ഓഫീസുകളിലായി ഒരു ലക്ഷത്തിലധികം ജീവനക്കാരും 13.53 ലക്ഷം ഏജന്റുമാരുമാണ് കമ്പനിക്കുള്ളത്. ഡിജിറ്റൽ പേമെന്റിന് പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങളുടെ ഫലമായി പുതുക്കൽ പ്രീമിയത്തിൽ 74.8 ശതമാനവും ഡിജിറ്റൽ രീതിയിലായിക്കഴിഞ്ഞു. പുതിയ പോളിസികൾ കടലാസ് രഹിതമാക്കുന്നതിന്റെ ഭാഗമായി ഏജന്റുമാർക്കായി ആനന്ദ എന്ന പുതിയ മൊബൈൽ ആപ്പും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. LIC's asset base goes past Rs 38 lakh crore in fiscal 2021.

from money rss https://bit.ly/3kBOt9s
via IFTTT

നിഫ്റ്റി ഇതാദ്യമായി 17,000 കടന്നു: സെൻസെക്‌സ് 663 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: ഐടി, പവർ, ഹെൽത്ത്കെയർ, മെറ്റൽ ഓഹരികളുടെ കുതിപ്പിൽ രണ്ടാംദിവസവും റെക്കോഡ് ഉയരത്തിൽ സൂചികകൾ ക്ലോസ്ചെയ്തു. ഇതാദ്യമായി നിഫ്റ്റി 17,000 കടന്നു. പ്രതീക്ഷ ഉണർത്തുന്ന സാമ്പത്തിക സൂചകങ്ങളും യുഎസ് ഫെഡറൽ റിസർവിന്റെ പ്രഖ്യാപനവും വിപണിയിൽ രണ്ടാംദിവസവും ഉണർവ് പകർന്നു. അതോടെ, ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെ വിപണിമൂല്യം 250 ലക്ഷംകോടി രൂപ കടന്നു. 662.23 പോയന്റാണ് സെൻസെക്സിലെ നേട്ടം. 1.16ശതമാനം ഉയർന്ന് 57,552.39ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 201.20 പോയന്റ് നേട്ടത്തിൽ 17,132.20ലുമെത്തി. ഭാരതി എയർടെൽ ആണ് നേട്ടത്തിൽമുന്നിൽ. ഓഹരി വില 6.7ശതമാനം ഉയർന്നു. ബജാജ് ഫിനാൻസ്, ഐഷർ മോട്ടോഴ്സ്, ഹിൻഡാൽകോ, ശ്രീ സിമെന്റ്സ് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. ടാറ്റ മോട്ടോഴ്സ്, നെസ് ലെ, ഇൻഡസിൻഡ് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ബിപിസിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ്ചെയ്തത്. ഐടി, പവർ, ഹെൽത്ത്കെയർ, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ് തൂടങ്ങിയ സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5ശതമാനവും നേട്ടമുണ്ടാക്കി.

from money rss https://bit.ly/3jrfhK9
via IFTTT

യൂറോപ്പിലെ ഏറ്റവും വലിയ സോളർ പാനൽ കമ്പനിയായ ആർഇസിയെ റിലയൻസ് ഏറ്റെടുത്തേക്കും

മുംബൈ: ആഗോളതലത്തിൽ പുനരുപയോഗ ഊർജമേഖലയിൽ സാന്നിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി യൂറോപ്പിലെ ഏറ്റവും വലിയ സൗരോർജ പാനൽ നിർമാണക്കമ്പനിയായ ആർഇസി ഗ്രൂപ്പിനെ റിലയൻസ് ഏറ്റെടുത്തേക്കും. ചൈനീസ് സർക്കാരിന്റെ നേതൃത്വത്തിലുള്ള കെമിക്കൽ കമ്പനിയായ ചെംചൈനയുടെ സഹോദരസ്ഥാപനമാണ് സിങ്കപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിന്യൂവബിൾ എനർജി കോർപറേഷൻ. 1200 കോടി രൂപയുടെതാകും ഇടപാടെന്നാണ് റിപ്പോർട്ടുകൾ. 3500 കോടി രൂപയെങ്കിലും ആഗോളതലത്തിൽ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. അതിനായി ആഗോളതലത്തിൽ റിലയൻസ് പങ്കാളികളെ തേടിയതായി റിപ്പോർട്ടുകളുണ്ട്. സോളാർ സെല്ലുകളും മൊഡ്യൂളുകളും മറ്റ് ഘടകഭാഗങ്ങളുമാണ് കമ്പനിയുടെ പ്രധാന ഉത്പന്നം. വാർഷിക നിർമാണശേഷി 1.5 ഗിഗാ വാട്ട്സാണ്. 4 കോടിയിലധികം സോളാർ പാനലുകൾ കമ്പനി ഇതിനകം നിർമിച്ചിട്ടുണ്ട്. ഐകിയ, ഓഡി തുടങ്ങിയവ ആർഇസിയുടെ പ്രമുഖ ഉപഭോക്താക്കളാണ്. ഇന്ത്യയിൽ ഗ്രീൻകോ, ആറ്റോമിക് എനർജി വകുപ്പ്, ഈനാട് ഗ്രൂപ്പ് എന്നിവർക്കുവേണ്ടി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ഹരിത ഊർജമേഖലയിലേക്കുള്ള ചുവടുവെപ്പായി 44-ാമത് വാർഷിക പൊതുയോഗത്തിൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനി പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. 5000 ഏക്കർ വിസ്തൃതിയിൽ സ്ഥാപിക്കുന്ന ധീരുഭായ് അംബാനി ഗ്രീൻ എനർജി കോംപ്ലക്ലാണ് അതിൽ പ്രധാനം. പദ്ധതി വിപിലൂകരിക്കുന്നതിന്റെ ഭാഗമായി പോൾസൺ ആൻഡ് കമ്പനി, ബിൽഗേറ്റ്സ് എന്നിവരുമായി സഹകരിച്ച് പ്രമുഖ എനർജി സ്റ്റോറേജ് കമ്പനിയായ ആംബ്രിയെ ഏറ്റെടുക്കുമെന്ന് ഈയിടെ അംബാനി പ്രഖ്യാപിച്ചിരുന്നു.

