121

Powered By Blogger

Wednesday, 22 January 2020

ലുലു ഗ്രൂപ്പ് കർണാടകത്തിൽ 2,100 കോടി രൂപ നിക്ഷേപിക്കും

കൊച്ചി: പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് കർണാടകത്തിൽ 30 കോടി ഡോളറിന്റെ (ഏതാണ്ട് 2,100 കോടി രൂപ) നിക്ഷേപം നടത്തും. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിക്ഷേപം പ്രഖ്യാപിച്ചത്. ബെംഗളൂരുവിലും ഉത്തര കർണാടകത്തിലുമായി രണ്ടു ലോജിസ്റ്റിക് കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി ദാവോസിൽനിന്ന് ഫോണിലൂടെ 'മാതൃഭൂമി'യോടു പറഞ്ഞു. ബെംഗളൂരുവിലെ രാജാജി നഗറിൽ നിർമാണത്തിലിരിക്കുന്ന ലുലു മാൾ 2020 ജൂലായോടെ സജ്ജമാകും. ബെംഗളൂരുവിലോ മംഗലാപുരത്തോ മറ്റൊരു ഷോപ്പിങ് മാൾ കൂടി തുടങ്ങാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനു പുറമെ, ഗ്രൂപ്പിനു കീഴിലുള്ള 'ട്വന്റി14 ഹോൾഡിങ്സ്' ബെംഗളൂരുവിൽ രണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകൾ ആരംഭിക്കുന്നുണ്ട്. 2020 നവംബറിൽ ബെംഗളൂരുവിൽ നടക്കുന്ന 'ഇൻവെസ്റ്റ് കർണാടക' ആഗോള നിക്ഷേപക സംഗമത്തിലേക്കുള്ള ആദ്യ ക്ഷണക്കത്ത് മുഖ്യമന്ത്രി െയദ്യൂരപ്പ യൂസഫലിക്ക് കൈമാറി. ആഗോള കമ്പനികളായ എച്ച്.പി., വോൾവോ, ജനറൽ ഇലക്ട്രിക്കൽസ്, ഡസൗൾട്ട് ഏവിയേഷൻ എന്നിവയുടെ മേധാവികളുമായി യൂസഫലി ദാവോസിൽ കൂടിക്കാഴ്ച നടത്തുന്നുണ്ട്. കേരളത്തിന്റെ നിക്ഷേപ സാധ്യതകൾ അവതരിപ്പിക്കും ദാവോസിൽ ലോക സാമ്പത്തിക ഉച്ചകോടിയോടനുബന്ധിച്ച് നടക്കുന്ന 'ഇൻവെസ്റ്റ് ഇന്ത്യ' സമ്മേളനത്തിൽ കേരളത്തിന്റെ നിക്ഷേപ സാധ്യതകൾ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അവതരിപ്പിക്കും. നിലവിലെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെക്കുറിച്ചും കേരളത്തിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ചും അദ്ദേഹം വിവരിക്കും.

from money rss http://bit.ly/38zrZhw
via IFTTT