from money rss https://bit.ly/3DzmSP1
via IFTTT

Monday, 30 August 2021

പുതിയ ഉയരങ്ങൾ കീഴടക്കുന്നു: ഏതൊക്കെ മേഖലകളിലെ ഓഹരികളിൽ നിക്ഷേപിക്കാം

മഹാമാരിക്കാലത്തെ മികച്ച പ്രകടനത്തിനുശേഷം ഓഹരി വിപണി ഇപ്പോൾ ഏകീകരണത്തിന്റെ ഘട്ടത്തിലാണ്. ഇടത്തരം, ചെറുകിട ഓഹരികളേക്കാൾ കൂടുതൽ ആകർഷകമായതിനാൽ വൻകിട ഓഹരികളാണിപ്പോൾ കുതിക്കുന്നത്. അടച്ചിടൽ അവസാനിക്കുന്നതോടെ വൻകിട ഓഹരികൾക്കു കൂടുതൽ പ്രയോജനം പ്രതീക്ഷിക്കുന്നതിനാലാണിത്. വിശാല വിപണിയുമായി താരതമ്യം ചെയ്യുമ്പോൾ വിലകൾ നീതീകരിക്കത്തക്കതാണ്. ആഗോളതലത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വത്തിനിടയിൽ സുരക്ഷിത ആസ്തികളിലേക്കാണ് നിക്ഷേപകർ നീങ്ങുന്നത്. ഉദാര പണനയങ്ങൾ പിൻവലിക്കാനുള്ള യുഎസ് കേന്ദ്ര ബാങ്കിന്റെ നീക്കങ്ങളും പലിശ നിരക്കിൽ വരാനിരിക്കുന്ന വ്യത്യാസവും ഉറ്റു നോക്കുകയാണ് വിപണി. മഹാമാരിക്കാലത്തെ കുതിപ്പിന്റെ പ്രധാന ചാലകമായ ആഗോള വിപണിയിലെ പണമൊഴുക്കിനെ ഇതു ബാധിക്കും. ഉദാരവൽക്കരണത്തിൽനിന്നുള്ള പിൻമാറ്റം എത്രമാത്രം ഉണ്ടാകുമെന്നതു സംബന്ധിച്ച വ്യക്തത കൈവരിക്കാൻ ഈവർഷം സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവ് വേണ്ടിവരും. വിപണിയിൽ വർധിക്കുന്ന ചാഞ്ചാട്ടങ്ങളുടേയും ഉൽപന്ന വിലയിലെ വ്യതിയാനങ്ങളുടേയും ഐപിഒയുടേയും ഇടത്തരം, ചെറുകിട ഓഹരികളിലെയും പലിശയുടെ പതനത്തിന്റേയും ഒരുകാരണം ഇതാണ്. യഥേഷ്ടം ഒഴുകിയ പണവും ഉദാരനയങ്ങളും ഓഹരി വിപണിയെ മാത്രമല്ല സമ്പദ് വ്യവസ്ഥയെ പൊതുവേയും ഏറെ സഹായിച്ചിട്ടുണ്ട്. ഈആനുകൂല്യം നിലനിൽക്കുമെന്നും ദീർഘകാലാടിസ്ഥാനത്തിൽ സമ്പദ് വ്യവസ്ഥക്കു ഗുണംനൽകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. എന്നാൽ ഓഹരി മൂല്യനിർണയം പരമാവധിയിലെത്തിക്കഴിഞ്ഞിട്ടുണ്ട്. ഇതും വിപണിയെ നിയന്ത്രിക്കുന്ന ഒരുഘടകമാണ്. പണമൊഴുക്കു കുറയുകയും കൂടിയവിലകൾ നിലനിൽക്കുകയും ചെയ്യുമ്പോഴും ഹ്രസ്വകാലം മുതൽ ഇടക്കാലത്തേക്കുമാത്രമേ ഏകീകരണത്തിനു സാധ്യതയുള്ളു എന്നാണ് കരുതുന്നത്. കാരണം കുറഞ്ഞ പലിശനിരക്കും ഉദാര നിലപാടുകളും 2023വരെ തുടരുമെന്നാണ് കരുതപ്പെടുന്നത്. കൂടിയ വിലകൾ ലാഭത്തിൽ കുറവുണ്ടാക്കുമെങ്കിലും ലോക സാമ്പത്തികരംഗം വീണ്ടെടുക്കപ്പെടുന്നത് കൂടിയ മൂല്യനിർണയത്തിനു സഹായകരമാകും. ഇതിനൊക്കെ പുറമേ രാഷ്ട്രീയ, ഭൂമിശാസ്ത്രപരമായ സംഘർഷങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്നു എന്നതും കാണാതെവയ്യ. പക്ഷേ വിപണിയിൽ ഇത് കാര്യമായി പ്രതിഫലിച്ചിട്ടില്ല. ഇടത്തരം, ചെറുകിട ഓഹരികളിൽ ഇപ്പോൾ നടക്കുന്ന ഏകീകരണം ദീർഘകാല നിക്ഷേപകർക്ക് ഓഹരികൾ വാങ്ങിക്കൂട്ടാനുള്ള അവസരം കൂടിയാണു നൽകുന്നത്. ഹ്രസ്വകാലം മുതൽ ഇടക്കാലംവരെ വൻകിട ഓഹരികൾ ക്രിയാത്മകമായ പ്രവണത തുടരുകയും ഇടത്തരം, ചെറുകിട ഓഹരികൾ ചില പ്രത്യേക ഓഹരികളിലും മേഖലകളിലും ഒഴികെ ചാഞ്ചാട്ടത്തിനു വിധേയമായിക്കൊണ്ടിരിക്കുകയുംചെയ്യും. വിപണിയിൽ നല്ലപ്രകടനം നടത്തുന്നതിന്, അപകട സാധ്യത കുറഞ്ഞ പുതുകാല ബിസിനസ് വളർച്ചാ അവസരമുള്ള ഓഹരികളിൽ നിക്ഷേപിക്കുകയാണുവേണ്ടത്. പുതിയ സാമ്പത്തിക വ്യവസ്ഥയ്ക്കനുസരിച്ച് നവീന ബിസിനസ് മാതൃകകൾ സൂക്ഷിക്കുന്ന ടെക് കമ്പനികളും കരാറടിസ്ഥാനത്തിലുള്ള ആഗോള നിർമ്മാണ യൂണിറ്റുകളും മികച്ച അവസരമാണു വാഗ്ദാനം ചെയ്യുന്നത്. ലോകമെങ്ങും ആവശ്യക്കാരുള്ള കെമിക്കൽ, ഐടി, ഇലക്ട്രോണിക്, ഫാർമമേഖലകളിൽ കൂടിയ വളർച്ചാ സാധ്യതയുണ്ട്. മൂല്യ നിർണയം കൂടിയ വിപണിയിൽ ഗുണനിലവാരംനോക്കി ഓഹരികൾ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം. അപകടസാധ്യത കുറച്ച് പോർട്ഫോളിയോയെ ബലപ്പെടുത്താൻ അതിനുകഴിയും. ദീർഘകാലാടിസ്ഥാനത്തിൽ ബാങ്കിംഗ് മേഖല ഗുണകരമാണെങ്കിലും ദുർബ്ബലമായ ആസ്തി നിലവാരം സമീപകാല സാധ്യതകളെ ബാധിക്കുന്നുണ്ട്. ലോഹങ്ങൾ, പ്രധാന ഉൽപന്നങ്ങൾ, വാഹനമേഖല, അടിസ്ഥാന വികസനം തുടങ്ങിയ, നിയന്ത്രണങ്ങൾ അവസാനിക്കുന്നതിന്റെ ആനുകൂല്യം ഏറ്റവും കൂടുതൽ ലഭിക്കുന്ന മേഖലകളിലാണ് നിക്ഷേപിക്കേണ്ടത്. ഈ മേഖലകളിലും കടപ്പത്രങ്ങളിലും സ്വർണ ബോണ്ടുകളിലും നിക്ഷേപിക്കുന്നത് പോർട്ഫോളിയോ സന്തുലനത്തിനും ഗുണംചെയ്യും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3gOHMjo
via IFTTT

ചരിത്രം തിരുത്തി വീണ്ടും സെൻസെക്‌സ്: വ്യാപാരം ആരംഭിച്ചയുടനെ 57,000 കടന്നു

മുംബൈ: റെക്കോഡ് ഉയരങ്ങൾ കീഴടക്കി ഓഹരി സൂചികകൾ മുന്നേറുന്നു. ഇതാദ്യമായി സെൻസെക്സ് 57,000 കടന്നു. 127 പോയന്റാണ് സെൻസെക്സിലെ നേട്ടം. 57,017ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയാകട്ടെ 39 പോയന്റ് ഉയർന്ന് 16,970ലുമെത്തി. കഴിഞ്ഞ ഏഴുവ്യാപാര ദിനത്തിനിടെ ആറിലും മികച്ചനേട്ടത്തിലാണ് സൂചികകൾ ക്ലോസ്ചെയ്തത്. അടുത്തകാലത്തൊന്നും നിരക്കുകൾ ഉയർത്തേണ്ടെന്ന യുഎസ് ഫെഡ് റിസർവിന്റെ തീരുമാനമാണ് ആഗോളതലത്തിൽ വിപണികളെ ചലിപ്പിച്ചത്. എച്ച്സിഎൽ ടെക്, ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ടിസിഎസ്, ഏഷ്യൻ പെയിന്റ്സ്, പവർഗ്രിഡ് കോർപ്, ഡോ.റെഡ്ഡീസ് ലാബ്, സൺ ഫാർമ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എൽആൻഡ്ടി, ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, റിലയൻസ്, എസ്ബിഐ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഐടി സൂചിക ഒരുശതമാനത്തോളം ഉയർന്നു. എഫ്എംസിജി, ഫാർമ ഓഹരികളിലും നേട്ടം പ്രകടമാണ്. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിന്റെ പാതയിലാണ്.

from money rss https://bit.ly/3mKfIkX
via IFTTT

പി.എഫും ആധാറും ഇന്നുകൂടി ലിങ്ക് ചെയ്യാം

കൊച്ചി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്.) അക്കൗണ്ടിലെ യൂണിവേഴ്സൽ അക്കൗണ്ട് നമ്പറുമായി ആധാർ നമ്പർ ബന്ധിപ്പിക്കുന്നതിനുള്ള സമയം ഇന്ന് അവസാനിക്കും. സെപ്റ്റംബർ ഒന്നുമുതൽ ആധാർ നമ്പർ ബന്ധിപ്പിക്കാത്ത ഇ.പി.എഫ്. അക്കൗണ്ടുകളിലേക്ക് തൊഴിലുടമയ്ക്കോ ജീവനക്കാരനോ പണം നിക്ഷേപിക്കാനാകില്ല. മാത്രമല്ല, ജീവനക്കാർക്ക് പി.എഫ്. നിക്ഷേപം പിൻവലിക്കാനും സാധിക്കില്ല. ജീവനക്കാരുടെ പി.എഫ്. അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ കമ്പനികൾക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ.) നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ, മേയ് 30 വരെയായിരുന്നു ഇ.പി.എഫും ആധാറും ബന്ധിപ്പിക്കുന്നതിന് സമയം അനുവദിച്ചിരുന്നത്. പിന്നീടിത് ഓഗസ്റ്റ് 31 വരെ നീട്ടുകയായിരുന്നു. പി.എഫ്. ആനുകൂല്യങ്ങൾ തടസ്സങ്ങളില്ലാതെ ലഭിക്കുന്നതിനും അക്കൗണ്ട് ലളിതമായി കൈകാര്യം ചെയ്യുന്നതിനും ആധാറുമായി ബന്ധിപ്പിക്കേണ്ടതുണ്ടെന്നാണ് ഇ.പി.എഫ്.ഒ. അറിയിക്കുന്നത്. ഇ.പി.എഫ്.ഒ.യുടെ മെംബർ സേവ പോർട്ടൽ വഴിയോ ഇ-കെ.വൈ.സി. പോർട്ടൽ വഴിയോ ആധാറും യു.എ.എന്നും ബന്ധിപ്പിക്കാം. ലിങ്ക് ചെയ്യേണ്ടത് ഇങ്ങനെ * വെബ് സൈറ്റ് (epfindia.gov.in/eKYC/) സന്ദർശിക്കുക. * ലിങ്ക് യു.എ.എൻ. ആധാർ ഓപ്ഷൻ ക്ലിക് ചെയ്യുക. * യു.എ.എൻ. നൽകി രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് വരുന്ന ഒ.ടി.പി. വെരിഫൈ ചെയ്യുക. * ശേഷം ആധാർ വിവരങ്ങൾ നൽകി ആധാർ വെരിഫിക്കേഷൻ മോഡ് (മൊബൈൽ ഒ.ടി.പി. അല്ലെങ്കിൽ ഇ-മെയിൽ) സെലക്ട് ചെയ്യുക. * വീണ്ടും ഒരു ഒ.ടി.പി. ആധാർ രജിസ്ട്രേഡ് മൊബൈൽ നമ്പറിലേക്ക് വരും. ഇത് വെരിഫൈ ചെയ്ത് ലിങ്കിങ് നടപടി പൂർത്തിയാക്കാം.

from money rss https://bit.ly/2WyCqBY
via IFTTT

കല്യാൺ ജൂവലേഴ്‌സ്‌ 147-ാമത്‌ ഷോറൂം നാസിക്കിൽ തുടങ്ങി

നാസിക്ക്:ഇന്ത്യയിലെ മുൻനിര ആഭരണ കമ്പനികളിലൊന്നായ കല്യാൺ ജൂവലേഴ്സിന്റെ 147-ാമത് ഷോറൂം മഹാരാഷ്ട്രയിലെ നാസിക്കിൽ തുടങ്ങി. കല്യാൺ ജൂവലേഴ്സിന്റെ മഹാരാഷ്ട്രയിലെ പ്രാദേശിക ബ്രാൻഡ് അംബാസഡറായ പൂജ സാവന്ത് ഷോറൂം ഉദ്ഘാടനം ചെയ്തു. ന്യൂ പണ്ഡിറ്റ് കോളനിയിലെ ശരൺപുർ റോഡിലാണ് ഷോറൂം. കല്യാൺ ജൂവലേഴ്സിന്റെ മഹാരാഷ്ട്രയിലെ ഒൻപതാമത്തെയും നാസിക്കിലെ ആദ്യത്തെയും ഷോറൂമാണിത്. ജനപ്രീതിയാർജിച്ച കല്യാൺ ബ്രാൻഡുമായുള്ള ബന്ധം സന്തോഷകരമാണെന്ന് ഉപയോക്താക്കളുമായി നടത്തിയ മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയിൽ പൂജ സാവന്ത് പറഞ്ഞു. നാസിക്കിലെ ആദ്യത്തെ ഷോറൂം തുറക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ഏറ്റവും മികച്ച ഷോപ്പിങ് അനുഭവം ഉറപ്പാക്കുന്നതിനും ഉപയോക്താക്കളുടെയും സമൂഹത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ശുചിത്വപൂർണമായ അന്തരീക്ഷമാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് -19 മാർഗനിർദേശങ്ങൾ അനുസരിച്ചുള്ള സുരക്ഷയും മുൻകരുതലും എല്ലാ ഷോറൂമുകളിലുമുണ്ട്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഉപയോക്താക്കൾക്ക് പരമാവധി മൂല്യം ഉറപ്പുനൽകുന്നതിനായി ഡയമണ്ട് ആഭരണങ്ങൾക്ക് 25 ശതമാനം ഇളവും പണിക്കൂലിയിൽ 25 ശതമാനം വരെ ഇളവും നൽകും. അൺകട്ട്, പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങൾ വാങ്ങുമ്പോൾ 20 ശതമാനം വരെ ഇളവും നൽകും. ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫറും പ്രയോജനപ്പെടുത്താം. ആകെ തുകയുടെ പത്ത് ശതമാനം മുൻകൂട്ടി അടച്ച് നിലവിലുള്ള വിപണിനിരക്കിൽ ആഭരണങ്ങൾ ബുക്ക് ചെയ്യാം. വാങ്ങുമ്പോൾ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കിൽ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക. നവവധുക്കൾക്കായുള്ള ആഭരണങ്ങളായ മുഹൂർത്ത്, പോൾക്കി ആഭരണങ്ങളുടെ തേജസ്വി, കരവിരുതാൽ തീർത്ത ആന്റീക് ആഭരണങ്ങളായ മുദ്ര, ടെംപിൾ ജൂവലറിയായ നിമാഹ്, നൃത്തംചെയ്യുന്ന ഡയമണ്ടുകൾ അടങ്ങിയ ഗ്ലോ, സോളിറ്റയർ പോലെയുള്ള ഡയമണ്ട് ആഭരണങ്ങളായ സിയ എന്നിവയെല്ലാം ഷോറൂമിലുണ്ട്.

from money rss https://bit.ly/3ywoh58
via IFTTT

കുതിപ്പിൽ വിപണി: നിഫ്റ്റി 17,000ലേക്ക്, സെൻസെക്‌സ് 765 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: എക്കാലത്തെയും ഉയരംകുറിച്ച് ഓഹരി സൂചികകൾ ജൈത്രയാത്ര തുടരുന്നു. സെൻസെക്സ് 765.04 പോയന്റ് നേട്ടത്തിൽ 56,889.76ലും നിഫ്റ്റി 225.80 പോയന്റ് ഉയർന്ന് 16,931ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിലെനേട്ടമാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. വ്യാപാരദനത്തിലുടനീളം സൂചികകൾ കുതിപ്പ് നിലനിർത്തി. യുഎസ് ഫെഡ് റിസർവ് മേധാവിയുടെ പ്രഖ്യാപനമാണ് ആഴ്ചകളായി നിലനിന്ന ആശങ്കക്ക് വിരാമമിട്ടത്. വാക്സിനേഷൻ വ്യാപകമായതോടെ പ്രതീക്ഷിച്ചതിലും വേഗത്തിൽ സമ്പദ്ഘടനക്ക് തിരിച്ചുവരാൻ കഴിയുമെന്ന നീതി ആയോഗ് വൈസ് ചെയർമാന്റെ പ്രസ്താവനയും വിപണിക്ക് ആത്മവിശ്വാസംനൽകി. ഭാരതി എയർടെൽ, ഡിവീസ് ലാബ്, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടെക് മഹീന്ദ്ര, ഐഷർ മോട്ടോഴ്സ്, നെസ് ലെ, ഇൻഫോസിസ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. മെറ്റൽ, ഫാർമ, പൊതുമേഖല ബാങ്ക് തുടങ്ങിയ സൂചികകൾ രണ്ടുശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1.5ശതമാനം നേട്ടമുണ്ടാക്കി.

from money rss https://bit.ly/3sWccoJ
via IFTTT

കോവിഡ്: ഇറക്കുമതി തീരുവയിലെ ഇളവ് സെപ്റ്റംബർ 30വരെ നീട്ടി

ന്യൂഡൽഹി: കോവിഡുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ഇറക്കുമതി തീരുവുയും ഹെൽത്ത് സെസും ഒഴിവാക്കിയത് സെപ്റ്റംബർ 30വരെ നീട്ടി. ഓഗസ്റ്റ് 31വരെയായിരുന്നു നേരത്തെ ഇളവ് അനുവദിച്ചിരുന്നത്. കോവിഡ് വാക്സിൻ, ഓക്സിജൻ ഉത്പാദിപ്പിക്കുന്ന ഉപകരണങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതി തീരുവയിലെ ഇളവ് കാലാവധി രണ്ടാംതവണയാണ് നീട്ടുന്നത്. രാജ്യത്ത് പലയിടത്തും കോവഡ് വ്യാപനതോത് ഉയർന്നുനിൽക്കുന്നതിനാൽ പൊതുതാൽപര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ധനമന്ത്രാലയം അറിയിച്ചു. കോവിഡിന്റെ രണ്ടാംതരംഗം രാജ്യത്ത് നിരവധി ജീവനുകൾ കവരുകയും ഓക്സിജൻ ലഭ്യതയെ ബാധിക്കുകയുംചെയ്ത സാഹചര്യത്തിലാണ് തീരുവയിൽ ഇളവ് പ്രഖ്യാപിച്ചത്. മെഡിക്കൽ ഗ്രേഡ് ഓക്സിജൻ, ഓക്സിജൻ കോൺസൻട്രേറ്റുകൾ, ജനറേറ്റർ, വെന്റിലേറ്റർ തുടങ്ങിയവയുടെഇറക്കുമതിക്കായിരുന്നുഇളവ് നൽകിയത്.

from money rss https://bit.ly/3jsJN6t
via IFTTT

അവകാശ ഓഹരി വില്പനയിലൂടെ ഭാരതി എയർ ടെൽ 21,000 കോടി സമാഹരിക്കും

രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാവായ ഭാരതി എയർടെൽ അവകാശ ഓഹരി വില്പനയിലൂടെ 21,000 കോടി രൂപ സമാഹരിക്കും. 535 രൂപ നിരക്കിൽ 1ഃ14 അനുപാതത്തിലായിരിക്കും ഓഹരി അനുവദിക്കുക. അതായത് ഭാരതി എയർടെലിന്റെ 14 ഓഹരികൾ ഉള്ളവർക്ക് ഒരു ഓഹരി വാങ്ങാൻ അനുമതി ലഭിക്കും. 25 ശതമാനം തുകയാണ് അപേക്ഷക്കൊപ്പം നൽകേണ്ടത്. ബാക്കിയുള്ളതുക രണ്ടോ മൂന്നോ ഘട്ടങ്ങളായി 36 മാസത്തിനുള്ളിലായിരിക്കും സ്വീകരിക്കുക. സ്ഥാപക ചെയർമാൻ സുനിൽ മിത്തലും മറ്റ് ഉന്നതരും ഓഹരി വാങ്ങും. എജിആർ കുടിശ്ശിക അടക്കുക, നെറ്റ് വർക്ക് വിപുലൂകരിക്കുക, 5 ജി സേവനം ആരംഭിക്കുക എന്നിവക്കായിരിക്കും സമാഹരിക്കുന്ന പണം വിനിയോഗിക്കുക. റിലയൻസ് ജിയോയുമായി മത്സരിക്കാൻ പുതിയ നീക്കങ്ങൾ അനിവാര്യമാണെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. അതേസമയം, അവകാശ ഓഹരി വില്പനയിലൂടെ സമാഹരിക്കുന്ന പണം വിനിയോഗിക്കുന്നതിനെക്കുറിച്ച് കമ്പനി പരാമർശിച്ചിട്ടില്ല. അവകാശ ഓഹരി വില്പന തീരുമാനം പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരി വില 609 നിലവാരത്തിലെത്തി. നിലവിൽ കമ്പനിയിലെ പ്രൊമോട്ടർമാർക്ക് 55.86ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. അവകാശ ഓഹരി ഓരോ ഓഹരിയുടമയ്ക്കും നിലവിലുള്ള ഓഹരികളുടെ എണ്ണത്തിന് ആനുപാതികമായി അനുവദിക്കുന്നതാണ് അവകാശ ഓഹരി(റൈറ്റസ് ഇഷ്യു). ഉദാഹരണത്തിന് റൈറ്റ്സ് ഇഷ്യു അനുപാതം 1:1 എന്നു പറയുന്നപക്ഷം നിലവിലുള്ള ഒരു ഓഹരിക്ക് ഒരു ഓഹരികൂടി അവകാശമായി ലഭിക്കുമെന്ന് സാരം. റൈറ്റ്സ് മുഖവിലയ്ക്കോ പ്രീമിയത്തിലോ ലഭിക്കാം. പ്രീമിയത്തിലാണെങ്കിൽകൂടി, നിലവിലുള്ള മാർക്കറ്റ് വിലയിൽ നിന്നും താഴ്ന്ന വിലയായിരിക്കും ഓഫർ പ്രൈസ്. ഈ ഉദാഹരണത്തിലെ ഓഹരിയുടെ റൈറ്റ്സ് ഇഷ്യു 80 രൂപയ്ക്കാണെന്നിരിക്കട്ടെ ഇവിടെ 70 രൂപ പ്രീമിയത്തിൽ ഇഷ്യു ചെയ്യപ്പെടുന്ന ഈ ഓഹരി നിലവിലുള്ള മാർക്കറ്റ് വിലയായ 100 രൂപയിൽ നിന്നും 20 രൂപ താഴ്ത്തിയാണ് നൽകപ്പെടുന്നത്. അതിനാൽ ഇതും ഓഹരിയുടമകൾക്ക് ലഭിക്കുന്ന മെച്ചം തന്നെ.

from money rss https://bit.ly/2WBxgEU
via IFTTT

Sunday, 29 August 2021

നിയോലിബറലിസത്തിന്റെ മൂന്നുപതിറ്റാണ്ട്

ഇന്ത്യയിൽ നിയോലിബറൽ പരിഷ്കാരങ്ങൾ ആരംഭിച്ചിട്ട് മൂന്നുപതിറ്റാണ്ട് പിന്നിടുകയാണ്. കോൺഗ്രസും ബി.ജെ.പി.യും മാത്രമല്ല, പ്രാദേശികപാർട്ടികൾപോലും ഇന്ന് നിയോലിബറലിസത്തിന്റെ വക്താക്കളായി മാറിയിട്ടുണ്ട്. ഇടതുപക്ഷംമാത്രമാണ് അന്നും ഇന്നും നിയോലിബറൽ പരിഷ്കാരങ്ങളുടെ വിമർശകരായുള്ളത്. നിയോലിബറൽ വാദക്കാരുടെ തുറുപ്പുചീട്ട് പരിഷ്കാരങ്ങൾ ഇന്ത്യയിലെ സാമ്പത്തികവളർച്ചയിൽ സൃഷ്ടിച്ച കുതിപ്പാണ്. ചൈനയ്ക്കുപിന്നിലാണെങ്കിലും ഇന്ത്യയാണ് ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യങ്ങളിലൊന്ന്. കോവിഡുകാലത്തും നടപ്പുവർഷത്തിൽ ഇന്ത്യൻ സമ്പദ്ഘടന കഴിഞ്ഞ വർഷത്തെ തകർച്ചയിൽനിന്ന് 9.5 ശതമാനം ഉയരുമെന്നാണ് ഐ.എം.എഫ്. കണക്കാക്കിയിട്ടുള്ളത്. സാമ്പത്തികവളർച്ച ഒരുകാലത്ത് ഇന്ത്യയുടെ മന്ദഗതിയിലുള്ള സാമ്പത്തികവളർച്ചയെ പരിഹസിച്ച് പ്രൊഫ. രാജ്കൃഷ്ണയെപ്പോലുള്ളവർ വിളിച്ചത് ഹിന്ദു വളർച്ചനിരക്ക് എന്നാണ്. അങ്ങനെ സ്വാതന്ത്ര്യപ്രാപ്തിമുതൽ '70-കളുടെ അവസാനംവരെ 3.6 ശതമാനനിരക്കിൽ വളർന്ന ഇന്ത്യ പരിഷ്കാരങ്ങൾ തുടങ്ങിയശേഷം 7.6 ശതമാനം ശരാശരി വളർന്നിട്ടുണ്ട്. 2000-ങ്ങളിലാണ് വളർച്ച ഉച്ചസ്ഥായിയിലെത്തിയത്-11 ശതമാനം. ഒരു ശതമാനംെവച്ച് സമ്പദ്ഘടന വളർന്നുകൊണ്ടിരുന്ന കൊളോണിയൽ കാലഘട്ടത്തെ അപേക്ഷിച്ച് സ്വാതന്ത്ര്യാനന്തരകാലത്തുണ്ടായ 3.6 ശതമാനം വളർച്ച വലിയ കുതിപ്പായിരുന്നു. '80-കളിൽ അത് 5.6 ശതമാനമായി ഉയർന്നു. ഇവിടെ നിന്നാണ് 7.6 ശതമാനത്തിലേക്ക് കഴിഞ്ഞ മൂന്നുപതിറ്റാണ്ടിൽ സാമ്പത്തികവളർച്ച ഉയർന്നത്. തൊഴിൽ മുരടിപ്പ് സാമ്പത്തികവളർച്ച ഉയർന്നു. പക്ഷേ, തൊഴിലവസരങ്ങൾ വർധിച്ചില്ല. 1980-'81 മുതൽ 1990-'91 വരെയുള്ള പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനുമുമ്പുള്ള പതിറ്റാണ്ടിൽ തൊഴിലവസരങ്ങൾ പ്രതിവർഷം 2.02 ശതമാനംവീതം വളർന്നു. ഇത് ഏതാണ്ട് ജനസംഖ്യാവർധനയ്ക്കൊപ്പം വരും. എന്നാൽ, പരിഷ്കാരത്തിന്റെ ആദ്യ പതിറ്റാണ്ടായ 1991-'92/1999-'2000 കാലത്ത് തൊഴിലവസരവർധന പ്രതിവർഷം 1.54 ശതമാനമായി ചുരുങ്ങി. 1999-'2000/2009-'10 കാലയളവിൽ ഇതുവീണ്ടും 1.47 ശതമാനമായി കുറഞ്ഞു. 2010-നുശേഷം തൊഴിലവസരങ്ങൾ പൂർവസ്ഥിതിയിലേക്ക് ഉയർന്നില്ല എന്നു മാത്രമല്ല, പുതിയ തൊഴിലവസരങ്ങൾ ഏതാണ്ട് ഇല്ലാതാകുന്ന അവസ്ഥവന്നു. കോവിഡ് കാലത്തെ നമ്മൾ പരിഗണിക്കുന്നില്ല. എന്നാൽപ്പോലും 2009-'10 മുതൽ 2017-'18 വരെയുള്ള കാലമെടുത്താൽ ദേശീയ തൊഴിലവസരവർധന നാമമാത്രമായിരുന്നു-പ്രതിവർഷം 0.03 ശതമാനംവീതം. നിയോലിബറൽ നയങ്ങൾ എത്തിച്ചേർന്നിരിക്കുന്നത് തൊഴിൽരഹിത വളർച്ചയിലേക്കാണ്. സ്വത്തിലെ അസമത്വം ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ഒരു ശതമാനത്തിന്റെ സ്വത്തുവിഹിതം 1961-നും 1981-നും ഇടയ്ക്ക് ഏതാണ്ട് 12 ശതമാനമായി വലിയ മാറ്റമില്ലാതെ തുടരുകയായിരുന്നു. തുടർന്നുള്ള കാലഘട്ടത്തിൽ അത് അനുക്രമമായി വർധിച്ചു. 2020 ആയപ്പോഴേക്കും 42.5 ശതമാനമായി. ഏറ്റവും മുകൾത്തട്ടിലുള്ള 10 ശതമാനം കുടുംബങ്ങളുടെ സ്വത്തുവിഹിതമെടുത്താൽ 1961-നും 1981-നും ഇടയ്ക്ക് ഏതാണ്ട് 43-45 ശതമാനമായിരുന്നത് പിന്നീടുള്ള കാലയളവിൽ അനുക്രമമായി വർധിച്ച് 74.3 ശതമാനമായി ഉയർന്നു. ഇതിന്റെ നേർവിപരീതമാണ് ഏറ്റവും താഴേക്കിടയിലുള്ള 50 ശതമാനം കുടുംബങ്ങളുടെ സ്വത്തുവിഹിതം. 1961-ൽ 12.3 ശതമാനം ഉണ്ടായിരുന്നത് പതുക്കെ കുറഞ്ഞ് 1981-ൽ 10.9 ശതമാനമായി. പിന്നെ ഇടിവിന്റെ വേഗംകൂടി. 2020-ൽ 2.8 ശതമാനമായി കുറഞ്ഞു. ഏതാണ്ട് 45 ശതമാനമുണ്ടായിരുന്ന ഇവരുടെ സ്വത്തുവിഹിതം ഇപ്പോൾ 22.9 ശതമാനം മാത്രമാണ്. വരുമാനത്തിലെ അസമത്വം 1961-ൽ ഏറ്റവും പണക്കാരായ ഒരു ശതമാനം കുടുംബങ്ങളുടെ വരുമാനവിഹിതം 13 ശതമാനമായിരുന്നു. 1981 ആയപ്പോഴേക്കും അത് 6.9 ശതമാനമായി താഴ്ന്നു. എന്നാൽ, നിയോലിബറൽ കാലഘട്ടത്തിൽ തുടർച്ചയായ വർധനയാണ് കാണുന്നത്. 2020-ൽ അത് 21.7 ശതമാനമായി. ഏറ്റവും പണക്കാരായ 10 ശതമാനം കുടുംബങ്ങളുടെ വരുമാനവിഹിതം 1961-ൽ 37.2 ശതമാനം 1981-ൽ 30.7 ആയി കുറഞ്ഞു. എന്നാൽ, നിയോലിബറൽ കാലഘട്ടത്തിൽ ഇതുവർധിച്ച് 2020-ൽ 56.1 ശതമാനമായി. ഇതിന് നേർവിപരീതമാണ് പാവപ്പെട്ടവരുടെ ഗതി. ഏറ്റവും പാവപ്പെട്ട 50 ശതമാനം കുടുംബങ്ങളുടെ വരുമാനവിഹിതം 1961-'81 കാലത്ത് 21.2 ശതമാനത്തിൽനിന്ന് 23.5 ശതമാനമായി ഉയർന്നു. എന്നാൽ, നിയോലിബറൽ കാലഘട്ടത്തിൽ ഇത് തുടർച്ചയായി കുറഞ്ഞ് 2020-ൽ 14.7 ശതമാനമായി. ഇടത്തരം കുടുംബങ്ങളുടെ വിഹിതം ആഗോളീകരണത്തിനുമുമ്പ് വർധിച്ചുവെങ്കിൽ, 1981-നും 2020-ത്തിനും ഇടയിൽ 47.1 ശതമാനത്തിൽനിന്ന് 29.7 ശതമാനമായി കുറഞ്ഞു. സ്വകാര്യവത്കരണം 1990-'91 വരെ രാജ്യത്തിന്റെ സമ്പാദ്യം നിക്ഷേപിച്ചുവളർത്തിയ പൊതുമേഖലയുടെ വിൽപ്പന നിയോലിബറൽ കാലഘട്ടത്തിൽ കേന്ദ്രസർക്കാരിന്റെ വരുമാനമാർഗമായി മാറി. കഴിഞ്ഞ മൂന്നുപതിറ്റാണ്ടിനിടയിൽ പൊതുമേഖലാ സ്വകാര്യവത്കരണത്തിലൂടെ കേന്ദ്രബജറ്റ് സമാഹരിച്ച തുക മൊത്തം 4.83 ലക്ഷംകോടി രൂപവരും. ഇത് 2019-ലെ സ്ഥിരവില അടിസ്ഥാനത്തിൽ കണക്കാക്കുകയാണെങ്കിൽ 6.73 ലക്ഷം കോടിരൂപ വരും. ആദ്യദശകത്തിൽ 18,480 കോടി രൂപയുടെ ഓഹരി വിൽപ്പനയാണ് ഉണ്ടായതെങ്കിൽ കഴിഞ്ഞ ദശകത്തിൽ 58,488 കോടി രൂപയായി. മൂന്നാംദശകത്തിൽ 4,05,731 കോടി രൂപയായി ഉയർന്നു. ഇനിയിപ്പോൾ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപ്പനയിൽനിന്ന് പൊതുപശ്ചാത്തലസൗകര്യങ്ങളുടെ വിൽപ്പനയിലേക്ക് കേന്ദ്രസർക്കാർ നീങ്ങിയിരിക്കയാണ്. താമസിയാതെ ഭൂമിയും നദിയും പർവതങ്ങളും വനവുമെല്ലാം ഇതേപാതയിലൂടെ സ്വകാര്യകരങ്ങളിലെത്താം. ഫെഡറലിസം നിയോലിബറൽ കാലഘട്ടം കേന്ദ്രീകരണത്തിന്റെകൂടി കാലമാണ്. ഇന്ത്യൻ ഫെഡറൽ സംവിധാനത്തിന് ഇത്രയേറെ തിരിച്ചടിയുണ്ടായിട്ടുള്ള മറ്റൊരു സന്ദർഭമില്ല. സംസ്ഥാനങ്ങളുടെ സാമ്പത്തികയിടം തുടർച്ചയായി ഞെരുക്കപ്പെടുന്നു. ധനഉത്തരവാദിത്വനിയമം ചെലവിനുമേലും ജി.എസ്.ടി വരുമാനത്തിനുമേലും കൂച്ചുവിലങ്ങിട്ടു. കേന്ദ്രവായ്പകൾ നിബന്ധനകൾക്കുവിധേയമായി. സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ട നികുതികൾക്കുപകരം കൂടുതൽ സെസുകളും പ്രത്യേക നികുതികളും ചുമത്തപ്പെടുന്നു. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ഗ്രാമവികസനം തുടങ്ങിയ മേഖലകളുടെ സംസ്ഥാന അവകാശങ്ങൾ കവരുന്നതാണ് പുതിയ കാർഷികനിയമങ്ങളും ദേശീയ വിദ്യാഭ്യാസനയവും പുതിയ കേന്ദ്രാവിഷ്കൃത പദ്ധതികളും. സഹകരണമേഖലയിലേക്കുകൂടി കേന്ദ്രം കൈവെക്കുകയാണ്. കശ്മീരിന്റെ ശിഥിലീകരണത്തിനുശേഷം ഇപ്പോൾ ലക്ഷദ്വീപ് കോർപ്പറേറ്റുകൾക്ക് പങ്കുവെക്കാനുള്ള പദ്ധതി ഒരുങ്ങുകയാണ്. ആഗോളസൂചകങ്ങൾ യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം (യു.എൻ.ഡി.പി.) വർഷംതോറും പ്രസിദ്ധീകരിക്കുന്ന മാനവവിഭവ വികസന സൂചികയിൽ 1990-ൽ ഇന്ത്യയുടെ റാങ്ക് 114 ആയിരുന്നു. 2019-ൽ ഇന്ത്യയുടെ റാങ്ക് 131 ആയി. മറ്റൊന്ന്, ലോക പട്ടിണിസൂചികയാണ്. 1990-ൽ ഇന്ത്യയുടെ റാങ്ക് 55 ആയിരുന്നു. 2017-ൽ അത് 100 ആയി താഴ്ന്നു. പട്ടിണിക്ക് കുപ്രസിദ്ധിയാർജിച്ച പല ആഫ്രിക്കൻ രാജ്യങ്ങളുടെയുംനില ഇന്ത്യയെക്കാൾ മെച്ചമാണ്. പെരുകുന്ന ദാരിദ്ര്യം അസമത്വത്തിന്റെ കണക്കുകൾ വിമർശകർ വെക്കുമ്പോൾ മറുഭാഗം ചൂണ്ടിക്കാണിക്കുക ദാരിദ്ര്യം ഇടിഞ്ഞുവെന്നുള്ളതാണ്. മുമ്പ് ഒരാൾക്ക് പ്രതിദിനം 2200 കലോറിയും നഗരങ്ങളിൽ 2100 കലോറിയും പോഷകാഹാരം ലഭിക്കാനുള്ള വരുമാനം ഇല്ലാത്തവരെയാണ് ദരിദ്രരായി കണക്കാക്കിയിരുന്നത്. 1993-'94-ൽ ഗ്രാമീണ മേഖലയിൽ 58 ശതമാനവും നഗരത്തിൽ 57 ശതമാനവുമായിരുന്നു ദരിദ്രർ. ഇതേമാനദണ്ഡംെവച്ചാൽ 2011-'12-ൽ ഇത് യഥാക്രമം 68, 65 ശതമാനംവീതമായിരുന്നു. ദാരിദ്ര്യം കുറഞ്ഞുവെന്ന കണക്കുകൾ നിർവചനത്തിൽ മാറ്റംവരുത്തിയെന്നതിന്റെ അടിസ്ഥാനത്തിലാണ് എത്തിച്ചേർന്നിട്ടുള്ളത്. പോഷകാഹാരമാനദണ്ഡം ഉപേക്ഷിച്ച് കേവലം നിശ്ചിതവരുമാനത്തിൽതാഴെയുള്ളവരെ ദരിദ്രരായി കണക്കാക്കുന്ന രീതിയാണ് ഇപ്പോൾ അവലംബിക്കുന്നത്. പുതുക്കിയ കണക്ക് എഴുത്തുരീതിപോലും മോദി ഭരണത്തിൻകീഴിൽ 2011-'12-ൽ 21.9 ശതമാനമായിരുന്ന ദരിദ്രർ 2019-20 ആയപ്പോൾ 25.9 ശതമാനമായി ഉയർന്നു.

from money rss https://bit.ly/38lpem4
via IFTTT

പുതിയ ഉയരംകുറിച്ച് വിപണി: സെൻസെക്‌സ് 56,400ഉം നിഫ്റ്റി 16,800ഉം കടന്നു

മുംബൈ: ആഗോള വിപണികളിലെ മുന്നേറ്റം രാജ്യത്തെ സൂചികകളും നേട്ടമാക്കി. എക്കാലത്തെയും റെക്കോഡ് തിരുത്തി വിപണി കുതിച്ചു. നിഫ്റ്റി 16,800ന് മുകളിലെത്തി. സെൻസെക്സ് 321 പോയന്റ് നേട്ടത്തിൽ 56,446ലും നിഫ്റ്റി 103 പോയന്റ് ഉയർന്ന് 16,808ലുമാണ് വ്യാപാരം ആരംഭിച്ചത്. യുഎസ് ഫെഡ് റിസർവിന്റെ പലിശ നിരക്ക് വർധന സംബന്ധിച്ച തീരുമാനം നീട്ടിയതാണ് വിപണിക്ക് കരുത്തായത്. ഇതുസംബന്ധിച്ച് ഫെഡ് റിസർവ് ചെയർമാൻ ജെറോം പവലിന്റെ വെള്ളിയാഴ്ചയാണ് പ്രഖ്യാപനം നടത്തിയത്. ടൈറ്റാൻ, ടാറ്റ സ്റ്റീൽ, മാരുതി സുസുകി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഭാരതി എയർടെൽ, ബജാജ് ഫിൻസർവ്, എൽആഡ്ടി, ഏഷ്യൻ പെയിന്റ്സ്, റിലയൻസ്, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. മെറ്റൽ, റിയാൽറ്റി, പവർ, ഓട്ടോ സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിൽ 0.5ശതമാനം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. Indices hit new record; Sensex tops 56,400, Nifty above 16,800.

from money rss https://bit.ly/3sZFVwJ
via IFTTT

ഉയർന്ന പണപ്പെരുപ്പവും ഉയരാത്ത വളർച്ചയും വെല്ലുവിളി

കോവിഡ് സൃഷ്ടിച്ച പ്രത്യാഘാതത്തിൽനിന്ന് സമ്പദ് വ്യവസ്ഥയെ കരകയറ്റാൻ ഒന്നര വർഷത്തോളമായി റിസർവ് ബാങ്ക് പണ-വായ്പാ നയത്തിലൂടെ നടപടികളെടുത്തു വരുന്നു. കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പണ-വായ്പാ നയത്തിലുള്ള വെല്ലുവിളികളെക്കുറിച്ചും പലിശ നിരക്കുകളിലെ മാറ്റത്തിനുള്ള സാധ്യതകളെക്കുറിച്ചും ആർ.ബി.ഐ.യിലെ പണ-വായ്പാ സമിതിയിലെ പുറത്തുനിന്നുള്ള അംഗവും അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രൊഫസറും മലയാളിയുമായ പ്രൊഫ. ജയന്ത് ആർ. വർമ 'മാതൃഭൂമി'യോട് സംസാരിക്കുന്നു. നിലവിൽ സമ്പദ് വ്യവസ്ഥയുടെ സ്ഥിതി വിശദമാക്കുമോ കോവിഡ് അസാധാരണ സാഹചര്യമാണ് സമ്പദ് വ്യവസ്ഥയിൽ ഉണ്ടാക്കിയിട്ടുള്ളത്. വിവിധ മേഖലകളെ പല രീതിയിലാണ് ബാധിച്ചിരിക്കുന്നത്. ഉയർന്നുനിൽക്കുന്ന പണപ്പെരുപ്പം വലിയ വെല്ലുവിളിയാണ്. സാമ്പത്തിക വളർച്ച വേണ്ടത്ര വേഗം കൈവരിച്ചിട്ടുമില്ല. രണ്ടും സമ്പദ് വ്യവസ്ഥയിൽ കൊണ്ടുവരുന്ന അനിശ്ചിതത്വം വലുതാണ്. ഈ സാഹചര്യത്തിൽ കാര്യങ്ങൾ കുറച്ചുകൂടി മെച്ചപ്പെടുന്നതുവരെ കാത്തിരിക്കേണ്ടതുണ്ട്. പണപ്പെരുപ്പം കുറയാതിരിക്കുകയും വളർച്ച കൂടുതൽ വേഗം കൈവരിക്കാതിരിക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന വെല്ലുവിളി മുൻകൂട്ടി കണ്ടുവേണം തീരുമാനങ്ങൾ. ഇതിൽ ഏതെങ്കിലും ഒന്നിനെ മാത്രം നോക്കി തീരുമാനമെടുത്താൽ അത് രണ്ടാമത്തേതിന് തിരിച്ചടിയാകും. സാമ്പത്തിക വളർച്ചയ്ക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുമ്പോൾ വിലപ്പെരുപ്പമുണ്ടാകും. തിരിച്ച് പണപ്പെരുപ്പം നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ സാമ്പത്തിക വളർച്ച മുരടിക്കും. രണ്ടും സന്തുലിതമായി കൊണ്ടുപോകേണ്ടതുണ്ട്. കോവിഡ് രണ്ടാം തരംഗം എങ്ങനെ ബാധിച്ചു പണപ്പെരുപ്പവും വളർച്ചാ നിരക്കും തമ്മിലുള്ള സന്തുലനാവസ്ഥയിൽ കോവിഡ് രണ്ടാം തരംഗം മാറ്റങ്ങളുണ്ടാക്കി. പണപ്പെരുപ്പം സ്വീകാര്യമായ ഉയർന്ന നിലവാരത്തിനടുത്താണ്. അഞ്ചു ശതമാനത്തിനു മുകളിൽ പണപ്പെരുപ്പം കൂടുതൽ കാലം നിന്നാൽ തമസ്കരിക്കാൻ ബുദ്ധിമുട്ടാണ്. ഒന്നോ രണ്ടോ പാദത്തിലിത് പ്രശ്നമാകില്ല. രണ്ടു വർഷത്തോളം തുടർന്നാൽ അത് സമ്പദ് വ്യവസ്ഥയിൽ വലിയ മാറ്റങ്ങളുണ്ടാക്കും. വ്യവസായ ലോകം അതിനോട് താദാത്മ്യം പ്രാപിച്ച് പ്രതിരോധിച്ച് നിൽക്കും. പക്ഷേ, ഉപഭോക്താക്കൾക്ക് ഇതുമൂലമുണ്ടാകുന്ന വിലവർധന താങ്ങാൻ ബുദ്ധിമുട്ടാകും. പ്രത്യേകിച്ചും കോവിഡ് അവരുടെ വരുമാനത്തെ വളരെയധികം ബാധിച്ച സാഹചര്യത്തിൽ. അതുകൊണ്ടാണ് പണപ്പെരുപ്പത്തിന് അൽപ്പം കൂടി പ്രാധാന്യം നൽകണമെന്ന് പണ-വായ്പാ നയ യോഗത്തിൽ ആവശ്യപ്പെട്ടത്. അടുത്ത പണനയത്തിൽ റിപോ,റിവേഴ്സ് റിപോ നിരക്കുകളിൽ മാറ്റം പ്രതീക്ഷിക്കേണ്ടതുണ്ടോ പണ-വായ്പാ സമിതിയിൽ ഒരാളുടെ അഭിപ്രായമനുസരിച്ചല്ല തീരുമാനങ്ങൾ. ആറംഗങ്ങളിൽ ഭൂരിപക്ഷ അഭിപ്രായത്തിനാണ് പ്രാധാന്യം. ഓരോരുത്തരുടേതും സ്വതന്ത്ര കാഴ്ചപ്പാടാണ്. പണപ്പെരുപ്പം ഉയരുന്ന സാഹചര്യം മുൻനിർത്തിയാണ് ഇത്തവണ ഞാൻ വിയോജിപ്പു രേഖപ്പെടുത്തിയത്. അടുത്ത പണ-വായ്പാ നയ യോഗം വരുമ്പോഴേക്കും സ്ഥിതി മാറാം. ഓരോ ആഴ്ചയും പുതിയ ഡേറ്റ എത്തുന്നു. ഇതു പരിഗണിച്ചാണ് അഭിപ്രായങ്ങൾ വരിക. മൂന്നോ നാലോ അംഗങ്ങൾക്ക് ഇപ്പോഴത്തെ അഭിപ്രായം മാറിയാൽ മാത്രമേ മാറ്റങ്ങളുണ്ടാകൂ. നിലവിൽ റിപോ നിരക്ക് നാലു ശതമാനവും റിവേഴ്സ് റിപോ നിരക്ക് 3.35 ശതമാനവുമാണ്. റിവേഴ്സ് റിപോ നിരക്ക് നാലു ശതമാനത്തോട് അടുപ്പിക്കാനായിരുന്നു എന്റെ ശുപാർശ. റിപോ നിരക്ക് കുറച്ചുകാലം കൂടി നാലു ശതമാനത്തിൽ തുടർന്നേക്കും. പക്ഷേ മാറ്റങ്ങൾ എപ്പോൾ വേണമെന്നത് സമ്പദ് വ്യവസ്ഥയിലെ ചലനങ്ങൾ നോക്കിയാകും തീരുമാനിക്കുക. വിപണിയിൽ പലിശ നിരക്ക് ഏറെ താഴെയാണ്. നിരക്കു വർധിപ്പി ച്ചാൽ അത് എത്തരത്തിലാകും പ്രവർത്തിക്കുക പണപ്പെരുപ്പം കുറയ്ക്കുന്നതിന് അടിസ്ഥാന നിരക്കുകൾ ഉയർത്തിയാൽ അത് വളർച്ചയെ ബാധിക്കും. വളർച്ച കൂട്ടാൻ നിരക്ക് കുറച്ചു നിർത്തുമ്പോൾ പണപ്പെരുപ്പം ഉയരുന്നു. ഇന്നത്തെ പ്രതിസന്ധി ഇതാണ്. രണ്ടും സമ്പദ് വ്യവസ്ഥയ്ക്ക് നല്ലതല്ല. അതുകൊണ്ട് ഇവയെ സന്തുലിതമായി നിലനിർത്തുന്നതാണ് വലിയ വെല്ലുവിളി. പലിശ നിരക്ക് കുറഞ്ഞുനിന്നിട്ടുംഉപഭോഗം കൂടുന്നില്ല, അപ്പോൾ പലിശ കൂട്ടുന്നത് നന്നാകുമോ പല മേഖലയിലും ഉപഭോഗം കുറവാണ്. ചിലതിൽ കൂടുതലും. ഇതിന് ഏകീകൃത രീതിയില്ല. വാഹന മേഖലയെടുത്താൽ എസ്.യു.വി.കളുടെ വില്പന ഉയർന്നു. ചെറു കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും സ്ഥിതി തിരിച്ചാണ്. എസ്.യു.വി. വില്പന ഉയർന്നു നിൽക്കുന്നതു ചൂണ്ടിക്കാട്ടി സമ്പദ് വ്യവസ്ഥ നേരായ ദിശയിലാണെന്നു പറയാനാകില്ല. ഇവയുടെ ഉപഭോഗം സമൂഹത്തിൽ ഏതെല്ലാം വിഭാഗത്തെ ആശ്രയിച്ചാണെന്നതാണ് പരിഗണിക്കേണ്ടത്. ആർക്കൊക്കെയാണ് ഉത്തേജനം വേണ്ടതെന്ന ചോദ്യവും ഇവിടെ പ്രസക്തമാകുന്നു. പലിശ കുറച്ചു നിർത്തിയാൽ അത് ഓഹരി വിപണിക്കും റിയൽ എസ്റ്റേറ്റ് രംഗത്തിനും മറ്റുമാകും നേരിട്ട് നേട്ടമെത്തിക്കുക. വരുമാനം കുറഞ്ഞവർക്ക് ഇത് വലിയ പ്രയോജനം ചെയ്യില്ല. ഓരോ വിഭാഗം തിരിച്ച് ഉത്തേജക നടപടികളെടുക്കാൻ പണ-വായ്പാ നയത്തിനു കഴിയില്ല. ചെറിയ വരുമാനക്കാർക്ക് ദൈനംദിന ആവശ്യങ്ങൾക്കുള്ള സമ്പാദ്യം മുഴുവൻ നഷ്ടമായി. ഇതാണ് അത്തരക്കാർ കൂടുതൽ ഇടപെടുന്ന മേഖലയിൽ ഉപഭോഗം കുറഞ്ഞിരിക്കുന്നത്. ഇവർക്ക് ഉത്തേജനം നൽകാൻ ആർ.ബി.ഐ.ക്ക് പരിമിതികളുണ്ട്. നേരിട്ടു നേട്ടം കൈമാറിയും (ഡി.ബി.ടി.) മറ്റും ഇത്തരക്കാർക്കു സഹായമെത്തിക്കാൻ സർക്കാരിനാണ് കഴിയുക. നിരക്ക് കുറഞ്ഞുനിൽക്കുന്നത് ഭാവിയിൽ നിഷ്ക്രിയ ആസ്തി കൂടാൻ കാരണമാകുമോ അത്തരമൊരു സാധ്യത നിലനിൽക്കുന്നുണ്ട്. പലിശ കൂടുമ്പോൾ അത് തിരിച്ചടയ്ക്കാൻ എല്ലാവർക്കും ശേഷിയുണ്ടാകുമോ എന്നത് ആശങ്ക നൽകുന്നതാണ്. പ്രൊഫ. ജയന്ത് ആർ. വർമ കേരളത്തിൽ ചാലക്കുടിയിൽ വേരുകളുള്ള സാമ്പത്തിക ശാസ്ത്രജ്ഞൻ. ആയുർവേദ പണ്ഡിതൻ വൈദ്യഭൂഷണം കെ. രാഘവൻ തിരുമുൽപ്പാടിന്റെ ഇളയ സഹോദരൻ രാമ വർമയുടെയും ഗിരിജ വർമയുടെയും മകനാണ്. അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ഫിനാൻസ് ആൻഡ് അക്കൗണ്ടിങ് വിഭാഗം പ്രൊഫസറായി പ്രവർത്തിക്കുന്നു. ആർ.ബി.ഐ.യുടെ പണ-വായ്പാ സമിതിയിൽ പുറത്തുനിന്നുള്ള അംഗം. സെബി ഡയറക്ടർ ബോർഡിൽ മുഴുവൻ സമയ അംഗമായിരുന്ന അദ്ദേഹം സെക്കൻഡറി മാർക്കറ്റ് അഡ്വൈസറി കമ്മിറ്റിയുടെ അധ്യക്ഷനാണ്. ഇന്ത്യയിലെ സാമ്പത്തിക വിപണി, ഫിനാൻസ് തിയറി എന്നിവയിൽ വലിയ ഗവേഷണങ്ങൾ നടത്തിയിട്ടുള്ള അദ്ദേഹം അന്താരാഷ്ട്ര ജേണലുകളിലടക്കം ഒട്ടേറെ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ ഉമ ഇടപ്പള്ളി സ്വദേശി. ഏക മകൻ അക്ഷർ പിഎച്ച്.ഡി.യുമായി ബന്ധപ്പെട്ട് അമേരിക്കയിലാണ്. raheshinct@gmail.com

from money rss https://bit.ly/3zsA4CB
via IFTTT

Saturday, 28 August 2021

20 ലക്ഷം രൂപയുണ്ട്: ഇക്വിറ്റി ഫണ്ടിൽ നിക്ഷേപിക്കാൻ ഇപ്പോൾ യോജിച്ച സമയമാണോ?

എല്ലാവരും ഓഹരി നിക്ഷേപത്തെക്കുറിച്ച് സംസാരിക്കുന്നു. എന്റെ കൈവശം 40 ലക്ഷം രൂപയുണ്ട്. സ്ഥിര നിക്ഷേപത്തിന് നാമാത്രമായ പലിശയാണ് ലഭിക്കുന്നത്. 20 ലക്ഷം രൂപ ഒറ്റത്തവണയായി ഇക്വറ്റി മ്യൂച്വൽ ഫണ്ടിൽ നിക്ഷേിക്കാനാണ് പ്ലാൻ. ഇപ്പോൾ അതിന് അനുയോജ്യമായ സമയമാണോ? വിപിൻ, കൊടകര ഏറെ വർഷമെടുത്താകും 20 ലക്ഷംരൂപ സമ്പാദിച്ചിട്ടുണ്ടാകുക. സ്ഥിരനിക്ഷേപ പദ്ധതികൾക്ക് പലിശ കുറവാണെന്നതുകൊണ്ടുമാത്രം ഓഹരി അധിഷ്ഠിത പദ്ധതികളിൽ നിക്ഷേപിക്കുന്നതിനോട് യോജിക്കാനാവില്ല. റിസ്ക് എടുക്കാനുള്ള കഴിവ്, നിക്ഷേപ കാലയളവ് എന്നിവയെല്ലാം പരിഗണിച്ചുമാത്രമെ ഇക്വിറ്റി ഫണ്ടുകളിൽ നിക്ഷേപം നടത്താവൂ. വിപണി എക്കാലത്തെയും ഉയർന്ന നിലാവരത്തിൽ തുടരുന്നതിനാൽ ഒറ്റത്തവണയായി വൻതുക നിക്ഷേപിക്കുന്നത് ഉചിതമാകില്ല. നിക്ഷേപംനടത്തിയതിനുശേഷം വിപണി തകർന്നാൽ, തുടർന്നുണ്ടായേക്കാവുന്നു ഇടിവിൽനിന്ന് രക്ഷപ്പെടാൻ നിക്ഷേപം പിൻവലിക്കാൻ പ്രേരണയുണ്ടായേക്കാം. അത് ദീർഘകാല ലക്ഷ്യത്തിനുള്ള നിക്ഷേപത്തെ ബാധിക്കുകയുംചെയ്യും. ഇക്കാര്യങ്ങൾ പരിഗണിച്ച്, എസ്ഐപിയായി നിക്ഷേപിക്കുന്നതാകും ഉചിതം. 20 ലക്ഷം രൂപ ഘട്ടംഘട്ടമായി, അതായത് 12-24 മാസമെടുത്ത് ഇക്വിറ്റി ഫണ്ടിലേക്ക് മാറ്റാം. വിപണിയിലെ ഏറ്റക്കുറച്ചിലിന്റെനേട്ടം പ്രയോജനപ്പെടുത്താൻ ഇത് സഹായിക്കും. അച്ചടക്കവും ക്ഷമയുമുള്ള നിക്ഷേപകനായാൽ ആജീവനന്തം അതിന്റെ പ്രയോജനംനേടാൻ കഴിയുമെന്നാണ് ചരിത്രംതെളിയിച്ചിട്ടുള്ളത്.

from money rss https://bit.ly/3ztyRv4
via IFTTT

Friday, 27 August 2021

സ്വർണവില പവന് 140 രൂപ കൂടി 35,640 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന തുടരുന്നു. പവന്റെ വില 140 രൂപ കൂടി 35,640 രൂപയിലെത്തി. ഗ്രാമിന് 15 രൂപ വർധിച്ച് 4455 രൂപയുമായി. 35,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് നേരിയ തോതിൽ ഉയർന്ന് 1,796.07 നിലവാരത്തിലെത്തിയിരുന്നു. യുഎസ് ഫെഡറൽ റിസർവ് ഉടനെ പലിശ നിരക്ക് വർധിപ്പിക്കില്ലെന്ന ചെയർമാൻ ജെറോം പവലിന്റെ പ്രഖ്യാപനം സ്വർണവിപണിയിൽ ഉണർവുണ്ടാക്കിയിട്ടുണ്ട്.

from money rss https://bit.ly/3sUwkaG
via IFTTT

വിപണിമൂല്യത്തിൽ കുതിപ്പ്: ഒരു ലക്ഷം കോടി ക്ലബിൽ ഇടംപിടിച്ച് 47 കമ്പനികൾ

വിപണിമൂല്യത്തിൽ മികച്ചനേട്ടവുമായി രാജ്യത്തെ കമ്പനികൾ. ഒരു ലക്ഷം കോടി വിപണിമൂല്യം 19 കമ്പനികൾക്കൂടി സ്വന്തമാക്കിയതോടെ ഒരുവർഷത്തിനിടെ ഈവിഭാഗത്തിൽ ഉൾപ്പെടുന്ന കമ്പനികളുടെ എണ്ണം 47 ആയി. ഒരുവർഷംമുമ്പ് 28 കമ്പനികളാണ് ഈ ഗണത്തിൽ ഉൾപ്പെട്ടിരുന്നത്. അദാനി എന്റർപ്രൈസസ്, ബിപിസിഎൽ, ഡാബർ, ഗോദ്റേജ് കൺസ്യൂമർ, ജെഎസ്ഡബ്ല്യു, ടെക് മഹീന്ദ്ര, പവർഗ്രിഡ് കോർപ്, എൻടിപിസി, പിഡിലൈറ്റ്, ബജാജ് ഓട്ടോ തുടങ്ങിയ കമ്പനികളാണ് പുതിയതായി ലക്ഷംകോടി ക്ലബിൽ അംഗമായത്. ഓഹരി വിപണിയിൽകുതിപ്പുണ്ടാകുമ്പോൾ മികച്ച കമ്പനികളുടെ വിപണിമൂല്യം ഉയരുന്നത് സ്വാഭാവികമാണെന്നാണ് വിലിയരുത്തൽ. എക്കാലത്തെയും ഉയരംകുറിച്ച് ഓഗസ്റ്റ് 27ന് 56,124.7 നിലവാരത്തിലാണ് സെൻസെക്സ് ക്ലോസ് ചെയ്തത്. ഒരു ലക്ഷം കോടിയിലധികം വിപണിമൂല്യം സ്വന്തമാക്കിയവയിൽ പൊതുമേഖല സ്ഥാപനങ്ങളും ഇടംപിടിച്ചു. എൻടിപിസിയും ബിപിസിഎലും വീണ്ടും ക്ലബിലെത്തി. എസ്ബിഐ, ഒഎൻജിസി എന്നീ കമ്പനികളെക്കൂടാതെ പവർഗ്രിഡ് കോർപറേഷനും നേട്ടംസ്വന്തമാക്കി. എസ്ബിഐയുടെ വിപണിമൂല്യത്തിൽ ഒരുവർഷത്തിനിടെ 49ശതമാനവും ഒഎൻജിസിയുടേത് 24ശതമാനവുമാണ്വർധനവുണ്ടായത്.

from money rss https://bit.ly/2XVyvPI
via IFTTT

എൽ.ഐ.സി. ഐ.പി.ഒ. കൈകാര്യം ചെയ്യാൻ പത്ത് നിക്ഷേപക ബാങ്കുകൾ

മുംബൈ: എൽ.ഐ.സി.യുടെ ഐ.പി.ഒ. കൈകാര്യം ചെയ്യാനായി പത്തു നിക്ഷേപക ബാങ്കുകളെ കേന്ദ്രസർക്കാർ തിരഞ്ഞെടുത്തു. ഗോൾഡ്മാൻ സാഷെ, സിറ്റി ഗ്രൂപ്പ്, കൊടക് മഹീന്ദ്ര, എസ്.ബി.ഐ. കാപ്സ്, ജെ.എം. ഫിനാൻഷ്യൽ ലിമിറ്റഡ്, ആക്സിസ് കാപിറ്റൽ, നോമുറ, ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ്, ജെ.പി. മോർഗൻ ഇന്ത്യ, ഐ.സി.ഐ.സി.ഐ. സെക്യൂരിറ്റീസ് എന്നിവയാണ് പട്ടികയിലുള്ളത്. ആകെ 16 നിക്ഷേപക ബാങ്കുകളാണ് രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ.യുടെ ഭാഗമാകാൻ അപേക്ഷ നൽകിയിരുന്നത്. എൽ.ഐ.സി. വിപണിയിൽ ലിസ്റ്റ് ചെയ്യാൻ ജൂലായിലാണ് കേന്ദ്ര സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി അനുമതി നൽകിയത്. പത്തു ശതമാനംവരെ ഓഹരികൾ വിറ്റഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ മന്ത്രിസഭാ സമിതിയുടെ തീരുമാനം ഉടനുണ്ടായേക്കും. പത്തുശതമാനം ഓഹരികൾക്ക് ഒന്നുമുതൽ ഒന്നരലക്ഷം കോടി രൂപവരെ വില വരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിൽ രണ്ടുഘട്ടമായിട്ടാവും ഓഹരി വിൽപ്പനയെന്നും സൂചനകളുണ്ട്. ഈ സാമ്പത്തിക വർഷം അവസാനത്തോടെ ഐ.പി.ഒ. നടത്താനാണ് നടപടികൾ പുരോഗമിക്കുന്നത്. 34 ലക്ഷം കോടി രൂപയുടെ ആസ്തികൾ ഉള്ള എൽ.ഐ.സി.ക്ക് സിങ്കപ്പൂരിൽ ഒരു ഉപകമ്പനികൂടിയുണ്ട്. കൂടാതെ ബഹ്റൈൻ, കെനിയ, ശ്രീലങ്ക, സൗദി അറേബ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ സംയുക്ത സംരംഭങ്ങളുമുണ്ട്.

from money rss https://bit.ly/3zBNCvy
via IFTTT

വ്യവസായങ്ങൾക്ക് വൈദ്യുതി: ചട്ടങ്ങൾ പൊളിച്ചെഴുതുന്നു

തിരുവനന്തപുരം: വ്യവസായങ്ങൾക്ക് വൈദ്യുതി കണക്ഷൻ കിട്ടുന്നത് എളുപ്പമാക്കാൻ ചട്ടങ്ങൾ പൊളിച്ചെഴുതുന്നു. ഇതിനുള്ള നിർദേശങ്ങൾ സർക്കാർ തത്ത്വത്തിൽ അംഗീകരിച്ചു. വ്യവസായങ്ങൾ തുടങ്ങുന്നത് അനായാസമാക്കാൻ ഈസ് ഓഫ് ഡൂയിങ് ബിസിനസ് നയങ്ങളുടെ ഭാഗമായാണിത്. 2014-ലെ ഇലക്ട്രിസിറ്റി സപ്ലൈകോഡ്, കേരള ലിഫ്റ്റ്സ് ആൻഡ് എസ്കലേറ്റേഴ്സ് റൂൾസ്, കേരള സിനിമ റെഗുലേഷൻ റൂൾ എന്നിവയും സർക്കാർ ഉത്തരവുകളുമാണ് ഭേദഗതി ചെയ്യാൻ സർക്കാർ സമ്മതിച്ചത്. കേന്ദ്ര വൈദ്യുതി നിയമത്തിന്റെ ചില ചട്ടങ്ങളും ഭേദഗതി ചെയ്യേണ്ടിവരും. നിർദേശിച്ച പ്രധാന മാറ്റങ്ങൾ • പുതിയ കണക്ഷൻ കിട്ടാൻ ഇപ്പോൾ തദ്ദേശസ്ഥാപനങ്ങളിൽനിന്നോ റവന്യൂ വകുപ്പിൽനിന്നോ ഉടമസ്ഥാവകാശത്തെപ്പറ്റിയുള്ള സർട്ടിഫിക്കറ്റ് നിർബന്ധം. ഇതിനു പകരം വിൽപ്പനക്കരാറോ മറ്റ് തിരിച്ചറിയൽ രേഖകളോ സ്വീകരിക്കാമെന്നാണു നിർദേശം. ഫ്ളാറ്റുകളിൽ താമസിക്കുന്നവർക്ക് ഇത് ഗുണകരമാവും. • ലൈനിന്റെ നീളവും വേണ്ടിവരുന്ന പോസ്റ്റിന്റെ എണ്ണവും ഉൾപ്പെടെയുള്ളവയുടെ ചെലവ് കണക്കാക്കിയാണ് ഇപ്പോൾ പുതിയ വൈദ്യുതി കണക്ഷൻ നൽകുന്നത്. ഇതിനുപകരം റെഗുലേറ്ററി കമ്മിഷൻ നിശ്ചയിക്കുന്ന തുകയൊടുക്കണം. ഈ നയംമാറ്റം ഗാർഹിക കണക്ഷനെടുക്കുന്നത് അനായാസമാക്കും. • വ്യവസായ ഉപഭോക്താക്കൾ ഇപ്പോൾ കണക്ഷൻ സംബന്ധിച്ച് വൈദ്യുതി ബോർഡുമായി കരാറിൽ ഏർപ്പെടണം. കരാർ ലംഘിച്ചാൽ പിഴയൊടുക്കണം. ഈ കരാർ സമ്പ്രദായം അവസാനിപ്പിക്കും. പകരം കണക്ഷനെ സംബന്ധിച്ച വിവരവും മാറ്റങ്ങളും അറിയിച്ചാൽ മതി. • വ്യവസായ ശാലകളുടെ പരിസരത്ത് വൈദ്യുതിബോർഡിന്റെ സർട്ടിഫിക്കറ്റ് ഉള്ളവർക്കേ ഇപ്പോൾ ലൈനിലും മറ്റും അറ്റകുറ്റപ്പണി നടത്താൻ അനുവാദമുള്ളൂ. ഇനി ബി.ടെക്, ഡിപ്ലോമ, ഐ.ടി.ഐ. യോഗ്യതയുള്ള, വ്യവസായ സ്ഥാപനം ചുമതലപ്പെടുത്തുന്നവർക്ക് അത് ചെയ്യാം. • ലിഫ്റ്റുകളുടെ ലൈസൻസ് രണ്ടുവർഷത്തിലൊരിക്കൽ പുതുക്കുന്നത് ഇനി മൂന്നുവർഷത്തിലൊരിക്കലാക്കും. ഇപ്പോൾ പത്ത് കെ.വി. എ.ക്കു മുകളിൽ ശേഷിയുള്ള ജനറേറ്ററുകൾ സ്ഥാപിക്കാൻ മുൻകൂർ അനുമതി വേണം. ഇത് 30 കെ.വി.എ. ആയി ഉയർത്തും. അനധികൃത വൈദ്യുതി ഉപയോഗം കണ്ടെത്തിയാൽ ഈടാക്കുന്ന അസസ്മെന്റ് ചാർജ് കുറയ്ക്കും. ചട്ടങ്ങൾ മാറ്റാനുള്ള തീരുമാനം സ്വാഗതാർഹമാണെന്ന് ഹൈടെൻഷൻ, എക്സ്ട്രാ ഹൈടെൻഷൻ കൺസ്യൂമേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എ.ആർ. സതീഷ് പറഞ്ഞു. തിയേറ്ററിനും പുതുചട്ടം സിനിമാ തിയേറ്ററുകളുടെ നടത്തിപ്പിലും ഇളവുകൾ വരുത്തുന്നത് സർക്കാർ തത്ത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. ഓപ്പറേറ്റർ ലൈസൻസ് പുതുക്കുന്നത് മൂന്നിൽനിന്ന് അഞ്ചുവർഷത്തിലൊരിക്കലാക്കും. സ്ക്രീൻ ഒന്നിന് ഒരു ഓപ്പറേറ്റർ എന്ന നിബന്ധന ഒഴിവാക്കും. മൾട്ടിപ്ലക്സിൽ രണ്ട് സ്ക്രീനിന് ഒരു ഓപ്പറേറ്റർ മതിയെന്നാണ് പുതിയ നിർദേശം.

from money rss https://bit.ly/3jlJw5h
via IFTTT